മുആദ്ബ്‌നുജബല്‍(റ)
അഖബയിലെ രണ്ടാം ഉടമ്പടിയില്‍ പങ്കെടുത്ത എഴുപതുപേരിലൊരാള്‍. നബിയോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. യമനിലെ മതാദ്ധ്യാപകനായും വിധികര്‍ത്താവായും നബി(സ) ഇദ്ദേഹത്തെ നിയോഗിച്ചു. ഉമറി(റ)ന്റെ കാലത്ത് സിറിയന്‍ ഗവര്‍ണറായി. ഹി: 18ല്‍ അറുപത്തെട്ടാം വയസ്സില്‍ പ്‌ളേഗ് ബാധിച്ചു മരിച്ചു.
മുആവിയത്തുബ്‌നു അബീസുഫ്‌യാന്‍(റ)
മക്കാ വിജയകാലത്ത് ഇദ്ദേഹവും പിതാവും ഇസ്‌ലാം സ്വീകരിച്ചു. നബി(സ)യുടെ വഹ്‌യ് എഴുതിവെക്കുന്നവരില്‍ ഒരാളായിരുന്നു. അലി(റ)വിന് ശേഷം 20 വര്‍ഷം ഭരണം നടത്തി. ഹി: 60ല്‍ ഡമസ്‌കസില്‍ നിര്യാതനായി.
സല്‍മാനുല്‍ ഫാരിസി(റ)
പേര്‍ഷ്യയില്‍ ജനനം. ബാല്യത്തിലേ മതപരമായ തൃഷ്ണയുള്ളതിനാല്‍ സത്യമതം അന്വേഷിച്ച് പല ദുരിതങ്ങളും അനുഭവിക്കേണ്ടിവന്നു. ഹിജ്‌റ കഴിഞ്ഞയുടന്‍ ഇസ്‌ലാം സ്വീകരിച്ചു. ‘സല്‍മാന്‍ എന്റെ കുടുംബത്തിലെ ഒരംഗമാണ്” എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഖന്‍ദഖ് യുദ്ധത്തില്‍ മദീനക്കുചുറ്റും കിടങ്ങുകള്‍ കുഴിച്ചത് ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ്. ഹി: 35ല്‍ മരണപ്പെട്ടു.
സ്വഫിയ്യ(റ)
ഇസ്രാഈല്‍ സന്തതികളില്‍ പെട്ടവര്‍, പ്രവാചക പത്‌നി. ഖൈബര്‍ യുദ്ധത്തില്‍ ആദ്യഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ നബി(സ) വിവാഹം ചെയ്തു. ഹി: 50ല്‍ മരണപ്പെട്ടു.
സൈദുബ്‌നുസാബിത്ത്(റ)
നബി(സ)ക്ക് ലഭിക്കുന്ന വഹ്യുകള്‍ അപ്പപ്പോള്‍ എഴുതി വെക്കുന്നവരില്‍ പ്രസിദ്ധന്‍. അബൂബക്കര്‍(റ), ഉസ്മാന്‍(റ), എന്നിവര്‍ ഖുര്‍ആന്‍ ക്രോഡീകരണം ഇദ്ദേഹത്തെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹി: 40ല്‍ മദീനയില്‍ മരണം.
സൈദുബ്‌നു ഹാരിസ(റ)
ഒരു അടിമയായിരുന്നു. നബി(സ) മോചിപ്പിച്ചു. ജീവിതത്തിന്റെ മുഖ്യഭാഗം പ്രവാചക സേവനത്തിനായി ചിലവഴിച്ചു. മുഅ്തഃ യുദ്ധത്തിന്റെ നേതൃത്വം നബി ഇദ്ദേഹത്തെയാണ് ഏല്‍പ്പിച്ചത്.
സൈനബ് ബിന്‍ത് ജഹ്ശ്(റ)
പ്രവാചക പത്‌നി. വിമുക്ത അടിമയായിരുന്ന സൈദ്ബ്‌നു ഹാരിസയായിരുന്നു ഇവരെ ആദ്യം വിവാഹം ചെയ്തത്. വിവാഹമോചനാനന്തരം പ്രവാചകപത്‌നിപദം സ്വീകരിച്ചു. ആഇശ, ഉമ്മുഹബീബ തുടങ്ങിയവര്‍ക്ക് ഇവരില്‍നിന്ന് ഹദീസുകള്‍ ലഭിച്ചിട്ടുണ്ട്.
ഹന്‍ളലതുബ്‌നുര്‍റബീഅ്(റ)
അബൂറബീഅ് എന്ന് സ്ഥാനപ്പേര്. നബി(സ)യുടെ ദിവ്യബോധനങ്ങള്‍ എഴുതിവെച്ചതിനാല്‍ കാത്തിബ്(എഴുത്തുകാരന്‍) എന്ന പേരില്‍ പ്രസിദ്ധനായി.
