ചരിത്രം

ഉമ്മുഅയ്മന്‍ (പ്രവാചക സവിധത്തിലെ കറുത്ത വംശജര്‍-1)

ഉമ്മു അയ്മന്‍ എന്നറിയപ്പെട്ട ബറക (റ), പ്രവാചകസവിധത്തിലെ പ്രഗത്ഭരില്‍ നിത്യതേജസ്സാര്‍ന്ന വ്യക്തിത്വമായിരുന്നു. അബ്‌സീനിയക്കാരിയായ അവര്‍ നബിതിരുമേനിയുടെ പിതാവ് അബ്ദുല്ലാഹിബ്‌നു അബ്ദില്‍ മുത്ത്വലിബിന്റെ വേലക്കാരിയായിരുന്നു. നബി ബാലനായിരിക്കെ മരണപ്പെട്ട മാതാവ് ആമിനയ്ക്കുശേഷം അദ്ദേഹത്തെ പരിചരിച്ചത് അവരായിരുന്നു. ഖദീജയുമായുള്ള വിവാഹസമയത്ത് അവര്‍ അടിമത്തത്തില്‍നിന്ന് വിമോചിപ്പിക്കപ്പെടുകയായിരുന്നു.

പ്രവാചകസന്ദേശം ശ്രവിച്ചപ്പോള്‍ ഇസ്‌ലാം സ്വീകരിച്ച ആദ്യകാലമക്കക്കാരില്‍ ഉമ്മുഅയ്മനും (റ) ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഖുറൈശീ പ്രമാണിമാരുടെ പീഡനങ്ങള്‍ക്ക് അവര്‍ വിധേയരായി. മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയസംഘത്തില്‍ അവരും ഉള്‍പ്പെട്ടിരുന്നു.
ഹിജാസിലെ പ്രമുഖ ഗോത്രമായ ഖസ്‌റജിലെ ഉബൈദ്ബ്‌നു സൈദ് (റ) ഉമ്മുഅയ്മന്റെ ആദ്യത്തെ ജീവിതപങ്കാളിയായി. അറബ് ഗോത്രമായിരുന്നുവെങ്കിലും ഉബൈദും കറുത്തവംശജനായിരുന്നുവെന്ന് ഇമാം ഇ്ബനുകസീറിന്റെ അല്‍ബിദായഃ വന്നിഹായഃയില്‍ പറയുന്നുണ്ട്. അവര്‍ക്കുണ്ടായ ഏകമകനാണ് അയ്മന്‍ (റ). ഉബൈദ് (റ) ഖൈബര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഹുനൈന്‍ യുദ്ധത്തില്‍ മകനും കൊല്ലപ്പെട്ടു. ഉമ്മു അയ്മന്‍ (റ) ഉഹുദ്, ഖൈബര്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ഉമ്മു അയ്മന്‍ (റ)ന്റെ ഭര്‍ത്താവ് രക്തസാക്ഷ്യം വഹിച്ചതിനെത്തുടര്‍ന്ന് നബിതിരുമേനി(സ) അവരുടെ ക്ഷേമകാര്യങ്ങളില്‍ വളരെ ഔത്സുക്യം കാട്ടുകയുണ്ടായി. ഒരിക്കല്‍ തന്റെ സവിധത്തിലുണ്ടായിരുന്ന അനുയായികളോട് സ്വര്‍ഗാവകാശികളില്‍പെട്ട മഹതിയെ വിവാഹംകഴിക്കാന്‍ നിങ്ങളിലാര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ നബിയുടെ വളര്‍ത്തുപുത്രനായ സൈദുബ്‌നു ഹാരിസ മുന്നോട്ടുവന്നു. അങ്ങനെ അദ്ദേഹവുമായി ഉമ്മുഅയ്മന്റെ വിവാഹം നടന്നു.

പ്രവാചകകുടുംബവുമായി ഉമ്മുഅയ്മന്‍ അടുത്തബന്ധം പുലര്‍ത്തിപ്പോന്നു. അലിയും ഫാത്വിമയും തമ്മിലുള്ള വിവാഹചടങ്ങിലും അവര്‍ സജീവമായി പങ്കെടുത്തു. നബിതിരുമേനിയുടെ വിയോഗവേളയില്‍ കുടുംബത്തിന് ആശ്വാസവുമായി കൂടെനില്‍ക്കുകയുംചെയ്തു ആ മഹതി. മഹതിയുടെ മരണം നടന്ന വര്‍ഷം ഏതെന്ന വിഷയത്തില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്.
ഹിജ്‌റക്ക് 7 വര്‍ഷം മുമ്പ് മക്കയില്‍ ജനിച്ച, ഉമ്മുഅയ്മന്റെ മകന്‍ ഉസാമ(റ) നബിതിരുമേനിയുടെ സന്തതസഹചാരികളിലൊരാളായിരുന്നു. നബിതിരുമേനിയുടെ വീട്ടിലായിരുന്നു ഉസാമയുടെ കുട്ടിക്കാലം . നബിയുടെ പൗത്രനായ ഹസനുബ്‌നു അലിയും നബിയുടെ പ്രത്യേകവാത്സല്യത്തില്‍ അവിടെ വളരുന്നുണ്ടായിരുന്നു. ഖുറൈശി വംശജയായ ഫാത്വിമബിന്‍ത് ഖൈസിനെ നബിതിരുമേനി പതിനഞ്ചുകാരനായ ഉസാമയ്ക്ക് വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു.

കൗമാരക്കാരനായ ഉസാമയെ സിറിയയിലെ റോമാസൈന്യത്തെ നേരിടാനുള്ള സംഘത്തിന്റെ സേനാനായകനായി നബിതിരുമേനി അവരോധിച്ചു. ഖുറൈശികളില്‍നിന്നുള്ള അതികായരായ സേനാനായകരുണ്ടായിരിക്കെ ഉസാമയെപ്പോലുള്ള ചെറുപ്പക്കാരനെ ഏല്‍പിച്ചതില്‍ അവരില്‍ചിലര്‍ക്ക് മുറുമുറുപ്പുണ്ടായി. നബി അവരോടായി പറഞ്ഞു: ‘ഉസാമയെ സൈനികനേതൃത്വം ഏല്‍പിച്ചതില്‍ നിങ്ങളില്‍ ചിലര്‍ക്ക് നീരസമുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. അല്ലാഹുവാണ, ഉസാമയെ അനുസരിക്കുന്നത,് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് ഉബൈദ(റ)യെ അനുസരിച്ചതുപോലെ എന്നോടുള്ള അനുസരണമാണ്.’

ഉസാമ(റ) ഹിജ്‌റ 61 ല്‍ മുആവിയയുടെ ഭരണകാലത്ത് മദീനയില്‍വെച്ച് ഇഹലോകവാസം വെടിഞ്ഞു.

Topics