കമ്യൂണിസം

കമ്യൂണിസം

കമ്യൂണിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം ‘ചരിത്രപരവും വൈരുധ്യാത്മകവുമായ ഭൗതികവാദം’ എന്നതാണ്. ഹെഗലിന്റെ ആശയവാദവും ഫോയര്‍ബാക്കിന്റെ ഭൗതികവാദവും അതിന് ആശയപരമായ പിന്‍ബലമേകി. അനാദിയില്‍ നിലവിലുള്ള അവിഭാജ്യപരമാണുക്കളുടെ വിവിധങ്ങളായ സമ്മിശ്രണമാണ് പ്രപഞ്ചത്തിലെ വിവിധ വസ്തുക്കളുടെയും പ്രപഞ്ചത്തിന്റെ തന്നെയും പിറവിക്ക് നിദാനമായതെന്ന ക്ലാസിക്കല്‍ ഭൗതികവാദികളായ എപിക്യൂറസിന്റെയും ഡെമോക്രാറ്റിസിന്റെയും ചിന്തകള്‍ കമ്യൂണിസത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ മാര്‍ക്‌സിനെ സ്വാധീനിക്കുകയുണ്ടായി.

ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനമായി അനാദികാലം മുതലേ ഉള്ളത് ഭൗതികവസ്തു മാത്രമാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ഭൗതികവസ്തുവിന്റെ വൈരുധ്യാത്മക സ്വഭാവം മൂലം പരിണാമമുണ്ടാകുന്നു. വിരുദ്ധശക്തികളുടെ സംഘട്ടനമാണ് പുരോഗതിക്ക് നിദാനം. അത്തരം വൈരുധ്യാത്മകതകളുടെ അഭാവത്തില്‍ പ്രപഞ്ചമുണ്ടാകുമായിരുന്നില്ല. ഇതാണ് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രപഞ്ചവീക്ഷണം.

ലോകചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണ്. വര്‍ഗസമരങ്ങള്‍ ചരിത്രത്തിന്റെ ഗതികളും ഗതിമാറ്റങ്ങളും നിയന്ത്രിക്കുന്നു. വര്‍ഗസമരത്തിന്റെ ചാലകശക്തി ഉല്‍പാദനബന്ധങ്ങളിലുള്ള മാറ്റങ്ങളാണ്. ഉല്‍പാദനശക്തികളും ഉല്‍പാദനബന്ധങ്ങളും ഉല്‍പാദനരീതിയെ നിര്‍ണയിക്കുന്നു. ഈ ഉല്‍പാദനരീതി ചരിത്രത്തെ മുന്നോട്ടുനയിക്കുന്നു. ഇതാണ് ചരിത്രപരമായ ഭൗതികവാദത്തിന്റെ ചുരുക്കം. പ്രാകൃത കമ്യൂണിസം, അടിമത്തം, ഫ്യൂതഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലൂടെ ചരിത്രഗതി മുന്നോട്ടുകുതിക്കുന്നു. തൊഴിലാളിവര്‍ഗപ്രതിനിധികള്‍ തൊഴിലാളിവര്‍ഗത്തിനുവേണ്ടി അധികാരം പിടിച്ചടക്കുന്നതോടെ സോഷ്യലിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരുന്നു. തൊഴിലാളി വര്‍ഗാധിപത്യത്തിന്‍ കീഴില്‍ സ്വാര്‍ഥതയും കുറ്റകൃത്യങ്ങളും ഇല്ലാതാകുന്നു. എല്ലാവര്‍ക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച് വിഭവങ്ങള്‍ ലഭ്യമാകുന്നു. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമില്ലാത്ത കമ്യൂണിസം എന്ന വ്യവസ്ഥിതി അതോടെ നടപ്പിലാകുന്നു.

വ്യക്തികളുടെ സാമ്പത്തികസ്വാതന്ത്ര്യം എന്ന ആശയം(മുതലാളിത്തം) സമ്പത്ത് ചുരുക്കം ചില വ്യക്തികളുടെ പക്കല്‍ കുന്നുകൂടാനും ചെറു ന്യൂനപക്ഷം ബഹുഭൂരിപക്ഷം ജനതയുടെ മേല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാനും ഉള്ള അവസരമൊരുക്കുന്നു. ഇത് അനീതിയും യാതനയുമാണ് ബഹുഭൂരിപക്ഷത്തിന് സമ്മാനിക്കുക. അതിനാല്‍ സര്‍വരാജ്യത്തൊഴിലാളികള്‍ സംഘടിച്ച് ഭൂമിയിലും സമ്പത്തിലും വ്യക്തിയുടെ വിപുലമായ ഉടമാവകാശം ഇല്ലാതാക്കി എല്ലാം സര്‍ക്കാര്‍ ഉടമയിലാക്കണം. സര്‍ക്കാറിനുകീഴില്‍ വ്യക്തികള്‍ ജോലിചെയ്യുകയും അവരവര്‍ ചെയ്യുന്ന ജോലിയുടെ മൂല്യംനോക്കി വിഭവങ്ങള്‍ അവര്‍ക്ക് വിതരണം ചെയ്യണം. ആകെ ജനതയ്ക്ക് വേണ്ട ഉല്‍പന്നങ്ങള്‍ ഏതെന്ന് മനസ്സിലാക്കി ഉല്‍പാദനനയം ആവിഷ്‌കരിക്കണം. ഇതാണ് കമ്യൂണിസ്റ്റ് വ്യവസ്ഥ സ്വപ്‌നംകാണുന്ന ഭരണക്രമം.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured