ദാമ്പത്യം

എല്ലാ മൗനവും യുക്തിയല്ല

കുടുംബപരമായ പ്രശ്‌നങ്ങള്‍ ധാരാളമാണ്. എത്രതന്നെ സന്തോഷത്തില്‍ കഴിയുന്ന വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ് ശരി. ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ചര്‍ച്ചയുടെയും സംവാദത്തിന്റെയും ഇല്ലായ്മയോ കുറവോ ആണ് അധികപക്ഷം ബന്ധങ്ങളിലും കാണുന്നത്
്.
ഭര്‍ത്താക്കന്‍മാരെക്കാള്‍ കൂടുതലായി ഭാര്യമാര്‍ക്കാണ് ഈ വിഷയത്തില്‍ ആവലാതി ഉള്ളത്. ഭര്‍ത്താവിന്റെ മൗനത്തില്‍ വേദനിക്കുന്ന, അദ്ദേഹത്തിന്റെ ശാപങ്ങളില്‍ കഷ്ടപ്പെടുന്ന, കുറ്റപ്പെടുത്തലുകളില്‍ നീറുന്ന ഒരുപാട് ഭാര്യമാരുണ്ട്. സുന്ദരമായ കുടുംബാന്തരീക്ഷം കലക്കുന്ന ഘടകങ്ങളാണ് ഇവ. എന്നല്ല ദാമ്പത്യ ജീവിതത്തിന്റെ ഭദ്രതക്ക് ഇവ കോട്ടമേല്‍പ്പിക്കുകയും ചെയ്യുന്നു. അധികഭാര്യമാരും തങ്ങളോട് അടുപ്പമുള്ളവരുമായി ഈ പരാതി പങ്കുവെക്കാറുണ്ട്. തര്‍ബിയത്തും, കൗണ്‍സിലിങും ഉദ്ദേശിച്ച് പ്രത്യക്ഷപ്പെടുന്ന സൈറ്റുകളില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ധാരാളമാണ്.

ഭര്‍ത്താവിന്റെ പ്രകൃതത്തില്‍ ആവലാതി ബോധിപ്പിച്ച് ചില ഭാര്യമാര്‍ പറയുന്നു: ‘തന്റെ ഭര്‍ത്താവിന് മറ്റുള്ളവരുടെ സംസാരം കേള്‍ക്കാന്‍ വളരെ പ്രിയമാണ്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, അവരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും അദ്ദേഹത്തിന് അങ്ങേയറ്റത്തെ താല്‍പര്യമുണ്ട്. ഇക്കാര്യമൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ മക്കളുടെയും വീട്ടിലെനിത്യച്ചിലവുകളുടെയും കാര്യങ്ങളോ അതല്ലെങ്കില്‍ കുടുംബപരമായ മറ്റെന്തെങ്കിലും വിഷയങ്ങളോ ഞാന്‍ സംസാരിച്ച് തുടങ്ങിയാല്‍ കുഞ്ഞുങ്ങളോട് കഥ പറയുംപോലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹം പതിയെ പതിയെ ഉറക്കത്തിലേക്ക് നീങ്ങും. പിന്നീട് ഗാഢനിദ്രയിലാണ്ടുപോവുകയും അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് ജോലിക്ക് പോവുകയും ചെയ്യുന്നു’.

മറ്റു ചില ഭാര്യമാര്‍ പറയുന്നത് ഇങ്ങനെയാണ് : ‘ എന്റെ ഭര്‍ത്താവ് എന്നെ പരിഗണിക്കുന്നേയില്ല. എന്റെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനോ എന്നെ ശ്രദ്ധിക്കാനോ താല്‍പര്യം കാട്ടാറില്ല. ഞാന്‍ എന്തെങ്കിലും വിഷയം സംസാരിക്കാന്‍ ആഗ്രഹിച്ചാല്‍ അതിനേക്കാള്‍ സുപ്രധാനമായവിഷയങ്ങളുണ്ടെന്ന് അദ്ദേഹം തടസ്സവാദമുന്നയിക്കുന്നു. ചിലപ്പോള്‍ അദ്ദേഹം ടിവി കണ്ടുകൊണ്ടിരിക്കും. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പരതുകയായിരിക്കും. മറ്റുചിലപ്പോള്‍ ഫോണിലൂടെ കൂട്ടുകാരുമായി വര്‍ത്തമാനത്തില്‍ മുഴുകിയിരിക്കും.’

മൗനമവലംബിക്കുന്ന ഇണയുടെ കാര്യത്തില്‍ ആവലാതി ബോധിപ്പിക്കാനുള്ള അവകാശം ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലുണ്ട്. കാരണം മനുഷ്യന്‍ പ്രകൃത്യാ സാമൂഹിക ജീവിയാണ് എന്ന് മാത്രമല്ല അവന്‍ സംസാരവും, ചര്‍ച്ചയും ഇഷ്ടപ്പെടുന്നവനുമാണ്.

പുരുഷന്‍മാരേക്കാള്‍ ഈ പരാതിക്ക് സ്ത്രീക്കാണ് അര്‍ഹതയുള്ളത് എന്നാണ് എന്റെ അഭിപ്രായം. പുരുഷമനഃശാസ്ത്രപ്രകൃതിയില്‍ നിന്ന് വ്യത്യസ്തയാണ് സ്ത്രീ്. പുരുഷന് സ്ത്രീയേക്കാള്‍ നന്നായി തന്റെ വികാരവും ആഗ്രഹങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നു. എന്നാല്‍ സ്ത്രീ കുറേക്കൂടി വൈകാരികപ്രതികരണമുള്ളവളാണ്. അവളുടെ വികാരങ്ങളും ആഗ്രഹങ്ങളും ചിലപ്പോള്‍ ബുദ്ധിയെ പോലും കീഴ്‌പെടുത്തിക്കളയുന്നു.

സുപ്രധാനമായത് സംസാരിക്കുക, ചുരുക്കി വിവരിക്കുക എന്നിങ്ങനെയാണ് പുരുഷപ്രകൃതി. കൂടുതല്‍ സമയം മിണ്ടാതിരിക്കുന്നത് അവന് വിഷയമേയല്ല. എന്നാല്‍ സ്ത്രീ പ്രകൃത്യാ സംസാരപ്രിയയാണ്. ഓരോ വിഷയങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിശദാംശങ്ങളോടെയാണ് അവള്‍ വിവരിക്കുക. ഒട്ടും പ്രാധാന്യമില്ലാത്ത വിഷയമാണെങ്കിലും അവള്‍ സംസാരിച്ചുകൊണ്ടേയിരിക്കും.

പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ മൗനത്തിന് പല കാരണങ്ങളുമുണ്ടാകും. . സ്ത്രീകള്‍ അത് മനസ്സിലാക്കുകയും അവയെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയുമാണ് വേണ്ടത്.

