സ്മാര്‍ട്ട് ക്ലാസ്സ്‌

സവിശേഷ പ്രവണതകളുടെ പ്രായം

നക്ഷത്രങ്ങളാണ് കുട്ടികള്‍- 6

അമേരിക്കന്‍ മന:ശ്ശാസ്ത്ര ഗവേഷണകന്‍ ജൂഡിത്ത് റിച്ച് ഹാരിസും (1938 2018) അമേരിക്കയിലെ ഉട്ടാഹ് സര്‍വകലാശാലയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ വെറ്റിറന്‍സ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രേയ്ജ് .ജെ. ബ്രിയാനും കുട്ടികളുടെ സ്വഭാവ ഭേദങ്ങളെയും പെരുമാറ്റ രൂപാന്തരങ്ങളെയും കുറച്ചു പഠനം നടത്തിയിട്ടുണ്ട്. വളര്‍ന്നു വരുന്ന ജീവിത പശ്ചാത്തലങ്ങളും കുടുംബ സാഹചര്യങ്ങളും ജന്മസഹജമായ പരിമിതികളും കുട്ടികളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി അവര്‍ അഭിപ്രായപ്പെടുന്നു.പ്രസ്തുത അഭിപ്രായത്തെ സാധൂകരിക്കും വിധമുള്ള അനുഭവങ്ങള്‍ നമുക്കുമുണ്ടായിട്ടുണ്ടാകും. സമ്പന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ ദരിദ്ര കുടുംബങ്ങളില്‍ വളരുന്ന കുട്ടികളേക്കാള്‍ സ്വാര്‍ത്ഥമതികളായിരിക്കുമെന്നും ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ പൊതുവേ വിശാലഹൃദയരും ആര്‍ദ്ര മനസ്‌ക്കരുമായിരിക്കുമെന്നും ഹാരിസും ബ്രയാനും ചൂണ്ടിക്കാട്ടുന്നു. അപവാദങ്ങളുണ്ടാകാം. പ്രായം പോലെ പ്രധാനമാണ് വളരുന്ന സാഹചര്യവും കിട്ടുന്ന അനുഭവങ്ങളും. ശ്രീബുദ്ധന്റെ ഒരു കുട്ടിക്കാല
അനുഭവമുണ്ട്.സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നല്ലൊ ബുദ്ധന്റെ യഥാര്‍ത്ഥ പേര്. രാജകീയ പകിട്ടും സമൃദ്ധിയും നിറഞ്ഞതായിരുന്നു കുട്ടിക്കാല ജീവിതം. അതിരുവിട്ട പരിലാളനം. അതീവ പരിചരണം.സ്‌നേഹവാല്‍സ്യങ്ങളുടെ വീര്‍പ്പുമുട്ടിക്കല്‍. അല്ലലോ അലട്ടലോ ഒന്നുമില്ല.ദു:ഖം, ദുരിതം, ദുരന്തം ഇവയെക്കുറിച്ച ബാലപാഠങ്ങള്‍ ആ കൊച്ചു ചിന്തയിലേക്ക് കടന്നു വരാന്‍ പോലുമുള്ള അവസരമുണ്ടായില്ല. സുഖസുഭിക്ഷതയുടെ വര്‍ണപ്രപഞ്ചത്തില്‍ അങ്ങനെ ജീവിച്ചു വരുമ്പോഴാണ് സിദ്ധാര്‍ത്ഥന്‍ എന്ന കുട്ടി അതു കാണുന്നത്. തന്റെ മുന്നിലൂടെ ഒരു വിലാപയാത്ര കടന്നു പോകുന്നു. ശിരസ്സ് കുനിഞ്ഞവരുടെ കണ്ണ് നനഞ്ഞവരുടെ മുഖം ദുഃഖം കൊണ്ട് ഘനീഭവിച്ചവരുടെ, നഷ്ടബോധത്താല്‍ ഹൃദയം വിങ്ങുന്നവരുടെ, വേദനകൊണ്ട് മനസ്സ് തേങ്ങുന്നവരുടെ വിലാപയാത്ര അതാ കടന്നു പോകുന്നു.
ജീവിതത്തിലാദ്യമായിട്ടാണ് അത്തരമൊരനുഭവം വേറിട്ടൊരനുഭവം സിദ്ധാര്‍ത്ഥനുണ്ടാകുന്നത്. വിലപിച്ചു നടന്നുപോകുന്നവര്‍ നെഞ്ചിലേറ്റിയ വ്യഥയുടെ മുറിപ്പാടുകള്‍ ആ കൊച്ചു ഹൃദയത്തെ കൊളുത്തി വലിച്ചു. കണ്ണുകളെ ഈറനണിയിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു സിദ്ധാര്‍ത്ഥനത്. രാജകീയ സുഖാനന്ദങ്ങള്‍ പരിത്യജിച്ച് വിലപിക്കുന്നവരോടൊപ്പം ജീവിതത്തെ ചേര്‍ത്തു വെക്കാന്‍ സിദ്ധാര്‍ത്ഥന് ആ സംഭവം വലിയൊരു നിമിത്തമായി. സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി മാറാനുണ്ടായ ചരിത്ര പശ്ചാത്തലം ഇതാണെന്നും പറയപ്പെടുന്നുണ്ട്. അതെന്തുമാകട്ടെ,അനുഭവങ്ങളുടെ അഭാവം, അനുഭവ വൈവിധ്യങ്ങളുടെ കുറവ് കുട്ടിക്കാലത്ത് കിട്ടാതെ പോകുന്നത് കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അമിതമായ പരിലാളന പോലെ അപകടമാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം നീതീകരിക്കാനാകാത്ത അവഗണനയും. ഓരോ പ്രായത്തിനുമുണ്ട് പ്രത്യേകതകള്‍. പ്രവണതകള്‍. രക്ഷിതാക്കളും മുതിര്‍ന്നവരും അധ്യാപകരും ഇക്കാര്യമറിഞ്ഞിരിക്കേണ്ടതുണ്ട്. നവജാത ശിശു നാലു മാസമെത്തുന്നതോടെ സ്വന്തം കാല്‍മുട്ടുകളുമായി താദാത്മ്യപ്പെടാന്‍ തുടങ്ങുന്നു എന്ന് നമുക്കറിയാം. മുഖങ്ങളെയും ശബ്ദങ്ങളെയും തിരിച്ചറിയാനാരംഭിക്കും.പരിചയമുള്ളവരെക്കാണുമ്പോള്‍ പുഞ്ചിരിക്കും.ചിരിപ്പിക്കുന്നവരേയും രസിപ്പിക്കുന്നവരെയും നോക്കി തിരിച്ചു ചിരിക്കും.ആറാം മാസത്തിലേക്കെത്തുന്നതോടെ ദേഷ്യഭാവങ്ങളെയും വാല്‍സല്യ ഭാവങ്ങളെയും വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കും. അപരിചിതരെ കണ്ടാല്‍ ഭയപ്പാടും വൈമുഖ്യവും പ്രകടിപ്പിക്കും. ഈ പ്രായത്തില്‍ തന്നെയാണ് വിരിപ്പില്‍ കിടന്നു കൈകാലിട്ടടിച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും.

