മദ്ഹബുകള്‍

ശാഫിഈ മദ്ഹബ്

ഇസ്ലാമിക കര്‍മശാസ്ത്ര മദ്ഹബുകളില്‍ വളരെ പ്രസിദ്ധമാണ് ശാഫിഈ മദ്ഹബ്. ലോകത്ത് പ്രചാരത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഈ മദ്ഹബ് മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈയിലേക്ക് ചേര്‍ത്താണ് അറിയപ്പെടുന്നത്.

മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍

ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, സ്വഹാബി വചനം, ഖിയാസ് എന്നിവയാണ് ശാഫിഈ മദ്ഹബിലെ അടിസ്ഥാന പ്രമാണങ്ങള്‍. ഇമാം ശാഫിഈ ഹദീസ് സ്വീകരണത്തില്‍ സനദ് (നിവേദക പരമ്പര) ഏറ്റവും ശരിയായതിന്ന് മുന്‍ഗണന നല്‍കിയിരുന്നു. മുത്തസില്‍ (നിവേദക പരമ്പര വിട്ടു പോകാതെ റിപ്പോര്‍ട്ട് ചെയ്തവ) ആയ ഹദീസിന് പ്രഥമ പരിഗണന നല്‍കി. ചില നിബന്ധനകളോടു കൂടി മാത്രമേ മുര്‍സലും മുന്‍ഖതിഉമായ (കണ്ണിമുറിഞ്ഞ നിവേദക പരമ്പരയുള്ള ഹദീസ്) ഹദീസുകള്‍ സ്വീകരിച്ചിരുന്നുള്ളൂ. മറ്റൊരു മുര്‍സലായ ഹദീസോ സ്വഹാബിവചനമോ അതിനോടു യോജിച്ചു വരണം എന്നതാണ് വ്യവസ്ഥ. എന്നാല്‍, അബൂഹനീഫയും മാലികും ഇത്തരം ഹദീസുകള്‍ നിരുപാധികം സ്വീകരിക്കുമായിരുന്നു.

ഇമാം ശാഫിഈയും ഖബര്‍ ആഹാദും

ഒരു നിവേദകരിലൂടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളാണ് ഖബര്‍ ആഹാദ്. ഇമാം ശാഫിഈ ഇത് തന്റെ പ്രമാണമായംഗീകരിക്കുകയും അതിനെ നിഷേധിക്കുന്നവരെ ഖണ്ഡിക്കുകയും ചെയ്തു. ഇമാം ശാഫിഈ ഖബര്‍ ആഹാദ് എന്ന പേരില്‍ രിസാലയില്‍ ഒരധ്യായം തന്നെ എഴുതിയിട്ടുണ്ട്. സുന്നത്ത് സംരക്ഷണത്തിലുള്ള ഇമാമിന്റെ പ്രയത്നം നിമിത്തം ബഗ്ദാദുകാര്‍ അദ്ദേഹത്തെ നാസിറുസ്സുന്നഃ (സുന്നത്തിന്റെ സഹായി) എന്നു വിളിച്ചു. ഇമാം മാലിക്(റ) ഖബര്‍ ആഹാദ് മദീനക്കാരുടെ പ്രവര്‍ത്തനത്തോട് വിരുദ്ധമായി വന്നാല്‍ തള്ളിക്കളയുമായിരുന്നു. ഖബര്‍ വാഹിദ് സ്വീകരിക്കാന്‍ ഇമാം ശാഫിഈ(റ) ചില നിബന്ധനകള്‍ വെച്ചു. പരമ്പര സ്വീകാര്യവും നിവേദകര്‍ ദീനില്‍ സത്യസന്ധരും പ്രവാചകവചനം അതേ രൂപത്തില്‍ ഓര്‍ക്കാന്‍ കഴിവുള്ളവരുമാകണം. സ്വീകാര്യയോഗ്യമായ മറ്റു ഹദീസുകളുമായി വൈരുധ്യമുണ്ടാകാനും പാടില്ല എന്നിവയായിരുന്നു ആ നിബന്ധനകള്‍.

