വിശ്വാസം-ലേഖനങ്ങള്‍

ആര്‍ക്കും അതിജയിക്കാനാകാത്ത ഈമാനികശക്തി

ഒരു യുവവിദ്യാര്‍ത്ഥി തന്റെ അധ്യാപകനോടു ചോദിച്ചു:

മനുഷ്യ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ളതും മനുഷ്യന്‍ അറിഞ്ഞിട്ടുള്ളതുമായ ഏറ്റവും വലിയ ശക്തി  മിസൈലും അണുബോബുമായിരിക്കുമല്ലേ? മനുഷ്യന്‍ ലോകത്തു നടത്തിയ ഏറ്റവും  ശക്തിമത്തായ കണ്ടുപിടുത്തങ്ങള്‍ മറ്റേതാണുള്ളത്?
അധ്യാപകന്‍ കുട്ടിയോടു പറഞ്ഞു: ഉത്തരം ഞാന്‍ പറയാം. പക്ഷേ ഉത്തരത്തിലേക്കെത്താന്‍ നീ തിടുക്കം കൂട്ടരുത്. ഞാന്‍ ഉത്തരം പറയുന്നതിന് മുമ്പുതന്നെ നീ ഉത്തരം പറയുകയുമരുത്.

കുട്ടി: ക്ഷമിക്കണം, താങ്കള്‍ തന്നെ പറഞ്ഞോളൂ! എനിക്ക് താങ്കളില്‍നിന്ന് കേള്‍ക്കണം.

ടീച്ചര്‍:  ഞാന്‍ മോനോട് മറ്റൊരു ചോദ്യം ചോദിക്കാം: ‘ബോംബുകളും മിസൈലുകളുമാണോ ഏറ്റവും വലിയ ശക്തി അതല്ല, അതുണ്ടാക്കിയ മനുഷ്യനാണോ’?

കുട്ടി: അതില്‍ സംശയിക്കാനെന്തിരിക്കുന്നു ?  ബോംബും മിസൈലുമുണ്ടാക്കിയ മനുഷ്യന്‍ തന്നെ.

അധ്യാപകന്‍: ശരി. നിന്റെ ഉത്തരം ശരിയാണ്. ലോകത്തുള്ള എല്ലാ ഭൗതിക ശക്തികളേക്കാളും മേത്തരമാണ് മനുഷ്യന്റെ ശക്തി. മനുഷ്യന്‍ തന്റെ ഭൗതികമായ പ്രയോജനങ്ങള്‍ക്ക് വേണ്ടി എല്ലാറ്റിനെയും  വരുതിയിലാക്കുന്നു. അവന്‍ ഉദ്ദേശിക്കുന്ന രൂപത്തിലേക്ക് അവന്‍ സാധനങ്ങളെ പരിവര്‍ത്തിപ്പിക്കുന്നു. മനുഷ്യന്‍ തന്റെ കഴിവുകളെ ശക്തിമത്തായ യന്ത്രങ്ങളും ബോംബും മിസൈലും ഒക്കെ ആക്കിമാറ്റുന്നു. ഇതെല്ലാം നിര്‍മ്മിക്കാനുള്ള അവന്റെ ശക്തിയേക്കാള്‍ വലിയ ശക്തിയുണ്ടോ?

കുട്ടി : അങ്ങു തന്നെ പറയൂ.

അധ്യാപകന്‍: ഉണ്ട്. മനുഷ്യന്റെ വരുതിയിലുള്ള ഏറ്റവും വലിയ കരുത്ത് അവന്റെ വിശ്വാസമാണ്.

കുട്ടി: എന്തു കാര്യത്തിലുള്ള വിശ്വാസമാണ് ? എന്തെങ്കിലും തത്ത്വങ്ങളിലോ ആശയങ്ങളിലോ ഉള്ള വിശ്വാസത്തെയാണോ ഈമാന്‍ എന്നു പറയുന്നത്.

