ഇസ്‌ലാം-Q&A

ഗൃഹപ്രവേശവും ജിന്നും

പുതുതായി പണികഴിപ്പിച്ച ഭവനത്തില്‍ താമസം തുടങ്ങുന്നവര്‍ക്ക് വല്ല മൃഗത്തെയും ബലിയറുക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ അതില്‍ ജിന്നുകള്‍ പാര്‍പ്പുറപ്പിച്ച് ഗൃഹനാഥനെ ഉപദ്രവിക്കുമെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ ?

ഉത്തരം: പ്രപഞ്ചത്തിലെ അദൃശ്യസൃഷ്ടികളെക്കുറിച്ച് ജനങ്ങള്‍ പലതരത്തിലുള്ള ധാരണ പുലര്‍ത്തുന്നുണ്ട്. ജിന്നുകള്‍ അവയിലൊന്നാണ്. അതിന്റെ അസ്തിത്വം സംബന്ധിച്ച് വിശ്വാസ തീവ്രത കാണിക്കുന്നവരുണ്ട്. ജിന്നുകളുടെ അസ്തിത്വം തന്നെ നിഷേധിക്കുന്നവരെയും കാണാം

ഇന്ദ്രിയ സംവേദനക്ഷമമായ പദാര്‍ഥങ്ങളില്‍ മാത്രമേ വിശ്വസിക്കൂ എന്ന് വാശിയുള്ളവരാണ് ജിന്നുകളുടെ അസ്തിത്വത്തെ നിഷേധിക്കുന്നത്. ഇത് തീവ്രതയാണ്. ജിന്നുകളുടെ അസ്തിത്വം സ്ഥിരീകരിക്കുന്നതില്‍ അമിതമായ താല്‍പര്യം കാണിക്കുന്നവര്‍ ചെറുതും വലുതുമായ സര്‍വകാര്യങ്ങളിലും ജിന്നുകളെ വലിച്ചിഴക്കുന്നു. അവരുടെ തലയിലും വീടിന്റെ ഉമ്മറപ്പടിയിലും സദാ ജിന്നുണ്ടാകും. രാത്രിയില്‍ ജിന്ന്; സര്‍വത്ര ജിന്ന്; ഇതും തീവ്രത തന്നെ. ഇസ്ലാം എല്ലാ കാര്യങ്ങളിലും മധ്യമ നിലപാട് സ്വീകരിക്കുന്ന മതമാണ്. ജിന്ന് എന്ന ഒരു സമൂഹം ഉണ്ടെന്ന് അത് പറയുന്നു. ജിന്നുകളും പ്രേതങ്ങളും മനുഷ്യര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നതും അവയെ പ്രത്യക്ഷപ്പെടുത്തുന്നതും സംബന്ധിച്ച് തലമുറകളായി കേട്ടുവന്നതും ഇന്നും കേള്‍ക്കുന്നതുമായ ഒട്ടേറെ കഥകളുണ്ട്. ഏതായാലും ജിന്ന് എന്ന ഒരു സൃഷ്ടിയുണ്ട് എന്ന കാര്യത്തില്‍ സംശയമേതുമില്ല. പക്ഷേ, മനുഷ്യജീവിതത്തില്‍ അവയ്ക്കുള്ള സ്വാധീനത്തെയും ഇടപെടലിനെയും കുറിച്ചുള്ള വിശ്വാസങ്ങള്‍ അടിസ്ഥാന രഹിതമാണ്.

ചോദ്യകര്‍ത്താവ് ഉന്നയിച്ചതുപോലെ, പുതുതായി പണികഴിപ്പിച്ച വീട്ടില്‍ താമസമാക്കുമ്പോള്‍ ബലിയറുക്കാതിരുന്നാല്‍ അതില്‍ ജിന്നുകള്‍ താമസിക്കുമെന്നതുപോലുള്ള ധാരണകള്‍ അന്ധവിശ്വാസങ്ങള്‍ തന്നെ. ഇതിനുബോദ്ബലകമായി ഒരൊറ്റ ഖുര്‍ആന്‍ സൂക്തവുമില്ല. ഇസ്ലാമിന്റെ മറ്റു പ്രമാണങ്ങളിലും തെളിവുകളില്ല. തിരുദൂതരിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഇക്കാര്യത്തില്‍ ഒരു വിധി നല്‍കാനാവില്ല. തിരുമേനിയാകട്ടെ, ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുമില്ല. അതിനാല്‍ തികച്ചും അടിസ്ഥാനരഹിതമായ ഈ വിശ്വാസം വെച്ചുപുലര്‍ത്തുന്നത് അഭികാമ്യമല്ല. പുതിയ വീട്ടില്‍ താമസിക്കുമ്പോള്‍ ബലി നിര്‍ബന്ധമാണ് എന്ന വിശ്വാസത്തിനുമില്ല തെളിവ്. ഹജ്ജ്, ഉദുഹിയ്യത്, കുഞ്ഞിന്റെ ജനനം എന്നീ മൂന്ന് സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട ബലികര്‍മങ്ങള്‍ മാത്രമേ ഇസ്ലാമില്‍ അറിയപ്പെട്ടതായിട്ടുള്ളൂ.

Topics