ഒരു കാലഘട്ടത്തിലെ പണ്ഡിതരുടെ ഏകോപിതാഭിപ്രായമാണ് ഇജ്മാഅ്. സ്വഹാബികളുടെ ഇജ്മാഇന് പ്രഥമസ്ഥാനമുണ്ട്. ഇമാം മാലിക് മദീനാ നിവാസികളുടെ ഏകോപിതാഭിപ്രായം ഇജ്മാആയി സ്വീകരിച്ചു. എന്നാല്‍ ശാഫിഈ(റ)യുടെ ഇജ്മാഅ് സ്ഥലപരിഗണനകള്‍ക്കതീതമാണ്.

സ്വഹാബികള്‍ പ്രവാചകനോടൊപ്പം ജീവിക്കുകയും നേരിട്ടു പഠിക്കുകയും മനസിലാക്കുകയും ചെയ്തതിനാല്‍ അവരുടെ വചനങ്ങള്‍ ശരീഅത്തില്‍ പ്രമാണമാക്കാമെന്ന് ശാഫിഈ(റ) സിദ്ധാന്തിച്ചു. എതിരഭിപ്രായം ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത വചനങ്ങള്‍ പ്രമാണവും അതനുസരിച്ചുള്ള കര്‍മം നിര്‍ബന്ധവുമാണ്. സ്വഹാബികള്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണഗതികളുണ്ടെങ്കില്‍ നസ്സ്വിനോട് യോജിച്ചവ സ്വീകരിക്കാനും അവരുടെ വചനങ്ങള്‍ തള്ളി അതില്‍ ഇജ്തിഹാദ് നടത്താനും അനുവാദമുണ്ടെന്നാണ് ശാഫിഈ(റ)യുടെ അഭിപ്രായം. കാരണം സ്വഹാബികള്‍ക്കും തെറ്റു പറ്റാന്‍ സാധ്യതയുണ്ടല്ലോ.

ഖിയാസിനെ ഇജ്തിഹാദായിട്ടാണ് ഇമാം ശാഫി(റ) പരിഗണിക്കുന്നത്. എന്നാല്‍ ഇമാം അബൂഹനീഫയെപ്പോലെ ആധിക്യമോ മാലികി(റ)നെപ്പോലെ തീവ്രതയോ കാണിച്ചില്ല. മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും അവര്‍ക്ക് നിര്‍ണിതമായ ഒരു സമീപനമുണ്ടാവണമെന്നും വ്യക്തമായ നസ്സ്വ് ഇല്ലെങ്കില്‍ ഇജ്തിഹാദിലൂടെ ഉചിതമായ നിലപാടിലെത്തിച്ചേരണമെന്നും ഇമാം ശാഫിഈ പ്രഖ്യാപിച്ചു.

ഇമാം ശാഫിഈയും ഇസ്തിഹ്സാനും

ഇമാം ശാഫിഈ(റ) ഇസ്തിഹ്സാനെ നിരാകരിക്കുന്നു. പ്രബലമായ ന്യായത്തിന്റെ പേരില്‍ ഒരു പ്രശ്നത്തില്‍ യഥാര്‍ത്ഥ വിധിയില്‍ നിന്നും ഭിന്നമായ വിധി നല്‍കുക എന്നതാണ് ഇസ്തിഹ്സാന്‍. ‘ഇസ്തിഹ്സാന്റെ ദുര്‍ബലത’ എന്ന പേരില്‍ ഒരധ്യായം തന്നെ കിതാബുല്‍ ‘ഉമ്മില്‍’ നമുക്കു കാണാം. ഖുര്‍ആന്റെയോ സുന്നത്തിന്റെയോ നസ്സ്വില്ലാതെ യുക്തിയെ അടിസ്ഥാനമാക്കിയുള്ള വിധിനിര്‍ദ്ധാരണം ദീനില്‍ പ്രമാണമല്ല. നിയമത്തില്‍ നിന്നും അകന്ന് യുക്തിയിലൂടെ നിര്‍ദ്ധാരണം ചെയ്യലാണ് ഇസ്തിഹ്സാനെന്നും അതനുസരിച്ച് വിധിനിര്‍ദ്ധാരണം ചെയ്യുന്നവര്‍ സ്വയം നിയമം നിര്‍മ്മിക്കുകയാണെന്നും ശാഫിഈ(റ) വാദിച്ചു. ഇസ്തിഹ്സാനെ നിരാകരിക്കുന്നതിന് അദ്ദേഹം ആറ് കാരണങ്ങള്‍ നിരത്തുന്നുണ്ട്.

