സുന്നത്ത് നമസ്‌കാരം

അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 3

തസ്ബീഹ് നമസ്‌കാരം

നബി (സ) തന്നോട് പറഞ്ഞതായി ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം:
‘എന്റെ പിതൃവ്യനായ അബ്ബാസ്! ഞാന്‍ നിങ്ങള്‍ക്കൊരു ദാനംചെയ്യട്ടെയോ? ഒന്നു സ്വന്തമായി നല്‍കട്ടെയോ? അതുമുഖേന പത്തുകാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ നിര്‍വഹിച്ചുതരാം. അതെ അതുനിങ്ങള്‍ നിര്‍വഹിച്ചാല്‍ നിങ്ങളുടെ ആദ്യത്തേതും അവസാനത്തേതും ,പഴയതും പുതിയതും, തെറ്റിപ്പോയതും മനസ്സാ ചെയ്തതും , ചെറുതും വലുതും, രഹസ്യവും പരസ്യവുമായ പാപങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരും. അതേ്രത പത്തുകാര്യം. ആ ദാനം എന്താണെന്നോ? നിങ്ങള്‍ നാലുറക്അത്ത് നമസ്‌കരിക്കുക. ഓരോ റക്അത്തിലും ഫാത്തിഹയും ഒരു സൂറത്തും ഓതുക. ഒന്നാം റക്അത്തില്‍ ഫാത്തിഹയും ഒരു സൂറത്തും ഓതുക. ഒന്നാം റക്അത്തില്‍ ഖുര്‍ആന്‍ പാരായണം കഴിഞ്ഞാല്‍ നിന്നുകൊണ്ട് ‘സുബ്ഹാനല്ലാഹി, വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ ‘ എന്ന് പതിനഞ്ചുപ്രാവശ്യം പറയുക. പിന്നെ റുകൂഇലും അവിടെനിന്നുയര്‍ന്നിട്ടും സുജൂദുകളിലും ഇടക്കുള്ള ഇരുത്തത്തിലും സുജൂദ് കഴിഞ്ഞുള്ള ലഘുവായ ഇരുത്തത്തിലും ഇത് പത്തുപ്രാവശ്യം ചൊല്ലുക. അപ്പോള്‍ 75 പ്രാവശ്യമായി. ഇങ്ങനെ ചെയ്തുകൊണ്ട് നാലുറക്അത്ത് നമസ്‌കരിക്കുക. ഇങ്ങനെ എല്ലാ ദിവസവും ഒരു പ്രാവശ്യം നമസ്‌കരിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ, അതു കഴിയില്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍, അതുമില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍, അതുമില്ലെങ്കില്‍ ജീവിതത്തിലൊരിക്കല്‍ അതു നിര്‍വഹിക്കുക'(അബൂദാവൂദ് , ഇബ്‌നു മാജ)
എന്നാല്‍ തസ്ബീഹു നമസ്‌കാരത്തെക്കുറിച്ച് ഒന്നിലധികം ഹദീസുകള്‍ നിവേദനംചെയ്യപ്പെടുന്നുണ്ടെങ്കിലും അതില്‍ കാര്യമായിട്ടൊന്നും സ്ഥിരപ്പെട്ടിട്ടില്ലെന്ന് തിര്‍മിദി പ്രസ്താവിക്കുന്നു. അപ്രകാരംതന്നെ അതില്‍ സ്ഥിരപ്പെട്ട ഹദീസൊന്നുമില്ലെന്ന് അഖീലിയും അബൂബക് റുബ്‌നുല്‍ അറബിയും പറയുന്നു. അതിനെക്കുറിച്ച് മേല്‍പറഞ്ഞ ഹദീസ് ദുര്‍ബലമാണെന്നും ഈ നമസ്‌കാരം നമസ്‌കാരത്തിന്റെ അറിയപ്പെട്ട രൂപത്തിനെതിരാണെന്നും അങ്ങനെയുള്ളത് ശരിയായ ഹദീസില്ലാതെ ചെയ്യാവുന്നതല്ലെന്നും ഇമാം നവവി പ്രസ്താവിക്കുന്നു.

ഹാജത്ത് നമസ്‌കാരം

ഹാജത്ത് എന്നാല്‍ ആവശ്യം എന്നാണര്‍ഥം. ഈ നബി(സ) പറഞ്ഞതായി അബുദ്ദര്‍ദ്ദാഅ് (റ)വഴി ശരിയായ പരമ്പരയിലൂടെ ഇമാം അഹമദ് ഉദ്ധരിച്ച ഹദീസ് കാണുക:’ഒരാള്‍ പൂര്‍ണമായ നിലയില്‍ വുദുചെയ്യുകയും അനന്തരം പൂര്‍ണമായ നിലയില്‍ രണ്ടുറക്അത്ത് നമസ്‌കരിക്കുകയുംചെയ്താല്‍ അവന്‍ ആവശ്യപ്പെട്ടത് പെട്ടെന്നല്ലെങ്കിലും അല്ലാഹു നല്‍കുന്നതാണ്.’

പശ്ചാത്താപ നമസ്‌കാരം

റസൂല്‍ (സ) ഇങ്ങനെ പറയുന്നതായി താന്‍ കേട്ടുവെന്ന് അബൂബക്ര്‍(റ) പ്രസ്താവിക്കുന്നു:
‘ഒരാള്‍ വല്ല പാപവും ചെയ്തുപോവുകയും അനന്തരം വുദു ചെയ്തുനമസ്‌കരിക്കുകയും തുടര്‍ന്നു അല്ലാഹുവിനോട് മാപ്പിനപേക്ഷിക്കുകയും ചെയ്യുന്നതായാല്‍ അല്ലാഹു അവന്ന് പൊറുത്തുകൊടുക്കാതിരിക്കുകയില്ല.’
അബുദ്ദര്‍ാഅ് (റ)ല്‍നിന്ന് നിവേദനം : നബി(സ)പറയുന്നു: ‘ഒരാള്‍ നന്നായി വുദു ചെയ്തശേഷം നിര്‍ബന്ധമോ അല്ലാത്തതോ ആയ രണ്ടോ നാലോ റക്അത്ത് നമസ്‌കരിക്കുകയും അനന്തരം അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയുംചെയ്താല്‍ അവന്റെ പാപം പൊറുക്കപ്പെടുന്നതാണ്.’

ഗ്രഹണനമസ്‌കാരങ്ങള്‍

സൂര്യ- ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടാകുന്ന സമയത്ത് നിര്‍വഹിക്കുന്ന നമസ്‌കാരം(സ്വലാത്തുല്‍ ഖുസൂഫ്) സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രബലമായ സുന്നത്താണ്. അത് ജമാഅത്തായി നിര്‍വഹിക്കുന്നതാണ് പുണ്യകരമെന്ന് പണ്ഡിതന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു.
ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ഗ്രഹണനമസ്‌കാരം രണ്ട് റക്അത്താണ്. ഓരോ റക്അത്തിലും രണ്ട് റുകൂഅ് ഉണ്ട്.
ഇബ്‌നു അബ്ബാസ് (റ) നിവേദനംചെയ്യുന്നു:’സൂര്യഗ്രഹണമുണ്ടായപ്പോള്‍ റസൂല്‍ (സ) നമസ്‌കരിച്ചു. ആദ്യം ഏകദേശം സൂറതുല്‍ ബഖറ ഓതുന്ന സമയംവരെ അവിടുന്ന് നിറുത്തം ദീര്‍ഘിപ്പിക്കുകയുണ്ടായി. പിന്നെ ദീര്‍ഘമായി റുകൂഅ് ചെയ്യുകയും അവിടന്നുയര്‍ന്ന് ദീര്‍ഘമായി നില്‍ക്കുകയുംചെയ്തു. ഇത് ആദ്യത്തെ നിറുത്തത്തെക്കാള്‍ കുറവായിരുന്നു. പിന്നെ ആദ്യത്തെ റുകൂഇനെക്കാള്‍ കുറഞ്ഞ സമയം റുകൂഅ് ചെയ്തു. പിന്നെ സുജൂദ് ചെയ്തു. അനന്തരം ഒന്നാമത്തെ നിറുത്തത്തെക്കാള്‍ കുറഞ്ഞവിധം ദീര്‍ഘമായി നിന്നു. തുടര്‍ന്ന്, ഒന്നാമത്തെ റുകൂഇനെക്കാള്‍ കുറഞ്ഞവിധം റുകൂഅ് ചെയ്യുകയും പിന്നെ സുജൂദ് ചെയ്യുകയുംചെയ്തു. അങ്ങനെ നമസ്‌കാരം കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ വെളിപ്പെട്ടുകഴിഞ്ഞിരുന്നു. അനന്തരം ‘സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ഒരാളുടെ മരണമോ ജീവിതമോ അവ ഗ്രഹണബാധിതമാവാന്‍ കാരണമല്ല. അതുകണ്ടാല്‍ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക’ എന്ന് തിരുമേനി ഉപദേശിക്കുകയുണ്ടായി'(ബുഖാരി , മുസ്‌ലിം)
ഗ്രഹണം ദീര്‍ഘിക്കുന്നതിനനുസരിച്ച് നബി നമസ്‌കാരം ദീര്‍ഘിപ്പിച്ചിരുന്നു.അബൂമൂസ(റ) പ്രസ്താവിക്കുന്നു: ‘ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ നബി(സ) നമസ്‌കരിച്ച ശേഷം പറഞ്ഞു:’ഇങ്ങനെ സംഭവിച്ചുകണ്ടാല്‍ ഉടനെ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുകയും അവനോട് പ്രാര്‍ഥിക്കുകയും മാപ്പിന്നപേക്ഷിക്കുകയുംചെയ്തുകൊള്ളുക.”

മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരം

സ്വലാത്തുല്‍ ഇസ്തിസ്ഖാഅ് എന്നാണിത് അറിയപ്പെടുന്നത്. മഴനിന്നുപോകുകയും ക്ഷാമംബാധിക്കുകയുംചെയ്യുമ്പോള്‍ അല്ലാഹുവിനോട് മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുക എന്നാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് പല രൂപങ്ങളുണ്ട്:

1.നേതാവും അനുയായികളുംകൂടി നമസ്‌കാരം നിരോധിക്കപ്പെടാത്ത ഏതെങ്കിലും ഒരു സമയത്ത് രണ്ട് റക്അത്ത് നമസ്‌കരിക്കുക. ഒന്നാം റക്അത്തില്‍ ഫാത്തിഹയ്ക്കു ശേഷം ‘സബ്ബിഹിസ്മ റബ്ബിക്കല്‍ അഅ്‌ലാ’ എന്നുതുടങ്ങുന്ന സൂറത്തും രണ്ടാമത്തേതില്‍ ‘ഹല്‍ അത്താക ഹദീസുല്‍ ഗാശിയ’ എന്ന സൂറത്തും പാരായണംചെയ്യാം. നമസ്‌കാരാനന്തരമോ അല്ലെങ്കില്‍ അതിനുമുമ്പോ പ്രസംഗം നിര്‍വഹിക്കുക. അത് കഴിയുമ്പോള്‍ നമസ്‌കരിക്കാനെത്തിയവരെല്ലാം തങ്ങളുടെ മേല്‍മുണ്ടുകള്‍ ഇടഭാഗം വലത്തോട്ടും വലഭാഗം ഇടത്തോട്ടും തിരിച്ചിടുക. അനന്തരം ഖിബ്‌ലക്കഭിമുഖമായി കൈ നല്ലവണ്ണം ഉയര്‍ത്തിക്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.
ആഇശ(റ) പ്രസ്താവിക്കുന്നത് കാണുക: റസൂല്‍ (സ) തിരുമേനിയോട് ജനങ്ങള്‍ മഴയില്ലായ്മയെക്കുറിച്ച് ആവലാതി പറഞ്ഞു. അവിടുന്ന് നമസ്‌കാരമൈതാനിയില്‍ ഒരു പ്രസംഗപീഠം തയ്യാറാക്കാന്‍ പറയുകയും ജനങ്ങള്‍ പുറപ്പെടേണ്ട ദിവസം നിശ്ചയിക്കുകയുംചെയ്തു. അങ്ങനെ സൂര്യന്‍ പ്രകാശിച്ചുതുടങ്ങിയപ്പോള്‍ അവിടന്ന് പുറപ്പെട്ട് പ്രസംഗപീഠത്തിലിരുന്നു. തക്ബീറും ഹംദും കഴിഞ്ഞശേഷം അവിടന്ന് പറഞ്ഞു:’നിങ്ങളുടെ നാട്ടിലെ വരള്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ആവലാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ അവന്‍ കല്‍പിക്കുകയും ഉത്തരം ചെയ്യാമെന്ന് അവന്‍ ഏല്‍ക്കുകയുംചെയ്തിട്ടുണ്ട്.’ തുടര്‍ന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു:’അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ . അര്‍റഹ്മാനിര്‍റഹീം മാലിക്കിയൗമിദ്ദീന്‍. ലാ ഇലാഹ ഇല്ലല്ലാഹു യഫ്അലു മാ യുരീദു അല്ലാഹുമ്മ ലാ ഇലാഹ ഇല്ലാ അന്‍ത, അന്‍തല്‍ഗനിയ്യു വ നഹ് നുല്‍ഫുഖറാഉ, അന്‍സില്‍ അലൈനല്‍ ഗൈസ വജ്അല്‍ മാ അന്‍സല്‍ത്ത അലൈനാ ഖുവ്വത്തന്‍ വ ബലാഗന്‍ ഇലാ ഹീന്‍'(സര്‍വലോകനാഥനും പരമകാരുണികനും കാരുണ്യവാനും പ്രതിഫലദിനത്തിന്റെ ഉടമനസ്ഥനുമായ അല്ലാഹുവിന് സ്‌തോത്രം. അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ല. അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു. അല്ലാഹുവേ, നീയല്ലാതെ ആരാധ്യനില്ല. നീ അനാശ്രയനും ഞങ്ങള്‍ ആശ്രിതരുമാണ്. ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിച്ചുതരേണമേ, ഞങ്ങള്‍ക്ക് വര്‍ഷിച്ചുതന്നത് ഒരു ശക്തിയിലും കുറേ കാലത്തേക്ക് ഉപകരിക്കുന്നതുമാക്കിത്തീര്‍ക്കേണമേ!) പിന്നീട് അവിടത്തെ കക്ഷത്തിലെ വെളുപ്പ് കാണപ്പെടുന്നവിധം കൈയുയര്‍ത്തിക്കൊണ്ട് കുറേ നേരം പ്രാര്‍ഥിച്ചു.
2. ജുമുഅ ഖുതുബയില്‍ ഇമാം മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയുംചെയ്യുകയും ചെയ്യുക.
3. വെള്ളിയാഴ്ചയല്ലാത്ത മറ്റേതെങ്കിലും സമയത്ത് പള്ളിയിലോ പുറത്തോവെച്ച് നമസ്‌കാരമില്ലാതെ പ്രാര്‍ത്ഥനമാത്രം നടത്തുക. അല്ലാഹുവിന്റെ ദൂതര്‍ മുദര്‍ഗോത്രത്തിനുവേണ്ടി നടത്തിയ പ്രാര്‍ഥന ഇപ്രകാരം വന്നിരിക്കുന്നു:
‘അല്ലാഹുമ്മ ഇസ്‌കിനാ ഗൈസന്‍ മുഗീസന്‍ മരീഅന്‍ മരീആ ,ത്വബഖന്‍ ഗദഖന്‍ ആജിലന്‍ ഗൈറ റാഇസിന്‍ നാഫിഅന്‍ ഗൈറ ദാര്‍രിന്‍'(അല്ലാഹുവേ, ഞങ്ങള്‍ക്ക് രക്ഷയായതും ക്ഷേമം നല്‍കുന്നതും സുഖപര്യവസാനമുള്ളതും വ്യാപകവും വേഗമുള്ളതും താമസിക്കാത്തതും ഉപകാരപ്രദവും ഉപദ്രവമില്ലാത്തതുമായ മഴ വര്‍ഷിപ്പിച്ചുതരേണമേ!)
മഴക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കൈപ്പടങ്ങളുടെ പുറഭാഗം മേലോട്ടാക്കി പിടിക്കുന്നത് അഭികാമ്യമത്രേ.

