ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുവന്ന ദരിദ്രനായ ഒരു സ്വര്‍ണപ്പണിക്കാരന്റെ പതിനാറ് മക്കളില് രണ്ടുപേരായിരുന്നു ആല്‍ബ്രച്ച് ഡ്യൂറേയും ആല്‍ബര്‍ട്ട് ഡ്യൂറേയും. ചെറുപ്പം മുതലേ ഇരുവര്‍ക്കും ചിത്രകലയില്‍ അതീവതാല്‍പര്യമുണ്ടായിരുന്നു. വളര്‍ന്നുവലുതായപ്പോള്‍ രണ്ടാള്‍ക്കും ന്യൂറംബര്‍ഗിലെ പ്രസിദ്ധമായ അക്കാദമി ഓപ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നുപഠിക്കാനും ഭാവിയില്‍ പ്രശസ്തരായ ചിത്രകാരന്‍മാരായിത്തീരാനും മോഹമുദിച്ചു. കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന അച്ഛന് മക്കളെ ചിത്രകലാ പഠനത്തിന് പറഞ്ഞയക്കാന്‍ യാതൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. ഒടുവില്‍ ആല്‍ബര്‍ട്ടും ആല്‍ബ്രച്ചും കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. രണ്ടുപേരില്‍ ഒരാള്‍ അക്കാദമിയില്‍ ചേരുക. മറ്റെയാള്‍ എവിടെയെങ്കിലും പോയി തൊഴിലെടുക്കുക. തൊഴിലെടുത്തുകിട്ടുന്ന ശമ്പളം ഒന്നാമന്റെ പഠനത്തിനായി ചെലവഴിക്കുക. നാലുവര്‍ഷത്തെ പഠനംകഴിഞ്ഞ് അവന്‍ പുറത്ത് വരുമ്പോള്‍ രണ്ടാമന്‍ പോയി അക്കാദിമിയില്‍ ചേരുക. അവന്റെ പഠനച്ചെലവിനുള്ള തുക ഒന്നാമന്‍ എവിടെയെങ്കിലും പോയി തൊഴിലെടുത്ത് കണ്ടെത്തുക.
തൊട്ടടുത്ത ഞായറാഴ്ച ദിവസം പള്ളിയിലെ ഖുര്‍ബാനയില്‍ പങ്കെടുത്ത ശേഷം ആര് പഠിക്കാന്‍ പോകണം, ആര് തൊഴിലെടുക്കണം എന്ന് തീരുമാനിക്കുന്നതിനായി ആല്‍ബര്‍ട്ടും ആല്‍ബ്രച്ചും നറുക്കിട്ടു. അക്കാദമിയില്‍ ചേരാന്‍ നറുക്ക് വീണത് ആല്‍ബ്രച്ചിനാണ്. ആല്‍ബര്‍ട്ട് അങ്ങകലെ ഒരു കല്‍ക്കരി ഖനിയില്‍ തൊഴിലെടുക്കാന്‍ പോയി.
നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി മികവുറ്റ ചിത്രകാരനായി വീട്ടിലെത്തിയ ആല്‍ബ്രച്ചിനെ ആഹ്ലാദാരവങ്ങളോടെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. ആല്‍ബര്‍ട്ട് പക്ഷേ , ആരുടെയും കണ്ണില്‍പ്പെടാതിരിക്കാനെന്നോണം ഒഴിഞ്ഞുമാറി നിന്നു.
സന്തോഷത്തോടും അതിലേറെ വിനയത്തോടും ആല്‍ബ്രച്ച് കുടുംബാംഗങ്ങളോടായി പറഞ്ഞു: വാഗ്ദാനം പോലെ ഇനി ആല്‍ബര്‍ട്ടിന്റെ ഊഴമാണ്. ഒട്ടും വൈകാതെ അക്കാദമിയില്‍ ചേര്‍ന്ന് എന്നേക്കാള്‍ മികച്ച ചിത്രകാരനായി തിരിച്ചുവരട്ടെ. അവന്റെ പഠനച്ചെലവിനുള്ള തുകക്കായി ഞാന്‍ പോയി തൊഴിലെടുക്കും. ആല്‍ബ്രച്ചിന്റെ വാക്കുകള്‍ ആല്‍ബര്‍ട്ടിന്റെ കണ്ണുകളെ ഈറനണിയിച്ചു. മറുപടി പറയാനാകാതെ അവന്‍ നിന്ന് വിതുമ്പി. വിസ്മയിച്ചുനിന്ന കുടുംബാംഗങ്ങളുടെ മുമ്പിലെത്തി ഇരുകൈകളും ഉയര്‍ത്തിക്കാണിച്ചു.
