ഖുര്‍ആനില്‍ 69 ഇടങ്ങളില്‍ ഇബ്‌റാഹീം നബിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്ത്യപ്രവാചകനെ കൂടാതെ വിശ്വാസികളോട് മാതൃകയായി സ്വീകരിക്കാന്‍ ഖുര്‍ആന്‍ കല്‍പിച്ചത് ഇബ്‌റാഹീം നബിയെയാണ്. ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: ‘നിങ്ങളുമായോ അല്ലാഹുവെ വെടിഞ്ഞ് നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ. ഇതില്‍നിന്ന് വ്യത്യസ്തമായുള്ളത് ഇബ്‌റാഹീം തന്റെ പിതാവിനോടിങ്ങനെ പറഞ്ഞതുമാത്രമാണ്. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാം. എന്നാല്‍ അല്ലാഹുവിങ്കല്‍നിന്ന് അങ്ങയ്ക്ക് എന്തെങ്കിലും നേടിത്തരിക എന്നത് എന്റെ കഴിവില്‍ പെട്ടതല്ല. അവര്‍ പ്രാര്‍ഥിച്ചു: ‘ഞങ്ങളുടെ നാഥാ! ഞങ്ങള്‍ നിന്നില്‍ മാത്രം ഭരമേല്‍പിക്കുന്നു. നിന്നിലേക്ക് മാത്രം ഖേദിച്ചുമടങ്ങുന്നു. അവസാനം ഞങ്ങള്‍ വന്നെത്തുന്നതും നിന്റെ അടുത്തേക്കുതന്നെ.” (അല്‍ മുംതഹിന 4).
പ്രബോധനം , സ്ഥൈര്യം, പ്രാര്‍ഥന, വിവേകം എന്നിങ്ങനെ വിവിധസംഗതികളില്‍ തന്റെതായ ശൈലി വരച്ചുകാട്ടിയ മഹാനാണ് ഇബ്‌റാഹീം നബി. എന്നാല്‍ തന്റെ കുടുംബത്തെ ബലിനല്‍കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ചരിത്രത്തില്‍ മാതൃകയില്ലാത്തതാണ്.
നമുക്കേറ്റവുമിഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി ആവശ്യമുള്ളതെന്തും ത്യജിക്കാന്‍ നാം സന്നദ്ധരാകാറുണ്ട്. എന്നാല്‍ ആ സന്നദ്ധതയ്ക്കും ത്യാഗത്തിനും പരിധി വെക്കുന്നവരാണ് നാം. ചിലപ്പോഴൊക്കെ ആളുകള്‍ ഇപ്രകാരം പറയുന്നത് നാം കേട്ടിട്ടുണ്ട്: ‘ഞാനെന്തുവേണമെങ്കിലും പകരം തരാം. പക്ഷേ കുടുംബത്തെ ഉപേക്ഷിക്കാനാവില്ല.’അതെ, നാം അത്യധ്വാനംചെയ്യുന്നത് കുടുംബത്തിനും സന്താനങ്ങള്‍ക്കും വേണ്ടിയാണ്. എല്ലാറ്റിനെക്കാളുമേറെ നാം കുടുംബത്തെ സ്‌നേഹിക്കുന്നു എന്നര്‍ഥം. ഇബ്‌റാഹീം നബിയും തന്റെ കുടുംബത്തെ സ്‌നേഹിച്ചിരുന്നു. പ്രത്യേകിച്ചും ഏറെനാളത്തെ പ്രാര്‍ഥനയ്ക്കുശേഷം കിട്ടിയ ഇസ്മാഈലി(അ)നെ. ചരിത്രപണ്ഡിതന്‍മാരുടെ വീക്ഷണപ്രകാരം 80 വയസ്സുള്ളപ്പോഴാണ് ഹാജറിലൂടെ അദ്ദേഹത്തിന് കടിഞ്ഞൂല്‍ കനിയായ ഇസ്മാഈലിനെ ലഭിക്കുന്നത്.
