ഇന്ന് ഇറാഖ് എന്ന പേരിലറിയപ്പെടുന്ന പ്രദേശത്തായിരുന്നു നൂഹ് നബിയുടെ സമുദായം ജീവിച്ചിരുന്നത് വിശുദ്ധഖുര്‍ആന്റെ സൂചനകളും ബൈബിളിന്റെ പ്രസ്താവങ്ങളും ഈ വസ്തുത വ്യക്തമാക്കുന്നു.
നൂഹ് നബിയുടെ ജനത അല്ലാഹുവിന്റെ ആസ്തിക്യം നിഷേധിച്ചിരുന്നില്ല. അവര്‍ അവനെ സംബന്ധിച്ച് അജ്ഞരുമായിരുന്നില്ല. എങ്കിലും അവരില്‍ ഗുരുതരമായ രണ്ട് തിന്മകള്‍ പ്രകടമായിരുന്നു. അവയില്‍ മുഖ്യമായത് വിഗ്രഹാരാധന തന്നെ. പലപേരുകളിലുള്ള പ്രതിഷ്ഠകളെയാണ് അവരും അവരുടെ പിതാക്ക•ാരും പൂജിച്ചിരുന്നത്. വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌റ് പോലുള്ളവ അവയില്‍പ്പെടുന്നു. ആ ബിംബങ്ങള്‍ക്കാണവര്‍ പ്രണാമങ്ങളര്‍പ്പിച്ചുകൊണ്ടിരുന്നത്. അവയിലാണവര്‍ അഭയം തേടിയിരുന്നതും പ്രതീക്ഷകളര്‍പ്പിച്ചുകൊണ്ടിരുന്നതും. അതിനാല്‍ അവരിലേക്ക് നിയോഗിതനായ നൂഹ്(അ) പറഞ്ഞു: ”അല്ലാഹുവിനെ മാത്രം ആരാധിക്കുക; അവനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുക; അവനില്‍ ആരെയും പങ്കാളിയാക്കരുത്. വിഗ്രഹാരാധന വര്‍ജ്ജിക്കണം. ഈ നിര്‍ദേശങ്ങള്‍ നിരാകരിച്ചാല്‍ നരകശിക്ഷ നിര്‍ബന്ധമാകും.”
”നൂഹിനെ തന്റെ ജനതയിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നവനാണ്. അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. വേദനാജനകമായ ഒരു നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്ന് ഞാനിതാ ഭയപ്പെടുന്നു.”
നൂഹ് നബിയുടെ ജനതയില്‍ നിലനിന്നിരുന്ന മറ്റൊരു ഗുരുതരമായ തിന്മ സാമൂഹ്യ ഉച്ചനീചത്വമായിരുന്നു. കടുത്ത സാമൂഹ്യ അസമത്വം അവരില്‍ പ്രകടമായിരുന്നു. മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ അധികാരങ്ങളും കയ്യടക്കിവെച്ചിരുന്നത് ഒരുപിടി പ്രമാണിമാരായിരുന്നു. സാധാരാണ ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന ഈ വര്‍ഗമാണ് എല്ലാവിധ അക്രമങ്ങളും അനീതികളും അഴിച്ചുവിട്ടിരുന്നത്. അതുകൊണ്ടുതന്നെ സത്യപ്രബോധന മാര്‍ഗത്തില്‍ വിഘാതം സൃഷ്ടിച്ചതും ദൈവദൂതനെ കഠിനമായി എതിര്‍ത്തതും അവരായിരുന്നു. ”അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപ്പോലൊരു മനുഷ്യന്‍ മാത്രമായിട്ടല്ലാതെ നിന്നെ ഞങ്ങള്‍ കാണുന്നില്ല.” (ഹൂദ്: 27)
നൂഹ് നബി(അ) യില്‍ വിശ്വസിച്ചതും അദ്ദേഹത്തെ അനുഗമിച്ചതും നാട്ടിലെ സാധാരണക്കാരായിരുന്നു. അക്രമികളും മര്‍ദ്ദകരുമായ പ്രമാണിവര്‍ഗത്തിന്റെ പീഡനങ്ങളനുഭവിച്ച് കഴിയുന്ന പാവങ്ങള്‍! അവര്‍ക്ക് നഷ്ടപ്പെടാന്‍ അധികാരമോ സ്ഥാനമാനങ്ങളോ ഉണ്ടായിരുന്നില്ല. അതോടൊപ്പം പ്രവാചകന്റെ പ്രബോധനം അവര്‍ക്ക് തങ്ങളുടെ അധഃസ്ഥിതിക്ക് അന്ത്യം കുറിക്കുന്നതുമായിരുന്നു. എന്നാല്‍ നൂഹ് നബിയുടെ അനുചരന്മാര്‍ പിന്നോക്കാവസ്ഥയിലും പട്ടിണിയിലും കഴിയുന്ന സാധാരണക്കാരാണെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ന്യൂനതയായിട്ടായിരുന്നു മേലാളന്മാര്‍ കണ്ടത്. കാരണം അവരുടെ ഭാഷയില്‍ മഹത്വത്തിന്റെ മാനദണ്ഡം പണവും പ്രതാപവും പ്രൗഡിയും അധികാരവുമൊക്കെയായിരുന്നു. അതിനാലവര്‍ പറഞ്ഞു: ”ഞങ്ങളില്‍ ഏറ്റവും താഴ്ന്ന ചില ആളുകളല്ലാതെ നിന്നെ അനുഗമിക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല. അവരെല്ലാം വിവേകവും വിവേചനശേഷിയുമില്ലാത്തവരാണ്. ഞങ്ങളേക്കാള്‍ നിങ്ങള്‍ക്കൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നില്ല. നിങ്ങള്‍ കള്ളം പറയുന്നവരാണെന്നാണ് ഞങ്ങള്‍ ധരിക്കുന്നത്.” (ഹൂദ്: 27)
