Home / ഇസ്‌ലാം / വിശ്വാസം / ആരാണ് ഇബ്‌ലീസ് ?
iblees-in-quran

ആരാണ് ഇബ്‌ലീസ് ?

പിശാചിന്റെ വ്യക്തിനാമമാണ് ഇബ്‌ലീസ്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്‍, ദുഷ്ടന്‍ എന്നൊക്കെയാണ്അര്‍ഥം. പിശാച് സാമാന്യതലത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത് ശൈത്വാന്‍ എന്ന പദത്തിലൂടെയാണ്. ശൈത്വാന്‍ എന്നത് ഖുര്‍ആനില്‍ 52 സ്ഥലത്ത് പ്രയോഗിച്ചിട്ടുണ്ട്. എതിരാളി എന്നും ഖുര്‍ആന്‍ പരികല്‍പന നടത്തുന്നു. എന്നാല്‍ ഇബ്‌ലീസ് എന്ന വ്യക്തിനാമം തന്നെ 9 സ്ഥലത്ത് പ്രയോഗിക്കുന്നുണ്ട്. ചില സൂക്തങ്ങളില്‍ (ഉദാ: അല്‍ബഖറ 34) ഇബ്‌ലീസ് എന്നും ശൈത്വാന്‍ എന്നും ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കുന്നതായി കാണാം. ഡയാബോലോസ് എന്ന ഗ്രീക്ക് പദത്തിന് ഇബ്‌ലീസ് എന്ന പേരുമായി സാധര്‍മ്യം കാണുന്നു. പ്രസ്തുത ഗ്രീക്ക് പദത്തിന് വഴിപിഴച്ചവന്‍ എന്നാണര്‍ഥം. ‘പിശാച് ‘എന്ന അര്‍ഥത്തില്‍ ഈ പദം ഉപയോഗിക്കപ്പെടുന്നു. ഇസ്‌ലാമിക വ്യാഖ്യാനമനുസരിച്ച് ഇബ്‌ലീസ് എന്നതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നത് ഒരു സാമാന്യസങ്കല്‍പമല്ല. വ്യക്തിപരമായ അസ്തിത്വം തന്നെയാണ്.

ഇബ്‌ലീസിന്റെ കഥ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്- ആദമിന് സുജൂദ് ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞപ്പോള്‍ ഇബ്‌ലീസ് ഒഴികെ എല്ലാവരും സുജൂദ് ചെയ്തു. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണ് ചെയ്തത്-( അല്‍ബഖറ 34).
‘അല്ലാഹു ചോദിച്ചു: ‘ ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ പ്രണാമമര്‍പ്പിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്? ‘ അവന്‍ പറഞ്ഞു:’ഞാനാണ് അവനെക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ് അവനെ മണ്ണില്‍നിന്നും.’ അല്ലാഹു കല്‍പിച്ചു:’എങ്കില്‍ നീ ഇവിടെ നിന്നിറങ്ങിപ്പോകൂ. നിനക്കിവിടെ അഹങ്കരിക്കാന്‍ അര്‍ഹതയില്ല. പുറത്തുപോ. സംശയമില്ല; നീ നിന്ദ്യരില്‍പെട്ടവന്‍ തന്നെ.’ ഇബ്‌ലീസ് പറഞ്ഞു:’എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസം വരെ എനിക്ക് കാലാവധി നല്‍കിയാലും.’ അല്ലാഹു പറഞ്ഞു: ‘ശരി, സംശയം വേണ്ട, നിനക്ക് അവധി അനുവദിച്ചിരിക്കുന്നു.’ ഇബ്‌ലീസ് പറഞ്ഞു:’നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും. പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെ പേരെയും നന്ദിയുള്ളവരായി നിനക്ക് കാണാനാവില്ല.’ അല്ലാഹു കല്‍പിച്ചു:’നിന്ദ്യനും ആട്ടിയിറക്കപ്പെട്ടവനുമായി നീ ഇവിടെനിന്ന് പുറത്തുപോകുക. മനുഷ്യരില്‍നിന്ന് ആരെങ്കിലും നിന്നെ പിന്തുടര്‍ന്നാല്‍ നിങ്ങളെയൊക്കെ ഞാന്‍ നരകത്തീയിലിട്ട് നിറക്കും.’ (അല്‍ അഅ്‌റാഫ് 12-18).

ഇബ്‌ലീസാണ് ആദമിനെയും ഹവ്വായെയും വിലക്കപ്പെട്ട കനി തിന്നാന്‍ പ്രേരിപ്പിച്ചത് എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. വിലക്കപ്പെട്ട വൃക്ഷത്തെ സമീപിക്കരുതെന്നായിരുന്നു സ്വര്‍ഗജീവിതകാലത്ത് ആദമിന് മേല്‍ അല്ലാഹു ചുമത്തിയ നിബന്ധന. എന്നാല്‍ ആദം ഇബ് ലീസിന്റെ പ്രചോദനത്തിന് വിധേയനാവുകയും വിലക്കപ്പെട്ട കനി തിന്നുകയും ചെയ്തു. ഈ കഥ അല്‍പം പാഠഭേദത്തോടെ പഴയനിയമത്തിലും കാണാം. പഴയനിയമത്തില്‍ ഈ വൃക്ഷം നന്‍മതിന്‍മകളെക്കുറിച്ച ജ്ഞാനത്തിന്റെ വൃക്ഷമാണ്. വിലക്കപ്പെട്ട കനിതിന്നതോടെ സ്വര്‍ഗത്തില്‍നിന്ന് ബഹിഷ്‌കൃതനായ ആദമിന്റെ പാപം മനുഷ്യന്റെ ആദിപാപമാണെന്നത്രേ ബൈബിള്‍ സങ്കല്‍പം. ഈ ആദിപാപത്തിന്റെ ആത്മീയ പീഡനത്തില്‍നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനാണ് യേശു അവതരിച്ചതെന്നും കുരിശുമരണം ഏറ്റുവാങ്ങിയതെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇസ്‌ലാമില്‍ ഇത്തരമൊരു പാപ സങ്കല്‍പമില്ല. മറിച്ച്, മനുഷ്യരെ പാപത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ഇബ്‌ലീസ് വിധിദിനംവരെ പരിശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ പ്രവാചകരെപ്പോലും പല സന്നിഗ്ധഘട്ടങ്ങളിലും അവരുടെ വഴികളില്‍ തടസ്സപ്പെടുത്താന്‍ ഇബ്‌ലീസ് ശ്രമിച്ചതിന് ഉദാഹരണങ്ങളുണ്ട്. ഇസ്മാഈലിനെ ബലിയര്‍പ്പിക്കുന്നതിന് ഇബ്‌റാഹീം നബി തയ്യാറായപ്പോള്‍ വഴിമധ്യേ ഇബ്‌ലീസ് അദ്ദേഹത്തെ തടസ്സപ്പെടുത്തിയത്രേ.

ഇബ്‌റാഹീം ഇബ്‌ലീസിനെ കല്ലെറിഞ്ഞോടിച്ചു. ഹജ്ജിന്റെ അനുഷ്ഠാനങ്ങളില്‍ മിനായില്‍ വെച്ച് തീര്‍ഥാടകര്‍ കല്ലെറിയുന്നുണ്ട്. ഇത് ഇബ്‌റാഹീംനബി ഇബ് ലീസിനെ കല്ലെറിഞ്ഞോടിച്ച പുരാവൃത്തത്തിന്റെ പ്രതീകാത്മകമായ പുനരാവിഷ്‌കരണമാണ്. അല്ലാഹുവിന്റെ ആജ്ഞകള്‍ക്കും പിശാചിന്റെ പ്രലോഭനങ്ങള്‍ക്കുമിടയില്‍പ്പെട്ട് ധര്‍മസങ്കടത്തില്‍പെട്ട ഇബ്‌റാഹീമിന്റെയും അവസാനം തന്റെ ഹൃദയദൗര്‍ബല്യങ്ങളെ മറികടന്ന് ഇബ്‌ലീസിനെ പരാജയപ്പെടുത്തിയ അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തിന്റെയും ചരിത്രമാണ് ഓരോ ഹജ്ജ് കാലത്തും ഇത്തരം കര്‍മങ്ങളിലൂടെ മുസ്‌ലിംകള്‍ സാര്‍ഥകമാക്കുന്നത്.

ജിന്ന് വര്‍ഗത്തില്‍പെട്ടവനാണ് ഇബ്‌ലീസ് (അല്‍കഹ്ഫ് 50) എന്ന് ഖുര്‍ആന്‍ പറയുന്നു. അഗ്നികൊണ്ടാണ് ഇബ്‌ലീസിനെ സൃഷ്ടിച്ചതെന്നും പരാമര്‍ശമുണ്ട്. ഈ സൂചനകളില്‍ നിന്ന് മനസ്സിലാവുന്നത് ‘ഇബ്‌ലീസ്’ ഒരു വ്യക്തിപരമായ പേരാണ് എന്നത്രേ. എന്നാല്‍ മനുഷ്യരെ വഴിപിഴപ്പിക്കുക എന്ന നിയോഗവുമായി അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ഇബ്‌ലീസിന് പൈശാചികശക്തി എന്ന വ്യാഖ്യാനമാണ് ചേരുക. ഈ അര്‍ഥത്തില്‍ ഇബ്‌ലീസ് ദുര്‍വിചാരത്തിന്റെ പ്രതീകമാണ്. നേരായ മാര്‍ഗത്തില്‍നിന്ന് ദുര്‍വിചാരങ്ങള്‍ മനുഷ്യനെ പിഴപ്പിക്കുന്നു. ദൈവികശക്തിക്ക് ബദലായി നില്‍ക്കുന്ന പൈശാചികശക്തി എന്നും അതിനാല്‍ ഇബ്‌ലീസ് എന്ന പദത്തെ വ്യാഖ്യാനിക്കാം.

ഇബ്‌ലീസിന്റെ പ്രലോഭനത്തിന് വിധേയനായത് മൂലം സ്വര്‍ഗത്തില്‍നിന്ന് ബഹിഷ്‌കൃതനായ ആദമിന്റെ കഥയെ ആശയതലത്തില്‍ വ്യാഖ്യാനിച്ച ചില പണ്ഡിതര്‍ ആദമിന്റെ പതനം ദൈവത്തിനു പുറമെ മറ്റൊരു യാഥാര്‍ഥ്യത്തെ കൂടി അംഗീകരിച്ചതിന്റെ പരിണിതഫലമാണെന്ന് പറയുന്നു. പിശാച് എന്ന യാഥാര്‍ഥ്യത്തെ ആദം ദൈവമെന്ന പരമസത്യത്തോടൊപ്പം അംഗീകരിച്ചു. അതിന്റെ ശിക്ഷയായിരുന്നു ഭൂലോകവാസം. ദൈവവുമായി പങ്കുചേര്‍ക്കുക എന്ന ഏറ്റവും കൊടിയ പാപമായ ശിര്‍ക്കിന്റെ താത്ത്വികവിവക്ഷകള്‍ ആരംഭിക്കുന്നത് ആദമിന്റെ പാപത്തില്‍നിന്നാണത്രേ. ഏതായാലും , അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനില്ല എന്ന സാക്ഷ്യപ്പെടുത്തലിലൂടെ (ശഹാദത്ത്) ഉള്‍ക്കൊണ്ട മുസ്‌ലിംകള്‍ ഇബ്‌ലീസിന്റെ പ്രലോഭനങ്ങള്‍ക്കെതിരായി ഉറച്ചുനിന്നുകൊണ്ടാണ് ഇത് സാധിക്കുന്നത്.

പിശാച് മനുഷ്യനെ പ്രലോഭിപ്പിക്കുകയും വഴിപിഴപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്യുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുമുമ്പ് ദൈവനാമം ഉച്ചരിക്കുന്ന(ബസ്മല) സമ്പ്രദായമുണ്ട്. ഇതിനുമുമ്പ് ‘അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം’ എന്ന് മൊഴിയുന്നു. പ്രസ്തുത തഅവ്വുദ് ഇബ്‌ലീസിന്റെ പ്രലോഭനങ്ങള്‍ക്കെതിരായി മുസ്‌ലിംകള്‍ പ്രയോഗിക്കുന്ന രക്ഷാകവചമാണ്.

About islam padasala

Leave a Reply

Your email address will not be published. Required fields are marked *