1) ശരീഅത്തിന്റെ ആധാരം നസ്സോ ഖിയാസോ ആണ്. ഇവ രണ്ടിലും പെടാത്തവ ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്.

2) സ്വേഛയെ വെടിയാനും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനുമാണ് നാം കല്‍പിക്കപ്പെട്ടത്. ഇസ്തിഹ്സാന്‍ ഖുര്‍ആനിലേക്കോ സുന്നത്തിലേക്കോ ഉള്ള മടക്കമല്ല.

3) പ്രവാചകന്‍ ഇസ്തിഹ്സാന്‍ അനുസരിച്ച് ഫത്വ നല്‍കിയിട്ടില്ല.

4) പ്രവാചകന്റെ അസാന്നിധ്യത്തില്‍ ഇസ്തിഹ്സാന്‍ അനുസരിച്ച് വിധി നല്‍കിയതിനെ തിരുമേനി നിഷേധിച്ചിട്ടുണ്ട്.

5) ഇസ്തിഹ്സാനിന്ന് ഖിയാസില്‍ നിന്ന് ഭിന്നമായി സത്യവും അസത്യവും വേര്‍തിരിച്ചറിയാന്‍ ക്ളിപ്തമായ വ്യവസ്ഥയോ മാനദണ്ഡമോ ഇല്ല.

6) ഗവേഷകരെ ഇസ്തിഹ്സാന് അനുവദിച്ചാല്‍ അവര്‍ പ്രമാണങ്ങളെ അവലംബിക്കില്ല. പ്രത്യുത ബുദ്ധിയെ അവലംബിക്കാന്‍ ധൃഷ്ടരാകും.

യഥാര്‍ത്ഥത്തില്‍ ഇമാം ശാഫിഈയുടെ കാലത്ത് ഇസ്തിഹ്സാന് ഖണ്ഡിതവും സുവ്യക്തവുമായ വിശദീകരണം നല്‍കപ്പെട്ടിരുന്നില്ല. അദ്ദേഹം വിമര്‍ശിക്കുന്നത് കേവലം സ്വാഭിപ്രായം വിധിനല്‍കുന്ന പ്രവണതയെയാണ്. ഇസ്തിഹ്സാന്‍ പ്രമാണമാക്കുന്നവര്‍ കല്‍പിക്കുന്ന അര്‍ത്ഥത്തിലല്ല വിമര്‍ശകര്‍ അതിനെ പരിഗണിക്കുന്നത്. വൈരുധ്യം ആശയപരമല്ല, പദപ്രയോഗ സംബന്ധിയാണ്. യഥാര്‍ത്ഥത്തില്‍ ഇസ്തിഹ്സാന്‍ നസ്സ്വില്‍ നിന്നോ ഖിയാസില്‍ നിന്നോ ഉള്ള വ്യതിയാനമല്ല; അവ രണ്ടിന്റെയും അടിസ്ഥാനത്തില്‍ ശരീഅത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ്. ചുരുക്കത്തില്‍ ഇമാം ശാഫിഈ എതിര്‍ക്കുന്ന ഇസ്തിഹ്സാന്‍ മറ്റു മദ്ഹബുകളിലും പ്രമാണമല്ല.

മദ്ഹബിന്റെ പ്രചാരം

ഇമാം ശാഫിഈ(റ)ന്റെ മദ്ഹബ് അദ്ദേഹത്തിന്റെ കാലത്തു തന്നെ ക്രോഡീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രഗത്ഭ ശിഷ്യന്‍മാര്‍ പില്‍ക്കാലത്ത് തങ്ങളുടേതായ ഇജ്തിഹാദുകള്‍ കൂട്ടിച്ചേര്‍ത്ത് മദ്ഹബിനെ വികസിപ്പിക്കുകയും പല മേഖലകളിലും വ്യാപിപ്പിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബിന്റെ ഉല്‍ഭവം പ്രധാനമായും രണ്ട് മേഖലകളിലാണ് കേന്ദ്രീകരിക്കപ്പെട്ടത്.