ഹഫ്‌സ്വ ബിന്‍ത് ഉമര്‍(റ)
പ്രവാചക പത്‌നി. ആദ്യം ഖാനിസ് ഇബ്‌നുഹുദാഫയുടെ ഭാര്യയായിരുന്നു. നബിയില്‍നിന്ന് ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തു.
ഹസ്സാനുബ്‌നുസാബിത്ത്(റ)
യഥാര്‍ഥ പേര് തൈമുല്ലാഹിബ്‌നു സഅ്‌ലബില്‍ അന്‍സ്വാരില്‍ ഖസ്‌റജി. അബ്ദുല്‍ വലീദ് എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. മാതാവ് ഖുറൈഅ ബിന്‍ത് ഖാലിദ്. നബിയുടെ കവിയായിരുന്നു. ആഇശ(റ)വിനെക്കുറിച്ച് കവിത ചൊല്ലിയിട്ടുണ്ട്. നബി(സ)യെ പ്രകീര്‍ത്തിച്ച് കവിത ചൊല്ലാന്‍ നബി(സ) അദ്ദേഹത്തിന് അവസരമൊരുക്കിക്കൊടുക്കാറുണ്ടായിരുന്നു. ധൈര്യം കുറഞ്ഞ വ്യക്തിയായിരുന്നു. അതിനാല്‍ നബി(സ)യോടൊപ്പം യുദ്ധങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. അലി(റ)യുടെ ഭരണകാലത്താണ് ഇദ്ദേഹം മരണപ്പെട്ടത്. 60 വര്‍ഷം ഇസ്‌ലാമിലും 60 വര്‍ഷം ജാഹിലിയ്യത്തിലുമായി 120 വര്‍ഷം ജീവിച്ചു.
ഹാരിസ്ബ്‌നു ഹിഷാം(റ)
അബൂജഹ്‌ലിന്റെ സഹോദന്‍. മക്കാവിജയ ദിനം ഇസ്‌ലാം സ്വീകരിച്ചു. ഉമറിന്റെ കാലത്ത് സിറിയയിലേക്ക് താമസംമാറ്റി. ഹി: 15ല്‍ യര്‍മൂക് യുദ്ധത്തില്‍ വധിക്കപ്പെട്ടു. നബി(സ) ഒരിക്കലദ്ദേഹത്തിന് 100 ഒട്ടകങ്ങള്‍ സമ്മാനം നല്‍കി.
ഹിശാമുബ്‌നു ഉര്‍വ(റ)
സുബൈറി(റ)ന്റെ പൌത്രന്‍. അതീവ ഭക്തനും പണ്ഡിതനും. അബ്ദുല്ലാഹിബ്‌നുസുബൈറും ഇബ്‌നുഉമറും ഇദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ പഠിച്ചു. ബാഗ്ദാദില്‍ ചെന്നു ഖലീഫ മന്‍സൂറിനെക്കണ്ടു. ഹി: 61 ല്‍ ജനനം. ഹി: 146 ല്‍ മരണം.
ഹുദൈഫത്തുബ്‌നുല്‍ യമാന്‍(റ)
ചില ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പേര്‍ഷ്യന്‍ തലസ്ഥാനമായ മദാഇനില്‍ ഹി: 35 ലോ 36 ലോ നിര്യാതനായി.
ഹംസത്തുബ്‌നു അബ്ദുല്‍ മുത്തലിബ്
നബിയുടെ പ്രസിദ്ധ പിതൃവ്യനും, ധീരസേനാനിയും. ഉഹ്ദില്‍ രക്തസാക്ഷിയായി. ഹംസ(റ) പ്രവാചകന്റെ മുലകുടിബന്ധത്തിലെ സഹോദരനുമാണ്. ഉഹ്ദ് യുദ്ധത്തില്‍ വഹ്ശിബ്‌നുഹര്‍ബാണ് ഹംസ (റ) യെ വധിച്ചത്. വഹ്ശി പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകനേക്കാള്‍ നാലു വയസ്സിനു മുതിര്‍ന്നയാളായിരുന്നു ഹംസ (റ). അലി, അബ്ബാസ്, സൈദ്, തുടങ്ങിയവര്‍ ഹംസ (റ)യില്‍ നിന്നു ഹദീസ് നിവേദനം ചെയതു .
ഹസന്‍ബസ്വരി
ഖലീഫ ഉമറിന്റെ കാലത്ത് മദീനയില്‍ ജനനം. ഉമറാണ് കുട്ടിക്ക് മധുരം കൊടുത്തത്. പ്രവാചക പത്‌നി ഉമ്മുസല്‍മയുടെ പരിചാരകയായിരുന്നു മാതാവ്. ബസ്വറയില്‍ താമസമാക്കി. അനസുബ്‌നുമാലിക്ക്, അബൂമൂസ, ഇബ്‌നുഅബ്ബാസ് തുടങ്ങിയവരില്‍നിന്ന് ഹദീസ് നിവേദനം ചെയ്തു. ഭക്തനും സൂഫിയുമായിരുന്ന ഹസന്‍(റ) ഹി: 120ല്‍ നിര്യാതനായി.
Add Comment