അനസ്ബ്‌നു മാലിക്(റ)
പ്രശസ്ത ഹദീസ് നിവേദകന്‍. ഒട്ടേറെ ഹദീസുകള്‍ നിവേദനം ചെയ്തു. പ്രവാചകന്റെ പ്രത്യേക പരിചാരകന്‍. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ പത്ത് വയസ്സ്. തുടര്‍ന്ന് പത്ത് വര്‍ഷം പ്രവാചകന് സേവനം ചെയ്തു. ഈ കാലയളവിലൊരിക്കലും പ്രവാചകന്‍ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ലെന്നു മൊഴി നല്‍കുന്നു. ജനങ്ങളെ ഹദീസ് പഠിപ്പിക്കുന്നതിനും മറ്റുമായി ബസ്വറയിലേക്കു താമസം മാറ്റി. ഉമറിന്റെ ഭരണകാലത്ത് ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടി. ഹി: 91 ല്‍ 103-ാം വയസ്സില്‍ നിര്യാണം.
അബൂഅയ്യൂബില്‍ അന്‍സ്വാരി (ഖാലിദ് ബ്‌നു സൈദ് അന്‍സ്വാരി അല്‍ ഖസ്‌റജ്)
മക്കയില്‍നിന്നു ശത്രുക്കളുടെ ഉപദ്രവം സഹിക്കവയ്യാതെ മദീനയിലേക്കു പലായനം ചെയ്തു. നബി(സ) ഇദ്ദേഹത്തിന്റെ വീട്ടിലാണ് സ്വന്തം വീടു പണിയുന്നതുവരെ താമസിച്ചത്. മറ്റാര്‍ക്കും ഈ ബഹുമതി ലഭിച്ചില്ല. പ്രവാചകന്റെ കൂടെ എല്ലായുദ്ധങ്ങളിലും പങ്കെടുത്തു. ഹി: 51 ലാണ് അദ്ദേഹം നിര്യാതനായത്. തന്റെ അന്ത്യാഭിലാഷമനുസരിച്ച് കോട്ടയുടെ അടിഭാഗത്തായിരുന്നുഅദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കിയത്. തുര്‍ക്കി ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്‌റാന്റിനോപ്പിള്‍ കീഴടക്കിയപ്പോള്‍ അന്‍സ്വാരിയുടെ മഖ്ബറ കണ്ടെത്തുകയും അദ്ദേഹത്തിന്റെ മഖ്ബറക്കരികെ വലിയൊരു പള്ളി നിര്‍മിക്കുകയും ചെയ്തു. ഇത് മസ്ജിദ് അബൂഅയ്യൂബ് എന്ന പേരിലറിയപ്പെടുന്നു. പ്രവാചകനില്‍നിന്ന് ധാരാളം ഹദീസുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അദിയ്യുബ്‌നു ഹാതിം(റ)
ലോകപ്രശസ്ത ഔദാര്യവാനായ ഹാത്വിമുത്താഇയുടെ പുത്രന്‍. ഹയ്യ് ഗോത്രത്തിന്റെ അധിപനായിരുന്നു ഹാത്വിം. ഹാത്വിമിന്റെ മകന്‍ അദിയ്യ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്നു. അലി(റ) യുടെ കീഴിലുള്ള മുസ്‌ലിം സേന ത്വയ്യുകാരെ തോല്‍പ്പിച്ചു. അവര്‍ സിറിയയിലേക്ക് പലായനം ചെയ്തു. അദിയ്യിന്റ സഹോദരി ബന്ദികളുടെ കൂട്ടത്തില്‍ പ്രവാചക സന്നിധിയില്‍ ഹാജരാക്കപ്പെട്ടു. നബി(സ) വിശിഷ്ടസമ്മാനങ്ങള്‍ നല്‍കി ആദരപൂര്‍വ്വം തിരിച്ചയച്ചു. പ്രവാചകന്റെ ഈ ഉദാര നടപടി അദിയ്യിന്റെ മനം കവര്‍ന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അലി പക്ഷക്കാരനായിരുന്ന അദിയ്യ് അദ്ദേഹത്തിനുവേണ്ടി ധീരമായി ഒട്ടേറെ യുദ്ധങ്ങളില്‍ പോരാടി. തുടര്‍ന്ന് കൂഫയില്‍ താമസമാക്കി. ഹി: 68 ല്‍ 120- ാം വയസ്സില്‍ നിര്യാണം.
അബൂബക്കര്‍ സിദ്ദീഖ് (അബ്ദുല്ലാഹിബ്‌നു ഉസ്മാന്‍ അബൂഖുഹാഫ) (റ)
നബി(സ)യുടെ പ്രഥമ അനുചരനും, സന്തത സഹചാരിയും, പ്രഥമ ഖലീഫയുമായിരുന്നു. പുരുഷന്‍മാരില്‍ നിന്ന് ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അബൂബക്കറാണ്. മക്കയില്‍ ജനിച്ചു. മദീനയില്‍ അറുപത്തിമൂന്നാം വയസ്സില്‍ നിര്യാതനായി. അബൂബക്കറിന് നബി(സ) സിദ്ദീഖ്(സത്യസന്ധന്‍) എന്ന ബഹുമതി നല്‍കി.
അബൂഉമാമത്തുല്‍ ബാഹിലി(റ)
ഈജിപ്ത് നിവാസിയായിരുന്നു. പിന്നീട് സിറിയയിലെ ഹിംസിലേക്ക് താമസം മാറ്റി. അനേകം ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹി: 86 ല്‍ 91-ാം വയസ്സില്‍ നിര്യാതനായി. ഹിംസിലാണ് ഖബറടക്കം. നബി(സ)യുടെ സിറിയയിലെ അനുചരന്‍മാരില്‍ ഏറ്റവും അവസാനം മരിച്ചത് അബൂഉമാമയാണ്.
അബൂത്വല്‍ഹ(റ)
സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികളില്‍ ഒരാള്‍. യുദ്ധവീരന്‍. വില്ലാളി. ഒരുകൂട്ടം പോരാളികളേക്കാള്‍ ഫലപ്രദമായിരുന്നു അദ്ദേഹത്തിന്റെ യുദ്ധ ഗര്‍ജ്ജനമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അഖബാ ഉടമ്പടിയില്‍ പങ്കെടുത്ത പതിനേഴ് മദീനക്കാരില്‍ ഒരാള്‍. എഴുപത്തിഏഴാം വയസ്സില്‍ (ഹി: 31) ബസ്വറയില്‍ നിര്യാണം.
അബൂദര്‍റുല്‍ ഗിഫാരി/ജുന്‍ദബ്ബ്‌നു ജുനാദ(റ)
‘ഖാഇമുല്‍ ഖുര്‍ആന്‍’ എന്ന് അപരനാമം. മുഹാജിര്‍, പ്രമുഖ സ്വഹാബി, അതീവ ഭക്തന്‍, പരിത്യാഗി. ഇസ്‌ലാമിലേക്ക് കടന്നുവന്ന നാലാമനോ അഞ്ചാമനോ ആയ ആള്‍. ജനിച്ചതിനുശേഷം വിഗ്രഹാരാധന നടത്തിയിട്ടില്ല.ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പുതന്നെ അബൂദര്‍റ് ഭയഭക്തിയിലും അര്‍പ്പണബോധത്തിലും പ്രസിദ്ധനായിരുന്നു. സ്വന്തം ഗോത്രത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്തു. ദമസ്‌കസില്‍ താമസമാക്കി. ഖലീഫ ഉസ്മാന്‍(റ)വിന്റെ കാലത്ത് മദീനയിലെ പ്രാന്തപ്രദേശമായ റബ്ദയില്‍ ഏകാന്തവാസം വിധിക്കപ്പെട്ടു. അവിടെ നിര്യാണം. ഒട്ടേറെ സ്വഹാബിമാരും താബിഉകളും അബൂദര്‍റില്‍നിന്ന് ഹദീസ് കേട്ടു. ആദ്യമായി ഇസ്‌ലാമിന്റെ അഭിവാദ്യമായ ‘സലാം’ ഇദ്ദേഹത്തോടാണ് നബി(സ) പറഞ്ഞത്.
അഖ്‌റഉബ്‌നു ഹാബിസ്(റ)
മക്കാവിജയകാലത്ത് ഇസ്‌ലാം സ്വീകരിച്ചു. നബി(സ)യില്‍നിന്നും, അവിടുത്തെ അനുചരന്‍മാരില്‍നിന്നും ഹദീസ് ഹൃദിസ്ഥമാക്കി. മക്കാവിജയ ദിവസം തമീം ഗോത്രത്തെ പ്രതിനിധീകരിച്ച് കടന്നുവന്നു. ഗവര്‍ണര്‍ അബ്ദുല്ലാഹിബ്‌നു ആമിര്‍ ഖുറാസാനിലേക്കയച്ച ഒരു സേനയുടെ നായകത്വം ഇദ്ദേഹത്തിനായിരുന്നു.
Add Comment