ഓഹരികള്‍

ഓഹരികളും അവകാശികളും

അല്ലാഹു ഖുര്‍ആനില്‍ വിവരിച്ച പ്രകാരം ഓഹരി ഇനങ്ങള്‍ ആറ് ആകുന്നു. അവ:

1. പകുതി
2. നാലിലൊന്ന്
3. എട്ടിലൊന്ന്
4. മൂന്നിലൊന്ന്
5. മൂന്നില്‍ രണ്ട്
6. ആറിലൊന്ന്

1. പകുതി ലഭിക്കേണ്ടവര്‍ (1/2)

ഭാഗിക്കേണ്ട സമ്പത്തിന്റെ നേര്‍പകുതി ലഭിക്കുന്ന അവകാശികള്‍ താഴെ പറയുന്ന അഞ്ചുകൂട്ടരാണ്. (ഈ അഞ്ചു പേര്‍ ഭര്‍ത്താവും പെണ്‍മക്കളും രണ്ട് തരം സഹോദരിമാരുമാണ്.)

1.ഭര്‍ത്താവ് ( മരണപ്പെട്ട ഭാര്യക്ക് അവകാശികളായി സ്വന്തം മക്കള്‍, മക്കളുടെ മക്കള്‍, ആ ക്രമത്തില്‍ താഴോട്ടുള്ളവര്‍ ആരുമില്ലെങ്കില്‍)

2.മകള്‍ (അവള്‍ക്ക് സഹോദരനോ സഹോദരിയോ ഇല്ലാതെ, അവള്‍ മരിച്ച പിതാവിന്റെയോ മാതാവിന്റെയോ ഏകസന്താനമാണെന്ന് വരികില്‍)

3.മകന്റെ മകള്‍, മകന്റെ മകന്റെ മകള്‍ അങ്ങനെ താഴോട്ടുള്ളവര്‍ (അവര്‍ക്ക് സഹോദരിനോ സഹോദരിയോ ഇല്ലാതിരിക്കുകയും മരിച്ച ആള്‍ക്ക് (ഉപ്പൂപ്പാക്ക്) മകള്‍ ജീവിച്ചിരിപ്പില്ലാതിരിക്കുകയും ആണെങ്കില്‍)

4. മാതാവും പിതാവും ഒത്ത സഹോദരി (അവള്‍ക്ക് സ്വന്തം സഹോദരനോ സഹോദരിയോ ഇല്ലാതിരിക്കുകയും മരിച്ച ആള്‍ക്ക് പിതാവോ അവകാശിയോ സന്താനമോ ഇല്ലാതിരിക്കുകയും ആണെങ്കില്‍)

5.പിതാവ് മാത്രം ഒത്ത സഹോദരി (അവള്‍ക്ക് താഴെ പറയുന്നവര്‍ ആരുമില്ലെങ്കില്‍ : 1. പിതാവൊത്ത സഹോദരന്‍ /സഹോദരി. 2. പിതാവും മാതാവും ഒത്ത സഹോദരന്‍ /സഹോദരി. 3. മരിച്ച ആളുടെ പിതാവ്. 4. മരിച്ച ആളുടെ അവകാശികളായ സന്താനം.)

2 – 3: നാലിലൊന്നും  എട്ടിലൊന്നും ലഭിക്കുന്നവര്‍ (1/4 – 1/8)

നാലിലൊന്നും എട്ടിലൊന്നും ഭര്‍ത്താവിന്റെയും ഭാര്യയുടെയും മാത്രം ഓഹരികളാണ്. ഈ ഓഹരികള്‍ ലഭിക്കേണ്ടവര്‍ താഴെ പറയുന്നവരാണ്.

1.മരിച്ച ഭര്‍ത്താവിന് സന്താനമില്ലെങ്കില്‍ ഭാര്യക്ക് നാലിലൊന്നും അയാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി നാലിലൊന്ന്. അയാള്‍ക്ക് സന്താനമുണ്ടെങ്കില്‍ ഭാര്യക്ക് എട്ടിലൊന്ന്. ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി എട്ടിലൊന്ന്.

2. മരിച്ച ഭാര്യക്ക് സന്താനമുണ്ടെങ്കില്‍ ഭര്‍ത്താവിന് നാലിലൊന്ന് (ഭാര്യക്ക് സന്താനമില്ലെങ്കില്‍ ഭര്‍ത്താവിന് പകുതിയാണെന്ന് മേല്‍ ശീര്‍ഷകത്തില്‍ പറഞ്ഞിട്ടുണ്ട്).

4. മൂന്നില്‍ രണ്ടു ലഭിക്കേണ്ടവര്‍(2/3)

സ്വത്തിന്റെ പകുതി ഓഹരി ലഭിക്കേണ്ട സ്ത്രീകള്‍ നാല് ഇനമുള്ളതില്‍ ഓരോ ഇനത്തിലും ഒന്നിലധികം ആളുകളുണ്ടായാല്‍ അവര്‍ക്കെല്ലാം കൂടി മൂന്നില്‍ രണ്ട് ഭാഗമാണ് അവകാശപ്പെട്ടത്. അവര്‍ ഇങ്ങനെയാണ്.
1.മകള്‍
2.മകന്റെ മകള്‍
3.പിതാവും മാതാവും ഒത്ത സഹോദരി
4.പിതാവ് മാത്രം ഒത്ത് സഹോദരി (പകുതി ലഭിക്കേണ്ടവര്‍ എന്ന ശീര്‍ഷകത്തില്‍ 2,3,4,5 നമ്പറുകളായി പറഞ്ഞവര്‍)

5. മൂന്നില്‍ ഒന്ന് ലഭിക്കേണ്ടവര്‍ (1/3)

1. മാതാവ്- മരിച്ച ആള്‍ക്ക് അവകാശികളായ സന്താനമോ ഒന്നിലധികം സഹോദരീ സഹോദരന്മാരോ ഇല്ലെങ്കില്‍, എന്നാല്‍ മരിച്ച സ്ത്രീക്ക് പിതാവും ഭര്‍ത്താവും മാത്രമേ അവകാശികളായി ഉള്ളൂവെങ്കില്‍ ഭര്‍ത്താവിന്റെ ഓഹരിയായ പകുതി കഴിച്ച് ബാക്കിയുള്ളതിന്റെ മൂന്നിലൊന്ന് മാത്രമേ മാതാവിന് ലഭിക്കുകയുള്ളൂ. അതുപോലെ മരിച്ച പുരുഷന് മാതാവും പിതാവും ഭാര്യയും മാത്രമാണ് അവകാശികളായി ഉള്ളതെങ്കില്‍ ഭാര്യയുടെ ഓഹരിയായ 1/4 (നാലിലൊന്ന്) കഴിച്ച് ബാക്കിയുള്ളതിന്റെ മൂന്നിലൊന്ന് മാത്രമേ മാതാവിന് ലഭിക്കുകയുള്ളൂ.

2. മാതാവ് (സന്താനമോ ഒന്നിലധികം സഹോദരി സഹോദരന്മാര്‍. മാതാവ് മാത്രം ഒത്ത സഹോദരി സഹോദരന്മാര്‍ ഒന്നിലധികം ഉണ്ടെങ്കില്‍ അവര്‍ക്ക് എല്ലാവര്‍ക്കും കൂടി 1/2 )

6. ആറിലൊന്ന് (1/6) ലഭിക്കുന്നവര്‍

1.മാതാവ്- സന്താനമോ ഒന്നലധികം സഹോദരീസഹോദരന്മാരോ ഇല്ലെങ്കില്‍

2.പിതാവ്- അവകാശികളായ സന്താനം ഉണ്ടെങ്കില്‍

3.പിതാവിന്റെ പിതാവ്, അയാളുടെ പിതാവ്, അങ്ങനെ മേലോട്ട്. പിതാവില്ലാതിരിക്കുകയും അവകാശികളായ സന്താനം ഉണ്ടാവുകയും ചെയ്യുമ്പോള്‍

4.മാതാവിന്റെ മാതാവ്, അവരുടെ മാതാവ്, അങ്ങനെ മേലോട്ട്. ഈ കണ്ണില്‍ മരണപ്പെട്ട ആളോട് ഏറ്റവും അടുത്ത ഉമ്മുമ്മയക്ക് (ഉമ്മുമ്മമാരുടെ ഈ പരമ്പരയില്‍ ഒരു ഉപ്പ പെട്ടു പോയാല്‍ അയാള്‍ അവകാശമില്ലാത്ത ആളായത് കൊണ്ട് അയാളുടെ മേലോട്ട് ഉമ്മൂമ്മക്ക് അവകാശമുണ്ടാകുന്നതല്ല.

5. പിതാവിന്റെ മാതാവ്. അവരുടെ മാതാവ് അങ്ങനെ മേലോട്ട്, പിതാവിന്റെ പിതാവിന്റെ മാതവ് അവരുടെ മാതാവ് അങ്ങനെ മേലോട്ട്. ഇത്തരം ഉമ്മുമ്മമാരുടെ പരമ്പരകളില്‍ മരിച്ച ആളോട് ഏറ്റവും അടുത്ത ആള്‍ക്ക് (ഒരു പരമ്പരയില്‍ ഇടക്ക് ഒരു പുരുഷന്‍ വന്നു പോയാല്‍ അതിനപ്പുറമുള്ള ആള്‍ക്ക് അവകാശമുണ്ടാകുന്നതല്ല). ഈ വ്യത്യസ്ത പരമ്പരകളിലായി പല ഉമ്മുമ്മാരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം കൂടിയാണ് ഈ ആറിലൊന്ന് (1/6)

6. മാതാവൊത്ത സഹോദരനോ ആയി ഒരാള്‍ മാത്രമാണുള്ളതെങ്കില്‍ ആ ആള്‍ക്ക്

7. മകന്റെ മകന്‍ ഒന്നായാലും കൂടുതല്‍ പേരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി ആറിലൊന്ന് (1/6). (ഇത് ഫറള്കാരിയായി ഒരു സ്വന്തം മകള്‍ ഉള്ളപ്പോള്‍ മാത്രമാണ്).സ്വന്തം പെണ്‍മക്കള്‍ ഒന്നലധികം ജീവിച്ചിരിപ്പുണ്ടെങ്കില്‍ സ്വത്തിന്റെ 2/3 ഭാഗം അവര്‍ക്ക് ലഭിക്കുന്നതാണ്. മരിച്ച മകന്റെ പെണ്‍മക്കള്‍ക്ക ഒന്നും ലഭക്കുന്നതല്ല.

8. പിതാവ് മാത്രം ഒത്ത സഹോദരി ഒന്നായാലും കൂടുതലായാലും എല്ലാവര്‍ക്കും കൂടി ആറിലൊന്ന് (ഇത് ഫറളുകാരിയായ, പിതാവും മാതാവും ഒത്ത ഒരു സഹോദരി മാത്രമുള്ളപ്പോഴാണ്). എന്നാല്‍ പിതാവും മാതാവും ഒത്ത സഹോദരിമാര്‍ ഒന്നിലധികമുണ്ടെങ്കില്‍ അവര്‍ക്കെല്ലാര്‍ക്കും കൂടി 2/3 കൊടുക്കേണ്ടത് കൊണ്ട് പിതാവ് മാത്രം ഒത്ത സഹോദരി ഒന്നും ലഭക്കുന്നതല്ല.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured