ഫിഖ്ഹ്

ഫിഖ്ഹ് ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് (ഹി:11-40)

ഒരു ഇസ്ലാമിക സ്റേറ്റിന്റെ നിര്‍മാണത്തിനു ശേഷമാണ് പ്രവാചകന്‍ തിരുമേനിയുടെ വിയോഗം. പ്രവാചകന്‍ തിരുമേനിയുടെ വിയോഗാനന്തരമാണ് സച്ചരിതരായ ഖലീഫമാരുടെ കാലം. ഈ ഇസ്ലാമിക സ്റേറ്റിനെ അത്യധികം അഭിവൃദ്ധിപ്പെടുത്തുകയെന്നതായിരുന്നു ഖലീഫമാരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം. ഒരു രാഷ്ട്രം സ്വാഭാവികമായും അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും ഈ കാലയളവില്‍ ഉടലെടുക്കുകയുണ്ടായി. തികച്ചും നൂതന പ്രശ്നങ്ങളായിരുന്നു അവ. മതപരിത്യാഗികളുടെ പ്രശ്നം, ഖുര്‍ആന്‍ ക്രോഡീകരണം, രാഷ്ട്രാതിര്‍ത്തികളുടെ വിപുലീകരണം തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. ഈ ഘട്ടത്തിലാകട്ടെ, സ്വഹാബിമാരില്‍ പലരും ഇസ്ലാമിക സ്റേറ്റിന്റെ കേന്ദ്രമായ മദീനക്ക് പുറത്തായിരുന്നു താനും. ഇത്തരം സവിശേഷതകളാല്‍ വലയം ചെയ്യപ്പെട്ട ഈ ഘട്ടത്തെ ഇജ്തിഹാദിന്റെ പ്രഥമ ഘട്ടമെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.

ഈ ഘട്ടത്തിലെ ഇസ്ലാമിക ഫിഖ്ഹിന്റെ അവലംബങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്തിഹാദ്, ഇജ്മാഅ് തുടങ്ങിയവയായിരുന്നു. ഖിയാസിന്റെ മറ്റൊരു ഭാഷ്യമാണ് ഇജ്തിഹാദ്. ശൂറയിലൂടെ (കൂടിയാലോചന)യായിരുന്നു ഇജ്തിഹാദിന്റെ സാധ്യതയും സാധുതയും നടന്നിരുന്നത്. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), ഇബ്നു മസ്ഊദ്(റ), ഇബ്നു അബ്ബാസ്(റ), ആയിശ(റ) തുടങ്ങിയ പ്രഗത്ഭരായ സ്വഹാബിവര്യന്മാര്‍ ഈ കാലഘട്ടത്തിലുണ്ടായ നൂതനമായ പ്രശ്നങ്ങളെ അതിജയിച്ച് ഇസ്ലാമിന്റെ കാലാതിവര്‍ത്തിത്തം നിലനിര്‍ത്തുന്നതില്‍ അഹോരാത്രം വിയര്‍പ്പിന്‍ തുള്ളികള്‍ വീഴ്ത്തിയ അതുല്യ പ്രതിഭകളാണ്. ഖലീഫമാരുടെ കാലത്തെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു ഉദ്ധരണി നോക്കൂ: ‘അല്ലാഹു കല്‍പിച്ച വിധത്തിലുള്ള കൂടിയാലോചനയായിരുന്നു ഖലീഫമാരുടെ കാലഘട്ടത്തിന്റെ സവിശേഷത. ഭരണഘടനാധിഷ്ഠിതമായിരുന്നു അവരുടെ വ്യവസ്ഥകള്‍. അവരുടെ അടിസ്ഥാന ഭരണഘടനയാകട്ടെ ഫിഖ്ഹും. ഫിഖ്ഹായിരുന്നു അവരുടെ നയങ്ങളുടെ അവലംബം. ഫിഖ്ഹായിരുന്നു അവരുടെ ജീവിതത്തിന്റെ ആത്മാവ്. ഫിഖ്ഹിലൂടെയായിരുന്നു അവരുടെ രാഷ്ട്രത്തിന്റെ ആസൂത്രണം’.

ഖലീഫമാരുടെ കാലഘട്ടത്തിലെ ഫിഖ്ഹ് രീതിശാസ്ത്രത്തെ സംബന്ധിച്ച മറ്റൊരു പ്രസ്താവന കാണുക: ‘നേരത്തേയുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നില്ല ഈ ഘട്ടത്തിലെ ഫിഖ്ഹ്. ഫിഖ്ഹ് നടന്നുകൊണ്ടേയിരുന്നു. പ്രവാചക കാലഘട്ടത്തിലേതു പോലെ താത്വികവും പ്രായോഗികവുമായിരുന്നു അത്. പ്രശ്നങ്ങള്‍ ഉത്ഭവിച്ചാല്‍ അതിനോടുള്ള നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് അവ പരിഹരിച്ചു.

‘രണ്ട് സംഗതികളായിരുന്നു ഈ ഘട്ടത്തിലെ ഫിഖ്ഹിന്റെ പ്രത്യേകത. വിധികളെ നിര്‍ദ്ധാരണം ചെയ്തെടുക്കുന്നതില്‍ സ്പഷ്ടമായ രൂപത്തില്‍ ന്യായാധീകരണവും അഭിപ്രായവും നടത്തും. നേരത്തേ സംഭവിക്കാത്ത പ്രശ്നങ്ങള്‍ക്കാണ് ഈ വിധികളുടെ നിര്‍ദ്ധാരണം. ഇജ്തിഹാദിന്റെ മാര്‍ഗം അവലംബിച്ചുകൊണ്ടാണിത്. ഇതാണ് ഒന്നാമത്തെ പ്രത്യേകത. രണ്ടാമത്തെ പ്രത്യേകത ഇജ്മാഅ് നടത്തിയതാണ്. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രവാചക അനുചരന്മാരെ ഒരുമിച്ചുകൂട്ടി, അവരോട് വിധികള്‍ തേടി, ഒരു ഏകാഭിപ്രായത്തിലെത്തുന്ന രീതിയാണിത്.

അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ഫിഖ്ഹീ രീതിശാസ്ത്രം കാണുക: ‘താര്‍ക്കിക വിഷയങ്ങള്‍ അബൂബക്കര്‍(റ)ന്റെ സന്നിധിയിലെത്തിയാല്‍ അദ്ദേഹം പ്രഥമമായി അല്ലാഹുവിന്റെ ഗ്രന്ഥം പരിശോധിക്കും. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പ്രശ്നത്തെ സംബന്ധിച്ച വിധി കണ്ടാല്‍ അതനുസരിച്ച് വിധി പുറപ്പെടുവിക്കും. വേദഗ്രന്ഥത്തിലില്ലെങ്കില്‍, സുന്നത്തിന്റെ അടിസ്ഥാനത്തില്‍ വിധി നടത്തും. ഇതിനും അദ്ദേഹം അശക്തനായാല്‍ മുസ്ലിംകളോട് പ്രതിവിധി അന്വേഷിച്ചുകൊണ്ട് പുറപ്പെടും. ‘റസൂല്‍ തിരുമേനി ഈ വിഷയത്തില്‍ എന്തെങ്കിലും വിധി നടത്തിയതായി നിങ്ങള്‍ക്കറിവുണ്ടോ’യെന്ന് അവരോട് അന്വേഷിക്കും. മുസ്ലിംകള്‍ അദ്ദേഹത്തിനരികില്‍ ഒരുമിച്ചുകൂടും. പ്രവാചകനില്‍ നിന്ന് അവര്‍ക്ക് ജ്ഞാനമുള്ള വിധി അദ്ദേഹത്തെ അവര്‍ ബോധിപ്പിക്കും. അപ്പോള്‍ അബൂബക്കര്‍(റ) പറയും: പ്രവാചക ജ്ഞാനം നമുക്ക് എത്തിച്ചുതന്നവനെ നല്‍കിയ അല്ലാഹുവിന് സ്തുതി. ഇനിയും വിധിയെ നിര്‍ദ്ധാരണം ചെയ്യുന്നതില്‍ അബൂബക്കര്‍(റ) അശക്തനായാല്‍ ജനനേതാക്കന്മാരെയും ഉത്തമ വ്യക്തികളെയും ഒരുമിച്ചു കൂട്ടും. അവരുമായി കൂടിയാലോചന നടത്തും. അവരുടെ അഭിപ്രായത്തില്‍ ഏകോപനമുണ്ടായാല്‍ അതനുസരിച്ച് വിധിക്കും. ഇപ്രകാരം തന്നെയായിരുന്നു ഉമര്‍(റ). ഖുര്‍ആനിലും സുന്നത്തിലും ഒരു വിധി കണ്ടെത്തിയില്ലെങ്കില്‍ ഈ പ്രശ്നത്തില്‍ അബൂബക്കര്‍(റ) വല്ല വിധിയും നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം അന്വേഷിക്കും. അബൂബക്കര്‍(റ)ന് വല്ല വിധിയുമുണ്ടെങ്കില്‍ അതനുസരിച്ച് വിധിക്കും. അങ്ങനെയില്ലെങ്കില്‍, ജനപ്രതിനിധികളെ ഒരുമിച്ചുകൂട്ടി കൂടിയാലോചന നടത്തും. അവരില്‍ അഭിപ്രായ ഐക്യം ഉണ്ടായാല്‍ അതനുസരിച്ച് വിധിക്കും’