ഇറാഖിലും ഈജിപ്തിലും

ഇറാഖില്‍ ഇമാമിന്റെ പഴയ അഭിപ്രായമാണ് ക്രോഡീകരിക്കപ്പെട്ടിരുന്നത്. ഇവിടുത്തെ പ്രധാന ശിഷ്യന്‍മാരായ കറാബീസി, സഅ്ഫറാനി, അബൂസൌര്‍ ഇബ്നു റാഹവൈഹി എന്നിവരാണ് മദ്ഹബിന്റെ പ്രചാരണത്തിന്ന് നേതൃത്വം നല്‍കുന്നത്.

മിസ്റില്‍ ഇമാമിന്റെ പുതിയ മദ്ഹബാണ് ക്രോഡീകരിക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. ഇവിടുത്തെ പ്രധാന ശിഷ്യന്‍മാര്‍ ബുവൈത്തി, മുസ്നി, റബീഅ്, അബൂബക്കര്‍ അല്‍ ഹമീദി, അബ്ദുല്‍ വലീദ് മക്കി, ഹര്‍മല, റബീഅ് അല്‍ജീസി, റബീഅ് മുറാദി എന്നിവരായിരുന്നു.

ഇവരിലൂടെ ശാഫിഈ മദ്ഹബ് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിച്ചു. ഈജിപ്തിന്റെ പലഭാഗങ്ങളിലും ഫലസ്തീന്‍, ഹദര്‍ മൌത്, ഇറാഖിലെ ചില ഭാഗങ്ങള്‍, പാകിസ്ഥാന്‍, സൌദി അറേബ്യ, യമന്‍, ഇന്ത്യയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് വ്യാപിച്ചു കിടക്കുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലും ഔദ്യോഗിക മദ്ഹബാണ് ഇമാം ശാഫിഈയുടേത്.

അബൂയഅ്ഖൂബ് ഇസ്ഫാറായിനി, അബുല്‍ ഖാസിം അന്മാത്വി, ഹാഫിസ് ദാറഖുത്വ്നി, അബുല്‍ ഹസന്‍ മാവര്‍ദി, ഇമാം ബൈഹഖി, ഫര്‍റാഅ് ബഗവി, ഇമാമുല്‍ ഹറമൈന്‍, ശീറാസി, റംലി, ഇമാം ഗസ്സാലി, ഇമാം നവവി, തഖിയുദ്ദീന്‍ സുബ്കി, താജുദ്ദീന്‍ സുബ്കി എന്നിവര്‍ ശാഫിഈ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതരാണ്.

മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍

അല്ലാമാ അഹ്മദ് ശാക്കിര്‍ പറയുന്നു: ‘ശാഫിഈ ഇമാം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നെങ്കിലും മിക്കതും നഷ്ടപ്പെട്ടു. മക്ക, മദീന, ബഗ്ദാദ്, ഈജിപ്ത് എന്നിവിടങ്ങളില്‍ ഗ്രന്ഥരചന നടത്തിയെങ്കിലും ഈജിപ്തിലെ ഗ്രന്ഥങ്ങളാണവശേഷിക്കുന്നത്’.

1. കിതാബുല്‍ ഉമ്മ്: ഇമാം ശാഫിഈയുടെ ഫിഖ്ഹ് വിജ്ഞാനകോശം. തന്റെ പുതിയതും സ്ഥിരപ്പെട്ടതുമായ അഭിപ്രായങ്ങളുടെ ഈ ക്രോഡീകരണം നിര്‍വഹിച്ചത് ശിഷ്യന്‍ റബീഅ് മുറാദിയാണ്.

2. കിതാബുല്‍ ഹിജ്ജ്: ഇറാഖിലെ ഫത്വകളുടെയും സംവാദങ്ങളുടെയും ക്രോഡീകരണം. അഹ്ലുറഅ്യിനുള്ള ഖണ്ഡനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പഴയ അഭിപ്രായങ്ങളുടെ ഈ ക്രോഡീകരണം നിര്‍വഹിച്ചത് സഅ്ഫറാനിയും കറാബീസിയുമാണ്.

3. കിതാബുര്‍രിസാല: ഫിഖ്ഹ് നിദാനശാസ്ത്രത്തിലെ പ്രഥമ ഗ്രന്ഥമാണിത്. മക്കയില്‍ രചിച്ച ഈ ഗ്രന്ഥം പിന്നീട് പുനഃപരിശോധന നടത്തി ക്രോഡീകരിച്ചു. ശേഷം പഴയ രിസാല, പുതിയ രിസാല എന്നീ പേരുകളിലയറിയപ്പെട്ടു. ഇന്ന് പുതിയ രിസാല മാത്രമാണ് നിലവിലുള്ളത്.

4. മുസ്നദ് ശാഫിഈശാഫിഈയുടെ ശിഷ്യന്‍ മാരില്‍ നിന്ന് അബുല്‍ അബ്ബാസ് ക്രോഡീകരിച്ച ഫിഖ്ഹ് ഗ്രന്ഥം.

അവലംബാര്‍ഹമായ മറ്റു ഗ്രന്ഥങ്ങള്‍

1. മുസ്നിയുടെ മുഖ്തസര്‍: മദ്ഹബിലെ പ്രധാന ഗ്രന്ഥമായ ഇതില്‍ ശാഫിഈ ഇമാമിന്റെ പഴയതും പുതിയതുമായ അഭിപ്രായങ്ങളുടെ സംഗ്രഹം ചേര്‍ത്തിരിക്കുന്നു. മുസ്നിയുടെ ചില ഇജ്തിഹാദുംകൂടി ഉള്‍കൊണ്ടിട്ടുള്ളതാണിത്.

2. കിതാബുല്‍ ഹാവി: ഇമാം മാവര്‍ദിയുടെ പ്രധാന ഗ്രന്ഥമായ ഇത് മുസ്നിയുടെ മുഖ്തസറിന്റെ വ്യാഖ്യാനമാണ്. ശാഫിഈ, അബൂഹനീഫഃ, മാലിക് അഹ്മദുബ്നു ഹമ്പല്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ താരതമ്യം ചെയ്യുന്നു.

3. നിഹായതുല്‍ മുത്വലിബ് ഫീ ദിറായതില്‍ മുഹദ്ദബ്: ഇമാമുല്‍ ഹറമൈനിയുടെ പ്രസിദ്ധ ഗ്രന്ഥം. തത്തുല്യമായ ഗ്രന്ഥം രചിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ ഗ്രന്ഥത്തെക്കുറിച്ച് ഇബ്നു ഖില്ലികാന്‍ പറഞ്ഞത്. ഇമാം ശാഫിഈയുടെയും മുസ്നി, ബുവൈത്വി എന്നിവരുടെയും ഗ്രന്ഥങ്ങളുടെ സംഗ്രഹമാണിത്.

4. കിതാബുല്‍ ബസീത്വ്, അല്‍ വസീത്വ് അല്‍ വജീസ് (ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങള്‍) അല്‍ വസീത്വിന്റെ സംഗ്രഹമാണ് അല്‍ വജീസ്.

5. ഫത്ഹുല്‍ അസീസ്: ഇമാം ഗസ്സാലിയുടെ അല്‍ വജീസിന്റെ വ്യാഖ്യാനം.

6. റൌദത്തുത്വാലിബീന്‍: ഫത്ഹുല്‍ അസീസിന്റെ സംഗ്രഹമായ ഇതിന്റെ ഗ്രന്ഥകാരന്‍ ഇമാം നവവിയാണ്.

7. അല്‍ മുഹദ്ദബ്: ശീറാസിയുടെ പ്രസിദ്ധ ഗ്രന്ഥം.

8. അല്‍ മഅ്മൂഅ്: ഇമാം നവവിയുടെ പ്രസിദ്ധ ഗ്രന്ഥം. അല്‍ മുഹദ്ദബിന്റെ വ്യാഖ്യാനമാണിത്.

