Home / ചരിത്രം / പ്രവാചകന്‍മാര്‍ / മുഹമ്മദ്‌ / മുഹമ്മദ് (സ): സ്‌നേഹംകൊണ്ട് കീഴ്‌പ്പെടുത്തിയ നായകന്‍

മുഹമ്മദ് (സ): സ്‌നേഹംകൊണ്ട് കീഴ്‌പ്പെടുത്തിയ നായകന്‍

ശക്തന്‍മാര്‍ ദുര്‍ബലരെ വിഴുങ്ങുകയും സ്വേഛാധിപതികള്‍ ദേശവാസികളെ അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ സഹായത്തിനായി കേഴുന്ന മനസ്സുകള്‍ക്ക് സ്‌നേഹം ദാഹജലമായി ത്തീരുന്നു. ലോകര്‍ക്ക് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍ തിരുമേനി അതുകൊണ്ടാണ് സ്‌നേഹമസൃണമായ പെരുമാറ്റത്തിനുടമയായത്. ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്ന് തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്‍പരനുമാണവന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും'(അത്തൗബ 128).

നബിതിരുമേനിയുടെ അനുയായികള്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ബദ്ര്‍ യുദ്ധഭൂമിയില്‍ അദ്ദേഹം തന്റെ അനുയായികളുടെ അണി പരിശോധിക്കുകയായിരുന്നു. അതിനിടയില്‍ മുന്നോട്ടുകയറിനിന്നവരെ തന്റെ വടികൊണ്ട് പിന്നിലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു അദ്ദേഹം. അങ്ങനെ സവാദ് ബ്‌നു അസിയ്യയുടെ വയറില്‍ വടികൊണ്ട് മൃദുവായി തള്ളി. അപ്പോള്‍ സവാദ് പരാതിപ്പെട്ടു: ‘പ്രവാചകരേ, താങ്കളെന്നെ വേദനിപ്പിച്ചു. അതിനാല്‍ പ്രതിക്രിയക്ക് എനിക്കവസരം തന്നാലും.’ പ്രവാചകന്‍ തന്റെ കൈയ്യിലിരുന്ന വടി സവാദിനുനേരെ നീട്ടി. ‘താങ്കള്‍ പ്രതികാരം ചെയ്‌തോളൂ’. ആ അവസരമുപയോഗപ്പെടുത്തി സവാദ് നബിതിരുമേനിയെ ആശ്ലേഷിച്ചു. എന്നിട്ട് പറഞ്ഞു:’ അല്ലാഹുവിന്റെ ദൂതരേ, ഇവിടെ യുദ്ധഭൂമിയില്‍ ഞാന്‍ മരണം മുന്നില്‍കാണുന്നു. അതിനാല്‍ അവസാനമായി താങ്കളെ ആശ്ലേഷിക്കണമെന്ന് ഞാനാഗ്രഹിച്ചു.’ തിരുമേനിയോടുള്ള അദമ്യമായ സ്‌നേഹമായിരുന്നു അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്.

യുദ്ധത്തില്‍ തന്റെ രണ്ട് മക്കളും ഭര്‍ത്താവും പിതാവും കൊല്ലപ്പെട്ടുവെന്നറിഞ്ഞിട്ടും നബിതിരുമേനിയുടെ സുഖവിവരം അന്വേഷിച്ച ബനൂദീനാര്‍ ഗോത്രത്തിലെ മഹതിയും അതിരില്ലാത്ത പ്രവാചകസ്‌നേഹമാണ് പ്രകടിപ്പിച്ചത്. നബിതിരുമേനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അറിഞ്ഞപ്പോഴേ ആ മഹതി അടങ്ങിയുള്ളൂ.പ്രവാചകന്‍ തിരുമേനിയെ കാണണമെന്നാഗ്രഹം പ്രകടിപ്പിച്ച അവര്‍ അദ്ദേഹത്തിന്റെ മുമ്പിലെത്തി ഇപ്രകാരം പറയുകയുണ്ടായി: ‘താങ്കള്‍ സുഖമായിരിക്കുന്നു എന്ന സന്തോഷകരമായ സംഗതിക്കുമുന്നില്‍ ഏതുദുരന്തവും എനിക്ക് നിസ്സാരമാണ്.’ അനുയായികള്‍ പ്രവാചകന്‍ തിരുമേനിയെ സ്‌നേഹിച്ചതുപോലെ ലോകത്തെവിടെയുമുള്ള ജനത തങ്ങളുടെ നേതാക്കളെ സ്‌നേഹിച്ചതായി ചരിത്രത്തിലെവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?

