നിയമപരമായ വിവാഹമോചനത്തെക്കുറിച്ച് ഏറെ കേട്ടിട്ടുള്ളവരാണ് നാം. എന്നാല്‍ വൈകാരികമായ വിവാഹമോചനത്തെ സംബന്ധിച്ച് നമ്മിലധികപേരും ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. വളരെയധികം ആശങ്കിക്കേണ്ടതും സൂക്ഷ്മത പുലര്‍ത്തേണ്ടതുമായ വിഷയമാണിത്.
നമ്മുടെ കുടുംബങ്ങളില്‍ നിലവില്‍ കണ്ടുവരുന്നത് തീര്‍ത്തും വേദനാജനകമായ അനുഭവങ്ങളാണ്. വളരെയധികം വിഷമങ്ങള്‍ കടിച്ചിറക്കിയാണ് ഇരുഭാഗവും (ഭാര്യയും ഭര്‍ത്താവും) ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത് എന്നതാണ് വസ്തുത. മുന്‍കാലത്ത് ദമ്പതികള്‍ക്കിടയില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാത്രം തോന്നിയിരുന്ന അതൃപ്തിയും മടുപ്പും ഇപ്പോള്‍ രണ്ട് ഭാഗത്തേക്കും പടരുകയും പന്തലിക്കുകയും ചെയ്തിരിക്കുന്നു. ഭാര്യ ഭര്‍ത്താവിന്റെ അക്രമത്തെയും, അവഗണനയെയും, കടുത്ത സമീപനങ്ങളെയും കുറിച്ച് പരാതി പറയുകയും തന്റെ വേദനകള്‍ കൂട്ടുകാരികളുമായി പങ്കുവെക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോള്‍ അവള്‍ തന്റെ പ്രശ്‌നങ്ങള്‍ കൂട്ടുകാരനോടായിരിക്കും പങ്കുവെക്കുക. അങ്ങനെ തുടങ്ങി, ഒടുവില്‍ കൂടുതല്‍ മതബോധവും, താല്‍പര്യവും, സ്‌നേഹവും ഉള്ളതായി നടിച്ച് കൂട്ടുകാരനും അവളെ വഞ്ചിക്കുന്നത് സമൂഹത്തില്‍ പതിവ് കാഴ്ചകളായിരിക്കുന്നു: ‘കുറുക്കന് മതബോധമുണ്ടെന്ന് വിചാരിച്ചവന്‍ അബദ്ധത്തിലായതുതന്നെ’.
കഴിഞ്ഞ ഒന്നുരണ്ടു ദശാബ്ദങ്ങളായി നമ്മുടെ കുടുംബ സംവിധാനത്തില്‍ പുതിയ ഒരു കൊമ്പ് കൂടി മുളച്ചുവരികയുണ്ടായി. ഭാര്യയുടെ കാര്യത്തില്‍ പരാതി പറയുന്ന ഭര്‍ത്താക്കന്‍മാരുടെ ഉദയം. തന്റെ ഉദ്യോഗത്തില്‍ മാത്രം ശ്രദ്ധിക്കുന്ന, കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത, എപ്പോഴും ഫോണിലും, കാറിലും രസംകണ്ടെത്തുന്ന ഭാര്യ അവര്‍ക്ക് പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. തങ്ങള്‍ ആഗ്രഹിച്ച സൗന്ദര്യമോ, സംസ്‌കാരമോ, മതബോധമോ, നാഗരികതയോ ഇല്ലെന്ന പരാതിയാണ്് മറ്റുള്ളവര്‍ക്ക് ഭാര്യമാരെക്കുറിച്ച് ഉള്ളത്.
