ഇസ്‌ലാം-Q&A

ഭൂമിയിലെ വൈകല്യം സ്വര്‍ഗത്തിലുമുണ്ടാകുമോ ?

ചോദ്യം: “ഭൂമിയിലെ അതേ അവസ്ഥയിലായിരിക്കുമോ മനുഷ്യരെല്ലാം പരലോകത്തും? വികലാംഗരും വിരൂപരുമെല്ലാം ആ വിധം തന്നെയാകുമോ? ”

ഭൌതിക പ്രപഞ്ചത്തിലെ പദാര്‍ഥനിഷ്ഠമായ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനാവശ്യമായ പഞ്ചേന്ദ്രിയങ്ങളും ബൌദ്ധിക നിലവാരവുമാണ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്. അതുപയോഗിച്ച് തീര്‍ത്തും വ്യത്യസ്തമായ പരലോകത്തെ അവസ്ഥ മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ ദിവ്യബോധനങ്ങളിലൂടെ ലഭ്യമായ അറിവുമാത്രമേ ഇക്കാര്യത്തില്‍ അവലംബനീയമായുള്ളൂ.

പരലോക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളൊക്കെയും അതില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. സ്വര്‍ഗം സുഖസൌകര്യങ്ങളുടെ പാരമ്യതയും നരകം കൊടിയ ശിക്ഷയുടെ സങ്കേതവുമായിരിക്കുമെന്ന ധാരണ വളര്‍ത്താനാവശ്യമായ സൂചനകളും വിവരണങ്ങളുമാണ് വിശുദ്ധ ഖുര്‍ആനിലും പ്രവാചകവചനങ്ങളിലുമുള്ളത്. ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും സങ്കല്‍പിക്കാത്തതുമായ സുഖാസ്വാദ്യതകളായിരിക്കും സ്വര്‍ഗത്തിലുണ്ടാവുകയെന്ന് അവ വ്യക്തമാക്കുന്നു. പരലോകത്തെ സ്ഥിതി ഭൂമിയില്‍ വച്ച് പൂര്‍ണമായും ഗ്രഹിക്കാനാവില്ലെന്നാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍ സ്വര്‍ഗാവകാശികളായ സുകര്‍മികള്‍ വാര്‍ധക്യത്തിന്റെ വിവശതയോ രോഗത്തിന്റെ പ്രയാസമോ വൈരൂപ്യത്തിന്റെ അലോസരമോ മറ്റെന്തെങ്കിലും വിഷമതകളോ ഒട്ടുമനുഭവിക്കുകയില്ല. നരകാവകാശികളായ ദുഷ്കര്‍മികള്‍ നേരെ മറിച്ചുമായിരിക്കും. സങ്കല്‍പിക്കാനാവാത്ത ദുരന്തങ്ങളും ദുരിതങ്ങളുമായിരിക്കും അവരെ ആവരണം ചെയ്യുക.

Topics