ഒമ്പത് മാസമാകുന്നതോടെ അടുത്തവരുടെ ശബ്ദങ്ങളനുകരിക്കാനും പെരുമാറ്റങ്ങള്‍ പകര്‍ത്താനും വ്യഗ്രത കാട്ടും.ഒരു വയസ്സുള്ള കുട്ടികളെ ശ്രദ്ധിച്ചാലറിയാം അപരിചിതരോട് അവര്‍ കൂസലില്ലാതെ ‘നോ’ പറയും. എന്നെ ലാളിക്കണ്ട, എടുത്ത് ഓമനിക്കണ്ട എന്ന മട്ടില്‍ മുഖം കോട്ടും.ചിലപ്പോള്‍ കരഞ്ഞു കൊണ്ടാകും പ്രതിഷേധ പ്രകടനം.ഒന്നര വയസ്സെത്തുമ്പോള്‍ കുട്ടികള്‍ മുതിര്‍ന്നവരുമായി ചങ്ങാത്തത്തിലാകും.രണ്ടു വയസ്സാകേണ്ട താമസം കുടുംബത്തിലുള്ളവരുമായി കുട്ടികള്‍ സംഘം ചേരാനും ആശയങ്ങളുടെ നൈസര്‍ഗികമായ പങ്ക് വെക്കല്‍ പ്രക്രിയയിലേക്ക് കടക്കുകയും ചെയ്യും. ഇവിടെയാണ് നാം ശ്രദ്ധിക്കേണ്ടത്. സാമൂഹീകരണത്തിന്റേ ആദ്യ ഘട്ടമാണിത്. കുട്ടികളുടെ ബോധതലത്തില്‍ സാമുഹിക ബന്ധത്തിന്റെ വിത്തുകള്‍ ഇവിടെ വെച്ചാണ് വിതക്കപ്പെടുന്നത്.അതുകൊണ്ടു തന്നെ ഈ ഘട്ടത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കുട്ടികളുടെയും പരിസരത്തിന്റയുമിടയില്‍ നടക്കുന്ന പാരസ്പര്യത്തിനും സഹവര്‍ത്തനത്തിനും (Interaction ) വലിയ പ്രാധാന്യമുണ്ട്. കളിച്ചും ഇടപ്പെട്ടും കൂട്ടുകൂടിയും കുട്ടികള്‍ പലതും പഠിക്കാന്‍ തുടങ്ങുന്ന പ്രായം.ചില സവിശേഷ പ്രവണതകള്‍ നാമ്പിടുന്ന പ്രായം കൂടിയാണിത്. സാമൂഹിക വികാസത്തിലേക്ക് കുട്ടികള്‍ കടക്കുന്നു എന്ന് സൂചന നല്‍കുന്ന ചില പ്രവണതകള്‍ കൂടിയാണത്. അനുകരണ വാഞ്ച, മറ്റുള്ളവരെ ആശ്രയിക്കല്‍, ദേഷ്യം, ലജ്ജ , നിര്‍ബന്ധബുദ്ധി, സൗഹൃദം കാണിക്കല്‍, മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കല്‍, വഴക്കടിക്കല്‍ തുടങ്ങി അത്തരം പ്രവണതകള്‍ ഏറ്റക്കുറച്ചിലുകളോടെ കൊണ്ടും കൊടുത്തും വളര്‍ന്നു വന്നവരാണ് കുട്ടിക്കാലം പിന്നിട്ടു വന്ന നാമോരോരുത്തരും. ഈ പ്രവണതകള്‍ നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു എന്നതും നാമോര്‍ക്കണം. കുട്ടികളുടെ ഒരോ പ്രായത്തിലെയും വളര്‍ച്ചാഘട്ടത്തിലെ പ്രത്യേകതകള്‍ സൂക്ഷ്മമായി അറിഞ്ഞിരിക്കേണ്ടതുണ്ട് ( തുടരും ).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics