മദ്യപാനം

മദ്യപാനവും വിധികളും

ചിലയിനം ധാന്യങ്ങളും പഴങ്ങളും പുളിപ്പിച്ച് അതിലെ അന്നജം ആല്‍ക്കഹോളാക്കി മാറ്റുകയും ചില പ്രത്യേക പദാര്‍ഥങ്ങളുടെ സഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തുണ്ടാക്കുന്ന ദ്രാവകമാണ് മദ്യം. ബുദ്ധിയെ മദിപ്പിച്ച് അതിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന വസ്തുവിനെയാണ് മദ്യം എന്ന് വിശേഷിപ്പിക്കുന്നത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യമായി പരിഗണിക്കപ്പെടുന്നു. ഏതു വസ്തുവില്‍നിന്നാണ് അതുണ്ടാക്കപ്പെട്ടത് എന്ന വിവേചനമില്ല. ദ്രാക്ഷം(മുന്തിരി), മധു, കാരക്ക, ബാര്‍ലി, ഗോതമ്പ്, മരിച്ചീനി അങ്ങനെ എതൊക്കെ ഭക്ഷ്യവസ്തുവില്‍നിന്നോ അല്ലാത്തതില്‍നിന്നോ ഉണ്ടാക്കുന്ന ലഹരിപദാര്‍ഥമായാലും അത് ശരീഅത്തിന്റെ ദൃഷ്ടിയില്‍ മദ്യമാകുന്നു. കാരണം വ്യഷ്ടിഗതവും സമഷ്ടിഗതവുമായ ദൂഷ്യങ്ങളിലും നമസ്‌കാത്തില്‍നിന്നും ദൈവസ്മരണയില്‍നിന്നും പിന്തിരിപ്പിക്കുന്നതിലും മനുഷ്യര്‍ക്കിടയില്‍ പരസ്പരവിദ്വേഷവും ശത്രുതയും സൃഷ്ടിക്കുന്നതിലും എല്ലാം തുല്യമാകുന്നു.
നബി(സ) പ്രസ്താവിച്ചതായി അഹ്മദ് , അബൂദാവൂദ് എന്നിവര്‍ ഇബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു.
‘എല്ലാ ലഹരിപദാര്‍ഥങ്ങളും മദ്യമാകുന്നു. എല്ലാ മദ്യവും നിഷിദ്ധമാകുന്നു.’

മദ്യപാനത്തിന്റെ ശിക്ഷ

മദ്യപന്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടണമെന്നതിലും ശിക്ഷ പ്രഹരമായിരിക്കണമെന്നതിലും ഏകാഭിപ്രായമാണുള്ളത്. എന്നാല്‍ അതെത്രമാത്രം വേണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു.
മദ്യപന് 80 അടിനല്‍കണമെന്നാണ് മാലികികളുടെയും ഹനഫികളുടെയും വീക്ഷണം. എന്നാല്‍ ശാഫിഇകള്‍ 40 അടിയാണെന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു. ഇമാം അഹ് മദിന് ഇക്കാര്യത്തില്‍ രണ്ട് റിപോര്‍ട്ടുകളുള്ളത് കാണാം.
ഹ. ഉമര്‍(റ)നെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ‘മദ്യപാനത്തിന്റെ ശിക്ഷ സംബന്ധിച്ച് അദ്ദേഹം ജനങ്ങളുമായി ചര്‍ച്ച ചെയ്തു. അപ്പോള്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് പറഞ്ഞു. അങ്ങ് അതേറ്റവും ലഘുവായ നിര്‍ണിതശിക്ഷ പോലെയാക്കുക- എണ്‍പത്. അങ്ങനെ ഉമര്‍(റ) 80 അടി നടപ്പിലാക്കുകയും ശാമിലും അപ്രകാരം നടപ്പിലാക്കാന്‍ ഖാലിദിനും അബൂഉബൈദക്കും എഴുതുകയും ചെയ്തു.’
പ്രസ്തുത കൂടിയാലോചനയില്‍ അലി (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെടുന്നതിങ്ങനെയാണ്. ലഹരിബാധിച്ചാല്‍ വഷളായ കാര്യങ്ങള്‍ സംസാരിക്കുന്നു. അതുകൊണ്ട് അവന് വ്യാജാരോപകന്റെ ശിക്ഷ നല്‍കണം. ജുസ്ജാനിയും ദാറഖുത്‌നിയും ഇപ്രകാരം നിവേദനംചെയ്തിട്ടുണ്ട്.

