പ്രവാചകസ്‌നേഹം

മൗലിദിന്റെ കടന്നുവരവും പ്രചാരവും

ദമാസ്‌കസിലെ പ്രസിദ്ധചരിത്രകാരനായ അബൂശ്ശാമ അല്‍മഖ്ദീസി, തന്റെ പ്രശസ്തപുസ്തകമായ ‘അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസി’ ല്‍ പുതുതായി ഉണ്ടാക്കുന്ന ആചാരങ്ങളില്‍  അപലപിക്കേണ്ടതും തള്ളേണ്ടതും പ്രശംസിക്കേണ്ടതും (കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്കിടയില്‍ തര്‍ക്കവിഷയമായി നിലകൊള്ളുന്ന വിഷയമാണിത്) ആയവ ഉണ്ടാകാമെന്നും എങ്കില്‍ പോലും മൗലിദ്  പ്രശംസനീയമായ പുത്തന്‍ആചാരമാണെന്നും   അഭിപ്രായപ്പെടുന്നുണ്ട്. മൗലിദിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ വിധിപ്രസ്താവമല്ല നാമിവിടെ ചര്‍ച്ചചെയ്യുന്നത്, മറിച്ച് ചരിത്രപശ്ചാത്തലമാണ്.

നബിജനിച്ച ദിനത്തില്‍ എല്ലാ വര്‍ഷവും ഇര്‍ബില്‍ പട്ടണത്തില്‍ നടക്കുന്ന പല സംഗതികളും ശ്രേഷ്ഠമായതാണ്. അതായത്, അന്നേദിനം ദാനധര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടുന്നു. സത്കര്‍മങ്ങളും നല്ല മത്സരങ്ങളും നടക്കുന്നു. അതുപോലെ എല്ലാവരും സന്തോഷഭരിതരാകുന്നു.അതൊക്കെയുള്ളപ്പോള്‍തന്നെ, പാവങ്ങള്‍ക്ക് പ്രയോജനംചെയ്യുന്നതിനപ്പുറം പ്രവാചകനോടുള്ള സ്‌നേഹവും ആദരവും  മൗലിദില്‍ പങ്കെടുക്കുന്ന ആളുടെ ഹൃദയത്തില്‍ ജനിക്കുന്നു. ലോകാനുഗ്രഹിയായ പ്രവാചകനെ അയച്ചുകൊണ്ട് നമ്മെ അനുഗ്രഹിച്ച അല്ലാഹുവിന് നന്ദി. ഇത് ആദ്യമായി ആരംഭിച്ചത് മൊസ്യൂളിലെ പ്രശസ്തനും ഭക്തനും സത്കര്‍മിയുമായ ഉമര്‍മുഹമ്മദ് അല്‍ മുല്ല എന്ന മനുഷ്യനാണ്. അദ്ദേഹത്തില്‍നിന്ന് ഇര്‍ബില്‍ ഗവര്‍ണറും മറ്റുള്ളവരും  അതിനെ സ്വീകരിച്ചു.’

മേല്‍ വാചകങ്ങളില്‍നിന്ന് മൗലിദ് ആചാരത്തെപ്പറ്റി ദമസ്‌കസിലെ അബൂശാമയ്ക്ക്  നേരത്തേതന്നെ അറിയാമെന്ന് മനസ്സിലാകുന്നു. പക്ഷേ അത് ആഘോഷരൂപത്തില്‍(ദമാസ്‌കസിലല്ല) ഇര്‍ബിലില്‍ നടക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. അപ്പോള്‍ ഏഴാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ മൗലിദിനെക്കുറിച്ച വാര്‍ത്ത 500 മൈല്‍ അകലെയുള്ള ദമസ്‌കസിലെത്തിയിരുന്നു. എന്നാല്‍ ദമസ്‌കസില്‍ അത് ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. 

ഫാത്വിമികള്‍ നടത്തിയ മൗലിദും മുളഫ്ഫറുദ്ദീന്‍ സ്‌പോണ്‍സര്‍ ചെയ്ത മൗലിദും തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. രണ്ടുകൂട്ടരും പൊതുജനശ്രദ്ധയാകര്‍ഷിക്കുംവിധം വര്‍ണശബളമായ രീതിയിലാണ്  അത് നടത്തിയിരുന്നത്. അതിനാലാണ് അത് പ്രചുരപ്രചാരം നേടിയത്.  ആ പ്രചാരമായിരുന്നു അതിനുപിന്നിലെ ലക്ഷ്യവും.

ചര്‍ച്ചയുടെ അകത്തളത്തിലേക്ക് ഇറങ്ങുംമുമ്പ് അതിന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മൗലിദിന്റെ  പ്രാക്തനരൂപത്തെ (അങ്ങനെ വിളിക്കാമെങ്കില്‍)ക്കുറിച്ച് ചെറുതായി പരാമര്‍ശിക്കേണ്ടതുണ്ട്. ഇബ്‌നുല്‍ ജുബൈറിന്റെ (മരണം ഹി. 614) സഞ്ചാരക്കുറിപ്പില്‍ അത്തരമൊന്നിന്റെ വിവരണമുണ്ട്. അന്തലുസ്സില്‍നിന്ന് ഹജ്ജിനായി യാത്രപുറപ്പെട്ട്, ശേഷം ഏതാനുംവര്‍ഷങ്ങള്‍ മുസ്‌ലിംരാജ്യങ്ങള്‍ ചുറ്റിനടന്ന് വടക്കന്‍ ആഫ്രിക്കയില്‍ താമസിച്ച് തന്റെ സഞ്ചാരാനുഭവങ്ങള്‍ കുറിക്കുകയായിരുന്നു അദ്ദേഹം. മക്കയില്‍ അദ്ദേഹം ഹി. 579 ല്‍ വന്നു. റബീഉല്‍ അവ്വലിലെ ആദ്യതിങ്കളാഴ്ച നബി ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന വീട്ടിലും (അത് സന്ദര്‍ശകര്‍ക്കായി അന്നേ ദിവസം തുറക്കുന്നു) തിരുനബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള മറ്റിടങ്ങളിലും അദ്ദേഹം സന്ദര്‍ശിച്ചു. ആളുകള്‍ അവിടങ്ങളിലെല്ലാം പ്രവാചകനോടുള്ള സ്‌നേഹത്താല്‍ ബര്‍കത്ത് പ്രതീക്ഷിച്ച് സന്ദര്‍ശിക്കുമായിരുന്നു.

മക്കയില്‍ റബീഉല്‍ അവ്വല്‍ ആദ്യതിങ്കളാഴ്ച  പ്രത്യേകിച്ചെന്തെങ്കിലും നടന്നിരുന്നതായി കാണുന്നില്ല. ആഘോഷങ്ങളില്ല, മേളകളില്ല, പാട്ടുകളില്ല ,സന്തോഷപ്രകടനങ്ങളില്ല, ആഹ്ലാദപ്രകടനങ്ങളില്ല. അതെല്ലാം പിന്നീട് കടന്നുവന്നതാണ്. മക്കയില്‍ മൗലിദ് റബീഉല്‍ അവ്വല്‍ 12 -ാംതിയതിയല്ല ‘ആഘോഷിച്ചത്.’ പകരം ആദ്യതിങ്കളാഴ്ചയായിരുന്നു അത്. ഇര്‍ബിലില്‍ മുളഫ്ഫറുദ്ദീന്‍ ആര്‍ഭാടഘോഷങ്ങളോടെ നടത്തിയ മൗലിദിന്റെ ആദ്യരൂപമാണ് ഇവിടെ മക്കയില്‍ നാം കണ്ടത്. എന്നാല്‍ മക്കയില്‍ നടന്നതിന്റെ വികസിതരൂപമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറയുന്നത് യുക്തിപരമല്ല.

ദശാബ്ദങ്ങള്‍ ശതാബ്ദങ്ങളിലേക്ക് കടന്നപ്പോള്‍ പതുക്കെപ്പതുക്കെ മൗലിദ് മുസ്‌ലിംനാടുകളിലെല്ലാം കടന്നുചെന്നു. അതിനോടുകൂടെ പലതും പുതുതായി കൂടിച്ചേര്‍ന്നു. പലയിടങ്ങളിലും അത് തുടങ്ങിയതെപ്പോഴെന്നോ ആരാണ് കൊണ്ടുവന്നതെന്നോ എന്ന് കൃത്യമായി പറയാന്‍ പോലും കഴിയില്ല. ചില നിഗമനങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ. ഉദാഹരണത്തിന് വടക്കന്‍ആഫ്രിക്കയില്‍നിന്ന് അന്തലുസ്സിലേക്ക് മൗലിദ് കടന്നുവരുന്നത് അബുല്‍ അബ്ബാസ് അല്‍ അസഫി(മരണം ഹി. 633)യുടെ പ്രവര്‍ത്തനഫലമായാണ്. അദ്ദേഹം ‘പ്രവാചകന്റെ ജനനവുമായി ബന്ധപ്പെട്ട് സംഗ്രഹിച്ച മുത്തുകള്‍ ‘എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതിയിരുന്നു. മൗലിദ് ആഘോഷത്തെ സാധുകരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു ആ ശ്രമം. അന്തലുസ്സിലെ ചില മുസ്‌ലിംകള്‍ ക്രിസ്തുമസ്സ് , നവറോസ് ആഘോഷങ്ങളുടെ സ്വാധീനവലയത്തില്‍പെട്ടുപോകുന്നതിനെ തടയാന്‍ വേണ്ടിയാണ്  താന്‍ മൗലിദ് ആഘോഷത്തെ ന്യായീകരിക്കുന്നതെന്നും സാധൂകരിക്കുന്നതെന്നും  അദ്ദേഹം  പറഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:’ അത്തരം ആഘോഷപ്പൊലിമകളിലേക്ക് ആളുകള്‍ വശംവദരായിപ്പോകാതിരിക്കാന്‍ എന്തുണ്ട് മാര്‍ഗം എന്നതിനെപ്പറ്റി ഞാന്‍ സത്വരമായ അന്വേഷണവും കൂലങ്കഷമായ ചിന്തയും നടത്തി. പാപത്തിലേക്ക് നയിക്കാത്ത പുതിയതായി  അനുവദനീയമായ ഒന്നിനെപ്പറ്റി ചിന്തിച്ചപ്പോള്‍ അത് റസൂല്‍തിരുമേനിയുടെ ജന്മദിനം തന്നെ എന്ന് എനിക്ക് തോന്നി.’ 

എന്നാല്‍ ജന്മദിനാഘോഷം എന്ന പുത്തനാചാരത്തെ വിമര്‍ശിച്ചുരംഗത്തുവന്നവരെ ആക്ഷേപിക്കത്തക്കതായി അതിലൊന്നുമില്ലെന്നും കേവലപ്രശംസ മാത്രമേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂവെന്നും അദ്ദേഹം പ്രത്യുത്തരം ചെയ്തു. ഇത് സൂചിപ്പിക്കുന്നത് ജന്മദിനാഘോഷത്തെ എതിര്‍ക്കുകയും അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുംചെയ്ത ഒട്ടേറെ പണ്ഡിതന്‍മാര്‍ അന്തലുസ്സില്‍ ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് അല്‍അസഫിക്ക് പ്രതിരോധത്തിന്റെ പാത സ്വീകരിക്കേണ്ടിവന്നത്.

ചുരുക്കത്തില്‍ നമുക്ക് മനസ്സിലാകുന്ന കാര്യങ്ങളിതാണ്:

1. മൗലിദ് ആദ്യമായി ആഘോഷിച്ച സുന്നിമുസ്‌ലിം  സൂഫിഭക്തനായ ഉമറുല്‍ മുല്ലയാണ്. അദ്ദേഹം പക്ഷേ, മതപണ്ഡിതനൊന്നുമായിരുന്നില്ല.

2. സുന്നീപ്രദേശങ്ങളില്‍ ഭരണകൂടം മുന്‍കയ്യെടുത്ത് മൗലിദാഘോഷം നടത്തിയതില്‍  ആദ്യമായി പരാമര്‍ശിക്കപ്പെടേണ്ടത് ഉമറുല്‍ മുല്ലയെ പിന്‍പറ്റിയ മുളഫ്ഫറുദ്ദീന്‍ രാജാവാണ്. ജനപ്രീതിനേടിയ ആഘോഷങ്ങള്‍ കൊണ്ടാടുന്നതിലൂടെ ജനനായകരായി അവരോധിതരാകാന്‍ അവര്‍ കൊതിച്ചിരുന്നു.

3. ആറാംനൂറ്റാണ്ടിന്റെ ഒടുവില്‍ ചില സുന്നിജനസമൂഹത്തില്‍ മൗലിദ് കടന്നെത്തിയെങ്കിലും അത് മക്കയിലും ദമസ്‌കസിലും എത്തിയിരുന്നില്ല.

4. മക്കയില്‍ നബിയുടെ ജന്‍മദിനത്തില്‍ ചരിത്രസ്മാരകങ്ങളായ ഭവനങ്ങളും മറ്റുസ്ഥാപനങ്ങളും  സ്ഥലങ്ങളും  പൊതുസമൂഹത്തിന് മുമ്പാകെ തുറന്നുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. അല്ലാതെ ആഘോഷങ്ങളില്ലായിരുന്നു. അപ്പോഴും റബീഉല്‍ അവ്വല്‍ 12 ന് അല്ല മറിച്ച് ആദ്യതിങ്കളാഴ്ച എന്നതായിരുന്നു പരിഗണിക്കപ്പെട്ടത്.

6. പലകാരണങ്ങളാലാണ് മൗലിദ് സുന്നിമുസ്‌ലിംസമൂഹത്തില്‍ കടന്നുവന്നതും പ്രചാരത്തിലായതും.  രാജാക്കന്‍മാരും ഭരണകൂടവും തങ്ങളുടെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ അതിനെ മാധ്യമമായി സ്വീകരിച്ചു.  ചിലരാകട്ടെ,അനുവദനീയമല്ലാത്ത മറ്റുസംഗതികളിലേക്ക് മുസ്‌ലിംകളുടെ ശ്രദ്ധതിരിയാതിരിക്കാന്‍ പുത്തനാചാരമായി അതിനെ സ്വാംശീകരിക്കുകയായിരുന്നു.

സുന്നീലോകത്തിനു ഒരു നൂറ്റാണ്ട് മുമ്പെങ്കിലും ഫാത്വിമീഭരണകൂടത്തിലൂടെ ശീഈകളാണ് മൗലിദ് ആഘോഷം ആരംഭിച്ചത്. പ്രശസ്തനായ അല്‍സ്വുയൂത്വി(ഹി. 911) മൗലിദിന്റെ തുടക്കം ഫാത്വിമികളില്‍നിന്നാണെന്നുള്ള വസ്തുത വെളിപ്പെടുത്താതെ  മുളഫ്ഫറുദ്ദീന്‍ കൊക്പുരിയിലേക്ക് ചേര്‍ത്തുപറയാനാണ് അറിഞ്ഞോ അറിയാതെയോ ശ്രമിച്ചത്. ആധുനികചരിത്രകാരന്മാരില്‍ കാപ്‌തെയ്‌നിനെപ്പോലുള്ളവര്‍ പക്ഷേ, സുയൂത്വിയുടെ ശ്രമം  ബോധപൂര്‍വമായിരുന്നുവെന്ന് ആരോപിക്കുന്നുണ്ട്. അതിനാല്‍ മുളഫ്ഫറുദ്ദീനും ഉമറുല്‍ മുല്ലയുമാണ് മൗലീദ് ആഘോഷങ്ങള്‍ തുടങ്ങിവെച്ചതെന്ന വര്‍ത്തമാനം ശരിയല്ല.

മുഹമ്മദ് നബിയുടെ പേരിലുള്ള മൗലിദ് ആഘോഷത്തിന് തുടക്കമിട്ടതെങ്ങനെയെന്നും എവിടെയെന്നും ഉള്ള വസ്തുതപരിശോധിക്കുകയായിരുന്നു ലേഖനഖണ്ഡശ്ശഃ യുടെ ഉദ്ദേശ്യം. അതോടൊപ്പം അതെങ്ങനെ മറ്റിടങ്ങളിലേക്ക്  പ്രചരിച്ചുവെന്നും. ആ മൗലിദ് ആഘോഷം ഇസ്‌ലാമികമായി ശരിയോ തെറ്റോ എന്നത് ഇവിടെ പരിശോധിക്കുക ലക്ഷ്യമല്ല. അത് മറ്റൊരു ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാം.

Topics