ഇസ്‌ലാമികസമൂഹത്തിന് അധികാരം ഉണ്ടായിരുന്ന രാഷ്ട്രങ്ങളില്‍ ഏഴാംനൂറ്റാണ്ടുമുതല്‍ക്ക് ദൃശ്യമായ കലാരൂപങ്ങളാണ് ഇസ്‌ലാമികകലാരൂപങ്ങള്‍ (ഇസ്‌ലാമിക് ആര്‍ട്ട്)എന്നറിയപ്പെടുന്നത്. വ്യത്യസ്തദേശങ്ങളിലും ഭാഷാസമൂഹങ്ങളിലും മറ്റുമായി ചിതറിക്കിടക്കുന്നതുകൊണ്ട് കൃത്യമായി അവയെത്രതരമുണ്ടെന്ന് ക്ലിപ്തപ്പെടുത്താന്‍ പ്രയാസമാണ്. അതിലുള്‍പ്പെട്ട ഇസ്‌ലാമികവാസ്തുശില്‍പവിദ്യ വലിയൊരു അധ്യായമാക്കാന്‍ കഴിയുംവിധം വിശാലമായ ഒന്നാണ്. കലിഗ്രാഫി, പെയിന്റിങ്, ഗ്ലാസ് വര്‍ക്, പോട്ടറി, തുണിത്തരങ്ങള്‍, കാര്‍പെറ്റുകള്‍, അലങ്കാരത്തുന്നലുകള്‍ എന്നിവ അക്കൂട്ടത്തിലുണ്ട്.
ഇസ്‌ലാമികകല എന്നത് മതകീയമായ ഒരു ആശയമല്ല. അതേസമയം ഇസ്‌ലാമികസമൂഹത്തിന്റെ സംസ്‌കാരവും മൂല്യങ്ങളും സന്നിവേശിപ്പിച്ചുകൊണ്ടുള്ള സൗന്ദര്യാസ്വാദനത്തിന്റെ പ്രകാശനമാണ് അതെന്ന് കാണാനാകും. മധ്യകാലപടിഞ്ഞാറന്‍ കലാരൂപങ്ങളില്‍നിന്ന് വ്യത്യസ്തമായി മതകീയ ബന്ധമുള്ളതായി അതില്‍ കാണാനാകുന്ന ഒരു കലാരൂപം ഒരുപക്ഷേ പള്ളികളില്‍ കാണുന്ന കാലിഗ്രാഫി എഴുത്തുകളായിരിക്കും. രാജകൊട്ടാരങ്ങളുടെ ചുവരുകളിലും അവിടങ്ങളില്‍ പ്രകാശനംചെയ്യപ്പെടുന്ന കാവ്യഗ്രന്ഥങ്ങളുടെ പേജുകളിലും കോറിയിട്ടിട്ടുള്ള ചിത്രങ്ങള്‍ തികച്ചും സെക്യുലര്‍ പശ്ചാത്തലത്തിലുള്ളതാണ്.
റോമന്‍-പ്രാചീനക്രൈസ്തവ-ബൈസാന്റൈന്‍ കലാ-വാസ്തുരൂപങ്ങളില്‍നിന്ന് ഏറെ സ്വാംശീകരിച്ചുകൊണ്ടാണ് ഇസ്‌ലാമിക് ആര്‍ട്ട് വികസിച്ചുവന്നിട്ടുള്ളത്. പ്രവാചകപ്രബോധനത്തിന് മുമ്പുള്ള പേര്‍ഷ്യയിലെ സാസ്സാനിയന്‍ സ്വാധീനം അതില്‍ മുഖ്യപങ്കുവഹിക്കുന്നു. അതേപോലെ ഇസ്‌ലാമികചിത്രകല, കളിമണ്‍പാത്രനിര്‍മാണം, തുണിനെയ്ത്ത് എന്നിവയില്‍ ചൈനയുടെ സംഭാവനകള്‍ ദൃശ്യമാണ്.
പൂര്‍ണമായിട്ടല്ലെങ്കിലും പ്രത്യക്ഷത്തില്‍ ഇസ്‌ലാമികകലാരൂപകല്‍പനകളില്‍ കാണാനാകുന്നത് ജ്യാമിതീയ രൂപങ്ങളും സസ്യജാലരൂപങ്ങളുമാണ്. ഒറ്റപ്പെട്ടാണെങ്കിലും പാറ്റേണ്‍ ചിത്രീകരണത്തില്‍ മൃഗങ്ങളുടെ രൂപവും കണ്ടെത്താനാകും. ഇന്നും കാലാതിവര്‍ത്തിയായി തുടരുന്ന കലാനിര്‍മിതിയാണ് ഇസ്‌ലാമിക് ആര്‍ട്ടെന്ന് നിസ്സംശയം പറയാം.
Add Comment