മുഹമ്മദ് നബി- ലേഖനങ്ങള്‍

അനുകരണം ഉള്‍ക്കാഴ്ചയോടെ വേണം

ഒരു വ്യക്തിയേയോ, ആശയത്തെയോ പിന്തുടരുകയെന്നത് കേവലം കര്‍മമോ, തീരുമാനമോ മാത്രമല്ല, നിലപാടും ഉള്‍ക്കാഴ്ചയും കൂടിയാണ്. പ്രവാചകനെ പിന്‍പറ്റുകയെന്നത് കേവലം ബാഹ്യകര്‍മങ്ങളില്‍ മാത്രം പരിമിതപ്പെടുത്തി, അതിന് പിന്നിലെ നിബന്ധനകളും പ്രേരണകളും കാരണങ്ങളും വിസ്മരിച്ചവര്‍ നഷ്ടകാരികളാണ്. അവര്‍ക്ക് പ്രവാചക സന്മാര്‍ഗത്തിന്റെ അനുഗ്രഹം ലഭിക്കുകയില്ല. കാലം, ദേശം, സാധ്യത, നിബന്ധനകള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊണ്ടാണ് പ്രവാചകന്‍ തിരുമേനി(സ)യുടെ കര്‍മത്തെ പിന്‍പറ്റേണ്ടത്. അതിനാലാണ് തിരുമേനി(സ)യെ നേതാവായും നായകനായും അല്ലാഹു നിയോഗിച്ചത്.

അങ്ങേയറ്റം ഉപരിപ്ലവമായി തിരുമേനി(സ)യെ പിന്‍പറ്റുകയും അനുകരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അല്‍ഭുതം തോന്നാറുണ്ട്. മറിച്ച് പ്രവാചക കര്‍മങ്ങളിലെ യുക്തിയും, സാഹചര്യവും, കര്‍മം നിര്‍വഹിച്ച രീതിയും, അത് കൊണ്ടുണ്ടായ നേട്ടങ്ങളും പരിശോധിച്ചിരുന്നുവെങ്കില്‍ യഥാര്‍ത്ഥ ചൈതന്യത്തോട് കൂടി പ്രസ്തുത കര്‍മത്തെ പിന്‍പറ്റാന്‍ സാധിക്കുമായിരുന്നു.

ഒരു ഉദാഹരണത്തിലൂടെ നമുക്ക് ഇക്കാര്യം വ്യക്തമാക്കാവുന്നതാണ്. ഇബ്‌റാഹീം പ്രവാചകനെ പിന്‍പറ്റാന്‍ അല്ലാഹു മുഹമ്മദ്(സ)യോട് കല്‍പിക്കുകയുണ്ടായി.
‘തീര്‍ച്ചയായും ഇബ്‌റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനും ചൊവ്വായ പാതയില്‍ ഉറച്ച് നില്‍ക്കുന്നവുമായിരുന്നു. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍പെട്ടവനായിരുന്നില്ല. അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ഏറ്റം നേരായ വഴിയില്‍ നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കി. പരലോകത്തോ, ഉറപ്പായും അദ്ദേഹം സച്ചരിതരിലായിരിക്കും. പിന്നീട് നിനക്ക് നാം ബോധനം നല്‍കി. ഏറ്റവും ചൊവ്വായ പാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍പെട്ടവനായിരുന്നില്ല’ (അന്നഹ്ല്‍ 120-123).

ബുദ്ധി താളം തെറ്റിയ അവിവേകി മാത്രമാണ് ഇബ്‌റാഹീമിനെ എതിര്‍ക്കുകയെന്ന് വിശുദ്ധ ഖുര്‍ആന്‍ മറ്റൊരു ആയത്തില്‍ (അല്‍ബഖറ 130) പരാമര്‍ശിച്ചിരിക്കുന്നു.

ഏകദൈവവിശ്വാസം സ്വീകരിക്കുന്നതും ബഹുദൈവവിശ്വാസ സങ്കല്‍പത്തെ തിരസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ഇബ്‌റാഹീം പ്രവാചകന്റെ ഏറ്റവും നിര്‍ണായകമായ നിലപാടായിരുന്നു വിഗ്രഹങ്ങളെ തകര്‍ത്ത സംഭവം. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ച അല്‍ഭുതകരമായ ചരിത്രകഥനത്തിന്റെ ഭാഗമാണ് പ്രസ്തുത രംഗങ്ങള്‍. പ്രസ്തുത മാര്‍ഗത്തില്‍ ഇബ്‌റാഹീമിന് ഒട്ടേറെ വിഷമങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. ആളിക്കത്തിയ തീയില്‍ അദ്ദേഹത്തെ അവര്‍ വലിച്ചെറിയുകയുണ്ടായി. അല്ലാഹു അദ്ദേഹത്തെ വളരെ മനോഹരമായി അതില്‍ നിന്നും രക്ഷപ്പെടുത്തിയെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നു.

തിരുമേനി(സ) മക്കയിലെ ബഹുദൈവ വിശ്വാസികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമ്പോഴാണ് ഈ ചരിത്രം കേള്‍ക്കുന്നത്. മക്കയ്ക്ക് ചുറ്റും വിഗ്രങ്ങള്‍ നിരത്തിവെച്ച് ആരാധിച്ചുകൊണ്ടിരിക്കുന്ന കാലം. എന്നിട്ടും തിരുമേനി(സ)യോ അനുയായികളോ എന്തു കൊണ്ട് ആ വിഗ്രഹങ്ങളെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയില്ല? എന്തു തന്നെ ത്യാഗം സഹിച്ചും അത് നിര്‍വഹിക്കല്‍ അദ്ദേഹത്തിന്റെയും അനുചരന്മാരുടെയും ബാധ്യതയായിരുന്നില്ലേ? ഇബ്‌റാഹീം നബിയെ പിന്‍പറ്റാന്‍ അദ്ദേഹം കല്‍പിക്കപ്പെട്ടിരിക്കെ ഇക്കാര്യത്തില്‍ മാത്രം ഇബ്‌റാഹീമിനെ അവഗണിക്കാന്‍ പ്രവാചകന്‍ മുഹമ്മദ്(സ) തയ്യാറായത് എന്തുകൊണ്ടായിരുന്നു? ഏറ്റവും കൊടിയ ശിര്‍ക്കായിരുന്നില്ലേ അവിടെ നടമാടിയിരുന്നത്? അതും അല്ലാഹുവിന് മാത്രം ഇബാദത്ത് സമര്‍പിക്കാനായി ഭൂമിയില്‍ ആദ്യമായി സ്ഥാപിക്ക പ്പെട്ട ഭവനത്തില്‍? പിന്‍പറ്റുകയെന്നത് കേവലം കര്‍മവും തീരുമാനവും മാത്രമാണെന്ന് ധരിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ചോദ്യങ്ങളാണ് ഇവ.

തിരുമേനി(സ) പതിമൂന്ന് വര്‍ഷങ്ങള്‍ മക്കയില്‍ ജീവിച്ചു. അതിനിടയില്‍ ഒരു വിഗ്രഹത്തെപ്പോലും അദ്ദേഹം തകര്‍ത്തില്ല. പിന്നീട് ഒരിക്കല്‍ മക്കയില്‍ ഉംറ ചെയ്യുന്നതിനായി വന്നു. അന്നും അവിടെ വിഗ്രഹങ്ങള്‍ നിറഞ്ഞ് കിടക്കുക തന്നെയായിരുന്നു. എന്നിട്ടും അവയൊന്നും അദ്ദേഹം തകര്‍ത്ത് കളഞ്ഞില്ല. ഒടുവില്‍ വിജയശ്രീലാളിതനായി അദ്ദേഹം മക്കയില്‍ പ്രവേശിച്ചു. ഹൃദയങ്ങളിലെ വിഗ്രഹങ്ങളെ തച്ചുടച്ചതിന് ശേഷമായിരുന്നു അത്. അതിനാല്‍ ഇനി ഭൂമിയിലെ വിഗ്രഹങ്ങള്‍ തകര്‍ക്കാവുന്നതാണ്.

ഏകദൈവത്തെ പ്രണയിച്ചതോടൊപ്പം തന്നെ വിഗ്രഹങ്ങളെ തകര്‍ക്കുന്നതില്‍ തിരുമേനി(സ) താമസം വരുത്തി. പ്രവാചകന്‍ ഇബ്‌റാഹീമിനെ ഏറ്റവും നന്നായി അനുകരിച്ചതോടൊപ്പം തന്നെ വിഗ്രഹം തകര്‍ക്കുന്നതില്‍ നിന്ന് അദ്ദേഹം ആദ്യകാലത്ത് അകന്നുനിന്നു. കാരണം തിരുമേനി(സ)യുടെ അനുകരണം നിലപാടും, ഉള്‍ക്കാഴ്ചയും, യുക്തിയുമായിരുന്നു. കേവലം കര്‍മവും, തീരുമാനവും, എടുത്തുചാട്ടവുമായിരുന്നില്ല.

അബ്ദുല്ലാഹ് ബിന്‍ മര്‍സൂഖ് അല്‍ഖുറശി

Topics