മക്കയിലെ ജനവാസമില്ലാത്ത മരുഭൂമിയില്‍ ഭാര്യയെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും താമസിപ്പിക്കണമെന്ന കല്‍പനയായിരുന്നു ആദ്യം നേരിട്ട പരീക്ഷണം. അദ്ദേഹം അത് വിജയകരമായി പൂര്‍ത്തീകരിച്ചു. ഭാര്യയും കുഞ്ഞും കണ്‍വെട്ടത്തുനിന്ന് മറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു: ‘ഞങ്ങളുടെ നാഥാ, എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.'(ഇബ്‌റാഹീം 37).
ഭൂമിയില്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്യാനായി പടുത്തുയര്‍ത്തപ്പെട്ട ഗേഹത്തിന് ചുറ്റുമായി ജനവാസം സാധ്യമാക്കാനായാണ് ഇബ്‌റാഹീം നബി തന്റെ കുടുംബത്തെ അതിനടുത്ത് താമസിപ്പിച്ചത്. അത്തരത്തില്‍ ജനങ്ങള്‍ അവിടെ വന്ന് കൂടണമെങ്കില്‍ ആരെങ്കിലും കുടുംബമായി ആദ്യമവിടെ താമസിക്കേണ്ടതുണ്ടല്ലോ. അല്ലാഹുവിന്റെ പ്രസ്തുത കല്‍പനയിലൂടെ ഉമ്മുല്‍ ഖുറാ യാഥാര്‍ഥ്യമാക്കാന്‍ ഇബ്‌റാഹീം (അ) സ്വകുടുംബത്തെ സമര്‍പ്പിക്കുകയായിരുന്നു. ആ മരുഭൂമിയില്‍ അറേബ്യന്‍ പുള്ളിപ്പുലി, കാട്ടുപൂച്ച, വരയന്‍കഴുതപ്പുലി, ചെന്നായ തുടങ്ങി വന്യജന്തുക്കള്‍ അവിടെയുണ്ടായിരുന്നുവെന്നും രാത്രികളില്‍ അവയുടെ അലര്‍ച്ചയും ഓരിയിടലും ഹാജര്‍(റ) കേട്ടിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു പരീക്ഷണം ഇബ്‌റാഹീം നബിക്ക് നേരിടേണ്ടിവന്നു. മകന്‍ അധ്വാനശേഷിയൊക്കെ കൈവരിച്ച് പിതാവായ ഇബ്‌റാഹീമിനോടൊപ്പം പല സ്ഥലങ്ങളിലും യാത്രചെയ്തിരുന്ന സന്ദര്‍ഭമായിരുന്നു അത്. അല്ലാഹു സ്വപ്‌നത്തിലൂടെ അക്കാര്യം അറിയിച്ചു: ‘ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്?’ അവന്‍ പറഞ്ഞു: ‘പ്രിയ പിതാവേ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം.”(അസ്സ്വാഫ്ഫാത് 102).
പിതാവിന്റെ ഇംഗിതമറിഞ്ഞ മകന്‍ ഇസ്മാഈല്‍ സ്വയം സന്നദ്ധനായി മുന്നോട്ടുവന്നു. ഇബ്‌റാഹീം നബി ബലിക്കായുള്ള ഒരുക്കങ്ങളാരംഭിച്ചു. ഇതിനിടയില്‍ ഇബ്‌ലീസ് അതില്‍ തടസ്സംസൃഷ്ടിക്കാന്‍ മൂന്നുവട്ടം ശ്രമിച്ചു. അപ്പോഴെല്ലാം ഇബ്‌റഹീം നബി അവനെ കല്ലെറിഞ്ഞോടിച്ചു. ബലി അറുക്കാനായി കത്തി മകന്റെ കഴുത്തില്‍ വെച്ചപ്പോള്‍ അല്ലാഹു ഇബ്‌റാഹീമിനെ വിളിച്ചു:
‘അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ‘ഇബ്‌റാഹീമേ, സംശയമില്ല; നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു.’ അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു. നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി'(അസ്സ്വാഫ്ഫാത് 104- 107).
ഇബ്‌റാഹീം (അ) കണ്ണുതുറന്നപ്പോള്‍ തന്റെയടുക്കല്‍ അറുക്കപ്പെട്ട നിലയില്‍ ഒരു ആടിനെ കണ്ടു. കൂടാതെ, മാലാഖയാല്‍ അനുഗാമിതനായി പുഞ്ചിരിതൂകുന്ന മകന്‍ ഇസ്മാഈലിനെയും . ഇബ്‌റാഹീം (അ) സ്വകുടുംബത്തെയും തുടര്‍ന്ന് സന്താനത്തെയും ബലിനല്‍കുകയായിരുന്നു. എന്നാല്‍ നമ്മുടെയെല്ലാം കരുണാവാരിധിയായ രക്ഷിതാവ് അശേഷം ക്രൂരനല്ല. അതിനാല്‍ ബലിയാവശ്യപ്പെട്ടപ്പോള്‍ സന്നദ്ധതയറിച്ചു എന്നകാരണത്താല്‍ തന്നെ ഇരുലോകങ്ങളിലേക്കുംവെച്ച് മഹത്തായ പ്രതിഫലം നല്‍കുകയായിരുന്നു.
മക്കയിലെ ആ വരണ്ട, ഭയാനകത മുറ്റിനില്‍ക്കുന്ന മരുഭൂവില്‍ തനിച്ചാക്കപ്പെട്ട ഹാജറിനും ഇസ്മാഈലിനും അല്ലാഹു സംസം ഉറവ നല്‍കി. അവരെ ജുര്‍ഹും എന്ന സ്ഥലത്ത് പാര്‍പ്പിച്ചു. അങ്ങനെ മക്ക ലോകത്തെ ഗ്രാമങ്ങളുടെ മാതാവായി. അതിന്റെ സ്ഥാപകരായി ഇബ്‌റാഹീം നബിയുടെ കുടുംബം അറിയപ്പെട്ടു. സ്വര്‍ഗത്തില്‍നിന്ന് ആടിനെ പകരംനല്‍കി ബലി അറുക്കപ്പെടുന്നതില്‍നിന്ന് ഇസ്മാഈലിനെ രക്ഷപ്പെടുത്തി. ഇബ്‌റാഹീം (അ)ന് ‘ഖലീലുല്ലാഹ് ‘എന്ന വിശേഷണം നല്‍കി. അന്ത്യനാള്‍ വരെ ലോകജനസഞ്ചയത്തിന് ചെയ്യാനായി അദ്ദേഹത്തിന്റെ പ്രവൃത്തികളെ നിര്‍ബന്ധ ആരാധനാകര്‍മങ്ങളാക്കി.
ഇബ്‌റാഹീം (അ)ന്റെ ജീവിതം മുമ്പില്‍വെച്ചുകൊണ്ട് നമ്മുടെയെല്ലാം സ്വജീവിതത്തെ ആത്മവിശകലനം ചെയ്യാം. പ്രബോധനമാര്‍ഗത്തില്‍ ഒട്ടേറെ ത്യാഗങ്ങളും പരീക്ഷണങ്ങളും നാം നേരിടുന്നുണ്ട്. ഇമാമുമാരും, അധ്യാപകരും സംഘടനാതലവന്‍മാരും സന്നദ്ധപ്രവര്‍ത്തകരും അത്തരം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ഇസ്‌ലാമിക്‌സ്‌കൂളുകള്‍ ആരംഭിക്കുന്നതും അത് നടത്തിക്കൊണ്ടുപോകുന്നതും അത്തരം പരീക്ഷണത്തിന് ഉദാഹരണമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും സമുദായാംഗങ്ങളും യാതൊന്നും ബലികഴിക്കാന്‍ തയ്യാറല്ലാത്ത അവരുടെ മനസ്ഥിതിയും എല്ലാം സ്‌കൂള്‍ നടത്തിപ്പുകാര്‍ക്ക് പ്രതിബന്ധമാകുന്നത് ചിന്തനീയമാണ്.
