സ്മാര്‍ട്ട് ക്ലാസ്സ്‌

ഭാഷയെന്ന സിദ്ധി


നക്ഷത്രങ്ങളാണ് കുട്ടികള്‍-14

കുട്ടികളെങ്ങനെ ഭാഷ സ്വായത്തമാക്കുന്നു എന്നത് ഒട്ടേറെ പഠന ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ള വിഷയമാണ്. ഭാഷാ വികാസമെന്നത് ഓരോ കുട്ടിയിലും ജീവശാസ്ത്രപരമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ഒരു സംവിധാനവും പ്രക്രിയയുമാണ്. കായികവും ബൗദ്ധികവും വൈകാരികവുമായി വളരുന്നതോടൊപ്പം കുട്ടികളില്‍ ഭാഷാപരമായ വളര്‍ച്ചയും നടക്കേണ്ടതുണ്ട്.
ഈയൊരു വളര്‍ച്ച ക്രമപ്രവൃദ്ധമായി നടക്കുന്നുണ്ടോ, ഭാഷാപരമായ വളര്‍ച്ചക്ക് തടസ്സമായി വര്‍ത്തിക്കുന്ന വല്ലതും കുട്ടികള്‍ അനുഭവിക്കുന്നുണ്ടോ എന്നറിയാന്‍ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹിക പാരസ്പര്യത്തിനും സഹവര്‍ത്തനത്തിനും അവസരം കിട്ടുന്നതിനനുസരിച്ചാണ് കുട്ടികളുടെ ഭാഷാ വികാസം ത്വരിതപ്പെടുന്നത്. ഇതിന് അവസരം കുറയുന്ന കുട്ടികളില്‍ ഭാഷാ വികാസം മന്ദഗതിയിലായിരിക്കും സംഭവിക്കുക.

1920 കളില്‍ ഇന്ത്യയിലെ ഒരു വനത്തില്‍ രണ്ടു മനുഷ്യക്കുഞ്ഞുങ്ങള്‍ ഒരു ചെന്നായയുടെ ഗുഹയില്‍ പാര്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. കണ്ടുമുട്ടുമ്പോള്‍ അവര്‍ക്ക് മനുഷ്യ സ്വഭാവം തന്നെ നഷ്ടപ്പെട്ടിരുന്നു. ചെന്നായയാണ് അവരെ സംരക്ഷിച്ചിരുന്നത്. അതിനാല്‍ ചെന്നായ്ക്കളെപ്പോലെ നടക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുമായിരുന്നു. രണ്ടു വയസ്സുള്ള അമലയും എട്ടു വയസ്സുള്ള കമലയുമായിരുന്നു ആ രണ്ടു കുഞ്ഞുങ്ങള്‍. രണ്ടു മാസം കഴിഞ്ഞ് അമല മരിച്ചു പോയി. കമല പതിനേഴ് വയസ്സ് വരെ ജീവിച്ചുവെങ്കിലും മനുഷ്യഭാഷയില്‍ ആശയവിനിമയം നടത്താന്‍ കഴിയുമായിരുന്നില്ല. മനുഷ്യസംസ്‌കാരത്തി ന്റെതായ യാതൊരടയാളവും അവളില്‍ പ്രകടമായിരുന്നുമില്ല.

മനുഷ്യ സമ്പര്‍ക്കമില്ലായ്മയും മനുഷ്യരുമായുള്ള സഹവര്‍ത്തനം നടക്കാതെ വന്നതുമാണ് അടിസ്ഥാനപ്രശ്‌നം. ഭാഷയും സംസ്‌കാരവും വളരുകയും വികസിക്കുകയും ചെയ്യണമെങ്കില്‍ സാമൂഹിക
സഹവര്‍ത്തനവും പാരസ്പര്യവും അനിവാര്യമാണ് എന്നാണ് പറഞ്ഞുവന്നത്. വനാന്തരങ്ങളിലും ഗുഹകളിലും മൃഗങ്ങളോടൊപ്പം കഴിയേണ്ട ഗതികേട് ഇക്കാലത്തെ കുട്ടികള്‍ക്കില്ലെങ്കിലും
അവര്‍ക്ക് സാമൂഹിക പാരസ്പര്യത്തിനും സാംസ്‌കാരിക സഹവര്‍ത്തനത്തിനും അവസരം പണ്ടത്തേതു പോലെയില്ല എന്നത് ഗൗരവത്തോടെ നാം തിരിച്ചറിയണം. സ്വാഭാവികമായി സംഭവിക്കേണ്ട ഭാഷാ വികാസമാണ് ഇതുമൂലം മുരടിച്ചു പോകുന്നത്.

