ഹജ്ജ് - ഉംറ

ഹജ്ജ് – ഉംറ ഒറ്റനോട്ടത്തില്‍

ഹജ്ജ്
മനുഷ്യര്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട പ്രഥമ(ദൈവ)മന്ദിരമത്രെ ബക്ക(മക്ക)യിലുള്ളത്. ലോകജനങ്ങള്‍ക്കനുഗൃഹീതവും മാര്‍ഗദര്‍ശനവുമായി (അത് നിലകൊള്ളുന്നു). അവിടെ സുവ്യക്തങ്ങളായ അടയാളങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ (ആരാധനാ)സ്ഥലമുണ്ട്. അവിടെ ആര്‍ പ്രവേശിച്ചുവോ അവര്‍ നിര്‍ഭയരായി . അവിടെ എത്തിച്ചേരാന്‍ കഴിവുള്ളവരെല്ലാം ആ മന്ദിരത്തില്‍ചെന്ന് ഹജ്ജ് ചെയ്യല്‍ മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും (ഈ വിധി)നിഷേധിക്കുന്നപക്ഷം നിശ്ചയമായും അല്ലാഹു ലോകജനതതികളില്‍ നിന്നെല്ലാം അനാശ്രയനത്രേ.(ആലുഇംറാന്‍ 96-97)
ത്വവാഫ്, സഅ്‌യ്, മിനായില്‍ രാപ്പാര്‍ക്കല്‍, അറഫയിലെ നിറുത്തം തുടങ്ങി കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് അല്ലാഹുവിന്റെ ശാസനകള്‍ പിന്തുടരുകയും അവന്റെ പ്രീതി നേടുകയും ചെയ്യാന്‍ കഅ്ബയെ ലക്ഷ്യമാക്കിയുള്ള തീര്‍ഥാടനമാണ് ഹജ്ജ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണിത്. ഹിജ്‌റ ഒമ്പതാമത്തെയോ പത്താമത്തെയോ വര്‍ഷത്തിലാണ് അത് നിര്‍ബന്ധമായതെന്നാണ് പണ്ഡിതാഭിപ്രായം.
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ)യോട് ആരോ ചോദിച്ചു: കര്‍മങ്ങളില്‍ ഏറ്റവും ഉത്തമമായത് ഏതാണ് ? തിരുമേനി പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. വീണ്ടും ചോദിക്കപ്പെട്ടു: പിന്നെ ഏത്? പിന്നീട് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്. പിന്നീട് ഏത് ? വീണ്ടും ചോദ്യം തിരുമേനി പ്രതിവചിച്ചു. മബ്‌റൂറായ ഹജ്ജ് . മബ്‌റൂറായ ഹജ്ജ് എന്നാല്‍ പാപം കലരാത്ത ഹജ്ജ് എന്നാണ്.

ഉംറ

സന്ദര്‍ശനം എന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്നതില്‍നിന്നാണ് ഉംറ എന്ന പദം ഉദ്ഭൂതമായത്. ഇതിന്റെ ഇവിടത്തെ ഉദ്ദേശ്യം കഅ്ബാ സന്ദര്‍ശനവും അതിനു ചുറ്റുമുള്ള പ്രദക്ഷിണവും സ്വഫാ മര്‍വകള്‍ക്കിടയിലുള്ള ഓട്ടവും മുടിനീക്കംചെയ്യലുമാണ്.
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം നബി(സ) പറഞ്ഞു: ഒരു ഉംറ മറ്റൊരു ഉംറക്കിടയിലുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്. പുണ്യകരമായ ഹജ്ജിനുസ്വര്‍ഗമല്ലാതെ പ്രതിഫലമില്ല (ബുഖാരി,മുസ്‌ലിം).
ഹജ്ജ് മാസങ്ങളിലും അല്ലാതെയും ഏതുദിവസത്തിലും ഉംറ നിര്‍വഹിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ അറഫാദിനം, നഹ്‌റിന്റെ ദിനം(ബലിദിവസം), തശ് രീഖിന്റെ 3 ദിനങ്ങള്‍ എന്നിങ്ങനെ 5 ദിവസങ്ങളില്‍ ഉംറപാടില്ലെന്ന് ഇമാം അബൂഹനീഫ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉംറ സുന്നത്താണെന്നാണ് ഹനഫികളുടെയും മാലികിന്റെയും വീക്ഷണം.

About the author

padasalaadmin

Add Comment

Click here to post a comment

Topics