പെരുന്നാള്‍ നമസ്‌കാരം

തഖ്‌വ കൈക്കൊള്ളാന്‍ വിശ്വാസിയെ പ്രാപ്തനാക്കുംവിധം ഒരുമാസം നീണ്ട വ്രതത്തിനുശേഷം അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തി സന്തോഷംപ്രകടിപ്പിക്കുന്ന ശവ്വാല്‍ ഒന്നും ഹജ്ജ് കര്‍മങ്ങളുടെ പരിസമാപ്തികുറിച്ചുകൊണ്ട് ദുല്‍ഹജ്ജ് പത്തും പെരുന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ നിര്‍വഹിക്കുന്ന നമസ്‌കാരമാണിത്.പെരുന്നാള്‍ ദിനത്തില്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും തുറസ്സായ സ്ഥലത്തോ(ആര്‍ത്തവക്കാരികളായ സ്ത്രീകളുള്‍പ്പെടെ ഒരുമിച്ചുകൂടണമെന്നതുകൊണ്ടായിരിക്കാം ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്‌കാരം ഉത്തമമെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നത്) പള്ളിയിലോ ഒരുമിച്ചുകൂടി നിര്‍വഹിക്കുന്ന രണ്ടുറക്അത്ത് ജമാഅത്ത് നമസ്‌കാരം പ്രബലമായ സുന്നത്താണ്. സൂര്യന്‍ ഉദിച്ചുയര്‍ന്ന ഉടനെയാണത് നിര്‍വഹിക്കേണ്ടത്.
സാധാരണയില്‍നിന്ന് വ്യത്യസ്തമായ രീതിയാണ് പെരുന്നാള്‍ നമസ്‌കാരത്തിന്റേത്. ആദ്യറക്അത്തില്‍ 7 തക്ബീര്‍ ചൊല്ലണം. ഓരോ തക്ബീറുകള്‍ക്കുമിടയില്‍ ‘സുബ്ഹാനല്ലാഹി,വല്‍ഹംദുലില്ലാഹി വ ലാ ഇലാഹഇല്ലല്ലാഹു വല്ലാഹു അക് ബര്‍ ‘ എന്ന് ചൊല്ലുന്നത് സുന്നത്താണ്. രണ്ടാമത്തെ റക്അത്തിലേക്ക് അല്ലാഹുഅക്ബര്‍ എന്ന് പറഞ്ഞ് നിന്നതിനുശേഷം 5 തക്ബീറുകള്‍ ചൊല്ലണം. പ്രസ്തുത തക്ബീറുകള്‍ക്കിടയില്‍ ആദ്യറക്അത്തില്‍ ചെയ്തതുപോലെ ദിക്ര്‍ ചൊല്ലുന്നത് സുന്നത്താണ്. നമസ്‌കാരാനന്തരം ഇമാം ഉപദേശങ്ങള്‍ പകര്‍ന്നുനല്‍കുംവിധം പ്രസംഗിക്കണം. നബി(സ)എല്ലാ പ്രസംഗങ്ങളും ഹംദുകൊണ്ടാണ് തുടങ്ങിയിരുന്നത്. എന്നാല്‍ പെരുന്നാള്‍ ഖുത്വുബ തക്ബീറുകൊണ്ട് തുടങ്ങണമെന്ന ചില കര്‍മശാസ്ത്രപണ്ഡിത്ന്‍മാരുടെ വീക്ഷണത്തിന് ഹദീസിന്റെ പിന്‍ബലമില്ല.
ഇബ്‌നു അബ്ബാസ് (റ)പറയുന്നു: നബി(സ) ചെറിയ പെരുന്നാളിനോ ബലിപെരുന്നാളിനോ പുറപ്പെട്ടു. രണ്ടു റക്അത്ത് നമസ്‌കരിച്ചു. അതിന്റെ മുമ്പോ ശേഷമോ നമസ്‌കരിച്ചില്ല. എന്നിട്ട് സ്ത്രീകളുടെ അടുത്തേക്ക് ചെന്നു. കൂടെ ബിലാലുമുണ്ടായിരുന്നു. ധര്‍മം(സ്വദഖ)ചെയ്യാന്‍ അവരോട് കല്‍പിച്ചു. അവര്‍ അവരുടെ ആഭരണങ്ങള്‍ ഊരി ഇട്ടുകൊടുക്കാന്‍ തുടങ്ങി.(മുസ്‌ലിം 884)

Topics