റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്. ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്. എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്.
കഫ്ഫാറത്തി(പ്രായശ്ചിത്തം)ന്റെ ഭാഗമായി നോമ്പുകള്‍ കടന്നുവരുന്നുണ്ട്. ആരെങ്കിലും അല്ലാഹുവിന് നേര്‍ച്ച നേരുകയും അതു പൂര്‍ത്തീകരിക്കാതിരിക്കുകയുംചെയ്താല്‍ പ്രായശ്ചിത്തമായി പത്തുഅഗതികള്‍ക്ക് ഭക്ഷണമോ അടിമമോചനമോ ആണ് ചെയ്യേണ്ടത്. അതിനുകഴിയാതിരുന്നാല്‍ മൂന്നുദിവസം നോമ്പനുഷ്ഠിക്കലാണ് പ്രതിവിധി. അതുപോലെത്തന്നെ ഇഹ്‌റാമിന്റെ അവസ്ഥയില്‍ മൃഗത്തെ വേട്ടയാടിയാല്‍ കൊന്നതിനുതുല്യം എണ്ണം ആടുമാടൊട്ടകത്തില്‍നിന്ന് പകരം നല്‍കേണ്ടതും അതിനുകഴിഞ്ഞില്ലെങ്കില്‍ ദരിദ്രര്‍ക്ക് ആഹാരം നല്‍കുകയോ അല്ലെങ്കില്‍ നോമ്പുപിടിക്കുകയോ ആണ് വേണ്ടത്. റമദാനിലെ പകലില്‍ ജീവിതപങ്കാളിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകവഴി നോമ്പ് മുറിഞ്ഞാല്‍ അതിന് പ്രായശ്ചിത്തമായി അടിമമോചനമോ അതല്ലെങ്കില്‍ 60 ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കലോ ആണ് ശരീഅത് കല്‍പിക്കുന്നത്.
Add Comment