സ്വന്തം ആശയങ്ങളും ചിന്തകളും അനുഭവങ്ങളും വികാരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഏതൊരു വ്യക്തിയേയും സഹായിക്കുന്ന ശക്തമായ ഉപാധിയാണ് ഭാഷ. ഭാഷ ഉപയോഗിക്കാന്‍ കഴിയുക എന്നത് വലിയൊരു സിദ്ധിയാണ്. മനുഷ്യനോടൊപ്പം ഭാഷയും ഭാഷയോടൊപ്പം മനുഷ്യനും വളര്‍ന്നുവന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു വ്യക്തി തന്റെ ജീവിതകാലത്ത് 860 ദശലക്ഷം വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന് പറയുമ്പോള്‍ മനുഷ്യനും ഭാഷയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടും.

പ്രമുഖ അമേരിക്കന്‍ നിയമജ്ഞനും രാഷ്ട്ര തന്ത്രജ്ഞനുമായ ഡാനിയല്‍ വെബ്സ്റ്ററി (1782-1852) ന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്: എന്റെ സമ്പാദ്യം മുഴുവന്‍ അപഹരിക്കപ്പെട്ടാല്‍ അവയില്‍ ഒരെണ്ണം
തിരിച്ചു തരാന്‍ ഞാന്‍ ആവശ്യപ്പെടും അത് ഭാഷയായിരിക്കും. ശക്തമായ ആശയവിനിമയ ഉപാധിയാണത്. ഭാഷയുണ്ടെങ്കില്‍ എനിക്ക് മറ്റെല്ലാം നേടാന്‍ കഴിയും

കുഞ്ഞുനാള്‍ മുതലേ കുട്ടികള്‍ ഭാഷ ഉപയോഗിക്കാന്‍ ആരംഭിക്കും. അവ നാം ആദ്യമായി കേള്‍ക്കുന്നത് ഒറ്റപ്പെട്ട അക്ഷരങ്ങള്‍ എന്ന നിലയിലായിരിക്കാം. കുട്ടികളെ സംബന്ധിച്ചിടത്തോളം, പക്ഷേ അവ ആശയങ്ങളായിരിക്കും. ഉദാഹരണത്തിന്, മഎന്ന് കുട്ടി പറയുമ്പോള്‍ അമ്മ എന്നോ ഉമ്മ എന്നോ ആകാം ഉദ്ദേശിക്കുന്നത്. ലോകത്തെ കുട്ടികള്‍ സമഗ്രമായി കാണുന്നു എന്നാണ് ഇത് പഠിപ്പിക്കുന്നത്. അതുപോലെ മേശ എന്നോ കാക്ക എന്നോ കുട്ടികള്‍ പറയുമ്പോള്‍ അവ രണ്ടു പദങ്ങള്‍ എന്ന നിലയിലല്ല രണ്ടാശയങ്ങള്‍ എന്ന നിലയിലാണത് പറയുന്നത്.

ശ്രവണം ഇന്ന് കുറഞ്ഞു വരികയാണ് കുട്ടികളില്‍. ഭാഷ കേള്‍ക്കുന്നതില്‍ നിന്ന് ദൃശ്യങ്ങള്‍ കാണുന്നതിലേക്ക് പുതിയ തലമുറ വഴുതിപ്പോയിരിക്കുന്നു.അക്ഷരങ്ങളില്‍ നിന്നും ചിത്രങ്ങളിലേക്കുള്ള പലായനം. സംസാര ഭാഷയില്‍നിന്ന് സാങ്കേതിക വിനിമയ വിദ്യയിലേക്ക് ലോകം മൂക്ക് കുത്തി വീണതിന്റെ ആഘാതം കുട്ടികളെയാണ് കാര്യമായി ബാധിച്ചത്.

ഭാഷയുടെ ക്രമപ്രവൃദ്ധമായ വികാസത്തെ നിയന്ത്രിക്കുന്ന ചില ശാരീരിക ഘടകങ്ങളെ ക്കുറിച്ചു കൂടി നമുക്ക് ധാരണയുണ്ടാവുന്നതു നല്ലതാണ്. ചുണ്ട്, നാവ്, താടിയെല്ല്, അണ്ണാക്ക്, കണ്ഠനാളം, ശ്വാസനാളം എന്നിവയുടെ ആനുപാതികമായ വിന്യാസവും സമന്വയവും സുതാര്യവും സുഗമവുമായ ഭാഷാര്‍ജനത്തിനും ഭാഷയുടെ ഉപയോഗത്തിനും അനിവാര്യമാണ്. കുഞ്ഞുന്നാളില്‍ തന്നെ ഇക്കാര്യം രക്ഷിതാക്കളും മുതിര്‍ന്നവരും ശ്രദ്ധിക്കണം. ഇപ്പറഞ്ഞ ഘടകങ്ങളില്‍ ഏതെങ്കിലുമൊന്നിന് പരിമിതികളുണ്ടെങ്കില്‍ അത് മറികടക്കാനുള്ള നൂതന വിദ്യകള്‍ വൈദ്യശാസ്ത്രം വികസിപ്പിച്ചിട്ടുണ്ട് (തുടരും).

ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്

Topics