Youth

ദുഖത്തിന്റെ തത്ത്വശാസ്ത്രം

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വലിയവനായിത്തീരണമെന്നായിരുന്നു എന്റെ മോഹം. പക്ഷേ, ഞാന്‍ വലുതായപ്പോള്‍ ബാല്യത്തിലേക്ക് തിരികെപ്പോകാനാണ് മോഹിച്ചത്. ഓരോ ദിവസവും നമ്മെ വിട്ട് കടന്ന് പോകുന്നതിന് മുമ്പ് അവയെ ആസ്വദിക്കാനും, മുതലെടുക്കാനും കഴിയണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. നമ്മുടെ ഓരോ ദിവസത്തെയും നാം താലോലിക്കുകയും പുഞ്ചിരിയോട് കൂടി സമീപിക്കുകയും ചെയ്യുകയെന്നത് എത്ര മനോഹരമാണ്! നമുക്ക് കൈകൊടുക്കാനും, ആലിംഗനം ചെയ്യാനും സ്പര്‍ശിക്കാനും പറ്റുന്നത് നമ്മുടെ കൂടെയുള്ള ദിവസങ്ങളെ മാത്രമാണ്. അവ കൊഴിഞ്ഞ് പോവുന്നതിന് മുമ്പ് നാം അവയില്‍ നന്നായി ജീവിക്കുകയും അനന്തരമെടുക്കുകയുമാണ് വേണ്ടത്.

തങ്ങളുടെ ഓരോ നിമിഷങ്ങളിലും ജീവിക്കുന്നില്ല എന്നതാണ് ഭൂരിപക്ഷം പേരുടെയും പ്രശ്‌നം. ഇന്നലെകളിലും നാളെകളിലുമായി അലഞ്ഞു നടക്കുന്നവരാണ് അവര്‍. ഇന്നലെകളെ നാം വേദനകളോട് കൂടി സ്മരിക്കുന്നു. നാളെകളെ അസ്വസ്ഥകളോടെ നാം വീക്ഷിക്കുകയും ചെയ്യുന്നു. ഇന്നിനെ ഇവ രണ്ടിനുമിടയിലായി വിസ്മരിക്കുകയാണ് നമ്മുടെ പതിവ്.

വര്‍ത്തമാന കാലത്തെ ആസ്വദിക്കാനാണ് നാം ഓരോരുത്തരും പഠിക്കേണ്ടത്. വളരെ മനോഹരമായ വസ്തുക്കളെ രുചിക്കാനും, അതിമനോഹരമായവ സൃഷ്ടിക്കാനും നമുക്ക് സാധിക്കുന്നത്. പക്ഷേ നാം നമ്മുടെ ദുഖങ്ങളിലും വേദനകളിലുമാണ് മുഴുകിക്കഴിയുന്നത്. അതോടെ അവ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. നമ്മുടെ വിലപ്പെട്ട സമയം അവ പാഴാക്കി കളഞ്ഞു. ഭൂതം കാലം കഴിഞ്ഞുപോയിരിക്കുന്നു. ഭാവി അല്ലാഹുവിന്റെ കരങ്ങളിലാണ്. നമുക്ക് ആകെയുള്ളത് നമ്മുടെ വര്‍ത്തമാനമാണ്. അവയെ നാമാഗ്രഹിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിച്ചേക്കും. അവയെ ആഘോഷവേളയാക്കുന്നതും, അനുശോചന വേദിയാക്കുന്നതും നാമാണ്. ഈ രണ്ട് പരിപാടികള്‍ക്കും ഒരേ വേദിയാണ് ഉള്ളത്. അവ രണ്ടിലെയും അതിഥികള്‍ നമ്മുടെ ബന്ധുക്കളും കൂട്ടുകാരും പ്രിയപ്പെട്ടവരും തന്നെയാണ്. പക്ഷേ പരിപാടിയുടെ തലക്കെട്ട് തീരുമാനിക്കുന്നത് നാമാണെന്ന് മാത്രം. അവ സന്തോഷത്തിന്റെയോ, ദുഖത്തിന്റെയോ സദസ്സാക്കി മാറ്റുന്നത് നമ്മുടെ സമീപനം മാത്രമാണ്.

മുസ്വ്ത്വഫാ മന്‍ഫലൂത്വി തന്റെ ‘അന്നള്‌റാത് ‘എന്ന് ഗ്രന്ഥത്തില്‍ പറയുന്നത് ഇപ്രകാരമാണ് ‘തന്റെ ഓരോ ദിനത്തിലെയും സന്തോഷത്തെ അവഗണിക്കുന്നുവെന്നതാണ് മനുഷ്യന്റെ ദൗര്‍ഭാഗ്യത്തിന്റെ മൂലകാരണം. നാളെയിലെ സന്തോഷം അന്വേഷിച്ച് നടക്കുന്നതിലൂടെ ഇന്നത്തെ സന്തോഷത്തെക്കുറിച്ച് അവന്‍ അശ്രദ്ധനാവുന്നു. നാളെ അവന്റെ മുന്നിലേക്ക് കടന്ന് വരുന്നതോടെ ഇന്നലെയായിരുന്നു ഇതിനേക്കാള്‍ ഉത്തമമെന്ന് അവന്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്റെ ഓരോ ദിവസത്തിലും ദുഖിതനായിക്കൊണ്ടേയിരിക്കുന്നു’.

അബ്ബാസ് മഹ്മൂദ് അഖ്ഖാദ് പറയുന്നു ‘ചെറിയവന്‍ വലുതാവാന്‍ ആഗ്രഹിക്കുന്നു, വൃദ്ധന്‍ കുഞ്ഞുകാലത്തെ കൊതിക്കുന്നു, വിധി പറയാന്‍ കഴിയാത്ത ആവലാതികള്‍ നിരന്ന് നില്‍ക്കുന്നു’.
നാം എല്ലാവരും നമ്മുടെ നിലവിലുള്ള സാഹചര്യത്തില്‍ തൃപ്തരല്ല എന്നത് ഏകകണ്‌ഠേനയുള്ള അഭിപ്രായമാണ്. പക്ഷേ നമ്മുടെ ഓരോ ദിവസത്തെയും നേരിടാന്‍ ഈ അഭിപ്രായം മാത്രമുണ്ടായാല്‍ പോരാ. നാം ഉറക്കത്തില്‍ നിന്ന് ഉണരേണ്ടിയിരിക്കുന്നു. നമ്മെ പൂട്ടിയിട്ടിരിക്കുന്ന വേദനകളുടെ കോട്ട പൊളിച്ച് മാറ്റേണ്ടിയിരിക്കുന്നു. നമ്മുടെ ഓരോ ദിവസത്തെയും പോസിറ്റീവായി സമീപിക്കുക. വളരെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി അതിനോട് വര്‍ത്തിക്കുക. നാം കഠിനാധ്വാനം നടത്തുകയും ഉല്‍പാദിപ്പിക്കുകയും സ്വയം പ്രകാശിക്കുകയും ചെയ്യുക.

വേദനകളില്‍ നിന്ന് ഓടിയൊളിക്കാനോ, നാളെയെക്കുറിച്ച് ചിന്തിക്കാതിരിക്കാനോ അല്ല ഞാന്‍ ഉപദേശിക്കുന്നത്. നാം ജീവിച്ച് കൊണ്ടിരിക്കുന്ന ഓരോ നിമിഷവും കൊഴിഞ്ഞുവീണു കൊണ്ടിരിക്കുന്നുവെന്ന് നിങ്ങളെ ഓര്‍മിപ്പിക്കുകയാണ്. അതിനാല്‍ നാം അവയെ ഉപയോഗപ്പെടുത്തുകയും ആസ്വദിക്കുകയും ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. നാം പുഞ്ചിരിയോടും ശുഭപ്രതീക്ഷയോടും നമ്മുടെ ഓരോ ദിവസത്തെയും നേരിടുമ്പോഴാണ് ഖേദിക്കേണ്ടതില്ലാത്ത ഭൂതകാലത്തെ രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ.

അബ്ദുല്ലാഹ് അല്‍മഗ്‌ലൂഥ്

Topics