സാധാരണ മനുഷ്യര്‍ നൂഹ് നബിയുടെ കൂടെ അനുയായികളായി തുടരുന്നേടത്തോളം അദ്ദേഹത്തെ അനുഗമിക്കാന്‍ സാധ്യമല്ലാത്തവിധം ഉച്ചനീചത്വവും അസമത്വവും വെച്ചുപുലര്‍ത്തുന്നവരായിരുന്നു അവര്‍. അത് തുറന്നു പറയാന്‍ മാത്രം ധിക്കാരികളും അഹങ്കാരികളുമായിരുന്നു ആ പ്രമാണിവര്‍ഗം. അവര്‍ ചോദിച്ചു: ”ഏറ്റവും അധഃസ്ഥിതിയിലുള്ള ആളുകള്‍ നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കെ, ഞങ്ങളെങ്ങനെയാണ് നിന്നില്‍ വിശ്വസിക്കുക?” (ശുഅറാഅ്: 111)
എന്നാല്‍ പ്രമാണിമാരായ പ്രധാനികളുടെയും നേതാക്കന്മാരുടെയും പ്രീതി പ്രതീക്ഷിച്ച് തന്നോടൊപ്പമുള്ള പാവങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും പുറംതള്ളാന്‍ നൂഹ്(അ) സന്നദ്ധനായിരുന്നില്ല. അന്യായമായി പരമാധികാരം കയ്യടക്കിവെച്ച അധികാരശക്തികളില്‍നിന്ന് അവരെ മോചിപ്പിക്കാനാണല്ലോ അദ്ദേഹം നിയോഗിതനായത്. അതിനാല്‍ ശക്തമായ ഭാഷയില്‍ അദ്ദേഹം അറിയിച്ചു: ”എന്തായാലും വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുകയില്ല.” (ശുഅറാഅ്: 114)
അങ്ങനെ ചെയ്യാന്‍ തനിക്ക് അധികാരമില്ലെന്ന് അവരെ അറിയിക്കാനും അദ്ദേഹം മറന്നില്ല. ”അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ സംബന്ധിച്ച് എനിക്ക് എന്താണറിയുക ? അവരെ വിചാരണ ചെയ്യാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണുള്ളത്. നിങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍.” (ശുഅറാഅ്: 112)
അദ്ദേഹം ചോദിച്ചു: ”എന്റെ സമുദായമേ! അവരെ ഞാന്‍ ആട്ടിയോടിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരാണുണ്ടാവുക?” (ഹൂദ്: 30)
യഥാര്‍ഥത്തില്‍ ഈ പ്രമാണിവര്‍ഗം ഭയപ്പെട്ടിരുന്നത് ജനങ്ങളുടെ മേലുള്ള തങ്ങളുടെ അധികാരവും സ്ഥാനമാനങ്ങളും സ്വാധീനവും നഷ്ടപ്പെടുമോയെന്ന ഭയമായിരുന്നു. അതവര്‍ പ്രകടിപ്പിക്കാതെയുമിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: നൂഹിനെ തന്റെ ജനതയിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ അല്ലാഹുവെ അനുസരിച്ച് ജീവിക്കുക. അവനല്ലാതെ നിങ്ങളുടെമേല്‍ ഒരു പരമാധികാരിയുമില്ലതന്നെ. നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യനിഷേധികളായ നേതാക്കള്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളേക്കാള്‍ സ്ഥാനവും പദവിയുമുള്ള ഒരാളായിത്തീരണമെന്നാണ് അവനുദ്ദേശിക്കുന്നത്.” (അല്‍ മുഅ്മിനൂന്‍: 23,24)
ഈ പ്രമാണിവര്‍ഗം തന്നെയായിരുന്നു സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരക്കിട്ടുറപ്പിച്ചിരുന്നത്. അവരില്‍ വിഗ്രഹാരാധന വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നതും അവര്‍ തന്നെ. തങ്ങളുടെ മേധാവിത്തം തുടരാനും പരമാധികാരം പരിരക്ഷിക്കാനും അതനിവാര്യവുമായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന്റെ മാത്രം പരമാധികാരമംഗീകരിക്കുകയും ചെയ്യുന്നവരെ അടിമകളാക്കി അടക്കി ഭരിക്കുക ആര്‍ക്കും ഒട്ടും എളുപ്പമല്ലാത്തതിനാല്‍ ആ അവസ്ഥയെ അവര്‍ അത്യധികം ഭയപ്പെട്ടു. അതുകൊണ്ടുതന്നെ സമൂഹം സന്മാര്‍ഗം സ്വീകരിക്കുന്നതില്‍ നിന്നവരെ വിലക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ”നിങ്ങളുടെ ദൈവങ്ങളെ നിങ്ങള്‍ വര്‍ജ്ജിക്കരുത്. വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌റ് ഇവയെ നിങ്ങള്‍ ഒരിക്കലും കൈവിട്ടുകളയരുത്.” (നൂഹ്: 23)