ഇമാം അഹ്മദിന്റെ പക്കല്‍നിന്നുള്ള രണ്ടാം റിപോര്‍ട്ട് ഇങ്ങനെ: ആ ശിക്ഷ നാല്‍പത് അടിയാകുന്നു. അബൂബക്ര്‍ തെരഞ്ഞെടുത്തിട്ടുള്ളതും ശാഫിഈ മദ്ഹബും അതാണ്. അലി(റ) വലീദ് ബ്‌നു ഉഖ്ബയെ നാല്‍പത് അടി അടിക്കുകയുണ്ടായി.
അനസ് (റ)ല്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്നത് കാണുക: നബി(സ)യുടെ അടുക്കല്‍ ഒരു മദ്യപനെ ഹാജരാക്കി. അവിടുന്നയാളെ നാല്‍പതോളം അടിച്ചു. പില്‍ക്കാലത്ത് അബൂബക്‌റിനടുത്തും ഈ കേസ് വന്നു. അദ്ദേഹവും അവ്വിധം തന്നെ ചെയ്തു. അതിനുശേഷം ഉമറി(റ)ന് മുമ്പിലും മദ്യപാനികള്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം ജനങ്ങളുമായി ചര്‍ച്ച ചെയ്തു. തദവസരത്തില്‍ ഇബ്‌നു ഔഫ് പ്രസ്താവിച്ചു. ‘ഏറ്റവും കുറഞ്ഞ നിര്‍ണിത ശിക്ഷ എണ്‍പത് അടിയാകുന്നു’. ഉമര്‍ അപ്രകാരം ശിക്ഷിച്ചു.(ബുഖാരി ,മുസ്‌ലിം)
നബി(സ)യുടെ കര്‍മം, മറ്റൊരു കര്‍മംകൊണ്ടും വര്‍ജിക്കാനാകാത്ത പ്രമാണമാണ്. നബിയുടെയും അബൂബക്ര്‍, അലി(റ) എന്നിവരുടെയും നടപടികള്‍ക്ക് വിരുദ്ധമായുണ്ടാകുന്ന ഇജ്മാഅ് അതിനാല്‍തന്നെ അസാധുവാണ്. ഉമര്‍(റ)ന്റെ വര്‍ധനയെ ചില സാഹചര്യങ്ങളില്‍ ഭരണാധികാരിക്ക് സ്വീകരിക്കുന്ന അവശ്യനടപടിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ‘ ഉമര്‍ ശക്തരായ മുഴുക്കുടിയന്‍മാരെ 80 ഉം അപൂര്‍വമായി കുടിക്കുന്ന ദുര്‍ബലരെ 40 ഉം അടിച്ചിരുന്നു എന്നത് ഈ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നുണ്ട്.

ശിക്ഷ സ്ഥിരപ്പെടുന്ന രീതി

രണ്ടിലൊരു സംഗതി മുഖേനയാണീ ശിക്ഷ സ്ഥിരപ്പെടുക:
1.കുറ്റസമ്മതം: മദ്യപാനി, താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സ്വയം സമ്മതിക്കുക.
2. നീതിമാന്‍മാരായ രണ്ടുസാക്ഷികളുടെ സാക്ഷ്യം.
ഗന്ധം മുഖേന മദ്യപാനം സ്ഥിരപ്പെടുന്നത് സംബന്ധിച്ച വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്താഭിപ്രായമാണുള്ളത്.
ഗന്ധമുണ്ട് എന്ന് നീതിമാന്‍മാരായ രണ്ടുസാക്ഷികള്‍ ന്യായാധിപന് മുമ്പില്‍ സാക്ഷ്യം വഹിച്ചാല്‍ അവന്‍ ശിക്ഷിക്കപ്പെടണമെന്നാണ് മാലികീ മദ്ഹബ്. കാരണം, അത് മദ്യപാനത്തെ സ്ഥിരീകരിക്കുന്ന അടയാളമാണ്.
ഗന്ധം സംശയത്തിനവകാശമുള്ള അടയാളമാകയാല്‍ അതുമൂലം ശിക്ഷ സ്ഥിരപ്പെടുന്നില്ല എന്നാണ് അബൂഹനീഫയുടെയും ശാഫിഈയുടെയും അഭിപ്രായം. എന്തുകൊണ്ടെന്നാല്‍ പരസ്പരം സാദൃശ്യമുള്ള ഗന്ധങ്ങളുണ്ടാകാം. ശിക്ഷകളാകട്ടെ സന്ദേഹത്താല്‍ പ്രതിരോധിക്കപ്പെടുന്നതാണ്.
കൂടാതെ, പാനീയം മിശ്രിതമായിരിക്കാനും അയാള്‍ അത് ബലപ്രയോഗത്തിന്റെ ഫലമായി കുടിപ്പിക്കപ്പെട്ടതാകാനുംസാധ്യതയുണ്ട്. ചില മദ്യേതരവസ്തുക്കള്‍ക്ക് മദ്യത്തിന്റെ ഗന്ധമുണ്ടാകാനിടയുണ്ടെന്നതും പരിഗണിക്കേണ്ടതാണ്.
വ്യക്തി ശിക്ഷാമുക്തനാണ് എന്നതേ്രത അടിസ്ഥാനപരമായിട്ടുള്ളത്. ശാരിഅ് ആകട്ടെ ശിക്ഷകള്‍ തടുക്കുന്നതില്‍ താല്‍പര്യമുള്ളവനും.

ശിക്ഷാനടപടികള്‍ക്കുള്ള മാനദണ്ഡങ്ങള്‍

താഴെപറയുന്ന മാനദണ്ഡങ്ങള്‍ മുന്നില്‍വെച്ചുമാത്രമേ മദ്യപാനത്തിന്റെ ശിക്ഷ നടപ്പാക്കാവൂ.
1. ബുദ്ധിയാണ് നിയമം ബാധകമാക്കാനുള്ള പ്രധാനമാനദണ്ഡങ്ങളിലൊന്ന്. ഭ്രാന്തന്‍ മദ്യപാനത്തിന് ശിക്ഷിക്കപ്പെടാവതല്ല. മന്ദബുദ്ധികളായ പൊണ്ണന്‍മാരും അങ്ങനെത്തന്നെ.
2. പ്രായപൂര്‍ത്തി: കുട്ടികള്‍ മദ്യപിച്ചാല്‍ ശിക്ഷിക്കേണ്ടതില്ല. കാരണം കുട്ടികള്‍ക്ക് നിയമം ബാധകമല്ലെന്നതുതന്നെ.
3. സ്വേച്ഛപ്രകാരം ചെയ്യുക: ബലപ്രയോഗത്തിലൂടെ മദ്യം അകത്തുചെന്നവനെ ശിക്ഷിക്കരുത്. ബലപ്രയോഗം ഒരു വേള വധഭീഷണിയുടെ രൂപത്തിലാകാം. മാരകദണ്ഡനഭീഷണിയാകാം. സ്വത്തിന്റെ സമ്പൂര്‍ണനാശം എന്ന ഭീഷണിയാകാം. ബലപ്രയോഗത്തില്‍ നിര്‍ബന്ധിതാവസ്ഥയും പരിഗണിക്കപ്പെടും. ഒരാള്‍ ജീവഹാനി ഭയപ്പെടുംവിധം ദാഹിച്ചുവലഞ്ഞിരിക്കുന്നു. വെള്ളമൊന്നുംകിട്ടിയില്ല. കിട്ടിയത് മദ്യമാണ്. എങ്കില്‍ അയാള്‍ അത് കുടിച്ചാല്‍ വിരോധമില്ല. ആപല്‍ക്കരമാംവിധം വിശന്നവന്റെയും അവസ്ഥ അതുതന്നെ. എന്തെന്നാല്‍ അത്തരം അവസ്ഥയില്‍ മദ്യത്തിന്റെ ഉപയോഗം ജീവന്‍ നിലനിര്‍ത്തുന്നതിന് അനിവാര്യമാകുന്നു. നിര്‍ബന്ധിതസാഹചര്യങ്ങള്‍ നിഷിദ്ധങ്ങളെ അനുവദിക്കുന്നു.

4. ഉപയോഗിക്കുന്നത് ലഹരിപദാര്‍ഥമാണെന്ന് ബോധ്യമുണ്ടാകുക. കള്ളാണെന്നറിയാതെ അത് ഉപയോഗിച്ചാല്‍ അറിവില്ലായ്മയുടെ പേരില്‍ വിട്ടുവീഴ്ചയുണ്ട്. ഇനി അക്കാര്യം ആരെങ്കിലും അയാളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അയാള്‍ കുടി തുടര്‍ന്നാല്‍ അവിടെ വിട്ടുവീഴ്ചയുടെ പ്രശ്‌നമേയില്ല. അയാളില്‍ അജ്ഞതയില്ല. മനഃപൂര്‍വം പാപവൃത്തിയില്‍ തുടരുന്ന കാരണത്താല്‍ ശിക്ഷാര്‍ഹനാണ് അയാള്‍.
നവമുസ്‌ലിമോ, ഇസ്‌ലാമിനോട് ശത്രുതയുള്ള രാജ്യത്ത് ജീവിച്ചിരുന്നയാളോ നിഷിദ്ധമാണെന്ന് അറിയാതെ കുടിച്ചാലും അജ്ഞതയുടെ പേരില്‍ ശിക്ഷാനടപടികളില്‍നിന്ന് മുക്തനാകുന്നതാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured