Home / നാഗരികത / കല / കലിഗ്രഫി / ഇസ് ലാമിക് കലിഗ്രഫി

ഇസ് ലാമിക് കലിഗ്രഫി

പേനകൊണ്ടോ ബ്രഷ്‌കൊണ്ടോ കടലാസിലോ അതേപോലെയുള്ള മറ്റുപ്രതലങ്ങളിലോ സുന്ദരമായി എഴുതുന്ന കലയാണ് കാലിഗ്രാഫി അഥവാ കയ്യെഴുത്തുകല. വടിവോടും അല്ലാതെയും എഴുതുന്ന ഈ രചനാരൂപവും സാധാരണകയ്യെഴുത്തും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് കാലിഗ്രാഫിയുടെ കലാപരമായ അംശത്തിന്‍െര അടിസ്ഥാനത്തിലാണ്.

ക്രിസ്തുവിന് മുമ്പ് 2560 വര്‍ഷങ്ങള്‍ക്കും 2420 വര്‍ഷങ്ങള്‍ക്കുമിടയില്‍ ഈജിപ്ത് ഭരിച്ചിരുന്ന അഞ്ചാം രാജവംശത്തിന്റെ കാലത്ത് രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പാപ്പിറസ് മാധ്യമത്തില്‍ രചിത ലിഖിതമാതൃകകളാണ് ലോകത്തിലെ ആദ്യത്തെ കാലിഗ്രാഫിക് രചനകള്‍. പുരാതനഗ്രീസില്‍ കണക്കുകളെഴുതി സൂക്ഷിച്ചിരുന്ന ലിപിയോടൊപ്പം കലാസൗന്ദര്യമുള്ള കയ്യെഴുത്ത് ലിപികളും വികസിച്ചുവന്നു. എടുപ്പുകളിലും ചരിത്രസ്മാരകങ്ങളിലും മറ്റും പേരെഴുതിവെക്കുമ്പോള്‍ അത് അതിമനോഹരമായിരിക്കണമെന്ന് ആളുകള്‍ നിഷ്‌കര്‍ഷിച്ചു.
യൂറോപ്പില്‍ രണ്ടുതരം രചനാരൂപങ്ങളാണ് ഉണ്ടായിരുന്നത്. വലിയക്ഷരങ്ങള്‍ക്ക് ഒരു രീതി ചെറിയക്ഷരങ്ങള്‍ക്ക് മറ്റൊരു രീതി എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഷാര്‍ലമൈന്‍ ഇത് പരിഷ്‌കരിക്കുകയും ചെറിയക്ഷരങ്ങള്‍ക്ക് കുറേക്കൂടി ഭംഗിയും വ്യക്തതയും വരുത്തുകയുംചെയ്തു. പതിനഞ്ചാംനൂറ്റാണ്ടില്‍ ഇറ്റലിയില്‍ കാലിഗ്രാഫി പല വികാസപരിണാമങ്ങള്‍ക്കുവിധേയമായി. അച്ചടി കണ്ടുപിടിച്ചതോടെ നിത്യജീവിതത്തില്‍ കാലിഗ്രാഫിയുടെ പ്രയോഗം കുറഞ്ഞുവന്നുവെങ്കിലും അതതുപ്രദേശത്തെ കയ്യെഴുത്തുരീതികള്‍ അച്ചടിയെ പ്രാദേശികമായി വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
മുസ്‌ലിംകള്‍ക്കിടയില്‍ വാസ്തുശില്‍പവും കാലിഗ്രാഫിയുമാണ് മതസമ്മതിയുള്ള കലാരൂപങ്ങളായി സാമാന്യേന ഗണിക്കപ്പെടുന്നത്. ജീവജാലങ്ങളുടെ ചിത്രങ്ങള്‍ വരക്കുന്നതിനുള്ള നിയന്ത്രണം അക്ഷരങ്ങളെ കലാപരമായി ആലേഖനംചെയ്യുന്നതിനുള്ള ആവിഷ് കാരരീതിക്ക് പ്രോത്സാഹനമേകുകയായിരുന്നു. ഖുര്‍ആനാണ് മുസ് ലിംകളുടെ വേദഗ്രന്ഥം. നബിയുടെ കാലത്തുതന്നെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈത്തപ്പനയോല, ഒട്ടകത്തിന്റെ എല്ല്, മൃഗത്തോലുകള്‍, മരപ്പലകകള്‍ എന്നിവയില്‍ ആലേഖനംചെയ്ത് സൂക്ഷിക്കപ്പെട്ടിരുന്നു. ഇത് ഒരു പുണ്യകര്‍മമായി കരുതപ്പെട്ടതിനാല്‍ കഴിയുന്നത്ര ഭംഗിയായും കലാപരമായും ഖുര്‍ആന്‍ എഴുതുന്നതില്‍ ലേഖകന്‍മാര്‍ ശ്രദ്ധവെച്ചു.കയ്യെഴുത്തുകല വളര്‍ന്നുവന്നത് ഈ ശ്രദ്ധയിലൂടെയാണ്.
