Uncategorized

മനുഷ്യനിര്‍മിത നിയമങ്ങളും ശരീഅത്തും

എന്താണ് മനുഷ്യനിര്‍മിതമതങ്ങളും ശരീഅത്തും തമ്മിലുള്ള വ്യത്യാസം? അതറിയാന്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ ഏതെല്ലാം ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇക്കാണുന്ന തലത്തില്‍ എത്തിയതെന്ന് നാം അറിയണം. വിശദാംശങ്ങളിലെ ഭിന്നതകള്‍ മാറ്റിനിര്‍ത്തിയാല്‍, നിയമഗവേഷകരും ചരിത്രകാരന്‍മാരും പറയുന്നത് കുടുംബത്തിന്റെയും ഗോത്രത്തിന്റെയും ആവിര്‍ഭാവത്തോടെയാണ് മനുഷ്യനിര്‍മിതനിയമങ്ങള്‍ ഉടലെടുത്തിട്ടുള്ളത് എന്നാണ്. കുടുംബത്തിലെ വ്യക്തികള്‍ തന്നിഷ്ടപ്രകാരം മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും നിഷേധിക്കാനും തുടങ്ങിയപ്പോള്‍ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതുനിയമങ്ങള്‍ അനിവാര്യമാണെന്ന തോന്നലുണ്ടായി. അത്തരം നിയമങ്ങളെ സ്വാഭാവികമായും ഗോത്ര-കുടുംബ ആചാര-സമ്പ്രദായങ്ങള്‍ സ്വാധീനിച്ചത് സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഗോത്രങ്ങളിലെല്ലാം വൈവിധ്യങ്ങളായ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി നിയമങ്ങള്‍ രൂപംകൊണ്ടു. കാലംചെന്നതോടെ ഗോത്രങ്ങള്‍ക്കിടയില്‍ രാഷ്ട്രീയബോധം ശക്തിപ്പെടുകയും അത് രാഷ്ട്രനിര്‍മിതിക്ക് പ്രേരകമാവുകയുംചെയ്തു. നിയമങ്ങള്‍ ഏകീകരിക്കപ്പെടുകയും അത് എല്ലാവര്‍ക്കും ബാധകമാക്കുകയുംചെയ്യുന്നത് ഈ ഘട്ടത്തിലാണ്. എല്ലാവരുടെയും നിയമസംഹിതകള്‍ വ്യത്യസ്തങ്ങളാണെങ്കിലും സുസ്ഥിതിയും സമാധാനവും നിര്‍ഭയത്വവുമുണ്ടാവണമെങ്കില്‍ പൊതുനിയമം ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന ബോധ്യത്തിലെത്തി. ഇവ്വിധം ഭൗതിക നിയമാവിഷ്‌കാരത്തിന്റെ മൂന്നാം ഘട്ടം എത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. വിവിധനിയമങ്ങളിലെ വൈരുധ്യങ്ങള്‍ ഒഴിവാക്കണമെന്ന ചിന്ത ശക്തിയാര്‍ജിക്കുന്നത് അപ്പോഴാണ്. അതെത്തുടര്‍ന്ന് നീതി, സമത്വം, സ്വാതന്ത്ര്യം, മനുഷ്യത്വം എന്നീ സാര്‍വലൗകികമൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണം ആരംഭിച്ചു.
ഭൂമിയില്‍ മനുഷ്യന്‍ കാലുകുത്തിയ കാലംതൊട്ടേ ഇസ്‌ലാമികനിയമവും ഇവിടെയുണ്ട്. എല്ലാ മനുഷ്യരുടെയും പിതാവായ ആദം (അ)ആദ്യ പ്രവാചകനും കൂടിയാണ്. അക്കാലത്ത് ആവശ്യമായ നിയമങ്ങള്‍ അല്ലാഹു അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അദ്ദേഹമത് തന്റെ സന്താനങ്ങള്‍ക്കും പഠിപ്പിച്ചുകൊടുത്തു. ഇങ്ങനെയൊരു നിയമത്തിന്റെ അനിവാര്യതയും യുക്തിയും എന്തെന്ന സംശയത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം മനുഷ്യന്റെ ഇഹപരക്ഷേമങ്ങള്‍ക്കും വിജയത്തിനും അത്തരമൊരു ദൈവികസംഹിത ആവശ്യമാണെന്നാണ്. പ്രവാചകനായ ആദമിന് നല്‍കിയ നിയമങ്ങളെക്കുറിച്ച വിവരം നമ്മുടെ പക്കലില്ല. ദൈവികനിയമങ്ങളുടെ സമ്പൂര്‍ണ സമാഹാരമായ ഖുര്‍ആന്‍ കയ്യിലുള്ളപ്പോള്‍ അവയുടെ വിശദാംശങ്ങള്‍ അതില്‍ പ്രതിപാദിക്കേണ്ട കാര്യമില്ലല്ലോ. എങ്കിലും ഖുര്‍ആനില്‍ ചിലയിടത്തായി ആദം(അ) തന്റെ മക്കളെ പഠിപ്പിച്ച സംഗതികളെന്തെന്ന വിഷയത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അല്‍ബഖറ അധ്യായത്തിലെ 30മുതല്‍ 38 വരെയുള്ള സൂക്തങ്ങള്‍ പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും. അതിലൊന്ന് മനുഷ്യനെ ഭൂമിയിലെ ഖലീഫഃ(പ്രതിനിധി)യായി സൃഷ്ടിച്ചുവെന്നതാണ്. അതായത്, തന്നിഷ്ടപ്രകാരം ഭൂമിയില്‍ ജീവിക്കേണ്ടവനല്ല അവന്‍ എന്നര്‍ഥം. ദൈവപ്രാതിനിധ്യം എങ്ങനെ നന്നായി നിര്‍വഹിക്കാം എന്നത് പഠിപ്പിക്കാന്‍ എല്ലാ കാലത്തും പ്രവാചകന്‍മാരെ അയച്ചുകൊണ്ടിരിക്കും. ആദംസന്തതികള്‍ക്ക് എക്കാലത്തും ഭീഷണിയായി നിലകൊള്ളുന്നത് പിശാചാണ്. ആദമിനെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇബ്‌ലീസിന്റെ പ്രലോഭനമെന്തായിരുന്നുവോ അതുതന്നെ ആദമിന്റെ സന്തതികളായ മനുഷ്യവര്‍ഗത്തെ കെണിയില്‍പെടുത്താനും അവന്‍ ഉപയോഗിക്കും. അതിനാല്‍ അസൂയയും പകയും നിറഞ്ഞ മനസ്സുമായി സമീപിക്കുന്ന പിശാചുക്കളെ മനുഷ്യര്‍ കരുതിയിരിക്കേണ്ടതുണ്ട്. നാലാമത്തേത് ഭൂമി, മനുഷ്യന് ഒരു പരീക്ഷണാലയമാണെന്നതാണ്. സര്‍വലോകരക്ഷിതാവായ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ ഒരാള്‍ തുനിയുന്നതോടെ എല്ലാവിധ പ്രലോഭനങ്ങളുമായി പിശാച് സദാ ആക്രമിച്ചുകൊണ്ടിരിക്കും. അതിനെ അതിജയിക്കുന്നവനാരോ അവനാണ് വിജയി. ഇത്തരം പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും മറികടക്കാന്‍ ഏക വഴി ദൈവികനിയമങ്ങള്‍ പിന്തുടരുകയെന്നതാണ്. അതാണ് ആറാമത്തെ സംഗതി. അത്തരക്കാര്‍ക്ക് ഒരിക്കലും ഖേദമോ ദുഃഖമോ ഉണ്ടാകില്ല.

താരതമ്യം

ഇസ്‌ലാമികനിയമങ്ങളാകുന്ന ശരീഅത്തും ഇന്ന് നാം കാണുന്ന മനുഷ്യനിര്‍മിതനിയമങ്ങളും തമ്മില്‍ താരതമ്യം ചെയ്താല്‍ നമുക്ക് ബോധ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു:

1. മനുഷ്യനിര്‍മിതമായ ഏതും നിയമമായി മാറാന്‍ ഗോത്രത്തിന്റെയോ അതിന്റെ തലവന്റെയോ കോടതിയുടെയോ ഭരണകൂടങ്ങളുടെയോ അംഗീകാരമുണ്ടായിരിക്കണം. അല്ലാത്തപക്ഷം അതിന് നിയമസാധുതയില്ല. എന്നാല്‍ ഇസ്‌ലാമികനിയമങ്ങള്‍ ഭരണകൂടമോ കോടതിയോ മറ്റു സംവിധാനങ്ങളോ അംഗീകരിച്ചാലുമില്ലെങ്കിലും നിയമംതന്നെയാണ്. കാരണം അത് യഥാര്‍ഥ പ്രപഞ്ചനാഥന്റെ നിയമമാണ്. ഈ നിയമത്തെ കിതാബ് (മാ കതബഹുല്ലാഹു ലനാ) എന്നും സുന്നത്ത് (ബിമാ സന്നഹുന്നബിയ്യു ലനാ) എന്നും ശരീഅത്ത് (മാ ശറഅഹുല്ലാഹു ലനാ) എന്നും പലവിധത്തില്‍ പേരുവിളിക്കുന്നു.
2. മനുഷ്യനിയമങ്ങള്‍ക്ക് പവിത്രതയോ പാവനത്വമോ അവകാശപ്പെടാനാവില്ല. അത് മനുഷ്യവിശ്വാസത്തിന്റെ ഭാഗവുമല്ല. ഈ നിയമങ്ങള്‍ ആളുകള്‍ പിന്തുടരുന്നുണ്ടോ, അനുസരിക്കുന്നുണ്ടോ എന്നൊക്കെ നിയമദാതാക്കള്‍ അന്വേഷിക്കുന്നുണ്ടെന്ന ധാരണ ആര്‍ക്കുമില്ല. മാത്രമല്ല, അതിന് സ്വര്‍ഗനരകങ്ങള്‍ പ്രതിഫലമുണ്ടെന്ന വിശ്വാസവും ഒരാളും പുലര്‍ത്തുന്നില്ല. എന്നാല്‍ അത്യധികം പവിത്രമാണ് ഇസ്‌ലാമികനിയമങ്ങള്‍. അത് അങ്ങനെ വിശ്വസിക്കാതെ ഒരാളുടെ വിശ്വാസം പൂര്‍ത്തിയാവുകയില്ല. അതിന്റെ നിയമദാതാവിനെക്കുറിച്ച് വിശ്വാസി മനസ്സിലാക്കുന്നത് മനസ്സിന്റെ സൂക്ഷ്മവിചാരങ്ങള്‍പോലും അറിയുന്നവനാണെന്നാണ്. ഭൂമിയിലെ നന്‍മയും പരലോകത്തെ മോക്ഷവും ആ നിയമങ്ങളെ അനുധാവനം ചെയ്യുമ്പോള്‍ മാത്രമാണ് ഉണ്ടാവുക.

3. മനുഷ്യനിയമങ്ങള്‍ക്ക് പിന്നില്‍ നിഷേധാത്മകതയുണ്ടെന്ന് നിയമവിദഗ്ധര്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതായത്, ആ നിയമങ്ങള്‍ ഒരാള്‍ മറ്റൊരാള്‍ക്കെതിരില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമം പ്രവര്‍ത്തിക്കുന്നത് തടയാനാണ് ഉണ്ടാക്കിയിട്ടുള്ളത്. മനുഷ്യമനസ്സില്‍ തിന്‍മയോട് ആഭിമുഖ്യമില്ലെങ്കില്‍ നിയമംതന്നെ വേണ്ടതില്ലെന്നാണ് അതിന്റെ അര്‍ഥം. എന്നാല്‍ ഇസ്‌ലാമികനിയമങ്ങള്‍ മനുഷ്യരുടെ തിന്‍മ തടയാന്‍മാത്രമായി ഉള്ളതല്ല. മനുഷ്യന് വഴികാട്ടുക എന്നതാണതിന്റെ ദൗത്യം. മനുഷ്യന്റെ വൈയക്തിക-സാമൂഹിക- നാഗരിക-സാംസ്‌കാരിക ജീവിതത്തിന് ഈ മാര്‍ഗദര്‍ശനംകൂടാതെ നിലനില്‍ക്കാനാവില്ല എന്നാണ് ഇസ്‌ലാം പറയുന്നത്. ഓരോ മനുഷ്യന്റെയും കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍, നിയമങ്ങളാകുന്ന പ്രസ്തുത മാര്‍ഗദര്‍ശനത്തിന്റെ ആവശ്യമുണ്ട്. അതിനാല്‍ സിവില്‍-ക്രിമിനല്‍ നിയമങ്ങളില്‍ മാത്രം അത് പരിമിതപ്പെട്ടുപോയില്ല. വൃത്തി, ആരാധനാനുഷ്ഠാനം, സ്വഭാവരൂപവത്കരണം, മനഃസംസ്‌കരണം , സംസ്‌കാരം, നാഗരികത എന്നിവയിലെല്ലാം തന്നെ അതിന് നിയമങ്ങളുണ്ട്.