ഇത്തരം ദമ്പതിമാര്‍ക്കിടയിലെ ബന്ധം ക്രമേണ ദുര്‍ബലമായിക്കൊണ്ടേയിരിക്കും. പഴുത്ത് പാകമായ ആപ്പിളെന്ന പോലെ കാറ്റടിക്കുമ്പോള്‍ പിന്നീടൊരിക്കല്‍ പൊടുന്നനെ പൊട്ടിവീഴുന്നു. ആദ്യഘട്ടത്തില്‍ ദമ്പതികളില്‍ ആരും പരസ്പരം തുറന്നുപറയുകയോ, പ്രശ്‌നം പരിഹരിക്കുകയോ ചെയ്യാറില്ല. ബന്ധം മുറിഞ്ഞുപോകുമെന്ന ഭീതിയാണ്് അതിനുള്ള കാരണം. അതിനാല്‍ തന്നെ അവര്‍ക്കോ, അവരുടെ മക്കള്‍ക്കോ ഒരു നിലക്കും ഉപകരിക്കാത്ത സമീപനമാണ് അവര്‍ സ്വീകരിച്ച് വരുന്നത്. മനസ്സിന്റെ മതില്‍കെട്ടുകള്‍ക്കകത്ത് അടക്കിപ്പിടിച്ച വികാരങ്ങളത്രയും ഞെരിഞ്ഞമരുന്നു. അത് വളരെ ശക്തമായ ഒരു തട്ടായി അവിടെ രൂപപ്പെടുന്നു. ചുമരുകള്‍ക്കുള്ളില്‍ മറ്റൊരു ചുമര് രൂപപ്പെടുകയെന്നതാണ് ഇതിന്റെ ഫലം.
ഇതിന്റെ അടയാളങ്ങള്‍ വളരെ വേഗത്തില്‍ തന്നെ പ്രകടമാകുന്നു. മുഖത്തെ പ്രകാശം മങ്ങുകയും, പുഞ്ചിരി മായുകയും ചെയ്യുന്നു. പരസ്പരം ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ അപൂര്‍വമായി മാറുന്നു. പ്രണയവാചകങ്ങള്‍ ഇല്ലാതെയാകുന്നു. ഇണയോടുള്ള ലൈംഗിക ബന്ധത്തില്‍ മടുപ്പ് അനുഭവപ്പെടുന്നതിനാല്‍ നിഷിദ്ധമായ വിവാഹേതര ബന്ധങ്ങളിലേക്ക് വഴിമാറുന്നു.
പതുക്കെ ആ വിടവ് വലുതാകുന്നു. കിടപ്പറയും, തീന്‍മേശയുമെല്ലാം വേര്‍തിരിക്കപ്പെടുന്നു. അഭിപ്രായങ്ങളില്‍ കൂടുതല്‍ വിയോജിപ്പുകള്‍ പ്രകടമാകുന്നു. ഈ ശീതയുദ്ധത്തിന്റെ പാരമ്യത്തിലേക്ക് മക്കളെയും വലിച്ചിഴക്കുന്നതോടെ കുടുംബം രണ്ട് ഭാഗമായി വേര്‍തിരിയുന്നു.
മിക്കവാറും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദതയാണ് വില്ലനായി വരുന്നത്. വിജയകരമായ ചര്‍ച്ചക്കും അനുരജ്ഞന ശ്രമങ്ങള്‍ക്കുമുള്ള അവസരം നഷ്ടപ്പെടുകയാണതിലൂടെ. ഈ സാഹചര്യത്തെയാണ് നാം വൈകാരിക വിവാഹമോചനം എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല. മറിച്ച് അനുയോജ്യമായ പല ഘടകങ്ങളും ഒത്തുചേര്‍ന്ന് ഇതിന് സാഹചര്യമൊരുങ്ങുന്നു. പരസ്പരമുള്ള അവഗണന, സംഭവയാഥാര്‍ഥ്യങ്ങളില്‍നനിന്നുള്ള ഒളിച്ചോട്ടം, തങ്ങളുടെ തെറ്റായ വൈകാരിക സമീപനങ്ങളെ ന്യായീകരിക്കല്‍ തുടങ്ങി അവയ്ക്ക് വെള്ളവും വളവുമേകുന്ന കാര്യങ്ങളേറെയാണ്.
പ്രാരംഭത്തില്‍ തന്നെ വിഷയം കൈകാര്യം ചെയ്യുകയെന്നതാണ് ഇതിനുള്ള ചികിത്സ. ദമ്പതികള്‍ക്കിടയിലെ തുറന്ന സംസാരവും, പരസ്പര ധാരണയുമാണ് ഇവ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വൈകാരിക മരവിപ്പില്‍ നിന്ന് വൈകാരിക പ്രസരിപ്പിലേക്ക് ജീവിതത്തെ മാറ്റുമ്പോഴാണ് ദാമ്പത്യത്തിന്റെ സദ്ഫലങ്ങള്‍ കുടുംബത്തിന് ലഭിക്കുകയുള്ളൂ.
ഡോ. ഖാലിദ് ബിന്‍ സഈദ് അല്‍ഹലീബി
Add Comment