അറബി ലിപി വളര്‍ന്നുവന്നത് കൂഫി രചനാസമ്പ്രദായങ്ങളിലൂടെയാണ്. വളരെയധികം അലങ്കാരപ്പണികളോടെ എഴുതിയിരുന്ന കൂഫി അക്ഷരങ്ങള്‍ വായിക്കാന്‍ താരതമ്യേന പ്രയാസമായിരുന്നു. അതോടെ ഒഴുക്കന്‍ മട്ടില്‍ എഴുതാന്‍ കഴിയുന്ന നസ്ഖി അക്ഷരങ്ങള്‍ പ്രചാരത്തിലായി.
സ്വന്തം കൈയക്ഷരത്തില്‍ ഖുര്‍ആന്‍ എഴുതിസൂക്ഷിക്കുന്നതില്‍ പ്രാചീനമുസ്‌ലിംകള്‍ അഭിമാനിച്ചിരുന്നു. എഴുതുന്നതിലൂടെ മനപാഠമാക്കാന്‍ എളുപ്പമായിരുന്നു. ഉമവി-അബ്ബാസി ഖലീഫമാരുടെ കാലത്ത് കയ്യെഴുത്തുകലയ്ക്ക് അതിയായ പ്രോത്സാഹനംലഭിച്ചു. അക്കാലഘട്ടത്തിലുള്ള സ്വര്‍ണം, വെള്ളി,ചെമ്പ് ലോഹനാണയങ്ങളില്‍ ഇസ് ലാമികലിഖിതരൂപങ്ങള്‍ സ്ഥാനം പിടിച്ചു. കാലാന്തരത്തില്‍ വര്‍ണങ്ങളും അലങ്കാരരൂപങ്ങളും രചനകളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഖുര്‍ആനിലെ സൂറകളെയും ജുസുഉകളെയും വേര്‍തിരിക്കുന്ന സ്ഥലങ്ങളില്‍ മനോഹരമായ അലങ്കാരപ്പണികള്‍ ആലേഖനംചെയ്യുന്നതും പേജുകളുടെ അരികുകളില്‍ അലങ്കാരപ്പണികള്‍ ചിത്രണംചെയ്യുന്നതും സാധാരണമായിത്തീര്‍ന്നു. അറബിഭാഷ വിവിധരൂപങ്ങളില്‍ എഴുതിയിരുന്നെങ്കിലും മുഖ്യമായും കൂഫി, നസ്ഖി, മുഹഖ്ഖക്, തുല്‍ത്, റൈഹാന്‍, മഗ്‌രിബി എന്നീ രചനാരീതികളിലേ ഖുര്‍ആന്‍ എഴുതിയിരുന്നുള്ളൂ.
ഉസ്മാനിയ ഖലീഫമാരുടെ കാലത്ത് കയ്യെഴുത്തുകലയ്ക്ക് വളരെയേറെ പ്രോത്സാഹനംലഭിച്ചു. കടലാസില്‍ രേഖപ്പെടുത്തുന്നതോടൊപ്പം മരങ്ങള്‍ ലോഹങ്ങള്‍ എന്നീ മാധ്യമങ്ങളിലും അക്ഷരങ്ങള്‍ കൊത്തിവെക്കാന്‍ തുടങ്ങി. പള്ളികളുടെ ഖുബ്ബകളിലും വാതിലുകളിലും കാലിഗ്രാഫിക്ക് രൂപങ്ങള്‍ മുദ്രണംചെയ്യുന്ന പതിവ് ദൃശ്യമായി. കാലിഗ്രാഫിക് മുദ്രകള്‍രാജാക്കന്‍മാര്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. മുഗളകാലത്ത് കയ്യെഴുത്ത് കല അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ പെയിന്റിങ് വാസ്തുശില്പം എന്നീ മേഖലകളിലേക്കും വ്യാപിച്ചു. വെറുംകയ്യെഴുത്ത് എന്നതിനപ്പുറം നാണയങ്ങള്‍, മുദ്രകള്‍, പാത്രങ്ങള്‍, കെട്ടിടങ്ങള്‍, ജാലകങ്ങള്‍, പള്ളിമിനാരങ്ങള്‍ എന്നിവ രൂപകല്‍പനചെയ്യുമ്പോള്‍ ഒരു കലാരൂപമായിത്തന്നെ അക്ഷരങ്ങളുടെ സന്നിവേശം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.
അറബി കാലിഗ്രാഫിയുടെ പ്രമുഖ ശൈലികള്‍ നസ്ഖി, തഅ്‌ലീഖ്, തലൂത്, മഗ് രിബി, ദീവാനി തുടങ്ങിയവയാണ്.അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് മഗ് രിബി ശൈലിയും മറ്റുഭാഗങ്ങളില്‍ റുഖഅ് ശൈലിയുമാണ് സാമാന്യേന ഉപയോഗിക്കുന്നത്. തുര്‍ക്കിയിലും ഇറാനിലുമാണ് ദീവാനി രീതിയുടെ ഉപയോഗം കൂടുതലും.

About