Home / കർമശാസ്ത്രം / ഇടപാടുകള്‍ / കച്ചവടം / കച്ചവടവസ്തുവിന്റെ നിബന്ധനകള്‍

കച്ചവടവസ്തുവിന്റെ നിബന്ധനകള്‍

നിബന്ധനകള്‍ ആറെണ്ണമാകുന്നു:

1. വസ്തു ശുദ്ധമായിരിക്കുക
2. പ്രയോജനമുള്ളതായിരിക്കുക
3. വസ്തുവിന്റെ ഉടമാവകാശമുണ്ടായിരിക്കുക
4. ഏറ്റെടുക്കാനും സ്വീകരിക്കാനും പര്യാപ്തമായിരിക്കുക
5. മുതലിനെക്കുറിച്ച് അറിവുണ്ടായിരിക്കുക.
6. വില്‍പനച്ചരക്ക് കൈവശമുണ്ടായിരിക്കുക.

1. ശുദ്ധവസ്തു
നബിതിരുമേനി(സ) പ്രസ്താവിച്ചതായി ജാബിര്‍(റ) ല്‍നിന്ന് നിവേദനം: ‘മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവയുടെ വില്‍പനയെ അല്ലാഹു നിരോധിച്ചിരിക്കുന്നു’. അപ്പോള്‍ ഇപ്രകാരം ചോദിക്കപ്പെട്ടു: ‘ശവങ്ങളുടെ കൊഴുപ്പെടുത്ത് തോണികള്‍ക്കും കപ്പലുകള്‍ക്കും എണ്ണയിടുകയും തുകലുകളില്‍ പൂശുകയും ആളുകള്‍ വിളക്കുകത്തിക്കുകയും ചെയ്യുന്നുണ്ടല്ലോ. അതെക്കുറിച്ച് എന്തുപറയുന്നു ? തിരുമേനി പ്രതികരിച്ചു: ‘പാടില്ല, അത് നിഷിദ്ധമാകുന്നു.’ ഇവിടെ അത് എന്നതുകൊണ്ട് ഉദ്ദേശിച്ചത് വില്‍പനയെയാണ്. ശവത്തില്‍നിന്നെടുക്കുന്ന കൊഴുപ്പുകള്‍ വില്‍പനയല്ലാത്ത രീതിയില്‍ പ്രയോജനപ്പെടുത്തുന്നതില്‍ കുഴപ്പമില്ല. ഇബ്‌നുല്‍ ഖയ്യിം തന്റെ ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: നബിതിരുമേനി(സ) ഹറാം എന്ന വാക്കിന് രണ്ടുരീതിയിലുള്ള വ്യാഖ്യാനമുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധമാണ് എന്നതാണ് ഒന്ന്. മറ്റൊന്ന് വില്‍പന നിഷിദ്ധമാണെന്നും. വാങ്ങുന്നവന്‍ ഇത്തരമൊരാവശ്യത്തിനാണ് വാങ്ങുന്നതെങ്കിലും ശരി. നബി(സ) പറഞ്ഞു:’അല്ലാഹു ജൂതന്‍മാരെ ശപിച്ചിരിക്കുന്നു. അല്ലാഹു അവര്‍ക്ക് അതിന്റെ കൊഴുപ്പ് നിരോധിച്ചപ്പോള്‍ അവരത് ഉരുക്കി വില്‍പന നടത്തുകയും അതിന്റെ വില ഭുജിക്കുകയുംചെയ്തു.’

കൃഷിയിടങ്ങളില്‍ വളത്തിനായി ഉപയോഗിക്കുന്ന വിവിധതരം കാഷ്ഠങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വില്‍ക്കുന്നത് അനുവദനീയമാണ്. അതുപോലെ അടുപ്പില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ചാണകവറളി പോലുള്ളവ വില്‍ക്കുന്നതും അപ്രകാരം തന്നെ. തിന്നാനോ കുടിക്കാനോ അല്ലാതെ മറ്റു പ്രയോജനങ്ങള്‍ക്കായി മലിനവസ്തുക്കള്‍ ഉഫയോഗിക്കുന്നത് വില്‍ക്കാവുന്നതാണ്. ഉദാഹരണത്തിന് വിളക്കുകത്തിക്കാനും യന്ത്രഭാഗങ്ങള്‍ക്ക് എണ്ണയിടാനും മലിനമായ എണ്ണ(എലി ചത്തുവീണത്) ഉപയോഗിക്കുന്നുണ്ട്. അതിന്റെ വില്‍പന അനുവദനീയമാണ്. ചത്ത നിലയില്‍ ഉപേക്ഷിക്കപ്പെട്ട ഒരാടിനരികിലൂടെ കടന്നുപോകാനിടയായപ്പോള്‍ നബി(സ) ഇപ്രകാരം ചോദിക്കുകയുണ്ടായി:’നിങ്ങള്‍ക്ക് അതിന്റെ തോലെടുത്ത് സംസ്‌കരിച്ച് ഉപയോഗപ്പെടുത്താമായിരുന്നില്ലേ’ . ഇതുകേട്ട് ശിഷ്യന്‍മാര്‍ പറഞ്ഞു:’തിരുദൂതരേ, അതൊരു ശവമാണല്ലോ’. അപ്പോള്‍ തിരുമേനി പറഞ്ഞു:’അത് ഭുജിക്കുന്നതുമാത്രമേ നിരോധിച്ചിട്ടുള്ളൂ.’

2. പ്രയോജനം സിദ്ധിക്കുന്നതാവുക
പ്രാണികള്‍, പാമ്പ്, എലി തുടങ്ങിയവ അവ പ്രയോജനകരമാകുന്ന ഘട്ടത്തിലല്ലാതെ വില്‍പനഅനുവദനീയമല്ല. പൂച്ച, സിംഹം, പുലി തുടങ്ങി വേട്ടക്കോ, തോലിനോ ഉപകരിക്കുന്നവയും ആന തുടങ്ങി ഭാരം വലിപ്പിക്കാനുതകുന്നവയും നായയെപ്പോലെ വീട്-കൃഷി കാവലിനുപകരിക്കുന്നവയും വില്‍ക്കാവുന്നതാണ്. സംഗീതം അതിന്റെ സ്ഥാനങ്ങളില്‍ അനുവദനീയമായതിനാലും അത് ആരോഗ്യകരമായ ഹിതഫലങ്ങള്‍ സമ്മാനിക്കുന്നവയായതിനാലും സംഗീതോപകരണങ്ങളുടെ വില്‍പന അനുവദനീയമാണ്.ഗാനങ്ങള്‍ വാക്കുകളാണ് . അതില്‍ ലൈംഗികവികാരം ഉത്തേജിപ്പിക്കുക, പാപങ്ങളിലേക്ക് ക്ഷണിക്കുക, ദൈവസ്മരണയില്‍ നിന്ന് അശ്രദ്ധനാക്കുക തുടങ്ങി തിന്‍മയിലേക്ക് പ്രേരിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടെങ്കില്‍ അത്തരം ഗാനങ്ങള്‍ അനുവദനീയമല്ല. സംഗീതം സ്വയം അനുവദനീയമാകുന്നു. എന്നാല്‍ അത് തിന്‍മയിലേക്ക് കൊണ്ടെത്തിക്കുന്നുവെന്ന് വന്നാല്‍ അത് ഹറാമാകുന്നു.

3. ചരക്കിന്റെ ഉടമസ്ഥത

ചരക്ക് സ്വന്തമായുണ്ടാവുകയോ ഇടപാടിന്നായി ഏല്‍പിക്കപ്പെട്ടതോ ആയിരിക്കണം. എന്നാല്‍ ഇടപാടിന്നായി അനുവാദം നല്‍കപ്പെടാതിരിക്കുകയും എന്നിട്ട് വില്‍ക്കുകയുംചെയ്താല്‍ ആ ഇടപാട് അനര്‍ഹമായ കച്ചവടമായി ഗണിക്കപ്പെടും. ഉദാഹരണമായി ഭാര്യയുടെ സ്വത്ത് ഭര്‍ത്താവ് വില്‍ക്കുക, ഭാര്യയുടെ സമ്മതമില്ലാതെ അവള്‍ക്കുവേണ്ടി സ്വത്ത് വാങ്ങുക എന്നിവ അതില്‍പെടുന്നു.അതുപോലെ ഒരാള്‍ ദൂരദിക്കിലുള്ള മറ്റൊരാളുടെ സ്വത്ത് അയാളുടെ സമ്മതമില്ലാതെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതും അത്തരത്തില്‍പെട്ടതാണ്. അനര്‍ഹമായ ഇടപാട് സാധുവാകുന്നത് ഉടമയുടെയോ ഉടമയുടെ രക്ഷിതാവിന്റെയോ അംഗീകാരത്തെ ആസ്പദിച്ചാണ്. ഉര്‍വതുല്‍ ബാരിഖി നിവേദനം ചെയ്തതായി ബുഖാരി ഉദ്ധരിക്കുന്ന ഹദീസാണ് അതിന് തെളിവ്: ‘ നബി(സ) എന്നെ ഒരു ദീനാറുമായി അദ്ദേഹത്തിനുവേണ്ടി ഒരാടിനെ വാങ്ങാനയച്ചു. ഞാനതുകൊണ്ട് തിരുമേനിക്ക് വേണ്ടി രണ്ട് ആടുകളെ വാങ്ങിച്ചു. ഒന്നിനെ ഒരു ദീനാറിനു വിറ്റു. ഒരു ദീനാറും ഒരാടുമായി ഞാന്‍ തിരുമേനിയെ സമീപിച്ചു. അവിടന്ന് പറഞ്ഞു:’താങ്കളുടെ ഇടപാടില്‍ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ”. അബൂദാവൂദും തിര്‍മിദിയും ഹകീമുബ്‌നു ഹുസാമില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവമുണ്ട്: നബി(സ) അദ്ദേഹത്തെ ഒരു ദീനാറുമായി ഒരു ബലിമൃഗത്തെ വാങ്ങാനയച്ചു. അദ്ദേഹം ഒരു മൃഗത്തെ വാങ്ങി. അതില്‍ ദീനാര്‍ ലാഭം കിട്ടുമെന്നായപ്പോള്‍ രണ്ടുദീനാറിന് വിറ്റു. വീണ്ടും ഒരു ദീനാറിന് ഒരാടിനെ വാങ്ങി. ആ ആടും ഒരു ദീനാറും തിരുമേനിക്ക് നല്‍കി. കാര്യങ്ങള്‍ വിവരിച്ചു. അവിടന്ന് പറഞ്ഞു:’അല്ലാഹു താങ്കളുടെ ഇടപാടില്‍ അനുഗ്രഹം ചൊരിയട്ടെ.’ ഹദീസില്‍ ഉള്ളതുപോലെ ആദ്യം ആടിനെ വാങ്ങിയതും അതിനെ വിറ്റതും നബിയുടെ അറിവോ സമ്മതമോ കൂടാതെയാണ്. എന്നാല്‍ നബി അത് അംഗീകരിച്ചതിനാല്‍ ആ കച്ചവടം സാധുവായി മാറി.

4. ചരക്ക് ഏറ്റെടുക്കാനും സ്വീകരിക്കാനും പര്യാപ്തമായിരിക്കണം

ഇടപാടിനുള്ള വസ്തു നിയമാനുസൃതവും അനുഭവയോഗ്യമായതും മറുകക്ഷിക്ക് ഏല്‍പിച്ചുകൊടുക്കാന്‍ പര്യാപ്തമായതും ആയിരിക്കണം. മുങ്ങല്‍കാരന് കിട്ടുന്ന അനിശ്ചിതവസ്തു, കറന്നെടുക്കും മുമ്പ് അകിട്ടിലുള്ള പാല്‍, മൃഗങ്ങളുടെ പുറത്തുള്ള രോമം, പാലിലുള്ള നെയ്യ്, സമയമാവുംമുമ്പ് വേര്‍പിരിച്ച ജന്തുവും അതിന്റെ കുഞ്ഞും തുടങ്ങിയവ വില്‍പന അസാധുവായ ചരക്കുകളാണ്.

5. ചരക്കും വിലയും ക്ലിപ്തവും നിര്‍ണിതവുമായിരിക്കുക

കച്ചവടസ്ഥലത്തില്ലാത്ത വസ്തു അതിന്റെ ഗുണഗണങ്ങള്‍ കൃത്യമായി വാങ്ങുന്നവനെ ബോധ്യപ്പെടുത്തുകയും അത് വസ്തുതാപരമായി ശരിയാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം കച്ചവടങ്ങള്‍ സാധുവാകുന്നതാണ്.നബി (സ) പ്രസ്താവിച്ചതായി അബൂ ഹുറയ്‌റ (റ) ഉദ്ധരിക്കുന്നു:’താന്‍ കണ്ടിട്ടില്ലാത്ത വസ്തു വാങ്ങിച്ചവന് അതു കാണുമ്പോള്‍ (കച്ചവടം ഉറപ്പിക്കാനും ഒഴിയാനും ) സ്വാതന്ത്ര്യമുണ്ട്.’ ദൃശ്യമല്ലാത്ത ചരക്കുകള്‍ അതിന്റെ ഗുണഗണങ്ങള്‍ വിവരിക്കപ്പെട്ടാല്‍, അല്ലെങ്കില്‍ സാധാരണനിലയില്‍ അതിന്റെ ഗുണങ്ങള്‍ സുപരിചിതമാണെങ്കില്‍ വില്‍ക്കാം. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ , ബോട്ടിലിലടക്കംചെയ്യപ്പെട്ട ഔഷധങ്ങള്‍, ഓക്‌സിജന്‍ -ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങി ഉപയോഗവേളയില്‍ മാത്രം തുറക്കപ്പെടുന്ന വസ്തുക്കള്‍ ഈ ഗണത്തില്‍ പെട്ടതാണ്. ഭൂമിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന കപ്പ, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവയുടെ കച്ചവടവും അങ്ങനെ തന്നെ. അത്തരം ചരക്കുകള്‍ പുറത്തെടുത്താല്‍ ഒറ്റയടിക്ക് വില്‍ക്കാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല, ചരക്ക് നശിക്കാനും പാഴായിപ്പോകാനും ഇടവരുന്നതാണ്. അതിനാല്‍ വിശാലമായ കൃഷികള്‍ പരസ്പരം ഉടമ്പടിയിലൂടെ വില്‍പന നടത്തുകയാണ് പതിവ്. അതോടൊപ്പം കൃത്യമായി അളക്കാത്ത വസ്തുക്കളും മൊത്തമായി കച്ചവടംചെയ്യുന്നത് പ്രവാചകനും സ്വഹാബിമാരും അംഗീകരിച്ചിട്ടുള്ളതാണ്.

6. ചരക്ക് കൈവശത്തിലുണ്ടായിരിക്കണം
ദായധനം, വസിയ്യത്ത്, നിക്ഷേപം എന്നിവയും ഉടമാവസ്ഥ കരഗതമായിട്ടില്ലാത്തതുമായ മറ്റുമുതലുകളും അവ കൈപ്പറ്റുംമുമ്പും പിമ്പും വില്‍ക്കാവുന്നതാണ്. എന്നാല്‍ വില്‍പനയല്ലാത്ത നിയമപരമായ വ്യവഹാരങ്ങളെല്ലാം ആ ചരക്ക് കൈപ്പറ്റുന്നതിന് മുമ്പ് സാധുവാകുന്നു. വില്‍പന ഉടമ്പടിയിലൂടെ ചരക്കിന്റെ ഉടമസ്ഥത വാങ്ങിയവന്റെ കൈകളിലെത്തുന്നതുകൊണ്ടാണിത്. എന്നാല്‍ വില്‍പന സാധുവാകുകയില്ല. കാരണം ചരക്ക് കൈവശപ്പെടുത്തുംമുമ്പ് തന്നെ അത് ആദ്യ ഉടമസ്ഥന്റെ കയ്യില്‍കിടന്ന് നശിക്കാന്‍ സാധ്യതയുണ്ട്.
സ്ഥാവരമായ ചരക്ക് കൈവശപ്പെടുത്തുകയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരില്‍നിന്നാണോ ചരക്കിന്റെ ഉടമസ്ഥത ക്രേതാവി(വാങ്ങുന്നവന്‍)ലേക്ക് നീങ്ങുന്നത്, അയാളില്‍നിന്ന് അതിന്റെ ഉടമസ്ഥത പൂര്‍ണായും ഒഴിവാകുകയും അത് താനുദ്ദേശിക്കുന്നതുപോലെ ഉപയോഗപ്പെടുത്താന്‍ ഉതകിയവിധം ക്രേതാവില്‍ കേന്ദ്രീകരിക്കുകയുംചെയ്യുക എന്നതാണ്. ഭൂമിയില്‍ കൃഷിയിറക്കുക, വീട്ടില്‍ താമസമാക്കുക, മരത്തിന്റെ തണല്‍ കൊള്ളുക, തോട്ടത്തില്‍നിന്ന് വിളവെടുക്കുക എന്നിവ ഉപയോഗപ്പെടുത്തലിനുള്ള ഉദാഹരണമാണ്.
ചരക്ക് കൈവശപ്പെടുത്തുംമുമ്പുള്ള വില്‍പന നിരോധിച്ചതിന് പിന്നില്‍ യുക്തിയുണ്ട്. വിറ്റയാളില്‍(വിക്രേതാവ്)നിന്ന് വസ്തു വാങ്ങിയയാള്‍(ക്രേതാവ്) കൈപ്പറ്റിയിട്ടില്ലെങ്കില്‍ അത് വിറ്റവന്റെ ഉത്തരവാദിത്വത്തിലാണുള്ളത്. അത് നശിച്ചുപോയാല്‍ നഷ്ടം വിറ്റയാള്‍ക്കാണ്. വാങ്ങിയവന്‍ അത് വില്‍പന നടത്തുകയും ലാഭം നേടുകയും ചെയ്യുമ്പോള്‍ നഷ്ടസാധ്യതയുടെ റിസ്‌ക് ഏറ്റെടുക്കാതെ അയാള്‍ ഒരു വസ്തുവില്‍നിന്ന് ലാഭം നേടിയവനാകുന്നു. ഇതിനെ സംബന്ധിച്ചാണ് ഹദീസ് പണ്ഡിതന്‍മാര്‍ ഉത്തരവാദിത്വമേല്‍ക്കാത്ത ലാഭക്കച്ചവടം നബി നിരോധിച്ചതായി നിവേദനംചെയ്തിട്ടുള്ളത്.

About