ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കെ പുതിയ മോഡല്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനം എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ന്യൂതനമായ ഡിസൈനുകളും, മോഡലുകളും പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ മര്‍മം. വാസ്തവത്തില്‍ അവിടെ വസ്ത്ര പ്രദര്‍ശനമല്ല വിവിധ രീതിയിലുള്ള നഗ്നതാ പ്രദര്‍ശനമാണ് നടന്നിരുന്നത് . മാറുമറക്കാനുള്ള ബ്രാ പോലും പരമാവധി ചെറുതാക്കി, അവ തന്നെ നേരിയ വസ്ത്രം കൊണ്ട് രൂപപ്പെടുത്തി ശരീരപുഷ്ടി പരമാവധി പുറത്തെത്തിക്കുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അറബ് ചാനലുകളും, വിദേശ ചാനലുകളും തമ്മില്‍ മാറ്റമൊന്നുമില്ല. ഫാഷന്‍ ഡിസൈനര്‍മാരും, മോഡലുകളും കാര്യമായ പ്രാധാന്യം നല്‍കുന്നത് രണ്ടാലൊരു കാര്യത്തിനാണ്. അല്ലാഹു മറക്കാന്‍ കല്‍പിച്ച ശരീര ഭാഗങ്ങള്‍ തുറന്നിട്ട് നഗ്നതാ പ്രദര്‍ശനം നടത്തുക, എല്ലാ കാലത്തും, എല്ലാ പ്രദേശത്തുമുള്ള മതപരമായ മര്യാദകളും, ആചാരങ്ങളും വെടിയുക എന്നിത്യാദി കാര്യങ്ങളാണ് അവ.
വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുകയും രാഷ്ട്രീയ അക്രമങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന അതേ അളവിലാണ് പ്രസ്തുത ചാനലുകള്‍ നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. എല്ലായ്‌പോഴും അമേരിക്കക്ക് തങ്ങളുടെ മ്ലേഛവൃത്തികള്‍ക്ക് ന്യായമുണ്ട്! എല്ലായ്‌പ്പോഴും പീഡനം അര്‍ഹിക്കുന്ന തെറ്റുകള്‍ ഇറാഖ് ചെയ്യുന്നുമുണ്ട്!
അമേരിക്ക തങ്ങളുടെ അംബാസഡറെ അയച്ച് കുവൈറ്റ് ആക്രമിക്കാന്‍ സദ്ദാം ഹുസൈനെ പ്രലോഭിപ്പിച്ച കാര്യം ആരും നമ്മുടെ മുന്നില്‍ ഉദ്ധരിക്കുന്നില്ല. സദ്ദാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്ന് അറിയിക്കാനായിരുന്നു അംബാസഡര്‍ പോയത്.
ഇതാണ് ഇഹലോകം. കുറ്റവാളികള്‍ തങ്ങളുടെ കുറ്റകൃത്യങ്ങളുമായി ഓടിയൊളിക്കുന്നു ഇവിടെ. മോഷ്ടാവ് തന്റെ മോഷണനിധിയുമായി കടന്നുകളയുന്നു. ഇപ്പോള്‍ ഇറാഖിലെ പെട്രോള്‍ ആണ് മോഷ്ടിച്ചത്. ഏറ്റവും കുറഞ്ഞ വിലക്ക് അവരത് തട്ടിയെടുത്ത് കഴിഞ്ഞു. പെട്രോള്‍ വിറ്റ കണക്കില്‍ കിട്ടാനുള്ള ഓഹരിക്കായി സുരക്ഷാസഭക്ക് മുന്നില്‍ കൈനീട്ടി യാചിക്കുന്നു ഇറാഖ്. അവിടത്തെ കുഞ്ഞുങ്ങള്‍ മരിച്ച് വീഴുന്നു. അറബ് ദേശങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്വന്തമായി അഭിപ്രായമില്ല. അറബുചാനലുകള്‍ തുടര്‍ച്ചയായി പ്രോഗ്രാമുകള്‍ പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സ്വന്തം പ്രശ്‌നങ്ങളില്‍ നിന്ന് അറബികളുടെ ശ്രദ്ധ ആസൂത്രിതമായി തിരിച്ചുവിടപ്പെട്ടിരിക്കുന്നു. സമയം നിരന്തരമായി പാഴാക്കിക്കൊണ്ടേയിരിക്കുന്നു. പിന്നെ, നമുക്കെവിടെയാണ് സമയം? സമയമാണ് നമ്മുടെ ആയുസ്സ്. കൊന്നുകളഞ്ഞ നിമിഷങ്ങളെ പുനരുജ്ജീവിപ്പിക്കാനാവില്ലല്ലോ.
ചാനല്‍ പരിപാടികളില്‍ നൂറില്‍ അഞ്ചുശതമാനം മാത്രമെ ആസ്വാദനത്തിനായി നീക്കിവെക്കാവൂ എന്നതാണ് എന്റെ അഭിപ്രായം. വാര്‍ത്ത, സംസ്‌കാരം, വിജ്ഞാനം, യാത്ര തുടങ്ങിയവക്ക് വേണ്ടിയുള്ളതാവണം ബാക്കി സമയം. ലോകാല്‍ഭുതങ്ങള്‍, സവിശേഷമായ കണ്ടെത്തലുകള്‍, അന്തരീക്ഷത്തിന്റെയും ശാസ്ത്രത്തിലെയും അല്‍ഭുതങ്ങള്‍, ക്രിയാത്മകമായ രാഷ്ട്രീയ നിരൂപണങ്ങള്‍, മത-സാമൂഹിക-ധൈഷണിക ഗവേഷണങ്ങള്‍ തുടങ്ങിയവയെല്ലാം അവക്ക് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇത്തരത്തില്‍ ഭീമമായ അര്‍ത്ഥത്തില്‍ ആസ്വാദനം കോരിച്ചൊരിയുന്നത് തീര്‍ത്തും ആശ്ചര്യകരം തന്നെയാണ്.
വര്‍ഷങ്ങളായി ഒരു ഡോളര്‍ പോലും ചെലവഴിക്കാതെ അറബികള്‍ പാട്ടുകള്‍ കേട്ട്, തബല മുട്ടി ആഘോഷിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് എത്രയെത്ര പ്രശ്‌നങ്ങളുണ്ട്! നമ്മുടെ രോഗങ്ങള്‍ അതിലേറെയാണ്! നമുക്ക് വിജ്ഞാനം ആവശ്യമില്ലേ? ഈ പ്രശ്‌നങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും പരിഹാരം തേടേണ്ടതില്ലേ?
അമേരിക്കന്‍ ചാനലായ ഡിസ്‌കവറി ഉദാഹരമായി എടുക്കാം. ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി പ്രക്ഷേപണം നിര്‍വഹിക്കുന്ന ഈ ചാനല്‍ ഒരു പുതിയ വൈജ്ഞാനിക സംസ്‌കാരം തന്നെ കെട്ടിപ്പടുക്കുകയുണ്ടായി. യാതൊരു മടുപ്പുമുളവാക്കാത്ത വിധത്തില്‍ ആകര്‍ഷകമായ പ്രോഗ്രാമുകള്‍. ജീവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, പൈതൃകം, വൈദ്യം, ഗോളം തുടങ്ങി എല്ലാ ശാസ്ത്രമേഖലകളും അത് കൈകാര്യം ചെയ്യുന്നു. നമുക്ക് അവരില്‍ നിന്ന് ചില പ്രോഗ്രാമുകള്‍ വിലക്ക്് വാങ്ങുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത് കൂടെ? ആഗോള ലൈബ്രറികള്‍ ഡോക്യുമെന്ററികള്‍ കൊണ്ടും, നിര്‍മാണാത്മക സിനിമകള്‍ കൊണ്ടും സമ്പന്നമാണ്. ഒരിക്കലും വറ്റാത്ത ഉറവയാണ് ഈജിപ്ത്.
അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന്റെ മറ്റൊരു വഴിയാണ് ഇന്റര്‍നെറ്റ്. കച്ചവടം, പ്രകോപനം, രാഷ്ട്രീയകുപ്രചരണം, അവഹേളനം, വിവരക്കൈമാറ്റം, വിവരം ചോര്‍ത്തല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കം അവരതിനെ ഉപയോഗപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറും വിജ്ഞാനം പകര്‍ന്ന് നല്‍കാന്‍ സാധിക്കുന്ന സമഗ്രമായ യൂനിവേഴ്‌സിറ്റികള്‍ വരെ ഇന്റര്‍നെറ്റില്‍ സ്ഥാപിക്കപ്പെട്ടു. എല്ലാ അനുമാനങ്ങളെയും മാറ്റിമറിച്ച വിപ്ലവമായിരുന്നു അത്. എന്നാല്‍ നമുക്ക് ലഭിച്ചത് അതിലെ തിന്മകള്‍ മാത്രമായിരുന്നു. അശ്ലീലതക്കും, ആഭാസത്തിനുമുള്ള വഴികളില്‍ മാത്രമാണ് നാം പ്രവേശിച്ചത്.
അറബ് ലോകത്തിന്റെ കയ്യില്‍ കണക്കറ്റ അളവിലുള്ള മീഡിയാഉപകരണങ്ങളുണ്ട്. എന്നാല്‍ ഈ മാധ്യമശക്തിയുടെ യാതൊരു സ്വാധീനവും രാഷ്ട്രീയമേഖലയില്‍ -വിശിഷ്യാ ഇസ്രായേലുമായുള്ള സംഘട്ടനത്തില്‍- കാണുന്നില്ല എന്നത് ദുഖകരമാണ്. അതേസമയം വളരെ ചെറിയ രാഷ്ട്രമായ ഇസ്രയേല്‍ തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതിലും, അനുകൂലമായവ പ്രചരിപ്പിക്കുന്നതിലും മിടുക്ക് കാണിക്കുകയും ചെയ്യുന്നു.
നമുക്ക് മീഡിയകളുണ്ട്. മീഡിയകള്‍ക്ക് സ്വാധീനവുമുണ്ട്. പക്ഷേ നമ്മുടെ മീഡിയകള്‍ ഇത് വരെ നമ്മുടെ ‘ഭാഷ’ സംസാരിച്ചിട്ട് തുടങ്ങിയിട്ടില്ലെന്ന് മാത്രം!
ഡോ. മുസ്ത്വഫാ മഹ്മൂദ്
Add Comment