രാഷ്ട്രീയം

ഇസ്‌ലാമിക രാഷ്ട്രീയം

നിരുപാധികമായി ആധിപത്യം വാഴാനും ആജ്ഞ പുറപ്പെടുവിക്കാനും നിയമനിര്‍മാണം നടത്താനും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ അവകാശമില്ല. തങ്ങള്‍ക്കുവേണ്ടിയോ അന്യര്‍ക്കുവേണ്ടിയോ യഥേഷ്ടം നിയമം നിര്‍മിച്ചു നടപ്പില്‍ വരുത്തുവാന്‍ അവര്‍ക്ക് അധികാരമില്ല. ഒരാള്‍ നിരുപാധികം ആജ്ഞ പുറപ്പെടുവിക്കുക, മറ്റുള്ളവര്‍ അത് അനുസരിക്കുക, ഒരുകൂട്ടര്‍ സ്വാഭീഷ്ടപ്രകാരം നിയമം ആവിഷ്‌കരിക്കുക മറ്റുള്ളവര്‍ അതനുസരിച്ച് ജീവിക്കുക എന്നീ നിലപാടുകള്‍ മനുഷ്യര്‍ക്കിടയില്‍ ശരിയല്ല. നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിന്നാണ് എന്നതേ്രത ഇസ്‌ലാമികരാഷ്ട്രീയത്തിന്റെ പ്രാഥമികതത്ത്വം. അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അടിസ്ഥാനതത്ത്വങ്ങള്‍ക്ക് രൂപം നല്‍കാന്‍ മനുഷ്യന് അധികാരമില്ല. എന്നാല്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടില്ലാത്ത പ്രശ്‌നങ്ങളില്‍ ഇസ്‌ലാമികതത്ത്വങ്ങളുടെ അന്തസ്സത്തയ്ക്ക് യോജിക്കുംവിധം നിയമനിര്‍മാണം നടത്താന്‍ ഇജ്തിഹാദിന് യോഗ്യതയും കാര്യവിവരവുമുള്ള പണ്ഡിതന്‍മാര്‍ക്ക് ശരീഅത് അധികാരം നല്‍കുന്നുണ്ട്.

‘നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ'(അഅ്‌റാഫ് 3). ശരീഅത്ത് നിയമങ്ങളെ ലംഘിക്കരുതെന്നും അതിനെ അവഗണിക്കുന്നവര്‍ സത്യനിഷേധികളും അധര്‍മകാരികളും താന്തോന്നികളുമാണെന്നും ഖുര്‍ആന്‍ തീര്‍ത്തുപറയുന്നു. ‘ആര്‍ അല്ലാഹു ഇറക്കിയപ്രകാരം വിധിക്കാതിരിക്കുന്നുവോ അവര്‍തന്നെയാണ് സത്യനിഷേധികള്‍. ആര്‍ അല്ലാഹു ഇറക്കിയതനുസരിച്ച് ആരെങ്കിലും വിധിക്കാതിരുന്നാല്‍ അവര്‍ തന്നെയാണ് അക്രമികള്‍. ആരെങ്കിലും അല്ലാഹു ഇറക്കിയതനുസരിച്ച് വിധിക്കാതിരുന്നാല്‍ അവര്‍ തന്നെയാണ് കുഴപ്പക്കാര്‍(മാഇദ 44,45,47)’. അല്ലാഹുവും പ്രവാചകനും നിര്‍ദ്ദേശിച്ചതല്ലാത്ത നിയമങ്ങളെ പിന്തുടരുന്നവര്‍ വ്യക്തമായും വഴികേടിലകപ്പെട്ടവരാണെന്ന് (അഹ്‌സാബ് 36) അല്ലാഹു പറഞ്ഞിരിക്കുന്നു.
ഇസ്‌ലാമികഗവണ്‍മെന്റ് ദൈവികനിയമങ്ങളനുസരിച്ച് മുന്നോട്ടുനീങ്ങുന്നുവെന്നതിനര്‍ഥം അത് ദൈവാധിപത്യഭരണം(തിയോക്രസി) ആണെന്ന് തെറ്റുധരിക്കേണ്ടതില്ല. ദൈവത്തിന്റെ പ്രതിപുരുഷന്‍മാരെന്ന വ്യാജേന മതമേധാവികളും രാജാക്കന്‍മാരും തന്നിഷ്ടപ്രകാരം നിയമനിര്‍മാണം നടത്തിയിരുന്ന പ്രാചീനസമ്പ്രദായത്തില്‍നിന്ന് ഉടലെടുത്തതാണ് തിയോക്രസി. അതില്‍ നിന്ന് ഭിന്നമായി ഖുര്‍ആന്റെ ലിഖിതനിയമങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമികരാഷ്ട്രത്തിന്റെ ഭരണഘടന. ഖുര്‍ആന്റെ വീക്ഷണത്തില്‍ ഭൂമിയിലെ വികസനം നടപ്പാക്കേണ്ട ദൈവപ്രതിനിധികളാണ് ജനങ്ങള്‍.
അധികാരം സമൂഹത്തില്‍ നിക്ഷിപ്തമാണ് എന്നതുകൊണ്ടാണ് തന്റെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അല്ലാഹു വിശ്വാസികളോട് ആജ്ഞാപിച്ചത്. ‘വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവന്റെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു ‘(അല്‍ ബഖറ 178). സമൂഹത്തില്‍ അര്‍പ്പിതമായ ചുമതലകള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ല. തന്നിമിത്തം സമൂഹത്തിനുവേണ്ടി ആ കൃത്യം നിര്‍വഹിക്കാന്‍ ചില പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്ന് അല്ലാഹു നിര്‍ദ്ദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കുതന്ത്രവും ബലവും ഉപയോഗിച്ചല്ല നടത്തേണ്ടത്. പൊതുനന്‍മയെ ലാക്കാക്കി പൂര്‍ണമനസ്സോടെയായിരിക്കണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ സമൂഹത്തിന്റെ മേല്‍നോട്ടത്തിന് വിധേയരായിരിക്കും. കൈകാര്യകര്‍ത്താക്കള്‍(ഉലുല്‍ അംറ്) എന്ന് അല്ലാഹു വിശേഷിപ്പിച്ച ഈ പ്രതിനിധികള്‍ സമുദായനന്‍മക്ക് അഹോരാത്രം യത്‌നിക്കുകയും യുദ്ധത്തിലും സമാധാനത്തിലും സമുദായത്തിന്റെ രാഷ്ട്രീയനയത്തിന് രൂപം നല്‍കുകയും ചെയ്യുന്ന ഉന്നതാധികാരസഭയാണ്. ഇവരെ അനുസരിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics