പ്രവാചകന്‍മാര്‍ സുലൈമാന്‍

സുലൈമാന്‍ (അ)

ദാവൂദ് നബി(അ)യുടെ മകനായ സുലൈമാന്‍ നബിയും പിതാവിനെപ്പോലെത്തന്നെ അധികാരവും പ്രവാചകത്വവും ഒന്നിച്ചു ലഭിച്ച ആളാണ്. ‘സുലൈമാന്‍ ദാവൂദിനെ അനന്തരമെടുത്തു’ (27: 16) എന്ന് ഖുര്‍ആന്‍ പറയുന്നു. പിതാവിനെപ്പോലെത്തന്നെ ഭൗതികസൗകര്യങ്ങള്‍ ഏറെ ലഭ്യമായ രാജാവായിരുന്നു സുലൈമാന്‍. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്തുകള്‍) ഏറ്റവുമധികം ലഭിച്ച ആളായിരുന്നു അദ്ദേഹം. പക്ഷികളുടെയും പ്രാണികളുടെയും മറ്റും സംസാരം മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കി. മനുഷ്യരും ജിന്നുകളും മറ്റു ജീവജാലങ്ങളും അടങ്ങിയതാണ് സുലൈമാന്‍ എന്ന രാജാവിന്റെ പ്രജകള്‍. അദ്ദേഹത്തിന്റെ സൈന്യത്തില്‍ ജിന്നുകളും പക്ഷികളും ഒക്കെ ഉണ്ടായിരുന്നു.
കാറ്റിനെ സുലൈമാന്‍ നബിക്കധീനമാക്കിക്കൊടുത്തതായി ഖുര്‍ആന്‍ പറയുന്നു. ജിന്നുകളും പിശാചുക്കള്‍ പോലും സുലൈമാന്‍ നബിക്കു വേണ്ടി പണിയെടുത്തിരുന്നു. ലോഹങ്ങള്‍ അദ്ദേഹത്തിനധീപ്പെടുത്തി. ചുരുക്കിപ്പറഞ്ഞാല്‍ ഭൂമിയില്‍ മറ്റാര്‍ക്കും കിട്ടാത്തത്ര വലിയ അധികാരവും അത്യത്ഭുതകരമായ മുഅ്ജിസത്തുകളും അദ്ദേഹത്തിന് നല്‍കപ്പെട്ടു. ഏറെ നിഅ്മത്തുകള്‍ ലഭിച്ചിട്ടും അദ്ദേഹത്തിന്റെ മനസ്സ് വിനയത്തിന്റെ മകുടോദാഹരണമായിരുന്നു. ഒരിക്കല്‍ സുലൈമാന്‍ നബിയും പട്ടാളവും ഇറങ്ങിത്തിരിച്ച ഒരു താഴ്‌വരയില്‍ സുലൈമാന്റെയും പട്ടാളത്തിന്റെയും ചവിട്ടേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് തന്റെ സഹോദരങ്ങളോട് ഒരുറുമ്പ് പറയുന്നത് അദ്ദേഹം കേട്ടു. ഒന്നു പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പ്രതിവചിച്ചതിങ്ങനെയായിരുന്നു: ”എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിനു നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സത്കര്‍മം ചെയ്യുവാനും എനിക്കു നീ പ്രചോദനം നല്‍കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ.” (27: 19)
യമനിലെ സബഅ് എന്ന പ്രദേശത്ത് ഒരു രാജ്ഞി നാടുഭരിക്കുന്നുണ്ട് എന്നും അവര്‍ സൂര്യാരാധാകരാണെന്നും ഉള്ള വിവരം നബിക്ക് നല്‍കിയത് ഒരു മരംകൊത്തിയായിരുന്നു. അതേ പക്ഷിയുടെ പക്കല്‍തന്നെ സുലൈമാന്‍ ആ രാജ്ഞിയെ തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ട് ഒരു കത്ത് കൊടുത്തയച്ചു. സബഇലെ രാജ്ഞി സുലൈമാന്‍ നബിയുടെ അടുത്ത് വരികയും വിശ്വാസിനിയായിത്തീരുകയും ചെയ്തു. അവര്‍ ഇവിടെ എത്തുന്നതിനു മുമ്പായിത്തന്നെ അവരുടെ സിംഹാസനം സുലൈമാന്‍ നബിയുടെ അടുക്കല്‍ എത്തിച്ചിരുന്നു.സുലൈമാന്‍ നബിയുടെ രാജത്വത്തിന്റെ പ്രൗഢിയോടൊപ്പം പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തങ്ങളും രാജ്ഞിക്ക് ബോധ്യമായി. അങ്ങനെയാണവര്‍ മുസ്‌ലിമായിത്തീര്‍ന്നത്.
സുലൈമാന്‍ നബിയുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഖുര്‍ആന്‍ വിശദീകരിച്ചിട്ടില്ലെങ്കിലും ആ രാജ്യം മുഴുവന്‍ അദ്ദേഹത്തിന് ഏറെക്കുറെ കീഴ്‌പ്പെട്ടിരുന്നു എന്നാണ് മനസ്സിലാകുന്നത്. അയല്‍രാജ്യത്തെ രാജ്ഞി തന്റെ പ്രജകളോടൊപ്പം ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി.
സുലൈമാന്‍(അ) ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനിടയില്‍ വടിയില്‍ ചാരിയിരിക്കെ മരണം അദ്ദേഹത്തെ പിടികൂടി. എന്നാല്‍ തന്റെ വടി ചിതല്‍ തിന്നു മൃതദേഹം മറിഞ്ഞുവീണപ്പോള്‍ മാത്രമേ ജിന്നുകള്‍ മരണവാര്‍ത്ത അറിഞ്ഞിരുന്നുള്ളൂ എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.

Topics