ഖുര്‍ആന്‍-പഠനങ്ങള്‍

ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍

ഇസ്‌ലാം വിജ്ഞാനീയങ്ങളില്‍ സുപ്രധാനമായവയാണ് ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍. ‘ഫസ്സറ’ (വിശദീകരിക്കുക, വ്യാഖ്യാനിക്കുക) എന്ന ക്രിയാധാതുവില്‍നിന്നാണ് തഫ്‌സീര്‍ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായകരമാവുന്ന അര്‍ഥവിശദീകരണം, നിയമനിര്‍ധാരണം, ചരിത്രവിവരണം എന്നിവയെല്ലാം തഫ്‌സീറിന്റെ പരിധിയില്‍ വരുന്നു. വ്യാഖ്യാനിക്കുന്ന ആള്‍ക്ക് മുഫസ്സിര്‍ എന്നാണ് പറയുക. തഫ്‌സീര്‍ എന്ന അര്‍ഥത്തില്‍ തന്നെ തഅ്‌വീല്‍ എന്ന പദവും ഉപയോഗിക്കാറുണ്ട്. ‘തഫ്‌സീര്‍’ ബാഹ്യാര്‍ഥ വ്യാഖ്യാനവും ‘തഅ്‌വീല്‍ ‘ ആന്തരാര്‍ഥവ്യാഖ്യാനവുമാണെന്നാണ് ഒരഭിപ്രായം. രണ്ടും തമ്മില്‍ വ്യത്യാസമില്ല എന്നും അഭിപ്രായമുണ്ട്.

പതിനാലുനൂറ്റാണ്ടുകളിലായി ധാരാളം പണ്ഡിതന്‍മാര്‍ ഖുര്‍ആന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. അറബിയല്ലാത്ത ഭാഷകളിലും ധാരാളം ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുണ്ട്. ഉറുദുവില്‍ മുന്നൂറിലധികം തഫ്‌സീറുകളുണ്ടത്രേ.
അറബിയില്‍ അവതീര്‍ണമായ ഖുര്‍ആന്റെ ഉള്ളടക്കം ഗ്രഹിക്കാന്‍ നബിയുടെ പ്രഥമസംബോധിതര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഖുര്‍ആന്‍ വിശദീകരിക്കാതെ സൂചനയില്‍ ഒതുക്കിയ കാര്യങ്ങള്‍ നബി അവര്‍ക്ക് വിവരിച്ചുകൊടുത്തു. ഇസ്‌ലാം അറേബ്യയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയും അറബി അറിയാത്ത ജനങ്ങള്‍ ഇസ് ലാം സ്വീകരിക്കുകയും ചെയ്തപ്പോള്‍ ഖുര്‍ആന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ടതായി വന്നു. പ്രവാചകനില്‍നിന്ന് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അവസരം ലഭിക്കാതിരുന്ന രണ്ടാം തലമുറക്കാര്‍ക്കും വിശദീകരണം ആവശ്യമായിരുന്നു. ഖുര്‍ആനിലെ ഓരോ വാക്യത്തിന്റെയും അവതരണ പശ്ചാത്തലം നബി ശിഷ്യന്‍മാരില്‍നിന്ന് അവര്‍ ചോദിച്ചറിഞ്ഞു. ഈ വിവരങ്ങള്‍ക്ക് പുറമെ അറബിഭാഷാശൈലി പ്രയോഗം, വ്യാകരണം, സാഹിത്യം, വാക്കര്‍ഥം മുതലായവയും പഠനവിധേയമാക്കേണ്ടി വന്നു. ഖുര്‍ആന്‍ വ്യാഖ്യാനം ഒരു സ്വതന്ത്രവിജ്ഞാന ശാഖയായി വളരാനാരംഭിച്ചത് അങ്ങനെയാണ്.
ഖുര്‍ആന്‍ തന്നെയാണ് ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പ്രഥമസ്രോതസ്സ്. ‘ഖുര്‍ആന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ വിശദീകരിക്കുന്നു’ എന്നത് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏകകണ്ഠമായി അംഗീകരിച്ച തത്ത്വമാണ്. പ്രവാചകചര്യയാണ് ദ്വിതീയസ്രോതസ്സ്. ‘ജനങ്ങള്‍ക്ക് അവതരിച്ചത് അവര്‍ക്ക് വിവരിച്ചുകൊടുക്കാനും അവര്‍ ആലോചിക്കാനും ഈ ഖുര്‍ആന്‍ നാം താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ പറയുന്നു. ‘നബിയുടെ സ്വഭാവം ഖുര്‍ആനായിരുന്നു ‘എന്ന് നബി പത്‌നി ആഇശ(റ) പറഞ്ഞു. ഖുര്‍ആന്റെ ജീവിക്കുന്ന വ്യാഖ്യാനമായിരുന്നു പ്രവാചകന്‍. നബിയുടെ വാക്കും പ്രവൃത്തിയുമാണ് ഖുര്‍ആന്റെ ഏറ്റവും ആധികാരികമായ വ്യാഖ്യാനം. നബിയില്‍നിന്ന് നബിശിഷ്യന്‍മാര്‍ അത് പഠിച്ച് പിന്‍ഗാമികള്‍ക്ക് കൈമാറി.

അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഉബയ്യ് ബ്‌നു കഅ്ബ്, സൈദ് ഇബ്‌നു സാബിത്, അബൂമൂസല്‍ അശ്അരി, അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റദിയല്ലാഹു അന്‍ഹും)എന്നിവരാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായി അറിയപ്പെടുന്ന സ്വഹാബികള്‍.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞതായി ഇബ്‌നു ജരീര്‍ ഉദ്ധരിക്കുന്നു. ‘ഏകനായ അല്ലാഹുവാണ സത്യം. ദൈവഗ്രന്ഥത്തിലെ ഏതൊരു വചനവും ആരുടെ കാര്യത്തില്‍ എവിടെവെച്ച് അവതരിച്ചു എന്ന് എനിക്ക് നന്നായറിയാം. ദൈവഗ്രന്ഥത്തെപ്പറ്റി എന്നെക്കാള്‍ അറിയുന്ന ആരെങ്കിലും വാഹനപ്പുറത്ത് ചെന്നെത്താവുന്ന സ്ഥലത്തുണ്ടെങ്കില്‍ ഞാനവിടെപ്പോവും.’

അബ്ദുല്ലാഹിബ്‌നു അബ്ബാസ്, തര്‍ജുമാനുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ വ്യാഖ്യാതാവ് ) എന്നറിയപ്പെട്ട പണ്ഡിതനായിരുന്നു.
ഇസ്‌ലാമിന്റെ അംഗീകൃതതത്ത്വങ്ങള്‍ക്കോ പ്രവാചകസുന്നത്തിനോ എതിരാവുന്ന രീതിയില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കാവതല്ലെന്ന് പണ്ഡിതന്‍മാര്‍ തീര്‍ത്തുപറഞ്ഞിരിക്കുന്നു. തന്നിഷ്ടപ്രകാരം ദൈവവചനങ്ങള്‍ വ്യാഖ്യാനിക്കുന്നതിനെതിരെ പ്രവാചകന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അത്തരമാളുകളുടെ ഇരിപ്പിടം നരകമാണെന്ന് വരെ താക്കീത് ചെയ്തു. അറിയാത്ത കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ സഹാബികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ‘ആയിരം വര്‍ഷത്തോളം വലിപ്പമുള്ള ദിവസം'(അസ്സജദ 5) എന്ന് ഖുര്‍ആന്‍ പറഞ്ഞതിനെക്കുറിച്ച് ഒരാള്‍ ഇബ്‌നുഅബ്ബാസിനോട് വിശദീകരണം തേടി. ‘അമ്പതിനായിരം കൊല്ലത്തോളം വലിപ്പമുള്ള ദിവസം'(അല്‍ മആരിജ് 4)എന്ന ഖുര്‍ആന്‍ പരാമര്‍ശത്തിന്റെ താല്‍പര്യമെന്താണെന്ന് ഇബ്‌നു അബ്ബാസ് ചോദ്യകര്‍ത്താവിനോട് തിരിച്ചുചോദിച്ചു. തനിക്കാവശ്യം അതിന്റെ വിശദീകരണംതന്നെയാണെന്ന് ചോദ്യകര്‍ത്താവ് പറഞ്ഞു. ‘ഖുര്‍ആനില്‍ അങ്ങനെ രണ്ടുദിവസത്തെക്കുറിച്ച് പറയുന്നത് അവ ഏതാണെന്ന് അല്ലാഹുവിന്നറിയാം’എന്ന് ഇബ്‌നു അബ്ബാസ് മറുപടി നല്‍കി. അറിയുന്ന കാര്യങ്ങള്‍ പറയുകയും അറിയാത്ത കാര്യങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന പൂര്‍വികരുടെ സമ്പ്രദായത്തിന്റെ ഉത്തമ ഉദാഹരണമാണിത്.

ഖുര്‍ആന്‍ വ്യാഖ്യാനം മൊത്തത്തില്‍ മൂന്നു വിധമാണെന്ന് ഇബ്‌നു ജരീര്‍ ത്വബ്‌രി അഭിപ്രായപ്പെടുന്നു. അല്ലാഹുവിന് മാത്രമറിയുന്നതും മറ്റാര്‍ക്കും അറിയാത്തതുമാണ് ഒന്ന്. ലോകാവസാനസമയം, ഈസാനബി വരുന്ന സമയം, കാഹളത്തില്‍ ഊതുന്ന സമയം എന്നിങ്ങനെ വരാനിരിക്കുന്ന സംഭവങ്ങളുടെ സമയങ്ങളും അതുപോലുള്ള കാര്യങ്ങളുമാണത്. അല്ലാഹു നബിക്ക് അറിയിച്ചുകൊടുക്കുകയും നബി ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയുംചെയ്ത കാര്യങ്ങളാണ് രണ്ടാമത്തേത്. മതവിധികള്‍ , ശിക്ഷാനിയമങ്ങള്‍ , അനുഷ്ഠാനക്രമങ്ങള്‍ മുതലായവ ഇതിനുദാഹരണമാണ്. ഖുര്‍ആന്റെ ഭാഷയായ അറബിയെയും അതിന്റെ വ്യാകരണവും അറിയുന്നവര്‍ക്ക് മനസ്സിലാവുന്ന കാര്യങ്ങളാണ് മൂന്നാമത്തേത്.

ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ വ്യാഖ്യാനങ്ങളുടെ സഹായം ആവശ്യമാണ്. അവതരണ പശ്ചാത്തലം (സബബുന്നുസൂല്‍) അറിഞ്ഞാലേ ചില വചനങ്ങളുടെ ഉദ്ദേശ്യം ശരിയായി ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ചില പ്രയോഗങ്ങളുടെ അര്‍ഥമറിയാനും തഫ്‌സീറിന്റെ സഹായം ആവശ്യമായി വരുന്നു. മുഹ്കമ്, മുതശാബിഹാത്, നസ്ഖ് എന്നിവയില്‍ വ്യാഖ്യാനത്തിന്റെ സഹായം അത്യാവശ്യമാണ്. അടിസ്ഥാന തത്ത്വങ്ങള്‍ക്കോ സ്ഥിരീകരിക്കപ്പെട്ട പ്രവാചക ചര്യക്കോ പ്രാമാണികമായ പൂര്‍വികാഭിപ്രായങ്ങള്‍ക്കോ വിരുദ്ധമാകാത്ത രീതിയില്‍ വൈജ്ഞാനിക വളര്‍ച്ചയുടെയും കാലത്തിന്റെയും നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഖുര്‍ആന് ധാരാളം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം തന്നെ സ്വീകാര്യങ്ങളായി മുസ്‌ലിംസമൂഹം അംഗീകരിക്കുകയും ചെയ്യുന്നു. നബിയില്‍നിന്ന് വ്യാഖ്യാനം ലഭിക്കേണ്ട വിഷയങ്ങള്‍ വിശദീകരിക്കുമ്പോള്‍ ആധികാരികമായ ഹദീസുകള്‍ ഉദ്ധരിക്കുകയും ഭാഷാജ്ഞാനം വഴി മനസ്സിലാക്കേണ്ട വിഷയങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ വ്യാകരണനിയമങ്ങളും ശൈലികളും പ്രയോഗങ്ങളും വഴി വ്യക്തമാക്കുകയും ചെയ്യാന്‍ വ്യാഖ്യാതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഇബ്‌നു ജരീര്‍ പറഞ്ഞിട്ടുണ്ട്. പ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ അവലംബിച്ചിട്ടുള്ള രീതിയും ഇതാണ്. ഖുര്‍ആന്‍ കൊണ്ടുതന്നെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതാണ് ഏറ്റവും ഉചിതം എന്ന് പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കസീര്‍ പറയുന്നു.സുന്നത്താണ് രണ്ടാമത്തെ മാര്‍ഗം. കൃത്യമായി അറിയാത്തതോ തെളിയിക്കപ്പെടാത്തതോ ആയ നിവേദനങ്ങള്‍ സ്വീകരിക്കരുത് എന്ന തത്ത്വം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവെ അംഗീകരിക്കുന്നു. ഈ തത്ത്വത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ ഖുര്‍ആന്റെ സാരം വിശദീകരിക്കാനും അതുവഴി പുതിയ അര്‍ത്ഥതലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും വിവിധകാലഘട്ടങ്ങളിലെ പണ്ഡിതന്‍മാര്‍ ഉത്സാഹിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന അനേകം തഫ്‌സീറുകള്‍.
തഫ്‌സീറുകളെ മൊത്തത്തില്‍ മൂന്നായി തിരിക്കാം.