ദൈവിക പരമാധികാരമംഗീകരിച്ചു അവന്റെ നിര്‍ദ്ദേശങ്ങള്‍ അനുധാവനം ചെയ്ത് ജീവിക്കണമെന്ന ആഹ്വാനം നൂഹ്(അ) ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: ”എന്റെ സമുദായമേ, ഞാനിതാ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നു. നിങ്ങള്‍ അല്ലാഹുവിനു കീഴ്‌പ്പെട്ട് ജീവിക്കുക. അവനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കവന്‍ പൊറുത്തുതരും. ഒരു നിര്‍ണ്ണിത അവധിവരെ അവന്‍ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി എത്തിയാല്‍ പിന്നെയൊട്ടും താമസിപ്പിക്കുകയില്ല. നിങ്ങള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നവരാണെങ്കില്‍!” (നൂഹ്: 14)
പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അല്ലാഹുവിന്റെ മഹത്വം മനസ്സിലാക്കി അവനുമാത്രം വിധേയമായി ജീവിതം നയിക്കണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. നൂഹ്(അ) പറഞ്ഞു: ”നിങ്ങള്‍ക്കെന്തുപറ്റി? അല്ലാഹുവിന്റെ മഹത്വമംഗീകരിക്കണമെന്ന് നിങ്ങളെന്തുകൊണ്ട് ആഗ്രഹിക്കുന്നില്ല? വിവിധ ദശകങ്ങളിലായി നിങ്ങളെ സൃഷ്ടിച്ചത് അവനാണ്. നിങ്ങള്‍ കാണുന്നില്ലേ, ആകാശങ്ങളെ അടുക്കുകളായി എങ്ങനെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്? അതില്‍ ചന്ദ്രനെ അവന്‍ പ്രകാശമുള്ളതാക്കി വെക്കുകയും സൂര്യനെ വിളക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് നല്ല നിലയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പിന്നീടവന്‍ നിങ്ങളെ അതിലേക്കു തന്നെ മടക്കും. അനന്തരം നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയെ വിരിപ്പാക്കി തന്നിരിക്കുന്നു.” (നൂഹ്: 13-19)
അസാധാരണമായ ക്ഷമാശീലവും അര്‍പ്പണബോധവും ത്യാഗസന്നദ്ധതയും ഒത്തിണങ്ങിയിരുന്ന നൂഹ്(അ) അവരെ രാപ്പകല്‍ ഭേദമില്ലാതെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും അവരിലൊരു പരിവര്‍ത്തനവും സൃഷ്ടിച്ചില്ല. അവര്‍ തങ്ങളുടെ ധിക്കാരത്തിലും അഹങ്കാരത്തിലും ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അല്ലാഹു അറിയിക്കുന്നു: ”നൂഹ് പറഞ്ഞു: നാഥാ! എന്റെ ജനതയെ ഞാന്‍ രാപ്പകല്‍ ഭേദമില്ലാതെ പ്രബോധനം ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ എന്റെ പ്രബോധനം അവരെ കൂടുതല്‍ അകറ്റുക മാത്രമാണ് ചെയ്തത്.അവരുടെ പാപങ്ങള്‍ നീ പൊറുത്തുകൊടുക്കാനായി ഞാനവരെ ക്ഷണിച്ചപ്പോഴെല്ലാം അത് കേള്‍ക്കാന്‍ സന്നദ്ധമാവാതെ തങ്ങളുടെ ചെവിയില്‍ വിരലുകള്‍ തിരുകുകയും മുഖം വസ്ത്രം കൊണ്ട് മൂടുകയും ധിക്കാരത്തിലുറച്ചു നില്‍ക്കുകയും അങ്ങേയറ്റത്തെ അഹങ്കാരം കാണിക്കുകയുമാണവര്‍ ചെയ്തത്. പിന്നീട് ഞാനവരെ വളരെ ഉച്ചത്തില്‍ വിളിച്ചു. പരസ്യമായും വളരെ രഹസ്യമായും പ്രബോധനം ചെയ്തു.”(നൂഹ്: 5?????9)
തുടര്‍ന്ന് അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങി. അവന്റെ പരമാധികാരമംഗീകരിച്ച് അതിന്റെ അനിവാര്യതയായ സന്മാര്‍ഗം സ്വീകരിച്ചാല്‍ ലഭ്യമാകുന്ന ഐഹിക നേട്ടങ്ങളെ സംബന്ധിച്ച് അദ്ദേഹമവര്‍ക്ക് വിശദമായി വിവരിച്ചു കൊടുത്തു.
നൂഹി(അ)യുടെ പ്രബോധനം ആ സമൂഹം നിഷ്‌കരുണം തള്ളിക്കളഞ്ഞു. അവസാനം അദ്ദേഹം ദൈവശിക്ഷയെക്കുറിച്ച് താക്കീതു ചെയ്തപ്പോള്‍ ‘എന്നാല്‍ അതിങ്ങു കൊണ്ടുവാ’ എന്നായിരുന്നു അവരുടെ പ്രതികരണം. ഗത്യന്തരമില്ലാതെ ഈ സമൂഹത്തില്‍നിന്ന് തന്നെ രക്ഷിക്കാന്‍ നൂഹ്(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ഒരു കപ്പലുണ്ടാക്കാന്‍ അല്ലാഹു നൂഹിനോട് നിര്‍ദേശിച്ചു. കപ്പലിന്റെ പണി തുടങ്ങി. ആ ജനത അദ്ദേഹത്തിന്റെ ‘ഭ്രാന്തി’ന്റെ തെളിവായി ഈ കപ്പല്‍ പണിയെ കണ്ടു. പണി പൂര്‍ത്തിയായി. ശക്തമായ മഴയും നിലയ്ക്കാത്ത ഉറവയുംമൂലം ദിവസങ്ങള്‍ക്കുള്ളില്‍ ജനവാസമുള്ളേടത്തൊക്കെ പ്രളയം. വിശ്വാസികള്‍ക്ക് ദൈവ കല്‍പ്പന; കപ്പലില്‍ കയറാന്‍. ദൈവദൂതനും അനുചരന്മാരും കപ്പലില്‍ കയറി. നൂഹിന്റെ മകന്‍ വിശ്വാസിയായിരുന്നില്ല. പിതാവ് ക്ഷമിച്ചു. അവന്‍ ധിക്കരിച്ചു. സത്യനിഷേധികള്‍ക്കൊപ്പം അദ്ദേഹത്തിന്റെ മകനും മുങ്ങി മരിച്ചു. മഴ നിലച്ചു. ഉറവ നിന്നു. വെള്ളം താഴ്ന്നു. കപ്പല്‍ ജൂതി മലയില്‍ ചെന്ന് നങ്കൂരമിട്ടു. പ്രവാചകനും വിശ്വാസികളും രക്ഷപ്പെട്ടു. അല്ല, അവര്‍ മാത്രമായി ഭൂമിയില്‍.
നൂഹ് നബിയിലെ ‘പിതാവ്’ ഉണര്‍ന്നു. തന്റെ മകന്റെ പതനത്തില്‍ ദുഃഖിച്ചു. അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ ശാസിക്കുകയാണുണ്ടായത്. ആദര്‍ബന്ധത്തിനപ്പുറം രക്തബന്ധത്തിന് സ്ഥാനം കല്‍പ്പിക്കേണ്ടതില്ലെന്ന് നൂഹിനെ ബോധ്യപ്പെടുത്തി. ലോകത്തിന് അത് പാഠമായി.
മകനെപ്പോലെത്തന്നെ സ്വന്തം ഭാര്യയും ആദര്‍ശപരമായി അദ്ദേഹത്തോടൊപ്പം ചേര്‍ന്നില്ല. വിശ്വാസികളില്‍ ഉള്‍പ്പെട്ടില്ല. ഖുര്‍ആന്‍ സത്യനിഷേധികള്‍ക്ക് പ്രതീകമായി എടുത്തുകാണിച്ചത് രണ്ട് പ്രവാചക പത്‌നിമാരെയാണ്. നൂഹ്(അ)ന്റെയും ലൂത്വി(അ)ന്റെയും ഭാര്യമാരെ. അവര്‍ നരകാവകാശികളായിത്തീര്‍ന്നു.
നൂഹ് (അ)

Add Comment