പ്രവാചകന്‍മാര്‍ സ്വാലിഹ്‌

സ്വാലിഹ് (അ)

ഹൂദ്(അ) നിയോഗിക്കപ്പെട്ട ആദ് ഗോത്രത്തെപ്പോലെത്തന്നെ പ്രസിദ്ധമായ മറ്റൊരു സമൂഹമായിരുന്നു ഥമൂദ് ഗോത്രം. മധ്യപൗരസ്ത്യ ദേശത്തിലെ പ്രാചീന ജനസമൂഹമായിരുന്ന ‘ആരിബ’ യില്‍ ഉള്‍പ്പെടുന്ന മറ്റൊരു ഗോത്രമായിരുന്നു ഥമൂദ്. ഹിജാസിന്റെയും തബൂക്കിന്റെയും ഇടയില്‍ ‘ഹിജ്ര്‍’ എന്ന സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. അവര്‍ നാഗരികതയില്‍ വളരെ മുന്നിട്ടു നിന്നിരുന്നു. ജീവിത സൗകര്യങ്ങള്‍ ഏറെ ലഭ്യമായിരുന്നു. ആദ് സമുദായത്തിന്റെ പതനത്തിനു ശേഷം ഉടലെടുത്ത സമൂഹമാണിവര്‍. പര്‍വതങ്ങള്‍ തുരന്ന് വലിയ ഭവനങ്ങള്‍ നിര്‍മിക്കാന്‍ കഴിവുള്ളവരായിരുന്നു ഥമൂദ് ഗോത്രക്കാര്‍.
ദൈവികാനുഗ്രഹങ്ങള്‍ ഏറെ ലഭ്യമാകുകയും മുന്‍ഗാമികളായ ആദിന്റെ ചരിത്രം മുന്നിലുണ്ടായിട്ടും ചിന്തിക്കാന്‍ തയ്യാറാകാതെ സ്രഷ്ടാവിന് നന്ദി ചെയ്യുന്നതിനു പകരം വിഗ്രഹാരാധനയില്‍ മുഴുകുകയും ധിക്കാരികളായിത്തീരുകയുമാണവര്‍ ചെയ്തത്. അപ്പോള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതനത്രെ സ്വാലിഹ് (അ).
സ്വാലിഹ് നബി(അ) അവരെ സത്യത്തിന്റെ പാതയിലേക്ക് ക്ഷണിച്ചു. ദൈവികാനുഗ്രഹങ്ങള്‍ ഓര്‍മിപ്പിച്ചു. ആദിന്റെ ചരിത്രം അവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. (7: 73-74). അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് എന്ന് ഉപദേശിച്ചു. ദൈവികശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നല്‍കി. ഈ ഉപദേശങ്ങളുമായി തന്റെ ജനതയില്‍ ജീവിച്ച സ്വാലിഹ് നബിക്ക് ലഭിച്ച പ്രതികരണം ഒട്ടും ആശാവഹമായിരുന്നില്ല.
സദുപദേശം ആഭിചാരബാധയായി അവര്‍ ചിത്രീകരിച്ചു. (26: 153). ‘നീ ഞങ്ങളെപ്പോലുള്ള ഒരാള്‍ തന്നെയല്ലേ?’ (26: 154). എന്നായി അവര്‍. അതിനാല്‍ അമാനുഷികമായി ഞങ്ങള്‍ക്ക് എന്തെങ്കിലും തെളിവ് കാണിക്കണമെന്നവര്‍ ശഠിച്ചു. (26: 154). തികച്ചും അസാധ്യമായ ഒരു കാര്യം അവര്‍ ആവശ്യപ്പെട്ടു. അവിടെയുള്ള ഒരു പാറയില്‍നിന്ന് ഒരൊട്ടകത്തെ സ്വാലിഹ് നബി ഉണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതിന് പ്രത്യത്തരമായി പ്രവാചകന്റെ വാക്കിലൂടെ അല്ലാഹു മറുപടി നല്‍കി: ”ഇതാ നിങ്ങള്‍ക്കൊരൊട്ടകം. ഇത് നിങ്ങള്‍ക്ക് ദൃഷ്ടാന്തമത്രെ.” (11: 64). അല്ലാഹു ചിലപ്പോള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നതോ അതിനപ്പുറമോ ഉള്ള അമാനുഷികമായ അടയാളങ്ങള്‍ (ആയാത്ത്) ദൈവദൂതന്‍മാര്‍ മുഖേന വെളിപ്പെടുത്തും. എന്നാല്‍ അത്തരം ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ട് വീണ്ടും പിന്തിരിയുകയാണെങ്കില്‍ കഠിനമായ ശിക്ഷയായിരിക്കും ഫലം. ഇവിടെയും സംഭവിച്ചത് അതുതന്നെ.