അധ്യാപകന്‍:  ഒരു വ്യക്തിക്കു കരുത്തും ഉറപ്പും തന്റേടവും പ്രധാനം ചെയ്യുന്ന ഒന്ന് അതെന്താണോ അതാണ് വിശ്വാസം. വ്യക്തികള്‍ തമ്മിലും സംഘങ്ങള്‍ തമ്മിലുമുള്ള കലഹങ്ങളില്‍ കണ്ടിട്ടില്ലേ, ഒരു വിശ്വാസവുമില്ലാത്തവനെ അതിജയിക്കുന്നത് എന്തെങ്കിലും കാര്യത്തില്‍ വിശ്വാസമുള്ളവനായിരിക്കും. അത് കൃത്യവും സുബദ്ധവുമായ അടിസ്ഥാനങ്ങളില്‍ പെട്ടതോ അല്ലാത്തതോ ആകട്ടെഏതെങ്കിലും ഒരു വിശ്വാസത്തിന്റെ അടിസ്ഥാനമാക്കി  ജീവിതത്തെ കെട്ടിപ്പടുത്തവരായിരിക്കും ഒന്നിലും ഒരു വിശ്വാസവുമില്ലാത്ത ആളുകളെ അവസാനം അതിജയിക്കുക. എന്നാല്‍ ഇവിടെ ഈമാന്‍ (വിശ്വാസം) കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസമാണ്. ജീവിതം പ്രദാനം ചെയ്യുകയും പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്ത ഏകനായ നാഥനിലുള്ള വിശ്വാസമാണ് ഇവിടെ ഈമാന്‍ കൊണ്ടു വിവക്ഷിക്കുന്നത്. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്നും അത് നല്‍കപ്പെടുന്ന മറ്റൊരു ലോകമുണ്ടെന്നും അവിടെ അവരവര്‍ ചെയ്ത കര്‍മങ്ങള്‍ക്ക് അണുത്തൂക്കം അനീതിയില്ലാതെ പ്രതിഫലം നല്‍കപ്പടുമെന്ന വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. നമുക്ക് നമ്മുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ഒരു ലോകമുണ്ടെന്നും ആ ലോകത്ത് അല്ലാഹുവിന്റെ അസംഖ്യം കാവല്‍ക്കാരുണ്ടെന്നും അവര്‍ ദൈവസാമീപ്യംസിദ്ധിച്ച അവന്റെ മലക്കുകളുമാണെന്ന വിശ്വാസമാണത്. ആകാശ ലോകത്തു നിന്നും ഭൂമിയുമായി ബന്ധപ്പെടുന്ന ദൈവിക വെളിപാടുകള്‍ ഉണ്ടെന്നും സൃഷ്ടികള്‍ക്കുള്ള അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം ആ വെളിപാടിലൂടെയാണെന്നും അത് നല്‍കപ്പട്ടവര്‍ അല്ലാഹുവിന്റെ പ്രവാചകന്‍മാരാണെന്നും അവര്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം മനുഷ്യനെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കു നയിക്കാന്‍ വന്നവരാണെന്നുമുള്ള വിശ്വാസമാണ് ഞാന്‍ ഉദ്ദേശിച്ച വിശ്വാസം.

ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളും വസ്തുക്കളും ചലിക്കുന്നതും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും എല്ലാം അവന്റെ അറിവിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. ചെറുതും വലുതുമായ എല്ലാം അവന്റെ നിയന്ത്രണത്തിലാണുള്ളത്.
എല്ലാപ്രവാചകശ്രേഷ്ഠന്‍മാരും ഈ ലോകത്തെ പഠിപ്പിച്ച ഈമാന്‍ ഇതാണ്. സദ്‌വൃത്തരും രക്തസാക്ഷികളും ഈ മാര്‍ഗത്തിലാണ് തങ്ങളുടെ അധ്വാനം ചെലവഴിച്ചത്. ഈ ഈമാനാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ദുര്‍ബലന് ശക്തിയു
 ഊര്‍ജം നല്‍കുന്നത് ഈ ഈമാനാണ്. മഹാ ശക്തിമാന്‍മാരെയും പരാജയപ്പെടുത്തുന്ന ശക്തി ഇതാണ്.

വിദ്യാര്‍ത്ഥി: എന്നാല്‍ മനുഷ്യന് മറ്റുപല തരത്തിലുള്ള കഴിവുകളും ശക്തിയുമുണ്ടെന്ന് താങ്കള്‍ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. എന്തിനെയും അടക്കി ഭരിക്കുന്ന ആധിപത്യവാഞ്ഛ, പ്രതികാരം, ലൈംഗികാഭിനിവേശം, കോപം ഇതെല്ലാം മനുഷ്യന്റെ ശക്തികളും വികാരങ്ങളുമല്ലേ,

അധ്യാപകന്‍: തീര്‍ച്ചയായും അവ മനുഷ്യനില്‍ ഉദ്ഭൂതമായിട്ടുള്ള ശക്തിയാണ്, കഴിവാണ് , വികാരങ്ങളാണ്. മനുഷ്യ കുലത്തിന് നല്‍കപ്പെട്ട കഴിവുകളാണ് ഇവയൊക്കെയും. എന്നാല്‍ ഇതിനെയെല്ലാം കവച്ചു വെക്കുന്നതാണ് മനുഷ്യന്റെ വിശ്വാസം. ഈമാനിന്റെ ശക്തിക്കു മുമ്പില്‍ അവ പരാജയപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഏറ്റവും വലിയ ശക്തി ഈമാന്‍ തന്നെയാണ്. അതു സൂചിപ്പിക്കുന്ന ഒരു കഥ പറയാം.