1. തഫ്‌സീറുബിര്‍റിവായ അഥവാ തഫ്‌സീറു ബില്‍ മഅ്‌സൂര്‍, ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബികളില്‍നിന്നുള്ള നിവേദനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള വ്യാഖ്യാനമാണിത്.

2. തഫ്‌സീറു ബിര്‍റഅ്‌യ് ആധാരരേഖകളെ അടിസ്ഥാനമാക്കി ഗവേഷണംചെയ്ത് എത്തിച്ചേരുന്ന നിഗമനങ്ങളാണ് ഇത്. റഅ്‌യ് (അഭിപ്രായം) പ്രകാരമുള്ള തഫ്‌സീര്‍ രണ്ടുതരമാണ്. ഒന്ന് തഫ്‌സീര്‍ മഹ്മൂദ് അഥവാ പ്രശംസനീയമായ തഫ്‌സീര്‍. രണ്ട്, തഫ്‌സീര്‍ മദ്മൂം അഥവാ അഭിശംസനീയമായ തഫ്‌സീര്‍ ഒന്നാമത്തേത് സ്വീകാര്യവും രണ്ടാമത്തേത് അസ്വീകാര്യവുമാണ്. അടിസ്ഥാനരഹിതമായ വ്യാഖ്യാനാഭാസങ്ങളാണ് തഫ്‌സീര്‍ മദ്മൂം.

3. തഫ്‌സീര്‍ ബില്‍ ഇശാറഃ. ഉള്‍ക്കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള ഖുര്‍ആന്‍ വ്യാഖ്യാനമാണിത്. സൂഫികളാണ് ഈ രീതിയില്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ രചിച്ചത്.
ജൂതന്‍മാരില്‍നിന്ന് ഉദ്ധരിച്ച കഥകള്‍ ഇസ്‌റാഈലിയ്യാത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. താബിഉകളും അവരുടെ പിന്‍ഗാമികളുമാണ് ഇസ്‌റാഈലി കഥകള്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ധാരാളമായി ഉപയോഗിച്ചത്. ഇസ്‌റാഈലി കഥകളില്‍ സത്യവും അസത്യവും സമ്മിശ്രമായി കിടക്കുന്നതിനാല്‍ സൂക്ഷിച്ചേ അവ സ്വീകരിക്കാവൂ എന്ന് നബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജൂതന്‍മാരുടെ കഥകള്‍ ഉദ്ധരിച്ച് തെറ്റായ വിവരം നല്‍കുന്നതില്‍ ചില മുഫസ്സിറുകള്‍ ഒട്ടും ഔചിത്യബോധം കാണിക്കാതിരുന്നതും ചില തഫ്‌സീറുകളെ അവിശ്വസനീയമാക്കാന്‍ ഇടയാക്കി.

Topics