അബൂബക്കര്‍(റ) നടത്തിയ വിധിക്ക് ഉദാഹരണം:  ‘ഇബ്നുശിഹാബ്, ഖബീസ്വഃ ഇബ്നു ദുഐബില്‍ നിന്ന് നിവേദനം. ഒരു പിതാമഹി, അനന്തരസ്വത്തവകാശം എത്രയുണ്ടെന്ന് വിധി അന്വേഷിച്ചുകൊണ്ട് അബൂബക്കറി(റ)നെ സമീപിച്ചു. അബൂബക്കര്‍(റ) പറഞ്ഞു: ‘പുത്രന്റെ സ്വത്തില്‍ പിതാമഹിക്ക് അനന്തരാവകാശമുള്ളതായി ഖുര്‍ആനിലോ സുന്നത്തിലോ ഞാനൊന്നും കാണുന്നില്ല’. പിന്നീടദ്ദേഹം ജനങ്ങളോട് ചോദിച്ചു: മുഗീറത്തുബ്നു ശുഅ്ബ (റ) പറഞ്ഞു: പ്രവാചകന്‍(സ) പിതാമഹിക്ക് ആറിലൊന്ന് നല്‍കിയതായി ഞാന്‍ കേട്ടിട്ടുണ്ട്. താങ്കളെ ക്കൂടാതെ ഇത് മറ്റാരെങ്കിലും ശ്രവിച്ചിട്ടുണ്ടോ? ഖലീഫ തിരക്കി. മുഹമ്മദുബ്നു മസ്ലമ സാക്ഷിപറഞ്ഞു. അനന്തരം ഖലീഫാ അബൂബക്കര്‍(റ) പൌത്രന്റെ സ്വത്തില്‍ അനന്തരാവകാശമാവശ്യപ്പെട്ടുവന്ന സ്ത്രീക്ക് ആറില്‍ ഒരംശം നല്‍കി.  ഉദ്ധരണം: കര്‍മശാസ്ത്ര മദ്ഹബുകള്‍ ഒരു പഠനം, എം.എസ്.എ. റസാഖ്, 25).

ഈ കാലഘട്ടത്തില്‍ ഉമര്‍(റ) നടത്തിയ ചില ഇജ്തിഹാദുകളെക്കുറിച്ചാവാം ഇനിയുള്ള സംസാരം. സാഹചര്യം മാറിയപ്പോള്‍ അതിനോടുള്ള ഉമര്‍(റ)ന്റെ ദീര്‍ഘദൃഷ്ടിയെയും സുചിന്തിത നിലപാടിനെയും ഇത് അടയാളപ്പെടുത്തുന്നു.

1. ഹൃദയം ഇണക്കപ്പെട്ട വ്യക്തികള്‍ക്ക് സകാത്ത് നല്‍കണമെന്നാണ് ഖുര്‍ആനിക ശാസന. പ്രവാചക മാതൃകയും ഇതുതന്നെ. എന്നാല്‍ ഉമര്‍(റ) തന്റെ കാലത്ത് ഇത് നിര്‍ത്തലാക്കി. ഇതുമായി ബന്ധപ്പെട്ട പ്രമാണത്തിന്റെ അടിസ്ഥാന നിദാനത്തിലേക്കാണ് അദ്ദേഹം ദൃഷ്ടികളെ പായിച്ചത്. നിദാനം ഇതത്രേ: ഇസ്ലാം ദുര്‍ബലമായിരിക്കേ അമുസ്ലിംകളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടാനായിരുന്നു പ്രവാചകന്‍ ഹൃദയം ഇണക്കപ്പെട്ടവര്‍ക്ക് സകാത്ത് നല്‍കിയത്. ഈ സാഹചര്യം അപ്രസക്തമായപ്പോള്‍ ഈ വിധി ഉമര്‍(റ) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

2. കട്ടവന്റെ കൈ വിച്ഛേദിക്കണമെന്നാണ് ഇസ്ലാമിക മാനം. എന്നാല്‍ ദുരിതത്തിന്റെയും കെടുതിയുടെയും വര്‍ഷത്തില്‍ ഉമര്‍(റ) ഈ വിധി നടപ്പാക്കുന്നത് നിര്‍ത്തലാക്കി. കൈ മുറിക്കുന്ന ശിക്ഷക്ക് പകരം സാഹചര്യ ശിക്ഷകള്‍ അദ്ദേഹം ഏര്‍പ്പെടുത്തി.