അവര്‍ക്കാര്‍ക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. കല്‍ക്കരിച്ചൂളയില്‍ തീയോടും പുകയോടും മല്ലിട്ട് വിശ്രമരഹിതമായി പണിയെടുത്ത് ആ കൈകള്‍ വിണ്ടുവീര്‍ത്തിരുന്നു. വ്രണംവന്ന് വികൃതമായിരുന്നു. സന്നിവാതം പിടിച്ച് ക്ഷയിച്ചിരുന്നു.
‘ഈ വിരലുകള്‍ കൊണ്ടിനി ബ്രഷ് പിടിക്കാന്‍ കഴിയില്ല. ഈ കൈകള്‍ക്കിനി ചിത്രംവരക്കാന്‍ സാധിക്കില്ല. പക്ഷേ, ഞാന്‍ ആഹ്ലാദഭരിതനാണ്. എന്റെ സഹോദരന്റെ സ്വപ്‌നം സാക്ഷാത്കരിച്ചുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അവനെ കഴിവുറ്റ ചിത്രകാരനാക്കാന്‍ എനിക്ക് സാധിച്ചു.’
നിറകണ്ണുകളോടെയാണ് കുടുംബാംഗങ്ങള്‍ ആല്‍ബര്‍ട്ടിന്റെ വാക്കുകള്‍ കേട്ടുനിന്നത്. കൂടപ്പിറപ്പിന്റെ ആഗ്രഹം നിറവേറ്റാന്‍ സ്വന്തം മോഹങ്ങള്‍ ബലികഴിച്ച ആ സമര്‍പിതയൗവനത്തിന്റെ മുമ്പില്‍ അവരെല്ലാം വീര്‍പ്പടക്കി നിന്നു.
അപരന്‍ നരകമാണെന്ന് പുലമ്പുന്ന ഹിംസയുടെ തത്ത്വശാസ്ത്രത്തെയാണ് ആല്‍ബര്‍ട്ടിന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനം പ്രഹരിക്കുന്നത്. നിര്‍വ്യാജമായ സഹോദരസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക. സ്വയം ത്യജിക്കാന്‍ തയ്യാറാകാത്ത ആര്‍ക്കും മറ്റൊരാളെ സഹായിക്കാനാകില്ല. കഷ്ടതകള്‍ ഏറ്റെടുക്കാന്‍ മനസ്സുള്ളവര്‍ക്കേ അപരന് ആശ്വാസത്തിന്റെ സുഖം പകരാനാവൂ. സസ്യങ്ങള്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ശ്വസിച്ചുകൊണ്ടാണല്ലോ നമുക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്നത്. കൊടുംവെയിലിന്റെ ഉഷ്ണം ഏറ്റുവാങ്ങിക്കൊണ്ടാണല്ലോ വൃക്ഷങ്ങള്‍ നമുക്ക് തണലിന്റെ കുളിര് നല്‍കുന്നത്.
‘അഭയാര്‍ഥികളെത്തുംമുമ്പേ അവര്‍ക്ക് വീടൊരുക്കിവെക്കുകയും മനസ്സില്‍ വിശ്വാസം കുടിയിരുത്തുകയുംചെയ്തവര്‍ അവരെ സ്‌നേഹിക്കുന്നവരാണ്.അഭയാര്‍ഥികള്‍ക്ക് വല്ലതും കിട്ടുന്നതില്‍ അവര്‍ക്ക് ഒരു മനഃപ്രയാസവും ഉണ്ടായില്ല. തങ്ങള്‍ക്ക് ദാരിദ്ര്യം ഉണ്ടെങ്കില്‍പോലും അഭയാര്‍ഥികളുടെ ആശ്വാസത്തിനവര്‍ മുന്‍ഗണന നല്‍കി.'(അല്‍ഹശ്ര്‍ 9)
സാഹോദര്യം എന്നത് ഒരു മുദ്രാവാക്യമല്ല; വികാരമാണ്. രക്തബന്ധത്തിന്റെ ആധാരശിലയായി വര്‍ത്തിക്കുന്ന ഹൃദയവികാരം. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞവര്‍ . അതേ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവര്‍ പരസ്പരം കൊലവിളി നടത്തുന്ന വര്‍ത്തമാന കാലത്ത് യഥാര്‍ഥ സാഹോദര്യത്തിന്റെ ബാലപാഠമാണ് ആല്‍ബര്‍ട്ട് -ആല്‍ബ്രച്ച് സഹോദരങ്ങള്‍ നമ്മെ അഭ്യസിപ്പിക്കുന്നത്.