നിവേദകര്‍

പ്രമുഖ ഹദീസ് നിവേദകര്‍ – 2

അബൂഹുറൈറ(റ)
പൂച്ചയോട് വലിയ ഇഷ്ടമായിരുന്നതിനാല്‍ ‘അബൂഹുറൈറ’ (പൂച്ചക്കാരന്‍) എന്ന പേരുകിട്ടി. പേര്, കുടുംബം എന്നിവയെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങളുണ്ട്. ജാഹിലിയ്യാകാലത്ത് അബ്ദുശ്ശംസ് എന്നായിരുന്നു പേര്. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അബ്ദുല്ല എന്നോ, അബ്ദുര്‍റഹ്മാന്‍ എന്നോ പേരു സ്വീകരിച്ചു. ഖൈബര്‍ ഉപരോധകാലത്താണ് പ്രവാചകനില്‍ വിശ്വസിച്ചത്. തുടര്‍ന്ന് നബിയുടെ സന്തത സഹചാരിയായി ഒരു നിഴല്‍പോലെ എപ്പോഴും നബിയോടൊപ്പം നിലകൊണ്ടു. അത്ഭുതാവഹമായ ഓര്‍മശക്തി അബൂഹുറൈറയുടെ പ്രത്യേകതയായിരുന്നു. ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത സ്വഹാബി ഇദ്ദേഹമാണ്. എണ്ണൂറിലേറെ സ്വഹാബികളും അനുയായികളും അദ്ദേഹത്തില്‍ നിന്ന് ഹദീസ് കേട്ടതായി ഇമാം ബുഖാരി പറയുന്നു. തൊട്ടടുത്തുനിന്നിരുന്നത് ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, ജാബിര്‍, ആഇശ എന്നിവരാണ്. 75- ാം വയസ്സില്‍ ഹി: 59 ല്‍ അന്തരിച്ചു.

അബ്ദുര്‍റഹ്മാനുബ്‌നു ജാബിര്‍(റ)
ബദ്‌റില്‍ പങ്കെടുത്തു. ഹി: 34ല്‍, 70- ാം വയസ്സില്‍ നിര്യാണം. ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി.

അബ്ദുല്ലാഹിബ്‌നു സുബൈറുബ്‌നുല്‍ അവ്വാം(റ)
മദീനയിലെ ഖുബാ മസ്ജിദില്‍ ജനനം. ഹിജ്‌റക്കു ശേഷം ആദ്യം ജനിച്ച കുട്ടിയായ ഇദ്ദേഹത്തിന് ആദ്യമായി കാരക്ക കൊണ്ട് മധുരം നല്‍കിയത് നബി(സ)യായിരുന്നു. അദ്ദേഹത്തിന്റെ വയറ്റില്‍ ആദ്യമായി എത്തിയത് നബി(സ)യടെ ഉമിനീരാണ്. നബി(സ) അബ്ദുല്ല എന്ന് പേരിട്ടു. നബിയില്‍നിന്നും സ്വഹാബികളില്‍നിന്നും ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തു. വൃത്തി വളരെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പരിശുദ്ധമായി ജീവിച്ചു. അബൂബക്കര്‍(റ) വിന്റെ മകള്‍ അസ്മാഅ്(റ)ന്റെ പുത്രന്‍. ഹസന്‍(റ)വിന് ശേഷം ഹി: 64- ാം വര്‍ഷം ഖലീഫയായി പ്രഖ്യാപിച്ചു. ഭൂരിഭാഗം മുസ്‌ലിംകളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. അമവി ഭരണാധികാരികളില്‍ ക്രൂരനായിരുന്ന മാലിക്ബ്‌നു മര്‍വാന്റെ ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫ് ഹി: 73-ല്‍ മക്ക കീഴടക്കി അദ്ദേഹത്തെ വധിച്ചു.

അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നുല്‍ഖത്വാബ്(റ)
നുബുവ്വത്തിന് ഒരു വര്‍ഷം മുമ്പ് ജനനം. കുട്ടിയായിരിക്കെ പിതാവിനോടൊപ്പം ഇസ്‌ലാം സ്വീകരിച്ചു. പണ്ഡിതനും ഭക്തനും സമര്‍പ്പിതനും പരിത്യാഗിയും ഭൗതികൈശ്വര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനാവാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നു. സ്വജീവിതകാലത്ത് ആയിരത്തോളം യുദ്ധത്തടവുകാരെ മോചിപ്പിച്ചു. നന്നേ ചെറുപ്പമായതിനാല്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചില്ല. എന്നാല്‍ ഖന്‍ദഖ് യുദ്ധത്തിലും ബൈഅത്തുരിദ്വാന്‍ ഉടമ്പടി വേളയിലും പങ്കെടുത്തു. അമവി ക്രൂരഭരണാധികാരിയായിരുന്ന ഹജ്ജാജിനാല്‍ ദാരുണമായി വധിക്കപ്പെട്ടു. നബിയോടൊപ്പം വളരെക്കാലം സഹവസിച്ച ഒരു സ്വഹാബിയാണ് അതുമൂലം സമൂഹത്തിന് നഷ്ടമായത്.

അബ്ദുല്ലാഹിബ്‌നു സലാമുബ്‌നു ഹാരിസില്‍ ഇസ്രാഈലി(റ)
യൂസുഫ് നബിയുടെ സന്തതികളില്‍ പെട്ടയാള്‍. ജാഹിലിയ്യാകാലത്ത് ഹുസൈന്‍ എന്നായിരുന്നു പേര്. മുസ്‌ലിമായപ്പോള്‍ നബി(സ) അബ്ദുല്ല എന്ന് പേരിട്ടു. നബി(സ) മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴാണ് മുസ്‌ലിമായത്. ഇദ്ദേഹത്തില്‍നിന്ന് മക്കളായ യൂസുഫ്, മുഹമ്മദ് എന്നിവരും, അനസുബ്‌നു മാലിക്കും, സുറാറത്തുബ്‌നു ഔഫയും ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഹി: 43 ല്‍ മരിച്ചു. മദീനയിലെ ജൂത വംശജരില്‍ ഇബ്‌നുസലാമിനോളം പാണ്ഡിത്യമുള്ള മറ്റൊരാളുണ്ടായിരുന്നില്ല.

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ)
പ്രശസ്തനായ സ്വഹാബിയുടെ മകന്‍. പിതാവിനും മുമ്പ് 12-13 വയസ്സുള്ളപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചു. ഖുറൈശി ഉപഗോത്രമായ സലീം ഗോത്രക്കാരന്‍. പ്രവാചകമൊഴികള്‍ എഴുതിവെക്കുമായിരുന്നു. ഭയഭക്തിയാലുള്ള കരച്ചില്‍ കാരണം, ഭക്തനും പരിത്യാഗിയുമായിരുന്ന ഇദ്ദേഹത്തിന്റെ കാഴ്ച അവസാനകാലമായപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. മരണസമയത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായമുണ്ട്. മക്കയില്‍ ഹി: 63 ലോ 73 ലോ ആണ് നിര്യാണം.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്/അബൂ അബ്ദുര്‍റഹ്മാന്‍(റ)
ആദ്യകാല മുസ്‌ലിംകളില്‍ ആറാമത്. നബി(സ)യുടെ യാത്രകളിലെ പ്രത്യേക സഹചാരി. നബി(സ)യുടെ വുളു എടുക്കുന്ന പാത്രം, അറാക്കിന്റെ ബ്രഷ്, നബിയുടെ വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ പ്രത്യേക സൂക്ഷിപ്പുകാരന്‍ ഇദ്ദേഹമായിരുന്നു. ബദ്ര്‍ യുദ്ധത്തിലും തുടര്‍ന്നുള്ള 25 യുദ്ധങ്ങളിലും പങ്കെടുത്തു. സ്വര്‍ഗ്ഗപ്രവേശംകൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്ത് പേരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. ‘അബ്ദുല്ലാഹിബ്‌നു മസ്ഊദിനു സ്വീകാര്യമായത് എന്റെ അനുയായികള്‍ക്കും ഞാന്‍ സ്വീകാര്യമായിക്കാണുന്നു.” എന്ന് നബി ഇദ്ദേഹത്തെ വാഴ്ത്തി. ആദ്യം അബ്‌സീനിയയിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്തു. അതിദീര്‍ഘ കായകനായിരുന്ന ഇദ്ദേഹത്തെ ഖലീഫ ഉമര്‍ കൂഫയിലെ ന്യായാധിപനും അവിടുത്തെ പൊതുസ്വത്തിന്റെ സൂക്ഷിപ്പുകാരനുമാക്കി. ഉസ്മാന്‍(റ)വിന്റെ കാലത്തും കൂഫയില്‍ തന്നെ കഴിഞ്ഞു. പിന്നീട് മദീനയിലേക്ക് മാറി. ഹി: 32 ല്‍ 60-ാം വയസ്സില്‍ നിര്യാണം. ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍. ഖുലഫാഉര്‍റാശിദുകളടക്കം ഒട്ടേറെ സ്വഹാബികള്‍ ഇദ്ദേഹത്തില്‍ നിന്ന് ഹദീസ് കേട്ടു. 848 ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്നുദ്ധരിക്കപ്പെടുന്നു. ഇതില്‍ 64 എണ്ണം ബുഖാരിയിലും മുസ്‌ലിമിലും സ്വീകരിച്ചിട്ടുണ്ട്.

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ)
മദീനയില്‍ താമസം. പിന്നീട് ബസ്വറയിലേക്ക് മാറി. ഹി: 60 ല്‍ നിര്യാണം. ഹസനുല്‍ ബസ്വരി അടക്കം അനേകം താബിഉകള്‍ ഇദ്ദേഹത്തില്‍നിന്ന് ഹദീസ് കേട്ടു.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)
നബി(സ)യുടെ പിതൃവ്യപുത്രന്‍. ഇദ്ദേഹത്തിന്റെ സഹോദരി മൈമൂനയെ പ്രവാചകന്‍ വിവാഹം ചെയ്തു. ഹിജ്‌റക്ക് മൂന്ന് വര്‍ഷം മുമ്പ് ജനനം. അതീവ പണ്ഡിതനും വാഗ്മിയുമായിരുന്ന ഇദ്ദേഹം നബി(സ)യുടെ പ്രശസ്ത സഹചാരിയും കൂടിയായിരുന്നു. ഉമര്‍(റ) ഇദ്ദേഹവുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. അലി(റ)വിന്റെ വലംകൈ ആയിരുന്നു ഈ മഹാന്‍. 71-ാം വയസ്സില്‍ (ഹി:68) ത്വാഇഫില്‍ നിര്യാതനായി. ദീര്‍ഘകായനും സുന്ദരനുമായിരുന്നു. അവസാനകാലത്ത് കാഴ്ച നഷ്ടപ്പെട്ടു. കുറച്ചുകാലം കൂഫയില്‍ ഗവര്‍ണറായി. അഭിപ്രായ വ്യത്യാസം കാരണം പിന്നീട് രാജിവെച്ചു.

അമ്മാറുബ്‌നുയാസിര്‍(റ)
ബനൂമഖ്‌സൂമിന്റെ അടിമയായിരുന്നു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ടു. ഹി: 37 ല്‍ 93-ാം വയസ്സില്‍ സ്വിഫ്ഫീന്‍ യുദ്ധത്തില്‍ വെച്ച് മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ മയ്യിത്തുനിസ്‌കാരത്തിന് അലി(റ)യാണ് നേതൃത്വം വഹിച്ചത്.

അസ്മാഅ്(റ)
അബൂബക്കറിന്റെ മകള്‍. ‘ദാത്തുന്നിത്വാഖൈന്‍’ (ഇരട്ടപ്പട്ടക്കാരി) എന്നറിയപ്പെട്ടു. സ്വര്‍ഗപ്രവേശം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട സുബൈറിന്റെ ഭാര്യ. അബ്ദുല്ലാഹിബ്‌നു സുബൈര്‍ ഇവരുടെ മകന്‍. ആദ്യകാല മുസ്‌ലിം. അവര്‍ക്ക് മുമ്പ് 70 വിശ്വാസികളേ ഉണ്ടായിരുന്നുള്ളൂ. നൂറാം വയസ്സില്‍ മകന്‍ അബ്ദുല്ലയുടെ രക്തസാക്ഷിത്വം കഴിഞ്ഞ് പത്തോ, പന്ത്രണ്ടോ ദിവസങ്ങള്‍ക്കുശേഷം നിര്യാതയായി.

അലിയ്യുബ്‌നു അബീത്വാലിബ്(റ)
യുവാക്കളിലെ ആദ്യ മുസ്‌ലിം. നാലാം ഖലീഫ. പ്രവാചകന്റെ പിതൃവ്യ പുത്രന്‍. തബൂക്കിലൊഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. മൂസാനബിക്ക് ഹാറൂന്‍ എന്നതുപോലെ നീയെനിക്ക് ഏറ്റവും അടുത്ത സുഹൃത്താവുന്നതില്‍ സംതൃപ്തനല്ലേ.” എന്ന് പ്രവാചകന്‍ ഒരിക്കല്‍ ചോദിച്ചു, കുടുംബത്തെ ചികിത്സിക്കാനാണ് അലിയോട് തബൂക്കില്‍നിന്ന് വിട്ട് നില്‍ക്കാന്‍ കല്‍പിച്ചത്. ഹി: 35 ല്‍ ഖലീഫയായി. നാല് വര്‍ഷവും ഒമ്പത് മാസവും (അഞ്ചുവര്‍ഷവും മൂന്നുമാസവുമെന്നും മറ്റ് റിപോര്‍ട്ടുകളില്‍ കാണാം)ഖലീഫയായിതുടര്‍ന്നു. ഒരു വെള്ളിയാഴ്ച അദ്ദേഹത്തെ അബ്ദുര്‍റഹ്മാന്‍ എന്ന ഖാരിജി കൊലപ്പെടുത്തി. കുറിയവനായിരുന്നു അലി(റ). ഭാരിച്ച ശരീരം. സമൃദ്ധമായ താടി. അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെട്ടു. ഭാര്യ ഫാത്തിമ(റ). ഹസന്‍, ഹുസൈന്‍ എന്നിവര്‍ മക്കള്‍.

 

About the author

padasalaadmin

Add Comment

Click here to post a comment

Topics