ഉമര്‍(റ) ഇപ്രകാരം നടപ്പില്‍ വരുത്തിയ വേറെയും ധാരാളം ഫിഖ്ഹ് വായനകളുണ്ട്. ഉമര്‍(റ) അബൂമൂസല്‍ അശ്അരിക്കെഴുതിയ കത്ത് ഇസ്ലാമിക നിയമനിര്‍മാണത്തിന്റെ പൊതുസ്വഭാവം വ്യക്തമാക്കുന്നു: ‘വിധി സുനിശ്ചിതമായ നിയമവും അംഗീകരിക്കപ്പെടുന്ന നടപടിയുമാണ്. അതിനാല്‍ അതിനുള്ള അധികാരം താങ്കള്‍ക്ക് ലഭിച്ചാല്‍ താങ്കള്‍ ശരിക്കും കാര്യങ്ങള്‍ ഗ്രഹിക്കണം. കാരണം, പ്രായോഗികതയില്ലാത്ത ഒരു സത്യത്തെപ്പറ്റി സംസാരിക്കുന്നത് ഫലം ചെയ്യുകയില്ല. താങ്കളുടെ സദസ്സിലും വിധിയിലും എല്ലാ ജനങ്ങള്‍ക്കും തുല്യത കല്‍പിക്കണം. വാദിയാണ് തെളിവു കൊണ്ടുവരേണ്ടത്. നിഷേധിക്കുന്നവനാണ് സത്യം ചെയ്യേണ്ടത്. മുസ്ലിംകള്‍ക്കിടയില്‍ അനുരഞ്ജനം അനുവദനീയമാണ്. ഹറാമിനെ ഹലാലാക്കുകയോ ഹലാലിനെ ഹറാമാക്കുകയോ ചെയ്യുന്ന അനുരഞ്ജനം പാടില്ല… താങ്കളുടെ മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്ക് ഖുര്‍ആനിലും സുന്നത്തിലും വിധി കാണുന്നില്ലെങ്കില്‍ ശരിക്കും ബുദ്ധി പ്രയോഗിക്കണം. അപ്പോള്‍ തത്തുല്യ സംഭവങ്ങള്‍ മനസ്സിലാക്കി ന്യായാധീകരണം നടത്തുക. അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടതും സത്യവുമായി ഏറ്റവും അടുത്തതുമായി താങ്കള്‍ കാണുന്നതിനെ സ്വീകരിക്കുകയും ചെയ്യുക… (കര്‍മശാസ്ത്ര മദ്ഹബുകള്‍ ഒരു പഠനം-26).

ഖലീഫ ഉസ്മാന്‍(റ)ന്റെ കാലത്ത് അലി(റ) നടത്തിയ ഒരു ഇജ്തിഹാദ് കൂടി പരിശോധിക്കാം: ‘ജുഹൈന ഗോത്രക്കാരിയായ ഒരു സ്ത്രീ വിവാഹശേഷം ആറുമാസം കഴിഞ്ഞപ്പോള്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു കുഞ്ഞിനെ പ്രസവിച്ചു. ഭര്‍ത്താവ് ഖലീഫയുടെ സന്നിധിയില്‍ കേസുമായെത്തി. അദ്ദേഹം ആ സ്ത്രീ വ്യഭിചാരിയാണെന്നും അവളെ കല്ലെറിയണമെന്നും വിധിച്ചു. ഇതറിഞ്ഞ അലി(റ) ഖുര്‍ആനിലെ സൂക്തങ്ങള്‍ – അഹ്ഖാഫ്: 15, ലുഖ്മാന്‍:14, അല്‍ ബഖറ:233 – ഉദ്ധരിച്ചുകൊണ്ട് ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയ കാലം 6 മാസമാണെന്നും കല്യാണ ശേഷം 6 മാസം പിന്നിട്ടാല്‍ നിയമപരമായ സംരക്ഷണം കുട്ടിക്ക് ലഭിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. അതുപ്രകാരം ഖലീഫ തന്റെ വിധിതിരുത്തി. (അതേകൃതി: പേ: 25). ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ്, ആയിശ(റ) തുടങ്ങിയ പ്രഗത്ഭ സ്വഹാബിവര്യന്മാരും ഖലീഫമാരുടെ അതേ രീതിതന്നെയാണ് അവലംബിച്ചത്.

Topics