മുഹമ്മദ് മനുഷ്യരില്‍നിന്നുള്ള പ്രവാചകനായിരിക്കെ എല്ലാ മനുഷ്യരെയും അതിരറ്റ് സ്‌നേഹിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തില്‍ കാരുണ്യവും സ്‌നേഹവും നിറച്ചതുകാരണമായിരുന്നു അത്. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ദിവ്യബോധനത്തെ അതിരറ്റ് സ്‌നേഹിച്ചു. തികഞ്ഞ ഗുണകാംക്ഷയോടെ എല്ലാവര്‍ക്കും അതെത്തിച്ചുകൊടുത്തു. തന്റെ ജന്‍മനാടായ മക്കയും, തന്നെ സ്വീകരിച്ച മദീനയും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. തന്റെ ദൗത്യത്തെ അദ്ദേഹം മഹത്തായ പ്രവര്‍ത്തനമായി കണ്ടു. തന്റെ അന്തസ്സിനുചേരാത്ത എല്ലാ അധാര്‍മികപ്രവൃത്തികളെയും ഉപേക്ഷിച്ചു.
പ്രവാചകതിരുമേനിയുടെ ആരാധനാകര്‍മങ്ങളിലെ കൃത്യനിഷ്ഠയും സമര്‍പ്പണവും കണ്ട് പ്രിയപത്‌നി ആഇശ(റ) പോലും അത്ഭുതപ്പെട്ടു:’താങ്കളുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതന്നിരിക്കെ ഇത്രയും ക്ലേശപ്പെട്ട് ആരാധനകള്‍ നിര്‍വഹിക്കുന്നതെന്തിന്?’ അതിന് നബിതിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘ഞാനൊരു നന്ദിയുള്ള ദാസനാകേണ്ടേ ആഇശാ…’ (ബുഖാരി, മുസ്‌ലിം)

നേതാവെന്ന നിലയില്‍ മുഹമ്മദ് നബി(സ)യുടെ വിജയത്തിനുപിന്നിലുള്ള രഹസ്യം, ദിവ്യബോധനം ലഭിക്കുന്ന വ്യക്തി എന്നതിനേക്കാള്‍ തന്റെ അനുയായികളെ സ്‌നേഹപൂര്‍വം നയിച്ചു എന്നതാണ്. അദ്ദേഹത്തില്‍നിന്ന് പ്രസരിതമായ സ്‌നേഹം സീമാതീതമായിരുന്നു. അത് അനുയായികളില്‍ മാത്രമല്ല, സര്‍വജീവജാലങ്ങളിലും അനുഭവവേദ്യമായി.അദ്ദേഹം പ്രഘോഷണം ചെയ്ത സന്ദേശം സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയുമായിരുന്നു. മനസ്സില്‍ അഹന്തയോ കളങ്കമോ പേറാത്ത ഏതൊരാളും ആ സന്ദേശം കേട്ടമാത്രയില്‍ ഉള്‍ക്കൊണ്ടു. ആ പ്രവാചകസന്ദേശം എല്ലാവര്‍ക്കുംതന്നെ കാരുണ്യവും മാര്‍ഗദര്‍ശനവുമായിരുന്നു.

സ്ഥിരോത്സാഹം, സ്ഥൈര്യം, ക്ഷമ, വിവേകം, ധൈര്യം, തുടങ്ങി എല്ലാ നേതൃഗുണങ്ങള്‍ക്കുടയവനായിരുന്നു നബിതിരുമേനി എന്നതായിരുന്നു സത്യം. അതിനേക്കാളുപരി ഏവര്‍ക്കും മാതൃകയായിരുന്നു ആ ജീവിതം. നേതൃപാടവം എന്നത് പാശ്ചാത്യന്‍ ആവിഷ്‌കാരമായി ചിലരെങ്കിലും പലപ്പോഴും തെറ്റുധരിച്ചിട്ടുണ്ട്. അതെന്തായാലും പ്രവാചകന്‍തിരുമേനിയുടെ ജീവിതം വിവിധ അക്കാദമികപഠനങ്ങള്‍ക്കും ആഴമേറിയഗവേഷണങ്ങള്‍ക്കും പാത്രീഭവിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമായ കാരണമാണ്. നബിതിരുമേനി സാര്‍വകാലീന-സാര്‍വലൗകികനേതാവായി സ്വീകരിക്കപ്പെടാന്‍ സഹായിക്കുംവിധം എന്തെല്ലാം ഗുണഗണങ്ങളാണ് അദ്ദേഹത്തിലുണ്ടായിരുന്നതെന്നത് സംബന്ധിച്ചുമാത്രമല്ല, അദ്ദേഹത്തിന് ശേഷം പ്രഗത്ഭരായ നേതൃനിരയെ ഇസ്‌ലാമികസമൂഹത്തിന് അദ്ദേഹം നല്‍കിയതെങ്ങനെയെന്നത് സംബന്ധിച്ചും കൃത്യമായ പഠനം നടത്തേണ്ട ബാധ്യത നമുക്കുണ്ട്.

ഇന്നത്തെ നേതാക്കള്‍

ഇന്ന് അറബ് ലോകത്തെ നേതൃത്വത്തെ പരിശോധിച്ചാല്‍ ബഹുഭൂരിപക്ഷവും പട്ടാളശൈലിയില്‍ ഭരണം നടത്തുന്നവരാണെന്ന് കാണാം ആദ്യംപറഞ്ഞതനുസരിക്കുക ..പിന്നീടാകാം ചോദ്യങ്ങള്‍ എന്നതാണവരുടെ നിലപാട്. എന്നാല്‍ ഇത്തരം രീതികള്‍ രാഷ്ട്രഭരണത്തിന് ഗുണകരമായി ഭവിക്കുകയില്ല.

മുഹമ്മദ് നബിയുടെ നേതൃത്വം ഇപ്പറഞ്ഞതിന്റെ എതിര്‍മുഖത്താണ്. ജോണ്‍ അഡയര്‍ തന്റെ ‘ലീഡര്‍ ഷിപ്പ് ഓഫ് മുഹമ്മദ് ‘എന്ന പുസ്തകത്തെക്കുറിച്ച റേഡിയോ അഭിമുഖത്തില്‍ ഇന്നത്തെ അറബ് നേതാക്കള്‍ വന്‍പരാജയമാണെന്നും എന്നാല്‍ മുഹമ്മദ് നബി സമ്പൂര്‍ണനേതാവായിരുന്നെന്നും വിശദമാക്കുകയുണ്ടായി. അതിനദ്ദേഹം കാരണമായി പറഞ്ഞത് അറബ് നേതാക്കള്‍ ജനതയെ ഭയപ്പെടുത്തി കീഴൊതുക്കിയെന്നും എന്നാല്‍ മുഹമ്മദ് സ്‌നേഹത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയെന്നുമാണ്. ‘ഇന്നത്തെ ഭരണാധികാരികള്‍ ജനങ്ങളുടെ സേവകന്മാരാകേണ്ടിയിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളിലെ അധികനേതാക്കളും പൈതൃകമായി ലഭിച്ച അധികാരവും സമ്പത്തും കയ്യടക്കിവെച്ചിരിക്കുകയാണ്.’ നേതൃപാടവത്തിന് അനിവാര്യമായ എല്ലാ സ്വഭാവസവിശേഷതകളും നേടിയ നേതാവിന് ഉദാഹരണമാണ് മുഹമ്മദ് നബി. നബിതിരുമേനി ഇപ്രകാരം പറയുകയുണ്ടായി: ‘നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉത്തമനായ നേതാവ് ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റിയവനാണ് . അയാള്‍ ജനങ്ങളെ അതിയായി സ്‌നേഹിക്കുന്നു. അവര്‍ നേതാവിനുവേണ്ടി പ്രാര്‍ഥിക്കുന്നു. നേതാവ് അവര്‍ക്കുവേണ്ടിയും’ (മുസ്‌ലിം 1855).

About tariq barghouti

Check Also

സാമുദായികത ഇല്ലാത്ത പ്രവാചക സാഹോദര്യം

മുസ്‌ലിം അല്ലാത്ത ഒരാളെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മനോമുകുരത്തില്‍ ഉണ്ടായിരിക്കുക ? അയാള്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന പരിഗണന എന്തായിരിക്കും ? …

Leave a Reply

Your email address will not be published. Required fields are marked *