9. ഇമാം റാഫിഈയുടെ അല്‍ മുഹര്‍റര്‍.

10. ഇമാം നവവിയുടെ മിന്‍ഹാജുത്ത്വാലിബീന്‍: ഇമാം റാഫിഈയുടെ ഗ്രന്ഥത്തിന്റെ സംഗ്രഹമാണിത്.

11. ഇമാം നവവിയുടെ മിന്‍ഹാജിന്ന് പ്രസിദ്ധമായ പല വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ശര്‍ബീനിയുടെ മുഗ്നി അല്‍ മുഹ്താജ്, റംലിയുടെ നിഹായതുല്‍ മുഹ്താജ്, ഇബ്നു ഹജര്‍ മക്കിയുടെ തുഹ്ഫതുല്‍ മുഹ്താജ് തുടങ്ങിയവ അവയില്‍ ചിലതാണ്.

12. അല്‍ മന്‍ഹജ്: സകരിയ്യാ അന്‍സാരിയുടെ ഈ ഗ്രന്ഥം മിന്‍ഹാജിന്റെ സംഗ്രഹമാണ്.

ചില സാങ്കേതിക പദങ്ങള്‍

ഇമാം നവവിയുടെയും മറ്റും ഗ്രന്ഥങ്ങള്‍ അറിയാന്‍ ചില സാങ്കേതിക ശബ്ദങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവയില്‍ ചിലത് താഴെ ചേര്‍ക്കുന്നു.

വുജൂഹ്: ശിഷ്യന്‍മാരുടെ ഇജ്തിഹാദുകള്‍ക്ക് ശാഫിഈ ഗ്രന്ഥത്തില്‍ ‘വുജൂഹ്’ എന്നാണ് പ്രയോഗിക്കുക.

ത്വുറുഖ്: മദ്ഹബിലെ ഭിന്നാഭിപ്രായമുള്ള വിഷയങ്ങള്‍ക്ക് ‘ത്വുറുഖ്’ എന്ന് പ്രയോഗിക്കുന്നു.

മദ്ഹബ് ഖദീം: ഇമാം ശാഫിഈയുടെ പഴയ അഭിപ്രായങ്ങള്‍ക്ക് പറയുന്ന പേര്‍.

മദ്ഹബ് ജദീദ്: ശാഫിഈയുടെ പുതിയ അഭിപ്രായങ്ങള്‍ ഈ പേരിലാണറിയപ്പെടുന്നത്.

നസ്സുശ്ശാഫി: ശാഫിഈ(റ) സംശയ രഹിതമായി വ്യക്തമാക്കിയ കാര്യം.

സ്വഹീഹ്: ഒരു അഭിപ്രായത്തെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചാല്‍ മറ്റേത് ദുര്‍ബലമാണെന്ന് മനസ്സിലാക്കണം.

അവലംബം

1. ഇമാം ശാഫിഈ – ഡോ.അഹ്മദ് നഹ്റാവി.

2. കര്‍മശാസ്ത്രഭിന്നത: ചരിത്രവും സമീപനവും – ശാഹ്വലിയുല്ലാഹിദ്ദഹ്ലവി

3. കര്‍മശാസ്ത്ര മദ്ഹബുകള്‍ ഒരു പഠനം -എം.എസ്.എ. റസാഖ്.

4. അല്‍ മൌസൂഅതുല്‍ മുയസ്സറഃ വാല്യം:1 ഡോ. മാനിഅ് ബ്നു ഹമ്മാദ് ജിഹ്നി.

5. അല്‍ മദ്ഖല്‍ ഫില്‍ മദാഹിബില്‍ ഫിഖ്ഹിയ്യഃ -ഡോ. ഉമര്‍ സുലൈമാന്‍ അശ്ക്കര്‍.

6. കിതാബുല്‍ ഉമ്മ്: – ഇമാം ശാഫിഈ(റ)

7. ഇസ്ലാം-കര്‍മശാസ്ത്രം – യുവത.Share

Topics