നിങ്ങള്‍ യൂസുഫ് നബിയുടെ ചരിത്രം കേട്ടിരിക്കും. യൂസുഫ് എന്ന സുന്ദര കോമളനായ ആ യുവാവ് അദ്ദേഹത്തിന്റെ ശാരീരികവികാരങ്ങളെ അതിജയിച്ച് ഈമാനിന്റെ ശക്തി കാണിച്ചത് നാം മനസ്സിലാക്കിയതാണ്.

സൗന്ദര്യത്തിന്റെയും കരുത്തിന്റെയും നിറകുടമായിരുന്ന ഒരു യുവാവ്, ഉന്‍മേഷത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും പര്യായം. ഈജിപ്തിലെ പ്രതാപവാനായ ഒരു ഭരണാധികാരിയുടെ വീട്ടില്‍ വേല ചെയ്യാന്‍ നില്‍ക്കേണ്ടിവന്നു. തന്റെ യജമാനന്റെ ഭാര്യ യൂസുഫിന്റെ സൗന്ദര്യത്തില്‍ കണ്ണുവക്കുന്നു. തന്റെ ഇംഗിതത്തിനുവഴങ്ങാന്‍ അവള്‍ യൂസുഫിനെ ക്ഷണിക്കുന്നു. വാതിലുകള്‍ അടച്ച് അവനെ പ്രലോഭിപ്പിക്കാനും കീഴ്‌പെടുത്താനും ശ്രമിക്കുന്നു. യൂസുഫ് നബിയുടേതു പോലുള്ള ഒരു അവസ്ഥ ലോകത്ത് ഏതെങ്കിലും ഒരു ചെറുപ്പക്കാരന്‍ അഭിമുഖീകരിച്ചശേഷം അതില്‍ നിന്ന് രക്ഷപ്പെട്ടുപോന്ന ഒരു ചരിത്രമുണ്ടാകില്ല. കാരണം യൂസുഫിനെ തിന്‍മയിലേക്കു ക്ഷണിക്കുന്നത് ആധുനിക നഗരങ്ങളില്‍ രാത്രിസഞ്ചരിച്ച് ആളുകളെ വല വീശിപ്പിടിക്കുന്ന കാള്‍ഗേളുകളോ അഭിസാരികകളോ അല്ല, ആ വീടിന്റെ ഉടമസ്ഥയും കുലീനയും  ഭരണാധികാരിയുടെ ഭാര്യയുമായ സ്ത്രീയാണ്. യൂസുഫാകട്ടെ ഏതാനും നാണയത്തുട്ടുകള്‍ക്ക് വില കൊടുത്ത വാങ്ങിയ അടിമ ബാലന്‍, ഭൃത്യന്‍, അവനെ ആരും അറിയുകയില്ല ആ വീട്ടുകാരല്ലാതെ, ആ വീട്ടിലെ ഒരു ഭൃത്യന്‍ മാത്രമാണവന്‍. അവനെ സംബന്ധിച്ചിടത്തോളം ആ വീട്ടുകാര്‍ കല്‍പ്പിക്കുന്നത് അനുസരിക്കുക മാത്രമേ അവന്റെ ബാധ്യതയുള്ളൂ. എന്നാല്‍ ഈ വമ്പിച്ച പരീക്ഷണത്തിനുമുമ്പില്‍ യൂസുഫ് നബി പരാജയപ്പെട്ടോ? ഇല്ല, അദ്ദേഹം അതില്‍ ഭംഗിയായി വിജയിച്ചു.

പരീക്ഷണം വളരെ കഠിനതരമായിരുന്നു. പക്ഷേ ആ പരീക്ഷണത്തെ അതിജയിച്ച് വിജയം വരിക്കാന്‍ യൂസുഫിനായത് തന്റെ വിശ്വാസം കൊണ്ടാണ്.

Topics