വിശ്വാസം-ലേഖനങ്ങള്‍

മരണഭയം മരണം തന്നെയാണ്

തിരുദൂതര്‍(സ) അരുള്‍ ചെയ്തു: ‘അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ വെറുക്കുന്നു. ഇതുകേട്ട ആഇശ(റ) ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, അപ്പോള്‍ മരണത്തെ വെറുക്കുന്നതോ? നാമെല്ലാവരും മരണത്തെ വെറുക്കുന്നില്ലേ? അപ്പോള്‍ തിരുമേനി(സ) പറഞ്ഞു ‘അത് അപ്രകാരമല്ല. അല്ലാഹുവിന്റെ കാരുണ്യത്തെയും തൃപ്തിയെയും സ്വര്‍ഗത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട വിശ്വാസി അവനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുകയും അവന്‍ വിശ്വാസിയെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുയും ചെയ്യുന്നു. അല്ലാഹുവിന്റെ ശിക്ഷയെയും വെറുപ്പിനെയും കുറിച്ച് അറിയിക്കപ്പെട്ട നിഷേധി അവനെ കണ്ടുമുട്ടുന്നത് വെറുക്കുകയും അവന്‍ നിഷേധിയെ  കണ്ടുമുട്ടുന്നത്  വെറുക്കുകയും ചെയ്യുന്നു’. (മുസ്‌ലിം)

എന്നെന്നും ജീവിക്കാന്‍ സാധിക്കുന്ന ഒരു രാസവസ്തു കണ്ടെത്താന്‍ കഴിയുമെന്ന് ബാബിലോണിയക്കാര്‍ വിശ്വസിച്ചിരുന്നുവത്രെ! പക്ഷെ അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ‘നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും അമരത്വം നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നുവരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ? എല്ലാ ജീവികളും മരണം രുചിക്കുക തന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെ അടുത്തേക്കാണ്'(അല്‍അന്‍ബിയാഅ് 34-35)

മറ്റൊരു ആയത്തില്‍ ഇപ്രകാരമാണ് പറയുന്നത് :’തീര്‍ച്ചയായും താങ്കള്‍ മരിക്കാനുള്ളതാണ്. തീര്‍ച്ചയായും അവരും മരിക്കുന്നത് തന്നെയാണ്’ (അസ്സുമര്‍ 30). കാര്യങ്ങള്‍ യാതൊരു കുഴപ്പമോ വിഘ്‌നമോ ഇല്ലാതെ അതേപടി നിലനില്‍ക്കണമെന്നാണ് മനുഷ്യന്റെ ആഗ്രഹം. എന്നാല്‍ ദൈവിക നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് അത്. എന്നല്ല വ്യക്തിയെന്ന നിലയില്‍ മനുഷ്യന്റെ തന്നെ താല്‍പര്യങ്ങള്‍ക്കും മാനവ സമൂഹത്തിന്റെ നേട്ടങ്ങള്‍ക്കും അത് എതിരാണ് . 

എന്നാല്‍ മരണത്തെ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അതിനെക്കുറിച്ച് തെറ്റായ സങ്കല്‍പം വെച്ചുപുലര്‍ത്തുന്നവരാണ്. നാശവും, ആത്യന്തികമായ അന്ത്യവുമാണ് മരണമെന്ന് അവര്‍ തെറ്റുധരിച്ചിരിക്കുന്നു. മരണഭയം, മരണത്തിന് മുമ്പുള്ള നാശമാണെന്നാണ് നാം തിരിച്ചറിയേണ്ടതുണ്ട്. മരണത്തെക്കുറിച്ച് ശരിയായ അറിവും അവബോധവും ഇല്ലായ്മ, കുടുംബപരമായ ചിദ്രത, മരണത്തെക്കുറിച്ച് കുഞ്ഞുങ്ങള്‍ക്ക് ശരിയായ വിവരം നല്‍കാതിരിക്കല്‍ തുടങ്ങിയവയാണ് മരണത്തെക്കുറിച്ച ഭയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. 

അത്തരത്തിലുള്ള ഒരാള്‍ എനിക്ക് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: ‘ഞാന്‍ എപ്പോഴും മരണത്തെ മുന്നില്‍ കാണുന്നു. ഭക്ഷണം കഴിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍, കുടുംബത്തിലിരിക്കുമ്പോള്‍, ഉറക്കത്തില്‍ എന്നിങ്ങനെ… മരണം മുന്നില്‍ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നു. ഞാന്‍ മരിക്കുന്നതും, എന്റെ പ്രിയപ്പെട്ടവര്‍ മരിക്കുന്നതും ഞാന്‍ ഭയപ്പെടുന്നു’. അദ്ദേഹം നേരിട്ട എന്തെങ്കിലും ദാരുണസംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ടതായിരിക്കാം ഈ ഭയം. അതല്ലെങ്കില്‍ ചെറുപ്രായത്തില്‍ നല്‍കപ്പെട്ട ശിക്ഷണത്തിലെ പോരായ്മ കൊണ്ടും ഇങ്ങനെ സംഭവിക്കാവുന്നതാണ്. 

മതപ്രഭാഷണങ്ങള്‍ മരണത്തെ ചിത്രീകരിക്കുന്നത് കടുത്ത ഭയവും, ആശങ്കയും വളര്‍ത്തുന്ന വിധത്തിലാണ്. അതിന്റെ ഭീകരമായ വേദനയെയും, മറ്റും വിശദമായി അവയില്‍ പ്രതിപാദിക്കുന്നു. ഇബ്‌നുല്‍ ഖയ്യിം തിരുമേനി(സ)യുടെ പ്രഭാഷണത്തെക്കുറിച്ച് പറയുന്നു:

‘അല്ലാഹുവിലും അവന്റെ മാലാഖമാരിലും വേദങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലുമുള്ള വിശ്വാസങ്ങള്‍ തുടങ്ങിയ അടിസ്ഥാനങ്ങളും, സ്വര്‍ഗം നരകം, അല്ലാഹു അവന്റെ വലിയ്യുകള്‍ക്ക് ഒരുക്കിയ പ്രതിഫലം, ശത്രുക്കള്‍ക്ക് ഒരുക്കിയ ശിക്ഷ തുടങ്ങിയവയെല്ലാം പ്രവാചകന്‍(സ)യുടെ പ്രഭാഷണത്തില്‍ വിഷയീഭവിച്ചിരുന്നു. ആ പ്രഭാഷണങ്ങള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ വിശ്വാസം നിറക്കുകയും അല്ലാഹുവിനെക്കുറിച്ച ജ്ഞാനം പകരുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ പ്രഭാഷണത്തിലേതുപോലെ ജീവിതത്തെ ഓര്‍ത്ത് കരയുക, മരണത്തെക്കുറിച്ച് ഭയപ്പെടുത്തുക തുടങ്ങിയവ ആയിരുന്നില്ല അവയുടെ വിഷയം. കാരണം അതുമുഖേനെ ഹൃദയത്തില്‍ വിശ്വാസമുണ്ടാവുകയോ വിജ്ഞാനം വര്‍ധിക്കുകയോ ഇല്ല. അല്ലാഹുവിനെക്കുറിച്ച സ്‌നേഹം ഹൃദയത്തില്‍ വളര്‍ത്താനോ, അവനെ കാണാനുള്ള ആശയുണ്ടാക്കാനോ അതുപകരിക്കുകയില്ല. ഒരു പ്രയോജനവും ലഭിക്കാതെ ശ്രോതാക്കള്‍ പിരിഞ്ഞുപോകുന്നു. അവര്‍ മരണപ്പെടുകയും അവരുടെ സമ്പത്ത് വീതിക്കപ്പെടുകയും മണ്ണ് അവരുടെ ശരീരം തിന്നുകയും ചെയ്യുന്നു’. (സാദുല്‍ മആദ്)

മനസ്സിനെ ശാന്തമാക്കുന്നതിലും ജീവിതത്തെ മനോഹരമാക്കുന്നതിലും വിശ്വാസത്തിന് നിര്‍ണായക പങ്കുണ്ട്. ജീവിതത്തെ ഊഷരമാക്കാനും, നിരാശയോടെ കരഞ്ഞു തീര്‍ക്കാനുമല്ല വിശ്വാസത്തെ ഉപയോഗിക്കേണ്ടത്.

Topics