അബുല്‍ അബ്ബാസ് സഫ്ഫാഹ്

അബ്ബാസീ ഖലീഫമാരില്‍ ഒന്നാമന്‍. മുര്‍തദാ എന്നും വിളിക്കപ്പെടുന്നു. ക്രി.വ.749-ല്‍ ഖുറാസാന്‍റെ തലസ്ഥാനമായ മര്‍വപട്ടണം കീഴടക്കിയതോടെ അബ്ബാസീ ഭരണത്തിന് തുടക്കമായി. കൂഫയിലെ പള്ളിയില്‍വെച്ചാണ് അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഹിബ്നു അബ്ബാസ് ആദ്യഅബ്ബാസീ ഖലീഫയായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്. അധികാരം ഏറ്റെടുത്തയുടന്‍ എതിരാളികളെ കൈകാര്യം ചെയ്യാനാണ് തുടക്കംമുതല്‍ക്കേ ശ്രമിച്ചത്. അതിനായി സഫ്ഫാഹ് (രക്തംചിന്തുന്നവന്‍) എന്ന് പേര് സ്വീകരിച്ചു.

നാലുവര്‍ഷവും ഒമ്പതുമാസവുമായിരുന്നു ഭരണകാലം. അന്‍ബാര്‍ ആസ്ഥാനനഗരമായി സ്വീകരിച്ചു. അബ്ബാസിയ ഭരണകൂടം സ്ഥാപിക്കാന്‍ സഹായംചെയ്തവരെപ്പോലും പില്‍ക്കാലത്ത് എതിര്‍ശബ്ദത്തിന്‍റെ പേരില്‍ കൊന്നുകളഞ്ഞു. അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ അമവിവംശജരായ പലരും വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച് രംഗപ്രവേശംചെയ്തു. എന്നാല്‍ ഹുംസിലും ദമസ്കസിലുമുള്ള ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന അബുല്‍ വര്‍ദിനെ വധിച്ചുകൊണ്ട് അതിനെല്ലാം അന്ത്യം കുറിച്ചു. കൂഫയ്ക്കും മക്കക്കും ഇടയിലുള്ള പാതയില്‍ യാത്ര സുഗമമാക്കുന്നതിനായി വഴിവെളിച്ചവും ദിശാബോര്‍ഡുകളും സ്ഥാപിച്ചു. മുസ്ലിംകളുടെ ആഭ്യന്തരകലഹം മുതലെടുത്ത് തുര്‍ക്കിസ്താന്‍ കയ്യടക്കാന്‍ ചൈന നടത്തിയ ശ്രമങ്ങളെ സധൈര്യം ചെറുത്തുതോല്‍പിച്ചു.

About islam padasala