വിമര്‍ശനത്തിലെ ഇരട്ടത്താപ്പുകള്‍
ഒരു സ്‌കൂളില്‍ ടീച്ചര്‍മാര്‍, അടിസ്ഥാനസൗകര്യങ്ങള്‍, പാഠ്യപദ്ധതി, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളുടെ സുരക്ഷ അങ്ങനെ തുടങ്ങി പല കാര്യങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം നമുക്ക് മനസ്സിലാക്കാനാകും. തങ്ങളുടെ കുട്ടികള്‍ക്ക് ഭാവിജീവിതത്തിന് പ്രയോജനപ്രദമല്ല എന്ന മുന്‍വിധിയാല്‍ പലരും ഇസ്‌ലാമിക് സ്‌കൂളുകളെ പിന്തുണക്കാറില്ല. എന്നാല്‍ ഇസ്‌ലാമേതര പ്രൈവറ്റ് സ്‌കൂളുകളെ തെരഞ്ഞെടുക്കുമ്പോള്‍ മേല്‍പറഞ്ഞ ഡിമാന്റുകള്‍ പലതും ഉപേക്ഷിക്കാന്‍ ആ രക്ഷിതാക്കള്‍ക്ക് യാതൊരു സങ്കോചവുമില്ലതാനും. ഇസ്‌ലാമിക് സ്‌കൂളില്‍ പഠിച്ചാല്‍ പുറമെ ട്യൂഷനും വേണ്ടിവരുന്നുവെന്ന മുടന്തന്‍ന്യായം ഉന്നയിക്കാറുണ്ട് രക്ഷിതാക്കളില്‍ ചിലര്‍. എന്നാല്‍ പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കാന്‍ കൂടുതല്‍ പൈസ ചെലവഴിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമൊട്ടില്ലതാനും. അത്തരക്കാരുടെ മനോവിഷമങ്ങളെപ്പറ്റി അല്ലാഹു പറയുന്നത് കാണുക:
‘പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്‍ നിങ്ങളോടനുശാസിക്കുകയുംചെയ്യുന്നു. എന്നാല്‍ അല്ലാഹു തന്നില്‍നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ് ‘(അല്‍ബഖറ 268).
മക്കളെ ഇസ്‌ലാമിക് സ്‌കൂളുകളില്‍ അയച്ചാല്‍ ഭാവി നഷ്ടപ്പെടുമെന്നോ മത്സരക്ഷമതയാര്‍ജിക്കാനാവില്ലെന്നോ ആശങ്കപ്പെടുന്ന രക്ഷിതാക്കള്‍ പക്ഷേ, നല്ലഭാവിയുണ്ടാകുമെന്ന് കരുതി കനത്ത് സാമ്പത്തികച്ചെലവ് പേറി ഇതരസ്‌കൂളുകളില്‍ ചേര്‍ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാറുപോലുമില്ല. അത്തരം സ്‌കൂളുകളില്‍ ചേര്‍ന്ന് മക്കളേതെങ്കിലും ദുഃശീലങ്ങള്‍ക്കടിപ്പെട്ടാലും അവര്‍ക്ക് യാതൊരു ചേതവുമില്ല. എന്നാല്‍ ഇക്കാലത്ത് ഇസ്‌ലാമിക് സ്‌കൂളുകള്‍ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടാണെങ്കിലും നല്ല പഠനാന്തരീക്ഷവും വ്യക്തിത്വപരിശീലനവും ഉറപ്പുവരുത്തുന്നുണ്ടെന്ന് കാണാം.
ത്യാഗസന്നദ്ധതയില്ലായ്മ
മേല്‍പറഞ്ഞ സംഗതിയില്‍ തങ്ങളുടെ പരാതികളും ന്യായീകരണങ്ങളുമായി രക്ഷിതാക്കള്‍ വരുന്നതിന് പിന്നില്‍ ചിലത് ബലിനല്‍കാനുള്ള മടിയാണ്. വേണമെങ്കില്‍ ഇബ്‌റാഹീം നബിക്ക് തന്റെ മകനെ ബലികൊടുക്കാതിരിക്കാമായിരുന്നു. എന്നാല്‍ ബലി അല്ലാഹു ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ വലിയ എന്തോ നന്‍മ ഉണ്ടായിരിക്കുമെന്ന് തന്നെ അദ്ദേഹം മനസ്സിലാക്കി. ഇസ്‌ലാമിക് സ്‌കൂളുകളില്‍ തങ്ങളുടെ മക്കളെയും സമ്പത്തിനെയും നിക്ഷേപിച്ചുകൊണ്ട് അത്തരം സ്ഥാപനങ്ങളെ ഗുണനിലവാരത്തിലും നടത്തിപ്പിലും ഉന്നതിയിലെത്തിക്കാന്‍ പരിശ്രമിക്കുന്നുവെങ്കില്‍ അത് ഏറ്റവും വലിയ ത്യാഗംതന്നെയാണ്. മൂല്യവത്തായ ഒരു സംഗതിയെ ബിസിനസെന്ന നിലയില്‍ വളര്‍ന്നുവരാനും സമൂഹത്തില്‍ വ്യാപിപ്പിക്കാനുമുള്ള നന്മനിറഞ്ഞ പ്രവൃത്തിയാണത്. സ്ഥാപനനടത്തിപ്പുകാരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കളങ്കമില്ലാത്തതാണെങ്കില്‍ നിങ്ങളുടെ ‘ഇസ്മാഈലിനെ’ ബലികൊടുക്കാതെ തന്നെ അവനെ ഒരു നല്ല യോഗ്യനായ വ്യക്തിയാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ അതിലൂടെ കഴിയും.
ചുരുക്കത്തില്‍ അല്ലാഹുവിനും പ്രവാചകനും ദീനിനും വേണ്ടി എത്രമാത്രം ത്യാഗംചെയ്യാനും താല്‍പര്യങ്ങളെ ബലികഴിക്കാനും നാം സന്നദ്ധരാവുന്നു എന്ന് സ്വയം വിലയിരുത്തണം. എല്ലാം കഴിച്ച് ബാക്കിയുണ്ടെങ്കില്‍ സമര്‍പ്പിക്കാം എന്ന നിലപാട് ശരിയല്ല. നമുക്ക് ഏറ്റവും പ്രിയപ്പെട്ടതെന്താണോ അതാണ് നാം ബലികൊടുക്കേണ്ടത്. ഈ കാലഘട്ടത്തിലെ നമ്മുടെ ഏറ്റവും വലിയ ജിഹാദും അതുതന്നെയാണ്. അല്ലാഹു പറയുന്നു: ‘പറയുക: നിങ്ങളുടെ പിതാക്കന്‍മാരും പുത്രന്‍മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും , നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്‍പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.'(അത്തൗബ 24).
(ലേഖകന്‍: സംഘടനകളും ട്രസ്റ്റുകളും നടത്തുന്ന ഇസ്‌ലാമിക് സ്‌കൂളുകളില്‍ പലതിലും ഗുരുതരമായ വീഴ്ചകളും അലംഭാവവും ഉള്ളത് മറന്നുകൊണ്ടല്ല മേല്‍ അഭിപ്രായങ്ങള്‍ സമര്‍പിച്ചിട്ടുള്ളത്. ഇതൊന്നും പരിഗണിക്കാതെ മക്കളുടെ ഭാവി നഷ്ടപ്പെടുത്താനുള്ള ഉപദേശവുമല്ല ഇവിടെ നല്‍കിയത്. തങ്ങളുടെ പ്രദേശത്ത് നല്ല ലക്ഷ്യവുമായി ആരംഭിച്ചിട്ടുള്ള ഇസ്‌ലാമിക് സ്‌കൂളുകളെ സ്വന്തം പദ്ധതിയായിക്കണ്ട് വിജയിപ്പിക്കാനുള്ള അധ്വാനപരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പറയുകയാണ്. രചനാത്മകമായ വിമര്‍ശനങ്ങളിലൂടെ പദ്ധതിയെ പിന്തുണച്ചുകൊണ്ട് വേണ്ടിവന്നാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചും സംരഭത്തിന്റെ മുന്‍പന്തിയിലുണ്ടാകണമെന്ന് ഉണര്‍ത്തുകയാണ്.)
Add Comment