അബ്ബാസികള്‍

അന്ദലുസ് നല്‍കുന്ന പാഠം

യഹൂദ – ക്രൈസ്തവ വിഭാഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: ‘വേദവാഹകരേ, നിങ്ങളുടെ നാഥങ്കല്‍നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള തൗറാത്തും ഇഞ്ചീലും ഇതരവേദങ്ങളും സ്ഥാപിക്കുവോളം ഒരിക്കലും നിങ്ങള്‍ ഒരു പ്രമാണത്തിന്‍മേലുമല്ല.(അല്‍മാഇദ 68)’. മുഹമ്മദ് നബിയെ വിശ്വസിച്ച് പിന്‍പറ്റിയും ശരീഅത്തുനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയും മാത്രമേ തൗറാത്തും ഇഞ്ചീലും സ്ഥാപിക്കാന്‍ അവര്‍ക്കാവുകയുള്ളൂ എന്നര്‍ഥം.

എന്നാല്‍ ക്രൈസ്തവര്‍ പൊതുവേ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. അതുകൊണ്ടുതന്നെ നീതിയിലധിഷ്ഠിതമായ ഒരു ലോകം അവര്‍ക്ക് അപ്രാപ്യമായി അവശേഷിച്ചു. മുസ്‌ലിംകളുടെ ഭരണത്തില്‍ അവര്‍ക്ക് നീതി അനുഭവിക്കാനായി. അതേസമയം, അവരുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ചില ക്രൈസ്തവവിഭാഗങ്ങള്‍ പോലും പീഡിപ്പിക്കപ്പെട്ടു.

ഇതിന് ചരിത്രത്തില്‍ വേണ്ടുവോളം തെളിവുകളുണ്ട്. പ്രമുഖ സ്വഹാബി അബൂ ഉബൈദത്തുബ്‌നുല്‍ ജര്‍റാഹ് ജിസ്‌യ നടപ്പാക്കിയ ശേഷം യര്‍മൂക്കിലേക്ക് പോകാനായി ഹിംസില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ തദ്ദേശീയരായ ക്രൈസ്തവര്‍ അദ്ദേഹത്തിന്റെ മുമ്പാകെ സമര്‍പിച്ച അപേക്ഷ ഇങ്ങനെയായിരുന്നു. ‘മുസ്‌ലിംസമൂഹമേ വേദക്കാരോടുള്ളതിനെക്കാള്‍ സ്‌നേഹം ഞങ്ങള്‍ക്ക് നിങ്ങളോടുണ്ട്. റോമക്കാര്‍ ഞങ്ങളുടെ മതക്കാരായിരുന്നു എന്നത് ശരിതന്നെ. പക്ഷേ, ഞങ്ങളോട് ദയയോടെ പെരുമാറിയതും ഞങ്ങളെ നന്നായി ഭരിച്ചതും ഞങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായി വകവെച്ചുതന്നതും ഞങ്ങള്‍ക്കുനേരെ ഉണ്ടായ അക്രമങ്ങളെ പ്രതിരോധിച്ചതും നിങ്ങള്‍ മാത്രമാണ്. റോമക്കാരാകട്ടെ, ഞങ്ങളെയും ഞങ്ങളുടെ വീടുകളെയും കീഴടക്കുകയായിരുന്നു.’

ഖലീഫക്കെതിരില്‍ കലാപത്തിനൊരുമ്പെട്ട ചിലരെ സ്വാലിഹുബ്‌നു അലിയ്യ്ബ്‌നി അബ്ദില്ലാഹിബ്‌നില്‍ അബ്ബാസ് വധിക്കുകയും മറ്റുചിലരെ നാടുകടത്തുകയും ചെയ്ത നടപടി യില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഇമാം ഔസാഈ അദ്ദേഹത്തിനെഴുതി: ‘ലബനാന്‍ മലനിരകളില്‍നിന്ന് കലാപകാരികളെ പുറത്താക്കുകയും ചിലരെ വധിക്കുകയും ചെയ്തപ്പോള്‍ ചില നിരപരാധികളും താങ്കളുടെ നടപടികള്‍ക്കിരയായിട്ടുണ്ടെന്നുണര്‍ത്തട്ടെ. ഒരുപറ്റം ആളുകള്‍ ചെയ്ത തെറ്റിന് സമൂഹം പൊതുവെ ശിക്ഷിക്കപ്പെടുന്നതും സ്വത്തും വീടും ഉപേക്ഷിച്ച് നാടുവിടാന്‍ ഇടയാക്കുന്നതും ന്യായമാണോ? ഒരാളുടെയും പാപഭാരം മറ്റൊരാള്‍ പേറേണ്ടതില്ലെന്നാണ് അല്ലാഹുവിന്റെ വിധി. കരാര്‍പത്രം എഴുതിയവനെ പീഡിപ്പിക്കുകയും അയാളുടെ മേല്‍ ദുര്‍വഹമായ ഭാരം ചുമത്തുകയും ചെയ്യുന്നവര്‍ക്കെതിരില്‍ ഞാന്‍ കേസുവാദിക്കുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.’ ഇതായിരുന്നു മുസ് ലിംകളുടെ നിലപാട്.

എന്നാല്‍ , ക്രൈസ്തവരുടെ നിലപാട് എന്തായിരുന്നു? ക്രൈസ്തവര്‍ മുസ്‌ലിംകളില്‍നിന്ന് അന്തലുസ് (സ്‌പെയിന്‍) തട്ടിയെടുത്ത് ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. ഇസ് ലാമിനെ മുച്ചൂടും തുടച്ചുമാറ്റാനായി അവരെ കഠോരമായ പീഡനങ്ങള്‍ക്കിരയാക്കി. കുരിശുയുദ്ധകാലത്ത് മൃഗീയവും നൃശംസവുമായ നരഹത്യക്ക് മുസ്‌ലിംകള്‍ വിധേയരായി. കുരിശുയുദ്ധത്തെത്തുടര്‍ന്ന് സാമ്രാജ്യത്വകാലഘട്ടത്തിലും സ്ഥിതി വ്യത്യസ്തമല്ല. മാനവതയെ സംബന്ധിച്ചിടത്തോളം നീതിവാഴുന്ന ലോകം ഇസ്‌ലാമിന്റെ തണലില്‍ മാത്രമേ സ്ഥാപിതമാവുകയുള്ളൂ എന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. പാശ്ചാത്യലോകത്തെ ഒട്ടേറെ ക്രൈസ്തവര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പാശ്ചാത്യ ചരിത്രകാരനായ അര്‍നോള്‍ഡ് ഈജിപ്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായ വിജയത്തെക്കുറിച്ച് എഴുതുന്നു: ‘റോമന്‍ ഭരണത്തെ വെറുത്ത ഈജിപ്തിലെ ക്രൈസ്തവര്‍ മുസ്‌ലിംകളെ സര്‍വാത്മനാ അംഗീകരിച്ചു.’ അര്‍നോള്‍ഡ് എഴുതുന്നു: ‘ഈ ഗോത്രങ്ങളെല്ലാം സ്വതന്ത്രമായും സ്വാഭീഷ്ടപ്രകാരവും മാത്രമാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അറബ് -ക്രൈസ്തവരും ഇതിന് ഉത്തമസാക്ഷികളാണ്.’

ഫ്രഞ്ചുകാരനായ ലിയൂട്ടി എഴുതുന്നു: ‘ഇസ്‌ലാം അരാജകത്വത്തിന്റെയും നശീകരണത്തിന്റെയും പക്ഷപാതിത്വത്തിന്റെയും മതമാണെന്നാണല്ലോ പലരുടെയും ധാരണ. എന്നാല്‍ എന്റെ കാര്യം പറയാം. ഇസ്‌ലാമിനെക്കുറിച്ച് പുസ്തകങ്ങളില്‍നിന്ന് പഠിക്കുക മാത്രമല്ല, മാത്രമല്ല, പാശ്ചാത്യ-പൗരസ്ത്യനാടുകളിലായി വളരെക്കാലം ഞാന്‍ മുസ്‌ലിംകള്‍ക്കൊപ്പം ജീവിക്കുകയുംചെയ്തിട്ടുണ്ട്. ഇതില്‍നിന്നെല്ലാം ഞാന്‍ മനസ്സിലാക്കുന്നത് മുസ്‌ലിംകള്‍ക്കെതിരായ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നാണ്.’

ഗോസ്റ്റപ് ലേബണ്‍ എഴുതുന്നു: ‘ആധുനിക രാഷ ്ട്രീയക്കാരേക്കാള്‍ യുക്തിജ്ഞരായിരുന്നു അറബികള്‍. കീഴടങ്ങിയ സമൂഹങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യം വകവെച്ചുകൊടുത്തു. തങ്ങളുടെ നിയമങ്ങളും സമ്പ്രദായങ്ങളും വിശ്വാസങ്ങളും തുടരാന്‍ അനുവദിച്ചു.’

അദ്ദേഹം തുടരുന്നു: ‘വിജയലഹരിയില്‍ അറബികള്‍ക്ക് കണ്ണുകാണാതായില്ല. അവര്‍ പരിധിവിട്ട് പ്രവര്‍ത്തിച്ചില്ല. കീഴടങ്ങിയവരെ പീഡിപ്പിച്ചില്ല. തങ്ങള്‍ പ്രചരിപ്പിക്കാനുദ്ദേശിച്ച ഇസ്‌ലാമിനെ ബലംപ്രയോഗിച്ച്് സ്വീകരിപ്പിച്ചില്ല. അവ്വിധം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇനിയും കീഴടങ്ങാനിരിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പ്രകോപിതരാകുമായിരുന്നു. എന്നാല്‍ , കുരിശുസേനയുടെ നിലപാട് ഇതില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു. ശാമിലും ഈജിപ്തിലും സ്‌പെയിനിലും കടന്നുവന്ന മുസ്‌ലിംകള്‍ പരമാവധി ദയാവായ്‌പോടെയാണ് തദ്ദേശീയരോട് വര്‍ത്തിച്ചത്. തങ്ങളുടെ മതവിശ്വാസങ്ങള്‍ വെച്ചുപലുര്‍ത്താന്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി. ഉറപ്പുനല്‍കിയ സുരക്ഷയ്ക്കും സമാധാനപൂര്‍ണമായ ജീവിതത്തിനും പകരം നേരിയതോതിലുള്ള ജിസ്‌യ മാത്രമേ അവര്‍ നല്‍കേണ്ടതുണ്ടായിരുന്നുള്ളൂ. നേരത്തേ മുന്‍ ഭരണാധികാരികള്‍ക്ക് നല്‍കേണ്ടിവന്ന നികുതിയെ അപേക്ഷിച്ച് ജിസ്‌യ ഏറെ തുച്ഛമായിരുന്നു. ഇത്ര ദയാലുവായ ജേതാവിനെയോ സഹിഷ്ണുതയുള്ള മതത്തേയോ ജനസമൂഹങ്ങള്‍ വേറെ കണ്ടിട്ടില്ല’.

എന്നാല്‍ ക്രൈസ്തവാധിനിവേശ കാലത്ത് സ്‌പെയിനില്‍ നാം കണ്ടത് മറ്റൊരു ചിത്രമാണ്. അന്തലുസിലെ മുസ്‌ലിംകള്‍ ക്രൈസ്തവാധിപത്യത്തിന് വിധേയരാകേണ്ടിവന്നപ്പോള്‍ ബലാല്‍കാരം ക്രൈസ്തവവല്കരിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോചെയ്തു. ഗ്രാനഡ ക്രൈസ്തവര്‍ക്ക്് കീഴടങ്ങുന്നതിന് മുമ്പ് തങ്ങളുടെ മതം ആചരിക്കുന്ന കരാറില്‍ വ്യവസ്ഥചെയ്തിരുന്നുവെങ്കിലും ക്രൈസ്തവര്‍ ചതിച്ചു. മുസ്‌ലിംകളെ കൊടുംക്രൂരതകള്‍ക്കിരയാക്കി. ക്രിസ്ത്യന്‍ചിന്തകന്‍ വോള്‍ട്ടയര്‍ എഴുതുന്നു:

സ്‌പെയിന്‍ അറബികള്‍ക്ക്് കീഴടങ്ങിയപ്പോള്‍ തദ്ദേശീയരായ ക്രിസ്ത്യാനികളെ ഇസ് ലാം സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചില്ല. എന്നാല്‍ സ്‌പെയിന്‍കാര്‍ ഗ്രാനഡ കീഴടക്കിയപ്പോള്‍ കര്‍ദ്ദിനാള്‍ ഖംനീസ് എല്ലാ അറബികളെയും ബലാല്‍കാരം ക്രിസ്ത്യാനികളാക്കാന്‍ നടപടികളാരംഭിച്ചു. തങ്ങള്‍ക്ക് വിശ്വാസമില്ലാത്ത മതാചാരങ്ങള്‍ സ്വീകരിക്കാന്‍ അമ്പതിനായിരത്തോളം മുസ് ലിംകള്‍ നിര്‍ബന്ധിക്കപ്പെട്ടു. പ്രമുഖ സ്‌പെയിന്‍ ചരിത്രകാരനായ വാരിറ്റി അറബികളും ക്രൈസ്തവവത്കരിക്കപ്പെട്ട അറബികളുമുള്‍പ്പെടെ മൂന്നുദശലക്ഷംപേരെ നാടുകടത്തിയതായും ആ നടപടികള്‍ക്കിടയില്‍ ഒരു ലക്ഷത്തോളം പേര്‍ മരണപ്പെടുകയോ അടിമകളാക്കപ്പെടുകയോ ചെയ്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. (തുടരും)

ഇബ്‌റാഹീം മുഹമ്മദുല്‍ ഹുഖൈല്‍

Topics