കെട്ടുറപ്പുള്ള സമുദായത്തിന്റെ ലക്ഷണമാണ് തീവ്രവാദത്തെയും അസഹിഷ്ണുതയെയും വിഭാഗീയതയെയും ഊട്ടിവളര്‍ത്തുന്ന ചിന്താഗതികളെയും പരിപാടികളെയും പദ്ധതികളെയും മുളയിലേ നുള്ളിക്കളയുക എന്നത്. അതുകൊണ്ടുതന്നെ എല്ലാ വര്‍ണ-ഭാഷാ-ഗോത്ര-ജാതി വൈവിധ്യങ്ങള്‍ക്കുമപ്പുറം മനുഷ്യനെ ഒന്നിപ്പിക്കുന്ന ദര്‍ശനമായി ഇസ് ലാം ഉയര്‍ന്നുനില്‍ക്കുന്നു. അത് അല്ലാഹുവിന്റെ കാരുണ്യമാണ്. മുഹമ്മദ് നബി(സ) തന്റെ ഇസ് ലാമികപ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ വംശ-വര്‍ണങ്ങള്‍ക്കതീതമായി ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ മനുഷ്യസമൂഹത്തെ പ്രാപ്തരാക്കി.സാഹോദര്യത്തെക്കുറിച്ച നബിയുടെ അധ്യാപനങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ബലിഷ്ഠമായ ഒരുസാഹോദര്യബന്ധം നാം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ നമ്മുടെ ഈമാനും നമസ്‌കാരം തുടങ്ങി ആരാധനാകര്‍മങ്ങളും പാഴായിപ്പോകുമെന്ന് നാം ഓര്‍ക്കുക. ചില പ്രവാചകമൊഴികള്‍ നോക്കൂ:
‘താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസികളാവുകയില്ല.'(ബുഖാരി, മുസ് ലിം)
‘വിശ്വാസികള്‍ക്കിടയിലുള്ള ബന്ധം, ചുമരില്‍ അന്യോന്യം താങ്ങിനില്‍ക്കുന്നകല്ലുകളുടെ ബന്ധം പോലെയാണ്’.(ബുഖാരി, മുസ് ലിം)
‘ആരും പരസ്പരബന്ധം വിഛേദിക്കുകയോ, മുഖംതിരിച്ചുകളയുകയോ, വെറുപ്പുപുലര്‍ത്തുകയോ ചെയ്യരുത്. അല്ലാഹു കല്‍പിച്ചതുപോലെ നിങ്ങള്‍ സഹോദരങ്ങളായി ബന്ധം തുടരുക.'(മുസ് ലിം)
മേല്‍ഹദീസുകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഇസ് ലാമികസമൂഹത്തില്‍ അസൂയപോലുള്ള അധമവികാരങ്ങള്‍ക്കു യാതൊരുഇടവുമില്ലെന്നും അതിനുപകരം പരസ്പരധാരണയുടെയും പരിഗണനയുടെയും പരസ്പരഉത്തരവാദിത്വത്തിന്റെയും ആദരവിന്റെയും അടിത്തറയില്‍ ഉത്തമസമൂഹമായി നിലകൊള്ളുകയാണ് വേണ്ടതെന്നും നമുക്ക് മനസ്സിലാകുന്നു.
പ്രകൃതവാക്യത്തിലുദ്ധരിച്ച ഐക്യവും സാഹോദര്യവുംമൂലമാണ് ലോകമതങ്ങളിലും നാഗരികതകളിലും ഇസ് ലാമികസമൂഹത്തിന് ഔന്നത്യവും നേട്ടവും കൈവരിക്കാനായത്. പക്ഷേ, ഖേദകരമെന്നുപറയട്ടെ, സമുദായം പലപ്പോഴും ഇതൊക്കെ വിസ്മരിച്ച് നിസാരകാര്യങ്ങളുടെ പേരില്‍ വഴക്കടിക്കുകയും വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു.
ഐക്യത്തിന് പ്രവാചകമാതൃക
പ്രവാചകകാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ അനുയായിവൃത്തത്തില്‍ വ്യത്യസ്തഗോത്രങ്ങളിലും രാജ്യങ്ങളിലും പെട്ടവരുണ്ടായിരുന്നു. ഏകസമൂഹക്രമത്തിന് വൈവിധ്യരായ ആളുകളുടെ സാംസ്‌കാരികസംഭാവനകള്‍ പ്രധാനമാണെന്നതുകൊണ്ട് തങ്ങളുടെ കേവലസ്വത്വബോധങ്ങള്‍ക്കപ്പുറം ഇസ് ലാമികസാഹോദര്യം എന്ന വിശാലവീക്ഷണബോധമുള്ളവരാക്കി അവരെ പരിവര്‍ത്തിപ്പിക്കാന്‍ പ്രവാചകന് കഴിഞ്ഞിരുന്നു.
മക്കയില്‍നിന്ന് എല്ലാമുപേക്ഷിച്ച് മദീനയിലെത്തിയ മുസ് ലിംകളുടെ സാമ്പത്തികാവസ്ഥ വളരെ ദയനീയമായിരുന്നു. മദീനയിലെ വിശ്വാസികളായ അനുയായികളുമായി പ്രവാചകന്‍ മക്കാമുസ്‌ലിംകളെ സഹോദരങ്ങളാക്കി ബന്ധിപ്പിച്ചു. അതിനെത്തുടര്‍ന്ന് ചരിത്രപ്രധാനമായ രണ്ട് അഭിസംബോധനകളുണ്ടായി- മുഹാജിറുകളെന്നും(പലായനം ചെയ്‌തെത്തിയവര്‍) അന്‍സ്വാറുകളെന്നും (സഹായിച്ചവര്‍). ഖുര്‍ആന്‍ ആ സാഹോദര്യത്തെപ്പറ്റി അല്‍ ഹശ് ര്‍ 9-ാംസൂക്തത്തില്‍ പരാമര്‍ശിക്കുന്നതുകാണുക:
‘അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തവര്‍(അന്‍സ്വാറുകള്‍)ക്കുമുള്ളതാണ് ആ സമരാര്‍ജിതസമ്പത്ത്. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്കുനല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കുതന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍.’
ആ സാഹോദര്യത്തിന്റെ വ്യാപ്തി മദീനക്കാരായ അന്‍സ്വാറുകളുടെ അനന്തരസ്വത്തില്‍ അവകാശം ലഭിക്കുവോളം ആഴത്തിലുള്ളതായിരുന്നു. പക്ഷേ, മക്കക്കാരായ മുഹാജിറുകള്‍ തങ്ങളുടെ സഹോദരങ്ങളുടെ സമ്പത്തൊന്നും ആഗ്രഹിച്ചില്ല. പകരം തങ്ങളുടെ പാരമ്പര്യവൃത്തി തുടരാനാവശ്യമായതുമാത്രം വാങ്ങി അങ്ങാടികളില്‍ ചെന്ന് വ്യാപാരത്തിലൂടെ സമ്പന്നരാവുകയായിരുന്നു. അബ്ദുര്‍റഹ്മാനുബ്‌നുഔഫിന്റെ ചരിത്രം അതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു. മദീനയിലെ സഹോദരനായ സഅ്ദ് ഇബ്‌നു റബീഇനോട് അങ്ങാടി കാണിച്ചുതരാനാവശ്യപ്പെട്ട ഔഫ് പിന്നീട് മദീനയിലെ ഏറ്റവും വലിയ സമ്പന്നനായി.
പ്രവാചകന്‍ തിരുമേനിയുടെ ഒരു വചനത്തില്‍ പ്രേരിതനായിട്ടായിരിക്കാം അദ്ദേഹം സ്വയംപര്യാപ്തനാവാന്‍ ശ്രമിച്ചത്. ആ ഹദീസ് കാണുക:
‘നിങ്ങള്‍ ദുന്‍യാവിനെ ത്യജിക്കുക;അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും. ആളുകളുടെ സ്വത്തുസമ്പാദ്യങ്ങളെ പരിത്യജിക്കുക. ജനങ്ങള്‍ നിങ്ങളെ സ്‌നേഹിക്കും'(ഇബ്‌നു മാജഃ)
ആരാധനാകര്‍മങ്ങളുടെ ആത്മാവ് നിത്യജീവിതത്തിലൂടെ പ്രകാശിതമാക്കുക
നമ്മള്‍ ഇസ് ലാമിന്റെ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കൃത്യനിഷ്ഠയുള്ളവരാണെങ്കിലും പ്രസ്തുത കര്‍മങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്നത് വളരെ കുറവാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവയിലൂടെ സമൂഹത്തിലെ ജനങ്ങളോട് ഇടപെടുന്നതിന്റെ രീതിശാസ്ത്രവും പ്രചോദകവും അവ നമ്മെ തെര്യപ്പെടുത്തുന്നുണ്ട്. അപരന്റെ ആരാധനാകര്‍മങ്ങളിലെ നിസാരവീഴ്ചപോലും ചൂണ്ടിക്കാട്ടാന്‍ വ്യഗ്രത കാണിക്കുന്ന നാം അവരോട് പരിഹാസത്തോടെയും പുച്ഛത്തോടെയും ദേഷ്യത്തോടെയും പെരുമാറുന്നതില്‍ അശേഷം പിശുക്കുകാണിക്കാറില്ല. അന്യരോടു പെരുമാറുന്നതില്‍ പോലും പ്രവാചകന്‍ കാണിച്ചുതന്നിട്ടുള്ള എത്രയോ മാതൃകകള്‍ നമുക്ക് അറിയാമായിരുന്നിട്ടുപോലും. നമ്മുടെ ആരാധനാകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്നതുപോലെ നാം സഹോദരരോടുളള പെരുമാറ്റങ്ങളിലും ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍!
മുസ്‌ലിം ഐക്യത്തിന്റെ സദ്ഫലങ്ങള്‍
മുസ് ലിം ഐക്യം എന്നത് ഉത്തരവാദിത്വമാണ്. സാഹോദര്യവും വിശ്വാസവും പരസ്പരം ബന്ധപ്പെട്ടുകിടക്കയാല്‍ സാഹോദര്യം തകര്‍ക്കുന്ന പെരുമാറ്റം വിശ്വാസി അനുവര്‍ത്തിക്കരുതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
‘ഞങ്ങളുടെ നാഥാ,ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ!ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പുണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.'(അല്‍ ഹശ്ര്‍-10)
മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത് കാണുക:
‘നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍’അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാകാന്‍”
അല്ലാഹുവിന്റെ തൃപ്്തി ഉദ്ദേശിച്ച് പരസ്പരം സ്‌നേഹിച്ച വിശ്വാസികള്‍ക്ക് വിചാരണനാളില്‍ മറ്റൊരുതണലുമില്ലാതിരിക്കുമ്പോള്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍കിട്ടുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. സാഹോദര്യത്തിന്റെ മനോഹരചിത്രമാണ് നമുക്ക് ഇതിലൂടെ കിട്ടുന്നത്.
വിചാരണനാളില്‍ അല്ലാഹു ചോദിക്കും:
‘എനിക്കുവേണ്ടി പരസ്പരം സ്‌നേഹിച്ചവരെവിടെ ? എന്റെ തണലല്ലാതെ മറ്റൊരുതണലുമില്ലാത്ത ഈ ദിനത്തില്‍ ഞാനവര്‍ക്ക് മേല്‍ തണല്‍ വിരിക്കുന്നതാണ്.'(മുസ് ലിം)
ഈ കാലഘട്ടത്തില്‍ സാഹോദര്യത്തെ നമ്മുടെ മക്കള്‍ക്ക് പരിശീലിപ്പിക്കാന്‍ നാം ശ്രമിക്കണം. അന്യരെ സഹായിച്ചും അവരോട് ഏറ്റവും ഉത്തമമായ രീതിയില്‍ ഇടപഴകിയും നാമവര്‍ക്കത് കാണിച്ചുകൊടുക്കണം. മുഹമ്മദ് നബി (സ) പറയുന്നത് കാണുക.
‘സഹോദരനെ ബാധിച്ച ദുരിതത്തില്‍നിന്ന് വിശ്വാസി അയാളെ രക്ഷിച്ചാല്‍ അല്ലാഹു വിചാരണനാളിലെ ദുരിതത്തില്‍നിന്ന് വിശ്വാസിയെ രക്ഷിക്കും.ആരെങ്കിലും മറ്റൊരാളെ സഹായിച്ചാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അയാളെ സഹായിക്കും. ആരെങ്കിലും വിശ്വാസിയായ സഹോദരന്റെ ന്യൂനത മറച്ചുവെച്ചാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ ന്യൂനത മറച്ചുവെക്കും. തന്റെ സഹോദരനെ സഹായിക്കുന്നവനെ അല്ലാഹുവും സഹായിച്ചുകൊണ്ടിരിക്കും’ അതിനാല്‍ അന്യരെ സഹായിക്കുക എന്നത് ജീവിതലക്ഷ്യമായി സ്വീകരിക്കണം നാം.
ഐക്യം എങ്ങനെ സാധ്യമാക്കാം?
വ്യത്യസ്തപശ്ചാത്തലങ്ങളില്‍നിന്നും മദ്ഹബീസ്‌കൂളുകളില്‍നിന്നും വന്നിട്ടുള്ള നമ്മെ സംബന്ധിച്ചിടത്തോളം ഏകത്വത്തിനും സമാധാനത്തിനും സദ്ഭാവനക്കും പ്രോത്സാഹനം നല്‍കുന്ന പരിപാടികളായിരിക്കണം നാം സംഘടിപ്പിക്കേണ്ടത്. തെറ്റുധാരണകളും പരസ്പരമാത്സര്യവും അപരനെ കാഫിറാക്കലും തീവ്രവാദവുംനാം ഉപേക്ഷിച്ചെങ്കിലേ ഐക്യം സാധ്യമാവുകയുള്ളൂ എന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ.
Add Comment