നമസ്‌കാരം-പഠനങ്ങള്‍

എന്താണ് ജംഅ് – ഖസ്ര്‍ ?

ജംഅ് എന്നാല്‍ റക്അത്തുകള്‍ ചുരുക്കാതെ രണ്ട് നമസ്‌കാരങ്ങളെ ഏതെങ്കിലും ഒന്നിന്റെ സമയത്ത് ഒന്നിപ്പിക്കുക എന്നാണര്‍ഥം. പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ രണ്ട് നമസ്‌കാരങ്ങള്‍ ഒന്നിച്ചു നിര്‍വഹിക്കാവുന്ന ളുഹ്ര്‍- അസ്ര്‍, മഗ്‌രിബ്- ഇശാഅ് എന്നിവയാണ് ഒന്നിച്ചുനിര്‍വഹിക്കാവുന്ന നമസ്‌കാരങ്ങള്‍. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ നമസ്‌കാരം ഖദാ(നഷ്ടപ്പെടുക) ആക്കുന്നത് ഗുരുതരമായ തെറ്റാണ്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ യാത്രാപരിപാടിയില്‍ നമസ്‌കാരവും കൂടി ഉള്‍പ്പെടുത്തണം. യാത്രാസൗകര്യങ്ങള്‍ എത്രതന്നെയും വികസിച്ചിട്ടുണ്ടെങ്കില്‍ പോലും ആകസ്മികമായി വിഘ്‌നങ്ങള്‍ നേരിടാം. അതിനാല്‍ നേരത്തെയോ വൈകിപ്പിച്ചോ നമസ്‌കാരംനിര്‍വഹിച്ച് യാത്ര ക്രമീകരിക്കണം. അസ്‌റും മഗ്‌രിബും ഒന്നിച്ച് നമസ്‌കരിക്കല്‍ അനുവദനീയമല്ല. ജംഅ് ചെയ്യാവുന്ന അവസരങ്ങള്‍ താഴെക്കൊടുക്കുന്നു:

1. ഹജ്ജ് വേള(അറഫയിലും മുസ്ദലിഫയിലും താമസിക്കുമ്പോള്‍)
2. പ്രയാസകരമായ യാത്രവേളകള്‍
3. ശക്തിയായ മഴ
4. രോഗങ്ങള്‍

നാട്ടില്‍ സ്വസ്ഥമായി താമസിക്കുമ്പോഴും പ്രത്യേകആവശ്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ നമസ്‌കാരം ജംആക്കാവുന്നതാണ്. എന്നാല്‍ അത് പതിവാക്കാന്‍ പാടുള്ളതല്ല. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ)ല്‍നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍ മഴയോ മറ്റാശങ്കകളോ ഇല്ലാതിരുന്ന സാഹചര്യത്തില്‍ തിരുമേനി (സ) ളുഹ്‌റും അസ്‌റും , മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിച്ചിട്ടുള്ളതായി കാണാം. തദ്‌സംബന്ധമായി കാരണമാരാഞ്ഞപ്പോള്‍ ഇ്ബനു അബ്ബാസ് (റ) അതിന് നല്‍കിയ വിശദീകരണം, തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാകേണ്ട എന്നുദ്ദേശിച്ച് തിരുമേനി ചെയ്തതായിരുന്നു എന്നായിരുന്നു. ഈ ഹദീസ് മുന്‍നിര്‍ത്തി ഇമാം ഇബ്‌നു സീരീനെപ്പോലുള്ള പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് യാത്ര, രോഗം, മഴ തുടങ്ങിയ കാരണങ്ങള്‍ക്കുപുറമെ മറ്റനിവാര്യമായ സാഹചര്യത്തിലും നമസ്‌കാരം ജംആക്കാമെന്നാണ്.
പ്രമുഖ കര്‍മശാസ്ത്രഗ്രന്ഥമായ ‘കശ്ശാഫുല്‍ ഖിനാഇ’ ല്‍ മുലയൂട്ടുന്ന സ്ത്രീക്കുപോലും നമസ്‌കാരം ജംആക്കാമെന്ന് കാണാം. ശരീരത്തിലും വസ്ത്രത്തിലും കൂടെക്കൂടെ നജസ്സാവുമെന്നതും ഓരോ നമസ്‌കാരത്തിനും വെവ്വേറെ വസ്ത്രം അണിയേണ്ടിവരുമെന്നതുമാണ് അതിനുള്ള ന്യായം. ആര്‍ത്തവവേളയിലല്ലാതെ ഉണ്ടാവുന്ന രക്തസ്രാവം (അത് രോഗമാണ്) മറ്റൊരു കാരണമാണ്. അത്തരം സ്ത്രീകള്‍ക്ക് 5 നേരം കുളിച്ച് ശുദ്ധിയാവുക എന്നത് പ്രയാസകരമാണ്. ഹംന ബിന്‍ത് ജഹ്ശി(റ)യോട് തിരുമേനി അങ്ങനെ കല്‍പിച്ചതായി ഇമാം അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്.ഇങ്ങനെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് അവരുടെ പ്രയാസം മനസ്സിലാക്കി ഇസ്‌ലാമികശരീഅത്ത് ധാരാളം ഇളവുകള്‍ ചെയ്തിരിക്കുന്നു. ആ ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുണ്ടെന്ന് തിരുമേനി (സ) ഉമ്മത്തിനെ പഠിപ്പിച്ചിട്ടുണ്ട്.
ഖസ്ര്‍ എന്നാല്‍ നാല് റക്അത്തുള്ള നമസ്‌കാരങ്ങളെ രണ്ട് റക്അത്തായി ചുരുക്കി നിര്‍വഹിക്കലാണ്. ഇത് യാത്രാവേളയില്‍ മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ. ളുഹ്ര്‍ – അസ്ര്‍ നമസ്‌കാരങ്ങള്‍ ഈരണ്ട് റക്അത്തായി ളുഹ്‌റിന്റെയോ അസ്‌റിന്റെയോ സമയത്ത് നമസ്‌കരിക്കാവുന്നതാണ്. മഗ്‌രിബ് -ഇശാ നമസ്‌കാരങ്ങള്‍ മൂന്നും രണ്ടും റക്അത്തായി ഇവയിലേതെങ്കിലുമൊന്നിന്റെ സമയത്ത് നമസ്‌കരിക്കാം. ഇങ്ങനെ നമസ്‌കരിക്കുമ്പോള്‍ ആദ്യത്തെ നമസ്‌കാരമാണ് ആദ്യം നിര്‍വഹിക്കേണ്ടത്(അതായത്, ളുഹ്‌റും അസ്‌റും നമസ്‌കരിക്കുമ്പോള്‍ ആദ്യം ളുഹ്ര്‍).

യാത്രക്കാരുടെ നമസ്‌കാരത്തെപ്പറ്റി വിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: യാത്രയില്‍ ഖസ്‌റാക്കുന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം ശാഫിഈ, ഇമാം മാലിക് തുടങ്ങി ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും വീക്ഷണം യാത്രക്കാര്‍ ഖസ്‌റാക്കുന്നതാണ് ഉത്തമം എന്നാണ്(ശറഹു മുസ്‌ലിം).

