സാമൂഹികം-ഫത്‌വ

ബിയര്‍ കമ്പനിയില്‍ മാനേജര്‍ ജോലി ?

ചോദ്യം: ബിയര്‍ ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയില്‍ എനിക്ക് ജോലി കിട്ടിയിട്ടുണ്ട്. കമ്പനി ഉത്പാദനം തുടങ്ങിയിട്ടില്ല. അവിടെ ജോലിചെയ്യല്‍ എനിക്ക് ഹലാലാണോ ?

——————

ഉത്തരം: മദ്യവും മദ്യഉല്‍പന്നങ്ങളും ഇസ് ലാം നിഷിദ്ധമാക്കിയവയില്‍ പെട്ടതാണ്. അവയുടെ ഉപഭോഗം മൗലികമായ തിന്‍മയായി ഇസ് ലാം കാണുന്നു. ശരീരത്തിന് തന്നെ ദോഷം ചെയ്യുന്നു എന്നതും അവ നിരോധിക്കാന്‍ കാരണമാണ്. നമ്മെ നന്നായി അറിയുന്ന അല്ലാഹു തന്നെയാണ് നമ്മുടെ നന്മയും തിന്‍മയും വേര്‍തിരിച്ചറിയുന്നവന്‍.

ഒരു വസ്തു ഹറമാക്കപ്പെട്ടതാണെങ്കില്‍ അതിന്റെ വില്‍പനയും സൂക്ഷിച്ചുവെക്കലും അതിനെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടലും ഹറാമായ സംഗതിയാണ്. ഇസ് ലാമിക കര്‍മശാസ്ത്രത്തിന്റെ മൂല പ്രമാണങ്ങളിലൊന്നാണിത്. അഥവാ, ബിയര്‍ നിര്‍മിക്കുന്ന ഒരു കമ്പനിയുടെ മാനേജറാവുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതുപോലെയാണ്. നിരോധിച്ച വസ്തുക്കളെ സംബന്ധിച്ച് അറിവ് നല്‍കിയ അല്ലാഹു തന്നെ നമുക്ക് ഹലാലായ മാര്‍ഗങ്ങളെക്കുറിച്ചും അറിയിച്ചുതന്നിട്ടുണ്ട്. അതിനാല്‍ സമൂഹത്തെ മുഴുവന്‍ വലിയ ആപത്തിലേക്ക് തള്ളിവിടുന്ന ഒരും സംരംഭത്തിന്റെ ജോലികള്‍ നിര്‍വഹിക്കുന്നത് അനുവദനീയമല്ല. താങ്കള്‍ക്ക് തന്നെ മനസ്സിന് സംതൃപ്തി നല്‍കുന്നതും സമൂഹനന്മ ഉദ്ദേശിച്ചുള്ളതുമായ ജോലികള്‍ അന്വേഷിക്കുന്നതാണ് അഭികാമ്യം. ദുനിയാവിലും ആഖിറത്തിലും അതിലാണ് നമുക്ക് രക്ഷ. 

താഴെ പറയുന്ന പ്രാര്‍ഥനകളും പതിവാക്കുക:

‘അല്ലാഹുമ്മ അഗ് നിനീ ബിഹലാലിക്ക അന്‍ ഹറാമിക്ക വബിഫദ്‌ലിക്ക അമ്മന്‍സിവാക ‘

(അല്ലാഹുവേ, ഹറാമില്‍ നിന്ന് നിന്റെ ഹലാല്‍കൊണ്ടും നീയല്ലാവത്തയില്‍നിന്ന് നിന്റെ അനുഗ്രഹം കൊണ്ടും എന്നെ നീ ഐശ്വര്യവാനാക്കേണമേ)

‘അല്ലാഹു യാ മുഗ് നി യാ മുബ്ദിഉ യാ മുഈദ് അഗ് നിനീ വഅസ് ലിഹ് ലീ ഷഅ്‌നീ കുല്ലഹു വലാ തകില്‍നീ ഇലാ നഫ്‌സീ തര്‍ഫത്ത അയ്ന്‍’

(അല്ലാഹുവേ, ഐശ്വര്യം നല്‍കുന്നവനേ, മുന്‍മാതൃകളില്ലാതെ എല്ലാം പടക്കുന്നവനേ, എല്ലാറ്റിനെയും തിരിച്ചെടുക്കുന്നവനേ, എന്റെ എല്ലാം കാര്യങ്ങളും നീ നന്നാക്കേണമേ. ഒരു നിമിഷം പോലും എന്റെ കാര്യങ്ങള്‍ എന്റെ മനസ്സിനെ നീ ഏല്‍പ്പിക്കരുതേ)

 

Topics