Youth

സമയം ‘കൊല്ലുന്നതും’ കുറ്റകൃത്യം തന്നെ

ഇസ്‌ലാമിലെ പ്രതീകങ്ങളും ചിഹ്നങ്ങളും നിങ്ങള്‍ പരിശോധിച്ച് നോക്കുക. അവയെല്ലാം സമയബന്ധിതമാണ്. അഞ്ചുനേരത്തെ നമസ്‌കാരം സമയകേന്ദ്രീകൃതമായാണ് നിര്‍വഹിക്കപ്പെടേണ്ടത്. റമദാന്‍ വര്‍ഷത്തിലെ നിര്‍ണിത മാസമാണ്. ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ് അതിന്റെ തുടക്കവും ഒടുക്കവും നിശ്ചയിക്കപ്പെടുന്നത്. ഹജ്ജും, അറഫയിലെ നില്‍പും നിര്‍ണിതമായ സമയത്താണ് നിര്‍വഹിക്കപ്പെടേണ്ടത്. മറ്റ് എല്ലാ ആരാധനകളും കര്‍മങ്ങളും ഇപ്രകാരം സമയാധിഷ്ഠിതമാണെന്ന് വ്യക്തം.

ഞാനും ഒരു വിദേശിയും തമ്മില്‍ ഒരു പ്രത്യേക സമയത്ത് കണ്ട് മുട്ടാമെന്ന കരാറുണ്ടായിരുന്നു. കുറച്ച് വൈകിയാണ് ഞാന്‍ എത്തിയത്. ഞാന്‍ വന്നപ്പോള്‍ അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് ‘താങ്കള്‍ മുസ്‌ലിമാണോ? എന്നായിരുന്നു. ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു. താങ്കള്‍ നമസ്‌കരിക്കാറുണ്ടോ? ഞാന്‍ വീണ്ടും അതെയെന്ന് പറഞ്ഞു. താങ്കള്‍ ഹജ്ജ് ചെയ്തിട്ടുണ്ടോ എന്നായി അടുത്ത ചോദ്യം. അദ്ദേഹം ഉദ്ദേശിക്കുന്നതെന്തെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വല്ലാത്ത വിഷമം തോന്നി. സമയനിഷ്ഠ പാലിക്കാത്തതിന്റെ പേരില്‍ അദ്ദേഹം എന്റെ മതബോധത്തെ ചോദ്യം ചെയ്യുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അന്ത്യനാളില്‍ അല്ലാഹു ആദം സന്തതിക്ക് മേല്‍ തെളിവുകള്‍ നിരത്തുന്നത് സമയബന്ധിതമായിരിക്കും. ‘അല്ലാഹു പറയും ‘പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതുള്‍കൊള്ളാന്‍ മാത്രം നാം ആയുസ്സ് നല്‍കിയിരുന്നില്ലേ? നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിട്ടുണ്ടായിരുന്നില്ലേ? അതിനാലിനി അനുഭവിച്ച് കൊള്ളുക. അക്രമികള്‍ക്കവിടെ സഹായിയായി ആരുമില്ല'(ഫാത്വിര്‍ 37).

നബിതിരുമേനി(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു:’നാല് കാര്യങ്ങളെക്കുറിച്ച് ചോദിക്കപ്പെടാതെ അന്ത്യനാളില്‍ ഒരടിമയും മുന്നോട്ട് പോവുകയില്ല….. അവന് ലഭിച്ച ആയുസ്സ് എന്തിനായി നശിപ്പിച്ചു…. അവന്റെ യുവത്വം എന്തിന് വേണ്ടി കളഞ്ഞുകുളിച്ചു….’ അതെ യുവത്വമെന്നത് ആയുസ്സിന്റെ ഒരു ചെറിയ ഭാഗമാണ്. എന്നാല്‍ അതോടൊപ്പം തന്നെ യുവത്വഘട്ടത്തെക്കുറിച്ച് പ്രത്യേക വിചാരണയുണ്ട്. ഇന്നയിന്ന പ്രായത്തില്‍ ഇന്നയിന്ന ദിവസം നീയെങ്ങനെ പാഴാക്കി എന്ന് ഉത്തരം നല്‍കിയേ മതിവാവൂ. ഓരോ നിമിഷത്തിന്റെയും കാര്യത്തില്‍ നാം വിചാരണ ചെയ്യപ്പെടുന്നതാണ്. അവയെല്ലാം ഓരോ ചെറിയ പെട്ടിയില്‍ ഭദ്രമായി അടച്ച് വെക്കപ്പെട്ടതുപോലെയാണ്. പിന്നീട് അവയെല്ലാം അന്ത്യനാളില്‍ ഹാജരാക്കപ്പെടുന്നു. നമ്മുടെ മുന്നില്‍ വെച്ച് അവയോരോന്നായി തുറക്കപ്പെടുന്നു. എന്തായിരിക്കും നമ്മുടെയെല്ലാം പെട്ടിയില്‍. അലംഭാവത്തോടെ, നിസ്സാരമായ കാര്യങ്ങള്‍ക്കായി നാം എത്രയെത്ര സമയം പാഴാക്കിയിരിക്കുന്നു.

പഴമക്കാര്‍ പറയാറുണ്ട്. ‘സമയം സ്വര്‍ണത്തില്‍ നിന്നുള്ളതാണ്’. എനിക്ക് പറയാനുള്ളത് സമയം സ്വര്‍ണത്തേക്കാള്‍ വിലകൂടിയതാണ് എന്നാണ്. കാരണം സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കും. എന്നാല്‍ സമയം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് മടങ്ങി വരികയില്ല. സമയം നഷ്ടപ്പെടുന്നതനുസരിച്ച് നമ്മുടെ ആയുസ്സ് നഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു.

ഹസന്‍ ബസ്വരി(റ) പറയുന്നു:’ഓരോ പ്രഭാതത്തിലും സൂര്യന്‍ ഉദിക്കുമ്പോള്‍ അത് ആദം സന്തതിയോട് ഇപ്രകാരം പറയും. ‘ഞാന്‍ പുതിയ ദിവസമാണ്. നിന്റെ കര്‍മങ്ങള്‍ക്ക് സാക്ഷിയാണ്. അതിനാല്‍ നീയെന്നെ ഉപയോഗപ്പെടുത്തുക. അന്ത്യനാള്‍ വരെ നിനക്ക് എന്നെ കാണാന്‍ കഴിയുകയില്ല’.

ഒരു കര്‍മവുമില്ലാതെ നിന്റെ ഖബ്‌റിലേക്ക് നീ കടന്ന് ചെല്ലുന്നത് ഭയപ്പെടുക. അല്ലാഹുവിനെ അനുസരിക്കാതെ ചെലവഴിച്ച ഓരോ നിമിഷത്തിന്റെയും പേരില്‍ അന്ത്യനാളില്‍ നമുക്ക് ഖേദിക്കേണ്ടി വരും. ഇത് വിശ്വാസപരമായ പ്രതിസന്ധിയാണ്. അല്ലാഹുവിന്റെ കോപവും, വെറുപ്പും നമ്മില്‍ പതിക്കാനേ ഈ നിലപാട് ഉപകരിക്കുകയുള്ളൂ. അല്ലാഹുവിന് വേണ്ടി കര്‍മങ്ങള്‍ ചെയ്തുകൊണ്ടാണ് വിശ്വാസി തന്റെ ആയുസ്സിനെ മുതലാക്കുന്നത്.
സുദീര്‍ഘമായി കിടന്നുറങ്ങുന്ന യുവാക്കള്‍.. അവരെ ഉണര്‍ത്താന്‍ തന്നെ ആര്‍ക്കും ധൈര്യമില്ല… മണിക്കൂറുകള്‍ അങ്ങാടികളില്‍ ചുറ്റിക്കറങ്ങി നടക്കുന്ന സ്ത്രീകളും പെണ്‍മക്കളും… അല്ലെങ്കില്‍ ക്ലബുകളില്‍ ഏഷണി പറഞ്ഞ് സമയം കൊല്ലുന്നവര്‍… അര്‍ധരാത്രിക്ക് ശേഷമുള്ള ഫോണ്‍സംഭാഷണങ്ങള്‍… അങ്ങനെയുള്ള നാം വിജയിക്കുമെന്നാണോ കരുതുന്നത്…. ഇല്ല… ഒരിക്കലുമില്ല.

നിങ്ങള്‍ സ്വയം പാഴാവുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഒരു സമൂഹത്തെയാണ് പാഴാക്കുന്നത്. നിങ്ങള്‍ മാതാപിതാക്കളോട് മോശമായി വര്‍ത്തിക്കുന്നു. ഒടുവില്‍ അവര്‍ വിടവാങ്ങിയതിന് ശേഷം ജീവിതകാലത്ത് അവരോട് നന്‍മ ചെയ്തില്ലല്ലോ എന്ന് ഖേദിക്കുന്നു.
ഒരു വൃദ്ധനായ മനുഷ്യനും കൂടെ കുറച്ച് യുവാക്കളും പള്ളിയില്‍ പ്രവേശിച്ചത് ഞാന്‍ കണ്ടു. അദ്ദേഹം കരയുന്നു. ഞാന്‍ ചോദിച്ചു ‘താങ്കളെന്തിനാണ് കരയുന്നത്? കുറച്ച് കാലത്തിനിടയിലാണ് ഞാന്‍ പള്ളിയിലേക്ക് വന്നുതുടങ്ങിയത്. ഞാന്‍ എനിക്ക് ചുറ്റും യുവാക്കളെ കാണുന്നു. എന്റെ യുവത്വം ഞാന്‍ പാഴാക്കിയല്ലോ എന്ന വേദനയിലാണ് ഞാന്‍ കരഞ്ഞത്. ഇതിന് മുമ്പ് ഞാന്‍ നമസ്‌കരിച്ചില്ലല്ലോ…

ഇപ്പോള്‍ നമുക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത് സമയം പാഴാക്കിയത് മൂലം സ്വയം നഷ്ടപ്പെട്ട സമൂഹത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങളാണ്. സമയം നമ്മുടെ അധികാരത്തില്‍ പെട്ടതല്ല. ഇക്കാര്യം നമ്മെക്കൊണ്ട് സാധിക്കുന്ന ജനങ്ങളെയൊക്കെ ബോധ്യപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. നാം ഈ അശ്രദ്ധയില്‍ തന്നെ മുഴുകിജീവിക്കാനാണ് ഭാവമെങ്കില്‍ ദുരന്തങ്ങള്‍ അധികരിക്കുകയേ ഉളളൂ. സമയത്തെ പാഴാക്കുകയെന്നത് കുറ്റകൃത്യമാണ്, നാമതിനെ സമയം കൊല്ലല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഈ ഉമ്മത്ത് മുന്‍കാലത്ത് പ്രതാപത്തിലേക്ക് എത്തിയത് സമയത്തെ കൃത്യമായി ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്. മഹാസിബി പറയുന്നത് നോക്കൂ: ‘അല്ലാഹുവാണ, സമയം കാശ് കൊടുത്ത് വാങ്ങാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഞാനെന്റെ സമ്പത്തെല്ലാം ചെലവഴിച്ച് സമയം വാങ്ങി മുസ്‌ലിംകളെ സേവിക്കാനായി ഉപയോഗിക്കുമായിരുന്നു’.
അംറ് ഖാലിദ്

Topics