ഇമാം നവവി രേഖപ്പെടുത്തുന്നു: നമസ്‌കാരം ഖ്‌സ്‌റാക്കലും ആക്കാതിരിക്കലുമൊക്കെ അനുവദനീയമാണെന്നാണ് നമ്മുടെ മദ്ഹബ്. ഇങ്ങനെ ഖസ്‌റാക്കാമെന്ന് കറാഹത്തായി ആരെങ്കിലും മനസ്സിലാക്കുകയോ അതല്ലെങ്കില്‍ ഇങ്ങനെ ഖസ്‌റാക്കുന്നത് അനുവദനീയമാണെന്ന കാര്യത്തില്‍ സന്ദേഹിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഖസ്‌റാക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. ഇത്തരം ഘട്ടത്തില്‍ പൂര്‍ണമായി നമസ്‌കരിക്കുന്നത് കറാഹത്താവുകയുംചെയ്യും. ഖസ്‌റാക്കാനുള്ള വൈമനസ്യം ഇല്ലാതാകുന്നതുവരേക്കും ഈ കറാഹത്തിന്റെ വിധിയും തുടരും. ഇതേ അഭിപ്രായംതന്നെയാണ് ഉസ്മാന്‍ (റ), സഅ്ദുബ്‌നു അബീവഖാസ്(റ), ആഇശ(റ) തുടങ്ങി പ്രമുഖരുടെയും ഇബ്‌നു മസ്ഊദ്, ഇബ്‌നു ഉമര്‍ , ഇബ്‌നു അബ്ബാസ്, ഇമാം മാലിക്, ഇമാം അഹ്മദ് തുടങ്ങി പന്ത്രണ്ടോളം സ്വഹാബിമാരുടെയും അഭിപ്രായം ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു(യാത്രക്കാരന്റെ നമസ്‌കാരം എന്ന ഭാഗം, അല്‍ മജ്മൂഅ്)

തിരുമേനിയെ അക്ഷരംപ്രതി അനുകരിച്ചിരുന്ന മഹാനായ സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമര്‍ . അദ്ദേഹം പറയുന്നു: ഞാന്‍ റസൂല്‍ (സ), അബൂബക്ര്‍ (റ), ഉമര്‍ (റ) , ഉസ്മാന്‍ തുടങ്ങിയവരോടൊപ്പം യാത്രചെയ്തിട്ടുണ്ട്. അവരാരും യാത്രയില്‍ രണ്ട് റക്അത്തിലധികം നമസ്‌കരിക്കാറുണ്ടായിരുന്നില്ല(ബുഖാരി-1084, മുസ്‌ലിം 695).
ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റുന്ന ഹനഫി മദ്ഹബിന്റെ വീക്ഷണമാകട്ടെ, ഖസ്‌റാക്കുക എന്നത് കേവലം അനുവദനീയമോ അഭികാമ്യമോ മാത്രമല്ല വാജിബ് (നിര്‍ബന്ധം)തന്നെയാണെന്നാണ്.

ഭയാശങ്കകളുള്ള സന്ദര്‍ഭത്തില്‍ മാത്രം നല്‍കപ്പെട്ട ഒരിളവാണ് ഖസ്ര്‍ എന്നായിരുന്നു മഹാനായ ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ)ന്റെ ധാരണ. ഒരു ഘട്ടത്തില്‍ ഇസ്‌ലാമികസമൂഹം പൂര്‍ണമായും സുരക്ഷിതമായപ്പോള്‍ അദ്ദേഹം തിരുമേനിയോട് ഇനിയും നമസ്‌കാരം ഖസ്‌റാക്കുന്നതിന്റെ പ്രസക്തിയെപ്പറ്റി ചോദിക്കുകയുണ്ടായി. അന്നേരം തിരുമേനി പ്രതികരിച്ചതിങ്ങനെ:’അല്ലാഹു നിങ്ങളോട് കാണിച്ച ഒരു ഔദാര്യമാണത്. ആ ഔദാര്യം നിങ്ങള്‍ സ്വീകരിക്കുക'(മുസ്‌ലിം 1605)
അതിനാല്‍ അനാവശ്യമായ വസ്‌വാസുകളുണ്ടാക്കി ഇളവുകള്‍ നഷ്ടപ്പെടുത്താതിരിക്കുക. കാരുണ്യവാനായ അല്ലാഹു നല്‍കിയ ആനുകൂല്യം ഉപയോഗപ്പെടുത്തുക.

About the author

padasalaadmin

Add Comment

Click here to post a comment

Topics