സ്മാര്‍ട്ട് ക്ലാസ്സ്‌

അവര്‍ എടുത്തുനോക്കും, എറിഞ്ഞുടക്കും….

നക്ഷത്രങ്ങളാണ് കുട്ടികള്‍-18

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പുസ്തകമാണ് ഷാനവാസ് വള്ളിക്കുന്നത്തിന്റെ ‘ഉണ്ണിക്കുട്ടനും രാമന്‍ പരുന്തും’. രക്ഷിതാക്കളും അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.കണിശക്കാരിയായ അമ്മയുടെ കടുത്ത നിയന്ത്രണങ്ങളുടെ തടവറയില്‍ കഴിയേണ്ടി വരുന്ന കുട്ടിയാണ് ഉണ്ണിക്കുട്ടന്‍. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലാണ് അവന്റെ ജീവിതം.
പുറത്തിറങ്ങാനോ കൂട്ടു ചേരാനോ സമപ്രായക്കാരുമായി കളിക്കാനോ ഒന്നും അവന് സ്വാതന്ത്ര്യമില്ല. ഏകാന്തതയുടെയും അന്യവല്‍ക്കരണത്തിന്റെയും അപകര്‍ഷ ബോധത്തിന്റെയും അടിമയായി മാറാന്‍ വിധിക്കപ്പെട്ടതു പോലെ.

ഒരു ദിവസം സ്‌കൂളില്‍ നിന്നും കൂട്ടുകാരോടൊപ്പം കാടു കാണാന്‍ പോകാനും പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുക്കാനും ഉണ്ണിക്കുട്ടന് അവസരം ലഭിച്ചു. വലിയൊരനുഭവമായിരുന്നു അവനെ സംബന്ധിച്ചിടത്തോളം അത്. പ്രകൃതിയെ തൊട്ടറിയാനും പ്രകൃതിയോടൊപ്പം ജീവിക്കാനും പ്രകൃതിയെ അനുഭവിക്കാനും കഴിഞ്ഞ അപൂര്‍വ നിമിഷങ്ങള്‍. ആ അനുഭവങ്ങള്‍ ഉണ്ണിക്കുട്ടന്റെ ഭാവനയെ ഉദ്ദീപിപ്പിച്ചു. ജിജ്ഞാസയെ ജ്വലിപ്പിച്ചു. ചിന്തയെ തൊട്ടുണര്‍ത്തി. കൂട്ടുകാരോടൊത്തുള്ള യാത്രയും സഹവാസവും പങ്കുവെക്കലുകളും അവനിലെ ചടുല ബാല്യത്തെ പുറത്തേക്കെടുത്തു.

വീട്ടിലെ തടവറയില്‍ അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞ ഉണ്ണിക്കുട്ടനിലെ അന്തര്‍മുഖത്വവും ഉള്‍വലിയല്‍ ഭാവവും പതുക്കെ പതുക്കെ അപ്രത്യക്ഷമായി. കാട്ടില്‍ നിന്നു മടങ്ങവെ, പരിക്കേറ്റു താഴെ വീണുകിടക്കുന്ന ഒരു പരുന്തിനെ ഉണ്ണിക്കുട്ടന്‍ കാണാനിടയായി. ബസ്സ് െ്രെഡവര്‍ നിരുത്സാഹപ്പെടുത്തിയിട്ടും അവനാ പരുന്തിനെയുമെടുത്തു നടന്നു. പരുന്ത് മനുഷ്യനോടൊത്ത് ഇണങ്ങാത്ത പക്ഷിയാണ് എന്ന് പലരും പറഞ്ഞെങ്കിലും അവനത് കൂട്ടാക്കിയില്ല. വീട്ടിലെത്തിയ അവനോടു ‘തത്തയോ മൈനയോ ആയിരുന്നെങ്കില്‍ വളര്‍ത്താമായിരുന്നു , പരുന്തിനെ എങ്ങനെ വളര്‍ത്തും’ എന്ന് ചോദിച്ച് അച്ഛന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും , പരുന്തിനെ പരിചരിക്കാന്‍ തന്നെയാണ് ഉണ്ണിക്കുട്ടന്‍ തീരുമാനിച്ചത്. പരുന്ത് മനുഷ്യനുമായി ഇണങ്ങാന്‍ കഴിയുന്ന ഒരു പക്ഷിയാണ് എന്ന് ഇന്റര്‍നെറ്റ് വഴി അവന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. പരുന്തിനെ അവന്‍ താലോലിച്ചു വളര്‍ത്തി. സംരക്ഷിച്ചു. പരിചരിച്ചു. പരുന്ത് അവന്റെ ഉറ്റ സുഹൃത്തായി. ഒടുവില്‍ , വീട്ടിലെ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുന്ന മറ്റു പരുന്തുകളെ പ്രതിരോധിക്കുന്ന കാവലാളായി ആ പരുന്ത് മാറി.

