മതപരമായ അറിവ് എന്നതുമാത്രമല്ല ഇസ്‌ലാം ആഹ്വാനംചെയ്യുന്ന വിജ്ഞാനത്തിന്റെ വിവക്ഷ. മറിച്ച്, മതവിജ്ഞാനത്തോടൊപ്പം അജ്ഞതയെ ദൂരീകരിക്കുന്ന പ്രകൃതിശാസ്ത്രങ്ങള്‍, മനഃശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ അറിവും അതിന്റെ ഭാഗമാണ്. സൃഷ്ടിയില്‍ വിളങ്ങുന്ന ദൈവത്തിന്റെ ശക്തിമാഹാത്മ്യങ്ങളെക്കുറിച്ച് ഉത്ബുദ്ധരാകുക, അതുവഴി ആ ദൈവത്തിന് കീഴൊതുങ്ങേണ്ടവനാണ് താനെന്ന ബോധം സദാ ഉണ്ടായിരിക്കുക, ദൈവത്തിന്റെ പ്രതിനിധി(ഖലീഫ)എന്ന നിലയില്‍ എല്ലാ സൃഷ്ടിജാലങ്ങളോടും കാരുണ്യത്തിലും നീതിയിലും വര്‍ത്തിക്കുക എന്നിവ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.
കണ്‍മുമ്പിലുള്ള വസ്തുക്കളെക്കുറിച്ചുമാത്രമല്ല, പൗരാണികസമൂഹങ്ങളുടെ പ്രതാപത്തെയും ശക്തിയെയും നാഗരികതയെയും കുറിച്ചും ഭൗതികത്വത്തിനു വശംവദരായി സത്യത്തെ അവഗണിച്ചപ്പോള്‍ അവര്‍ക്കുനേരിട്ട നാശത്തെക്കുറിച്ചുപഠിക്കാനും ഇസ്‌ലാം ആഹ്വാനംചെയ്തിട്ടുണ്ട്. അതുവഴി എല്ലാ നിലക്കും സന്തുലിതത്വം സ്വീകരിച്ച പുണ്യാത്മാവായി വളരാന്‍ മനുഷ്യനെ അത് സഹായിക്കുന്നു.
Add Comment