ജനങ്ങളുടെ മുന്നില്‍വെച്ച് സ്വാലിഹ് നബിക്ക് അല്ലാഹു നല്‍കിയ ഒട്ടകം ഒരു മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം) ആയിരുന്നു. പ്രവാചകന്‍ അവരോട് പറഞ്ഞു: ”ഇതാ ഒരൊട്ടകം. അതിന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട്. നിങ്ങള്‍ക്കും ഒരൂഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍. നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്‍പ്പിക്കരുത്. (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും.” (26: 155,156). എന്നാല്‍ ദുഷ്ടതക്ക് കേളികേട്ട ഒമ്പത് തെമ്മാടികള്‍ ആ നാട്ടിലുണ്ടായിരുന്നു. (27: 48). പ്രവാചകന്റെ വാക്കുകള്‍ ധിക്കരിച്ച് അവരിലൊരുവന്‍ ആ ഭീകരകൃത്യത്തിന് ഒരുമ്പെട്ടു. ആ ഒട്ടകത്തെ അറുകൊല ചെയ്യാന്‍ ധാര്‍ഷ്ട്യം കാണിച്ചു (54: 29,30; 91: 12-14). ”നിന്റെ ശിക്ഷ കൊണ്ടുവാ” (7: 77). എന്ന് റസൂലിനെ വെല്ലുവിളിച്ചു.
ദൈവദൂതന്‍ മുഖേന നേര്‍മാര്‍ഗം നല്‍കപ്പെട്ട ഒരു ജനതയില്‍നിന്ന് വന്നേക്കാവുന്ന ധിക്കാരത്തിന്റെ പരമകാഷ്ഠ പ്രാപിച്ച ഈ സമൂഹത്തെ ഇനി വെറുതെ വിട്ടുകൂടാ എന്ന നിലയില്‍ ദൈവികശിക്ഷ അവരെ പിടികൂടി. ആ സംഭവം ഖുര്‍ആനില്‍ നമുക്ക് ഇങ്ങനെ വായിക്കാം: ”എന്നിട്ടവര്‍ ആ ഒട്ടകത്തെ വെട്ടിക്കൊന്നു. അപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു: നിങ്ങള്‍ മൂന്നു ദിവസം നിങ്ങളുടെ വീടുകളില്‍ സൗഖ്യം അനുഭവിച്ചു കൊള്ളുക. (അതോടെ ശിക്ഷ വന്നെത്തും) തെറ്റാകാനിടയില്ലാത്ത ഒരു വാഗാദാനമാണിത്. അങ്ങനെ നമ്മുടെ കല്‍പ്പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി.. അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്നു വീണ അവസ്ഥയിലായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്തതുപോലെ അവര്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു. ശ്രദ്ധിക്കുക, ഥമൂദ് സമുദായം തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു. ശ്രദ്ധിക്കുക, ഥമൂദ് സമുദായത്തിന്റെ നാശം” (11: 65-68)
മുഹമ്മദ് നബി(സ) തബൂക്കിലേക്ക് അനുയായികളുമായി പോയ സന്ദര്‍ഭത്തില്‍ അവരെയും കൂട്ടി ‘ഹിജ്‌റില്‍’ ഥമൂദിന്റെ നശിപ്പിക്കപ്പെട്ട ഭവനങ്ങള്‍ക്കരികെ ഇറങ്ങുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ”ശിക്ഷിക്കപ്പെട്ട ഈ സമൂഹത്തിന്റെ അടുത്ത് കരഞ്ഞു കൊണ്ടല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്; അവര്‍ക്കു സംഭവിച്ചത് പോലെ നിങ്ങള്‍ക്കും സംഭവിക്കാതിരിക്കാന്‍ ” (ബുഖാരി).
സുഊദി അറേബ്യയില്‍, മദീനയില്‍നിന്ന് 400 കി.മി. വടക്ക് ഥമൂദ് ഗോത്രത്തിന്റെ ഗുഹാഭവനങ്ങള്‍ ഇന്നും കാണാം. ഭയങ്കരമായ ഇടിമുഴക്കത്തോടെയാണ് ധിക്കാരികളായ ആ ജനതയെ അല്ലാഹു നശിപ്പിച്ചത്; പില്‍ക്കാലക്കാര്‍ക്ക് പാഠമായിക്കൊണ്ട്.

Topics