പുറം ലോകവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ , ഉണ്ണിക്കുട്ടനില്‍ സംഭവിച്ച മാറ്റത്തിലേക്കാണ് പുസ്തകം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.പരുന്ത് ഇണങ്ങാനും ഇണക്കാനും കഴിയുന്ന പക്ഷിയാണ് എന്ന് സാമൂഹ്യ മാധ്യമം വഴി അറിവ് നേടിയ അവന്‍ ആ അറിവ് അര്‍ഥപൂര്‍ണമായി ജീവിത പരിസരത്ത് പ്രയോഗിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടേ കുട്ടികള്‍ വഴിതെറ്റുകയല്ല, അറിവിന്റെ പുതിയ ലോകങ്ങളിലേക്ക് കടക്കുകയാണ് എന്ന തിരിച്ചറിവും ഈ പുസ്തകം വായനക്കാരുമായി പങ്കു വെക്കുന്നുണ്ട്.

സാമൂഹികമായ അന്യവല്‍ക്കരണം അനുഭവിക്കുന്ന കുട്ടികള്‍ക്ക് മാനസികവും സാമൂഹികവും വൈകാരികവുമായ വികാസം പ്രതീക്ഷിത അളവില്‍ നേടാന്‍ കഴിയില്ല. സാമൂഹികീകരണത്തിലൂടെയാണ് കുട്ടികള്‍ വികാസപ്രക്രിയയുടെ വ്യത്യസ്ത ഘട്ടങ്ങള്‍ പിന്നിടുന്നത്. പുറംലോകവുമായും പരിസരവുമായും പാരസ്പര്യപ്പെടാനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ ഈ ഘട്ടങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടമാകും. ഒറ്റപ്പെട്ട് കഴിയുന്ന കുട്ടിക്ക് ജിജ്ഞാസുവാകാന്‍ കഴിയില്ല. സാമൂഹിക സഹവര്‍ത്തനം ജിജ്ഞാസയെ സമൂര്‍ത്തമാക്കും.

പ്രധാനമായും മൂന്നു തരം ജിജ്ഞാസയെക്കുറിച്ച് പണ്ഡിതന്മാര്‍ പറയാറുണ്ട്.

ഭൗതിക ജിജ്ഞാസയാണ് അവയിലൊന്ന്. പുതിയത് എന്തെങ്കിലും കണ്ണില്‍ പെട്ടാല്‍ തൊട്ടു നോക്കുക, എടുത്ത് നോക്കുക, താഴേക്കിടുക, എറിഞ്ഞുടക്കുക, കേടു വരുത്തുക തുടങ്ങിയ വേലകള്‍ കുട്ടികളില്‍ നിന്ന് നമുക്ക് കാണാനാകും. അടുത്തറിയാനും കൂടുതലറിയാനുമുള്ള ത്വര കൊണ്ടാണത്. ഇത് തന്നെയാണല്ലോ ജിജ്ഞാസ. ഇതിനെ അക്രമ വാസനയായി നാം തെറ്റിദ്ധരിക്കരുത്.

സാമൂഹിക ജിജ്ഞാസയാണ് രണ്ടാമത്തേത്. അസാധാരണമായ ഒരു വസ്തു ശ്രദ്ധയില്‍ പെട്ടാല്‍, അപരിചിതനായ ഒരു വ്യക്തിയെ കണ്ടാല്‍ ഇതെന്താണ്, അതാരാണ്, ഇതെന്തു കൊണ്ടാണ് എന്ന ചോദ്യങ്ങള്‍ കുട്ടികള്‍ രക്ഷിതാക്കളോടോ, കൂട്ടുകാരോടോ , അധ്യാപകരോടോ ഉന്നയിച്ചേക്കും. തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്നും വരാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണത്. കുട്ടിയുടെ അറിയാനുള്ള അവകാശത്തെയും ആഗ്രഹത്തെയും ത്വരയെയും മുതിര്‍ന്നവര്‍ നിരാകരിക്കരുത്.

വൈജ്ഞാനിക ജിജ്ഞാസയാണ് മൂന്നാമത്തേത്. കേള്‍ക്കുകയും കാണുകയും ചെയ്ത എല്ലാ കാര്യങ്ങളും മനസ്സിലാകണമെന്നോ ബോധ്യപ്പെടണമെന്നോ ഇല്ല.ചില കാര്യങ്ങള്‍ കൃത്യമായി അറിയാനും ദൃഢമായി ബോധ്യപ്പെടാനും പരീക്ഷണങ്ങളോ ഗവേഷണ ങ്ങളോ നടത്തേണ്ടി വരും കുട്ടികള്‍ക്ക്.റഫറന്‍സ് നടത്തേണ്ടി വരും. യാത്ര ചെയ്യേണ്ടി വരും. പലരുമായും ഇടപഴകേണ്ടി വരും. അപ്പോഴാണ് ശാസ്ത്ര മുണ്ടാകുന്നത്. പുതിയ അറിവുകള്‍ സൃഷ്ടിക്കപ്പെടുന്നത്. ജിജ്ഞാസയുടെ ഉയര്‍ന്ന തലമാണിത്.

ചുരുക്കത്തില്‍, ഭാവനയും ജിജ്ഞാസയും ഓരോ കുട്ടിയിലുമുള്ള പ്രകൃതിദത്തമായ സംവിധാനമാണ്. പടിപടിയായുള്ള അവരുടെ വളര്‍ച്ചാ വികാസത്തില്‍ ഇപ്പറഞ്ഞ ഭാവനയുടെയും ജിജ്ഞാസയുടെയും പരിപോഷണത്തിന് വലുതല്ലാത്ത പങ്ക് വഹിക്കാന്‍ കഴിയും( തുടരും ).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics