Youth

സദ്വിചാരമാണ് സമാധാനത്തിന്റെ താക്കോല്‍

വിവിധങ്ങളായ വിഷയങ്ങള്‍ താങ്കള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. താങ്കളുദ്ദേശിക്കുന്ന കാര്യം എല്ലാ നിലക്കും വ്യക്തതയോട് കൂടിയാണ് താങ്കള്‍ സംസാരിച്ചതെന്ന് സങ്കല്‍പിക്കുക. മനുഷ്യന്റെ മനസ്സിലേക്ക് കടന്ന് ചെല്ലാനാവുന്ന എല്ലാ മാര്‍ഗങ്ങളും താങ്കളുപയോഗിച്ചു. വളരെ കൃത്യവും ലളിതവുമായ വിധത്തില്‍ വിഷയം അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. പൊട്ടിവിടര്‍ന്ന പ്രഭാതത്തിന്റെ തെളിമയോടും ഉദിച്ചുയര്‍ന്ന സൂര്യന്റെ വ്യക്തതയോടും കൂടി താങ്കളത് അവരുടെ മുന്നില്‍ സമര്‍പിച്ചു. എല്ലാം കഴിഞ്ഞതിന് ശേഷം ശ്രോതാക്കള്‍ താങ്കള്‍ പറഞ്ഞത് മനസ്സിലാക്കിയില്ലെന്ന് തിരിച്ചറിയുന്ന പക്ഷം താങ്കള്‍ക്ക് എത്രമാത്രം അല്‍ഭുതമാണ് തോന്നുക!

ഒട്ടേറെ തവണ എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്രകാരം സംഭവിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് തോന്നുന്നു. ഓരോ വാക്കുകളും കേള്‍ക്കുന്ന പലരും പല വിധത്തിലാണ് അവയെ തുലനം ചെയ്യുകയെന്നതാണ് ഇതിന്റെ കാരണം. അതിനാല്‍ തന്നെ അവ മനസ്സിലാക്കുന്നതും, ഉള്‍ക്കൊള്ളുന്നതുമെല്ലാം വിവിധ തലങ്ങളില്‍ നിന്നായിരിക്കും. അതല്ലെങ്കില്‍ താന്‍ പറഞ്ഞ കാര്യം വ്യക്തമാണെന്ന് പറയുന്നവന്‍ വിശ്വസിക്കുന്നുവെങ്കിലും ശ്രോതാക്കള്‍ക്ക് അവ സങ്കീര്‍ണവും, നിഗൂഢവുമായിരിക്കും.

‘നാം ജനങ്ങളെ ക്ഷണിക്കേണ്ടതെവിടേക്ക്’ എന്ന തന്റെ ലേഖനത്തിലൂടെ ഇമാം ഹസനുല്‍ ബന്നാ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ സന്ദേശമായിരുന്നു ഇത്. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ കുടിയേറുകയും എന്റെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് വ്യക്തമായിരിക്കണമെന്നതില്‍ ഞാന്‍ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്തു.

നമുക്ക് ചിലപ്പോള്‍ ആദ്യതവണ തന്നെ വ്യക്തമായി മനസ്സിലായ കാര്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ പത്ത് തവണയെങ്കിലും ആവര്‍ത്തിക്കേണ്ടി വരുമെന്നതാണ് വസ്തുത. എന്റെ പ്രകൃതമനുസരിച്ച് ആരെയെങ്കിലും പ്രത്യേകമായി ഉദ്ദേശിച്ച് കൊണ്ട് ഞാന്‍ ലേഖനങ്ങള്‍ എഴുതാറില്ല. മറിച്ച് പൊതുസമൂഹത്തില്‍ വ്യാപകമാവേണ്ട മൂല്യങ്ങള്‍ക്കാണ് ഞാന്‍ ഊന്നല്‍ നല്‍കാറുള്ളത്. വ്യക്തിതലത്തിലും, സാമൂഹിക തലത്തിലും, സംഘടനാ തലത്തിലുമെല്ലാം മൂല്യം വ്യാപിക്കേണ്ടതുണ്ട് എന്നതാണ് എന്റെ സമീപനം.

എന്റെ ചില പരിപാടികളില്‍ പോലും ഇത്തരം ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ടോക്‌ഷോയില്‍ പങ്കെടുത്ത ഞാന്‍ രാഷ്ട്രീയ നിലപാടിലെ തെറ്റുകളില്‍ നിന്ന് മടങ്ങേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ അത് പ്രത്യേകമായ ഒരു സംഘടനയിലേക്ക് ചേര്‍ത്ത് കൊണ്ടാണ് പിന്നീട് ഉദ്ധരിക്കപ്പെട്ടത്. എന്നാല്‍ ഞാന്‍ അതിനേക്കുറിച്ച് നടത്തിയ സംസാരമായിരുന്നില്ല, മറിച്ച് പൊതുവായ ഒരു വിഷയം ഉന്നയിക്കുക മാത്രമായിരുന്നു അവിടെ ചെയ്തത്.

മറ്റുചിലരാവട്ടെ എന്റെ പരാമര്‍ശം ഉദ്ദേശിക്കുന്നത് ഏതാനും ചില വ്യക്തികളെയാണെന്നും തെറ്റിദ്ധരിച്ചു. ഇന്നയിന്ന വ്യക്തികളെയോ, സംഘടനയേയോ ഉദ്ദേശിച്ച ഞാന്‍ ലേഖനമെഴുതിയതെന്ന് ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുമ്പ് നൂറ് പ്രാവശ്യം സത്യം ചെയ്ത് പറയേണ്ട ദുരവസ്ഥയാണ് ഇപ്പോള്‍ ലേഖകന്‍മാര്‍ക്കുള്ളത്.

ഓരോ വ്യക്തിയിലും നിലപാടിലും സദ്വിചാരം പുലര്‍ത്തുകയെന്നതാണ് വിശ്വാസിയുടെ സമീപനം. മറ്റുള്ളവരെക്കുറിച്ച് തെറ്റായി ധരിക്കുന്നതിന് അനുസരിച്ച് മനസ്സില്‍ അസ്വസ്ഥതയും ആധിയും അധികരിക്കുകയും ബന്ധങ്ങളില്‍ വിള്ളല്‍ വീഴുകയുമാണ് സംഭവിക്കുക. നാം മറ്റുള്ളവരെക്കുറിച്ച് നല്ലത് വിചാരിക്കുന്നതിന് അനുസരിച്ച് നമുക്കും അവര്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഢവുമായിത്തീരുകയാണുണ്ടാവുക.

ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ബര്‍റ്

Topics