സ്മാര്‍ട്ട് ക്ലാസ്സ്‌

നക്ഷത്രങ്ങളാണ് കുട്ടികള്‍-2

ശിശുരോഗ വിദഗ്ധരും ശിശു മന:ശാസ്ത്രജ്ഞന്മാരും കുട്ടികളെക്കുറിച്ച് പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് വേദഗ്രന്ഥങ്ങളും പ്രവാചകന്‍മാരും ദാര്‍ശനികന്‍മാരും തത്വചിന്തകരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമെല്ലാം പറഞ്ഞിട്ടുണ്ട്.ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.പ്രസ്തുത നിരീക്ഷണങ്ങള്‍ കുട്ടികളെക്കുറിച്ചുള്ള ഗൗരവതരമായ പഠനങ്ങളിലേക്ക് പലരേയും പ്രചോദിപ്പിച്ചിട്ടുണ്ട്.

‘കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തനമെന്നാണ് ഭഗവദ്ഗീത ഉപദേശിക്കുന്നത്.
‘ ഐഹികജീവിതത്തിന്റെ സൗന്ദര്യമാണ് കുട്ടികളെന്ന’് വിശുദ്ധ ഖുര്‍ആന്‍ നിരീക്ഷിക്കുന്നു.
‘മിടുക്കനായ കുട്ടി സമര്‍ഥനായ പിതാവിനെ സൃഷ്ടിക്കുന്നു ‘ എന്നാണ് ബൈബിളിന്റെ സുവിശേഷം.
‘മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നു പ്രയോജനങ്ങള്‍ അനുഭവിക്കുന്നില്ലെങ്കിലും കുട്ടികള്‍ മുതിര്‍ന്നവരെ പ്പോലെയാണ്’ എന്നാണ്് സോക്രട്ടീസിന്റെ അഭിപ്രായം.
‘കുട്ടികളോടുള്ള അനുകമ്പ മനുഷ്യത്വത്തിന്റെ പര്യായമാണ്’ എന്നാണ് ശ്രീബുദ്ധന്‍ പഠിപ്പിച്ചത്.
‘കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നവന് ദയാനിധിയായ ദൈവത്തെ തൃപ്തിപ്പെടുത്താന്‍ പ്രയാസമായിരിക്കു’മെന്ന് മുഹമ്മദ് നബി തിരുമേനി ദീര്‍ഘ ദര്‍ശനം ചെയ്തു.
‘കുട്ടികളുടെ ഹൃദയം ദൈവത്തിന്റെ ഹൃദയമാണ്’ എന്ന് പറഞ്ഞ മഹാവീരന്റെ വാക്കുകളും ചിന്തനീയമാണ്.
‘കുട്ടികളുടെ വാക്കുകളിലേക്ക് ചുഴിഞ്ഞു നോക്കാതെ അവരുടെ ശാലീനതയെയും സത്യസന്ധതയെയും മാനിക്കുക ‘ എന്ന് ഓഷോ അഭിപ്രായപ്പെട്ടിട്ടുണ്ട്.
‘കുട്ടികളാണ് മാനവതയുടെ പിതാക്കള്‍’ എന്ന വേഡ്‌സ് വര്‍ത്തിന്റെ വാക്കുകളും സാന്ദര്‍ഭികമായി നാമോര്‍ക്കുക.

കുട്ടികള്‍ എന്ന മഹാവിസ്മയത്തെക്കുറിച്ച് ലോകം എത്രയോ മുമ്പ് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഇതെല്ലാം ഇവിടെയുദ്ധരിച്ചത്.

നാമൊന്നാലോചിക്കുക: ഈ ഭൂമൂഖത്ത് എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളുണ്ട്. മനുഷ്യരും വിവിധ വര്‍ഗ്ഗങ്ങളിലും ഉപവര്‍ഗ്ഗങ്ങളിലും പെട്ട പക്ഷിമൃഗാദികളും ഈ ഭൂമിക്ക് മുകളിലുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ദീര്‍ഘമായ കുട്ടിക്കാലം ജീവിതത്തിലുള്ളത് ഏത് ജീവിക്കാണ്? മനുഷ്യന്!! മനുഷ്യന്‍ എന്ന അത്ഭുത പ്രതിഭാസത്തിന്!! മനുഷ്യന്‍ എന്ന അനുഗ്രഹീത സൃഷ്ടിക്ക്!!

എന്തുകൊണ്ടാണ് മനുഷ്യന് ഇത്ര ദീര്‍ഘമായ കുട്ടിക്കാലം ജീവിതത്തില്‍ ചിലവഴിക്കേണ്ടി വരുന്നത്? ഒരു ആനക്കോ സിംഹത്തിനോ പെരുമ്പാമ്പിനോ തിമിംഗലത്തിനോ കഴുകനോ ഇല്ലാത്ത ഈയൊരു ജീവശാസ്ത്ര സവിശേഷത എന്തുകൊണ്ട് മനുഷ്യനു മാത്രമുണ്ടായി.? ഇതിനു പിന്നിലുള്ള പ്രകൃതി രഹസ്യമെന്താണ്? ദൈവിക യുക്തി എന്താണ്? അതന്വേഷിക്കുമ്പോഴേ നമുക്ക് കുട്ടികള്‍ എന്ന അദ്ഭുത പ്രപഞ്ചത്തിലെ കൗതുകപാഠങ്ങള്‍ ബോധ്യപ്പെടുകയുള്ളൂ. ( തുടരും )

ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്‌

Topics