ദാമ്പത്യം

പങ്കാളിയുടെ തെറ്റുകള്‍ക്ക് കാരണം ?

സീനിയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന മുപ്പതോളം വിദ്യാര്‍ത്ഥിനികളുടെ ഒരു സംഘമായിരുന്നു അത്. കായിക പരിശീലനങ്ങള്‍ നല്‍കാന്‍ വന്ന ടീച്ചര്‍ അവരില്‍ നിന്ന് സുന്ദരികളെ മാറ്റി നിര്‍ത്തുകയാണ്. സ്‌കൂള്‍ സന്ദര്‍ശനത്തിനായി വരുന്ന അതിഥികളെ പാട്ടുപാടി നൃത്തം ചെയ്ത് സ്വീകരിക്കാനുള്ള വിദ്യാര്‍ത്ഥിനികളെയാണ് അധ്യാപിക തെരഞ്ഞെടുക്കുന്നത്. അതിനിടെ എല്ലായ്‌പ്പോഴും എന്റെ ഉമ്മ പറയാറുള്ള ‘നീ സുന്ദരിയാണ്, എന്തൊരു അഴകാണ് നിനക്ക്’ എന്ന വാക്കുകള്‍ എന്റെ മനസ്സിലേക്ക് കടന്ന് വന്നു. എന്റെ മനസ്സില്‍ ആത്മവിശ്വാസവും സംതൃപ്തിയും നിറച്ച വാക്കുകളായിരുന്നു അവ. പക്ഷെ ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ അധ്യാപിക എന്നെ നോക്കുന്നത് പോലുമില്ല. ‘ഞാന്‍ എത്ര സുന്ദരിയാണ്, എന്നിട്ടെന്തേ അധ്യാപിക എന്നെ തെരെഞ്ഞെടുക്കാത്തത്? എന്ന ചോദ്യം എന്റെ മനസ്സിനെ മദിച്ചു. മടിയത്തികളായ, കാണാന്‍ ഭംഗിയില്ലാത്ത കുട്ടികളുടെ ഗണത്തിലാണല്ലോ എന്റെ സ്ഥാനം!

എന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിന് വേണ്ടി എന്നെ ഉമ്മ വഞ്ചിക്കുകയായിരുന്നുവെന്ന് ആ ദിവസമാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അന്നുമുതല്‍ എന്റെ ഉമ്മയും മറ്റുള്ളവരും കണ്ട് പരിചയിച്ച് ‘സലാമ’യില്‍ നിന്ന് വ്യത്യസ്തയായിരുന്നു ഞാന്‍. ആ ദിവസം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നലെയെ പോലെയാണ് എന്റെ മനസ്സിലേക്ക് ഇരച്ചെത്തുന്നത് എന്നത് തന്നെ അവ എത്രമാത്രം എന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു എന്നതിന്റെ തെളിവാണ്. ജീവിതത്തിലെ വേദനാജനകമായ ഓര്‍മകള്‍ എത്രതന്നെ കഴുകിക്കളയാന്‍ ശ്രമിച്ചാലും നമുക്കതിന് സാധിക്കുകയില്ല. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തോന്നിയത് പോലെ ഞാന്‍ പരാജിതയും, ഭംഗിയില്ലാത്തവളും, ഒന്നും കൊള്ളാത്തവളുമാണെന്ന്് ഇന്നും എനിക്ക് അനുഭവപ്പെടുന്നു.

നല്ല സ്വഭാവഗുണങ്ങളുള്ള എന്റെ ഭര്‍ത്താവ് മറ്റേതോ യുവതിയെ സ്‌നേഹിക്കുകയും അവളോട് സുദീര്‍ഘമായി ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു. അവള്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുകയും, അവളുടെ നഗ്ന ശരീരം ഫോണില്‍ കൊണ്ട് നടക്കുകയും ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് വ്യഭിചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ രാത്രിയിലും താന്‍ ക്ഷീണിതനാണെന്നും, ലൈംഗിക ബന്ധത്തിന് കഴിയില്ലെന്നും അദ്ദേഹമെന്നോട് പറയുന്നു. നാല്‍പത് വയസ്സ് വരെ ലൈംഗികാരോഗ്യത്തോട് കൂടി നിലനില്‍ക്കണമെങ്കില്‍ ഭാര്യയോട് എല്ലാ ദിവസവും ബന്ധപ്പെടരുതെന്ന് കൂട്ടുകാരില്‍പെട്ട ആരോ അദ്ദേഹത്തോട് പറഞ്ഞുവത്രെ.

എന്തുകൊണ്ട് ഇവയൊക്കെ എനിക്ക് സംഭവിക്കുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്? ഞാന്‍ അദ്ദേഹത്തിന്റെ വീട് സൂക്ഷിക്കുകയും മക്കളെ പരിപാലിക്കുകയും അഭിമാനം സംരക്ഷിക്കുകയും ചെയ്ത് കൊണ്ടിരിക്കെ അദ്ദേഹമെന്നോട്് അക്രമം പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ? അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.’

ഇത്രയും പറഞ്ഞ് സലാമ പൊട്ടിക്കരഞ്ഞു. തല തന്റെ രണ്ട് കാലുകളിലേക്ക് ചേര്‍ത്ത് വെച്ച് കണ്ണുകടച്ചു അവള്‍. തന്റെ വിവാഹത്തിന്റെ ആദ്യത്തെ പത്ത് വര്‍ഷങ്ങള്‍ അവള്‍ അയവിറക്കി. എത്ര മനോഹരമായിരുന്നു അവ. ഒന്നിച്ച് ചിരിച്ചും കരഞ്ഞും ചെലവഴിച്ച നാളുകള്‍! ഇത്ര മനോഹരമായ നിമിഷങ്ങള്‍ മാറിമറിഞ്ഞതിന്റെ രഹസ്യമെന്ത്? എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്. അവയെല്ലാം എത്ര വേഗത്തിലാണ് പൊട്ടിപ്പൊളിഞ്ഞ് പോയത്. ‘എനിക്ക് അദ്ദേഹത്തെ വഷളാക്കാനോ, തനിനിറം മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കാനോ ആഗ്രമില്ല. അദ്ദേഹം എന്റെ ഇണയും കുഞ്ഞുങ്ങളുടെ പിതാവുമാണ്. അദ്ദേഹത്തിന് ഏല്‍ക്കുന്ന അപമാനം എനിക്ക് കൂടി അപമാനമാണ്’.

ഓരോ തവണയും ഞാന്‍ അദ്ദേഹത്തെ പിടിക്കുകയും, ഇനിയാവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ആണയിട്ട് പറയുകയും ചെയ്യും. പത്തിലേറെ തവണകള്‍ അദ്ദേഹം എന്നോട് ഇപ്രകാരം കരാര്‍ ലംഘിച്ചിരിക്കുന്നു. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്ക് നാല് കുഞ്ഞുങ്ങളുണ്ട്. അവരുമായി ഞാന്‍ വീട്ടിലേക്ക് മടങ്ങുകയാണോ വേണ്ടത്? വീട്ടില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയാണോ വേണ്ടത്?

നമ്മുടെ പ്രതീക്ഷകള്‍ നമ്മെ വളര്‍ത്തുകയും നിരാശകള്‍ നമ്മെ തളര്‍ത്തുകയും ചെയ്യുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇത്. ചെറുപ്പത്തില്‍ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട ധാരണകള്‍ പൊടുന്നനെ പൊളിഞ്ഞു വീഴുന്നതോടെ ജീവിതത്തെ നേരിടാനുള്ള ധൈര്യം നമുക്ക് നഷ്ടപ്പെടുന്നു. മേല്‍വിവരിച്ച അനുഭവത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭാര്യ ഭംഗിയില്ലാത്തവളാണ് എന്നത് കൊണ്ടോ, ആകര്‍ഷണീയത അവള്‍ക്ക് കുറവായത് കൊണ്ടോ മറ്റൊരാളെ അന്വേഷിക്കാനോ, അവരുമായി രഹസ്യബന്ധം പുലര്‍ത്താനോ ഭര്‍ത്താവിന് അനുവാദമില്ല. എന്നാല്‍ മേല്‍പറഞ്ഞ ആഘാതം മനസ്സിനെ ബാധിച്ച പെണ്‍കുട്ടികള്‍ അപകര്‍ഷതാ ബോധത്തിന് അടിപ്പെടുകയും, ഭര്‍ത്താവിന്റെ തെറ്റുകള്‍ തങ്ങളുടെ പോരായ്മ കാരണമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു. ഇത്തരം മാനസികാവസ്ഥ തിരുത്തി, തന്റെ പ്രശ്‌നത്തെ ശരിയായി വിലയിരുത്തുകയും ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കുകയുമാണ് ഇത്തരത്തിലുള്ള ഭാര്യമാര്‍ ചെയ്യേണ്ടത്.

ഡോ. നാഇമ ഹാശിമി

Topics