  1. സ്വഭാവപരമായി മൗനം ശീലമാക്കിയവര്‍ പുരുഷന്‍മാരിലുണ്ട്. അവര്‍ വീട്ടില്‍ മാത്രമല്ല പുറത്തും മൗനികളായി തന്നെ കഴിഞ്ഞുകൂടും. ശാന്തവ്യക്തിത്വത്തിനുടമകളായവര്‍ ഇത്തരം ശീലക്കാരായിരിക്കും. എത്ര ചൂടേറിയ ചര്‍ച്ചയായാലും അവര്‍ ഒന്നോ രണ്ടോ വാക്കുകളില്‍ തങ്ങളുടെ അഭിപ്രായം ഒതുക്കുന്നു. വളരെ ചുരുങ്ങിയ വാക്കുകളില്‍ പതിഞ്ഞ സ്വരത്തില്‍ മാത്രമെ അവര്‍ വിഷയത്തില്‍ ഇടപെടുകയുള്ളൂ. ഇക്കാര്യം മനസ്സിലാക്കിയാല്‍ അത്തരത്തിലുള്ള പങ്കാളികള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല.
  2. വീടിനെ ശാന്തിദായകവും, വിശ്രമസ്ഥലവും ആയി കാണുന്ന ഭര്‍ത്താക്കാരാണ് മറ്റൊരു കൂട്ടര്‍. കഠിനാധ്വാനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ അല്‍പം ആശ്വാസം തേടുന്നവരാണ് അവര്‍. തൊഴില്‍സ്ഥലത്ത് വീര്‍പ്പുമുട്ടി പണിയെടുത്ത് തളര്‍ന്നായിരിക്കും അവര്‍ വന്നെത്തുന്നത്. വീട്ടില്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത് സ്വസ്ഥതയും ശാന്തതയുമാണ്. ആഗ്രഹത്തിന് വിരുദ്ധമായി ഒച്ചപ്പാടും ബഹളവും നിറഞ്ഞ അന്തരീക്ഷവും എന്തിനുമേതിനും പരാതിയുംപരിഭവവുമായെത്തുന്ന ഭാര്യയുംഅവര്‍ക്ക് വളരെ പ്രയാസകരമായാണ് അനുഭവപ്പെടുക.
  3. ഭര്‍ത്താവിന്റെ മൗനത്തിന് ഭാര്യ തന്നെ കാരണക്കാരിയാവുകയെന്നതാണ് ഈ ഘട്ടം. എല്ലാ വിഷയത്തിലും ആക്ഷേപിക്കുക, ശകാരിക്കുക, കുറ്റപ്പെടുത്തുക തുടങ്ങിയ ശീലങ്ങള്‍ ഭര്‍ത്താവിന്റെ മൗനത്തിന് വഴിയൊരുക്കുന്നതാണ്. ‘കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് താങ്കളാണ് കാരണം, എന്റെ ഉപദേശം കേള്‍ക്കാത്തത് കൊണ്ടാണ് അപ്രകാരം സംഭവിച്ചത’് തുടങ്ങി നൂറുകൂട്ടം പരാതികളുടെ ഭാണ്ഡക്കെട്ട് അയാള്‍ക്കുമുന്നില്‍ ഭാര്യ തുറന്നുവെക്കുന്നു. അതിനാല്‍ വഴക്കില്‍ കലാശിക്കുന്ന ഈ സംസാരങ്ങളില്‍ മൗനമാണ് ഉത്തമമെന്ന് മനസ്സിലാക്കുന്ന ഭര്‍ത്താവ് അപ്രകാരം ചെയ്യുന്നു.
  4. മറ്റ് ചിലപ്പോള്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ തര്‍ക്ക-വാദങ്ങള്‍ കുടുംബത്തിലെ സന്തോഷംകളഞ്ഞുകുളിക്കുമെന്ന് ബോധ്യപ്പെട്ടാലും ഭര്‍ത്താക്കന്‍മാര്‍ മൗനമവലംബിക്കാറുണ്ട്.
  5. ഭാര്യയും ഭര്‍ത്താവും ആദര്‍ശപരമായോ, ആശയപരമായോ ഭിന്നാഭിപ്രായമുള്ളവരാണെങ്കില്‍ അന്യോന്യമുള്ള സംസാരങ്ങള്‍ ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് ആശങ്കിക്കുന്നപക്ഷം ഭര്‍ത്താവ് മൗനമവലംബിക്കുന്നു.

മേല്‍പറഞ്ഞ കാരണങ്ങളുള്ളതോടൊപ്പം തന്നെ ഭര്‍ത്താവ് ഒരു നിലക്കും ഭാര്യയോട് തുടര്‍ച്ചയായി സംസാരം ഒഴിവാക്കരുതെന്നും അങ്ങനെയുണ്ടായാല്‍ അതെപ്പറ്റി പരാതിപ്പെടാനുള്ള അവകാശം സ്ത്രീക്കുണ്ടെന്നുമാണ് എന്റെ അഭിപ്രായം.

സാധാരണയായി, സംസാരിക്കുന്ന ഭര്‍ത്താവ് പെട്ടെന്നൊരു ദിവസം ദുഖത്തോടെ മൗനമവലംബിച്ചാല്‍ അതിന്റെ കാരണം ചോദിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം മൗനം തുടരുകയാണെങ്കില്‍ കാരണംതിരക്കി പിന്തുടര്‍ന്ന് അക്ഷമനാക്കുന്നതിന് പകരം അദ്ദേഹം ശാന്തമാവുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടത്.

സല്‍വാ മഗ്‌രിബി

Topics