4. മനുഷ്യനിയമങ്ങളുടെ അടിത്തറ ഗോത്രാചാര സമ്പ്രദായങ്ങളിലും മാമൂലുകളിലും അധിഷ്ഠിതമാണ്. അനിവാര്യസാഹചര്യങ്ങളിലാണ് അത്തരം ആചാരസമ്പ്രദായങ്ങള്‍ നിയമമായി മാറിയിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിനുശേഷം നിയമാവിഷ്‌കാര തത്ത്വചിന്ത വികസിക്കുകയും കാരുണ്യം , നീതി, സമത്വം, മനുഷ്യത്വം തുടങ്ങി സാര്‍വലൗകികമൂല്യങ്ങളില്‍ അധിഷ്ഠിതമാവുകയുംചെയ്തു. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യനിര്‍മിത പൗരാണിക നിയമങ്ങളും പുതിയ നിയമങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ മനുഷ്യാരംഭം മുതല്‍ക്കുള്ള ഇസ്‌ലാമികനിയമങ്ങള്‍ യാതൊരുവിധ ഗോത്രപക്ഷപാതങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ വിധേയമായവയല്ല. ഇനി അത്തരം ആചാരസമ്പ്രദായങ്ങള്‍ക്ക് നിയമത്തില്‍ ഇടംനല്‍കിയിട്ടുണ്ടെങ്കില്‍തന്നെ അത് ഇസ്‌ലാമികതത്ത്വങ്ങള്‍ക്ക് എതിരല്ല എന്നതുകൊണ്ടുമാത്രമാണ്.

5. ഏതൊരു നിയമസംവിധാനത്തിനകത്തും ഒരുമയും യോജിപ്പും ഉണ്ടാവണം. അതിന്റെ അഭാവത്തില്‍ നിയമത്തിലൂടെ ഉദ്ദേശിക്കപ്പെടുന്ന നീതിനിര്‍വഹണം സാധ്യമാവുകയില്ല. മുമ്പുണ്ടായിരുന്ന നിയമവും ഏറ്റവും പുതിയതും തമ്മില്‍ യാതൊരു ബന്ധവും കാണാത്തതിനാല്‍ മനുഷ്യനിര്‍മിതനിയമത്തില്‍ ഈ പൊരുത്തം ഇല്ലെന്നുപറയേണ്ടിവരും.

ഇസ്‌ലാമികനിയമം ഏകനായ ദൈവത്തില്‍നിന്നുള്ള നിയമശാസനകളാണ്. അതിനാല്‍ നിയമങ്ങള്‍ തമ്മില്‍ ഒത്തൊരുമയും യോജിപ്പും കാണാനാവും. എല്ലാ പ്രവാചകന്‍മാര്‍ക്കും നല്‍കപ്പെട്ട നിയമസംഹിതകളുടെ അടിസ്ഥാനം ഒന്നാണ്. ഇസ്‌ലാമികനിയമത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണുന്നത് അത് വിദ്വേഷവും വെറുപ്പും വിഭാഗീയചിന്തയും ഉള്ളില്‍പേറുന്ന സങ്കുചിതചിന്താഗതിക്കാര്‍ ഇസ്‌ലാമികശരീഅത്ത് കൈകാര്യം ചെയ്യുന്നത് കൊണ്ടുമാത്രമാണ്. അതല്ലാതെ ഇസ്‌ലാമികനിയമത്തിന്റെ സഹജപ്രകൃതം അങ്ങനെയായതുകൊണ്ടല്ല. അറേബ്യയിലെ ബഹുദൈവാരാധകരും ജൂത- ക്രൈസ്തവ വിഭാഗങ്ങളും മുഹമ്മദ് നബിയെ അംഗീകരിക്കാതിരുന്നത് അവരുടെ ബഗ്‌യ്(ശത്രുത, പക്ഷപാതചിന്ത) മൂലമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

About the author

padasalaadmin

Add Comment

Click here to post a comment

Topics