സദാചാര മര്യാദകള്‍

വിവാഹിതയോട് ഇഷ്ടം ?

ചോ: ഞാനൊരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. പക്ഷെ അവള്‍ എന്നെക്കാള്‍ പ്രായമുള്ളവളും വിവാഹിതയുമാണ് എന്നതാണ് പ്രശ്‌നം. മാത്രമല്ല, ഞാന്‍ സ്‌നേഹിക്കുന്നത് അവള്‍ക്കറിയില്ല. അവരെ എനിക്ക് സ്വര്‍ഗത്തില്‍ ലഭിക്കാന്‍ ഈലോകത്ത് ഞാനെന്താണ് ചെയ്യേണ്ടത് ?

ഉത്തരം: നിങ്ങള്‍ വിവാഹിതയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച ചിന്ത മനസ്സില്‍വെച്ചുപുലര്‍ത്തുന്നത് തീര്‍ത്തും തെറ്റാണ്. അതെല്ലാം പൈശാചിക ദുര്‍ബോധനങ്ങളുടെ പ്രേരണയാലുണ്ടാകുന്ന ചിന്തകളാണ്. ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാതരം ദുശ്ചെയ്തികളും മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കണമെന്ന് പിശാച് ആഗ്രഹിക്കുന്നു. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ‘മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഇഹലോക ജീവിതം നിങ്ങളെ ചതിക്കാതിരിക്കട്ടെ. പെരുംവഞ്ചകനായ ചെകുത്താനും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ'(ഫാത്വിര്‍ 5).

ജീവിതം വളരെ ഹ്രസ്വവും വിലപിടിച്ചതുമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. നാം ഈ ലോകത്ത് ചെയ്യുന്ന നന്‍മകളാണ് നമ്മെ സ്വര്‍ഗത്തിലെത്തിക്കുക. ആഗ്രഹിച്ചതെന്തും ലഭിക്കുന്ന സ്വര്‍ഗത്തെ വിസ്മരിച്ച് വ്യര്‍ഥമായ ചിന്തകളിലും പകല്‍ക്കിനാക്കളിലും സമയം നഷ്ടപ്പെടുത്താതിരിക്കുക. അതുകൊണ്ട് പെണ്‍കുട്ടിയെക്കുറിച്ച ചിന്ത മനസ്സില്‍നിന്ന് പൂര്‍ണമായും തുടച്ചുമാറ്റുക. ഹലാലായ രീതിയില്‍ ദാമ്പത്യപങ്കാളിയെ ലഭിക്കാനും തൃപ്തികരമായ ജീവിതം ഉണ്ടാവാനും ആവശ്യമായ കാര്യങ്ങള്‍ക്കായി മുന്നോട്ടുനീങ്ങുക.
ഇതാണ് അല്ലാഹു നമ്മോട് ചെയ്യാന്‍ കല്‍പിച്ചിട്ടുള്ള കാര്യം. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹുവിനുള്ള കീഴ്‌വണക്ക(ഇബാദത്ത്)മാണ് നാം സമര്‍പ്പിക്കുന്നത്. അത് നമ്മെ, ആഗ്രഹിച്ചതെന്തും കണ്‍മുന്നിലെത്തുന്ന സ്വര്‍ഗത്തിന്റെ അവകാശിയാക്കിമാറ്റുന്നു.
ഇമാം ശാഫിഈ പറയുന്നു:’നമ്മുടെ മനസ്സില്‍ നന്‍മയുളവാക്കുന്നതും പ്രയോജനമുള്ളതുമായ ചിന്തകള്‍ ഇല്ലെങ്കില്‍ പിശാച് തന്റെ പ്രവര്‍ത്തനങ്ങളില്‍ നമ്മെ ഏര്‍പ്പെടുത്തും.’

Topics