കുടുംബ ജീവിതം-Q&A

ഫോണ്‍വിളിച്ച് സ്വയംഭോഗം: മതവിധി ?

ചോ: വിവാഹം കഴിഞ്ഞ് അധിക കാലം ഭാര്യയുമായി താമസിക്കാന്‍ ജോലിയാവശ്യാര്‍ഥം വിദേശത്തേക്ക് പോയ ഞാന്‍ ഫോണില്‍ ഭാര്യയുമായി സംസാരിച്ച് സ്വയംഭോഗം നടത്താറുണ്ട്. ഇത് ഇസ് ലാമികമായി ശരിയാണോ ? 

——————

ഉത്തരം: ആധുനികജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി മനുഷ്യരില്‍ അധികപേര്‍ക്കും പ്രയാസകരമായ അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. അതിലൊന്നാണ് ചോദ്യത്തിലൂടെ താങ്കള്‍ ഉന്നയിച്ച സംശയം.

ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തില്‍ ജീവിതപങ്കാളിയെയും കുടുംബത്തെയും വേര്‍പിരിഞ്ഞ്  അന്യദേശത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന അനേകരുടെ പ്രതിസന്ധി ചോദ്യത്തിലൂടെ അനാവൃതമാകുന്നുണ്ട്.  മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ പൂര്‍ത്തീകരിക്കപ്പെടാനാഗ്രഹിച്ചാണ് ഓരോരുത്തരും അന്യനാടുകളിലേക്ക്  ധനസമ്പാദനാര്‍ത്ഥം യാത്രതിരിക്കുന്നത്. എന്നാല്‍ അത്തരം ഘട്ടത്തില്‍ തന്റെ  വൈകാരികാവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ വ്യത്യസ്തരീതികളാണ് (അതില്‍ ഹറാമും ഹലാലും ആയവ ഉണ്ടാകും)മനുഷ്യന്‍ സ്വീകരിക്കുന്നതെന്നത് ആലോചനാമൃതമാകേണ്ട വിഷയമാണ്. 

ഭാര്യയുമായി ടെലിഫോണില്‍ സംസാരിച്ച് സങ്കടങ്ങള്‍ പങ്കുവെക്കുന്ന ജീവിതപങ്കാളികള്‍ ഏറെയാണ്. എന്നാല്‍  ശാരീരികദാഹം തീര്‍ക്കാനായി  അതിനെ ഉപാധിയാക്കുമ്പോള്‍ അവിടെ ഒട്ടേറെ സംശയങ്ങള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുവരും. ഏറ്റവും വലിയ നിഷിദ്ധത്തില്‍നിന്ന് സ്വന്തത്തെ സംരക്ഷിക്കാന്‍ ചെറിയ നിഷിദ്ധമാകാമെന്ന ഇജ്തിഹാദാണ് സഹോദരന്‍ മുകളില്‍ ഉന്നയിച്ച സംശയത്തിലെ മുഖ്യവിഷയമെന്ന് തോന്നുന്നു. സ്വയംഭോഗം  ശരീരശാസ്ത്രപരമായും ലൈംഗികശാസ്ത്രപരമായും മനഃശാസ്ത്രപരമായും ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആ മേഖലകളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നല്ല,  അത് പതിവാക്കുന്നത്  ഭാവിയില്‍ ജീവിതപങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയംസമ്മാനിക്കുമെന്നും അവര്‍ പറയുന്നു. അതിനാല്‍ ജീവിതപങ്കാളിയെ കൂടെത്താമസിപ്പിക്കാനുള്ള മാര്‍ഗമാരായുകയോ, അല്ലെങ്കില്‍ ജീവിതപങ്കാളിയുടെ അടുത്ത് തിരികെയെത്തുകയോ  ആണ് വേണ്ടത്. അതിനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കളായ  വിശ്വാസികള്‍ക്ക് അവരുടെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊടുക്കുന്നവനാണ്. 

അല്ലാഹുവാണ് എറ്റം നന്നായി അറിയുന്നവന്‍

 

Topics